കോലഞ്ചേരി : കടമറ്റം ജവഹർ വായനശാലയും യൂത്ത് ക്ലബ്ബും ചേർന്ന് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻറ് മനോജ് മാത്യൂസിന്റെ അധ്യക്ഷതയിൽ ഐക്കരനാട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്.

മുപ്പതോളം വിദ്യാർഥികൾക്ക് വായനശാലാ ഹാൾ പഠനമുറിയാക്കി മാറ്റിയ കടമറ്റം ജവഹർ വായനശാലയുടെ മുൻ പ്രസിഡൻറും കടയിരുപ്പ് ഗവൺമെൻറ് സ്കൂളിലെ ഗണിത അധ്യാപകനുമായ പി.ജി. ശ്യാമവർണന് വായനശാലയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ജോസ് വി. ജേക്കബ്, ഭൂരഹിതരായ യുവാവിന് സ്ഥലം വാങ്ങി ഭവനം നിർമിച്ചുനൽകുന്നതിന് വായനശാലാ പ്രവർത്തകരെയും യൂത്ത് ക്ലബ്ബ് പ്രവർത്തകരെയും ഒറ്റക്കെട്ടായി നിർത്തി നേതൃത്വം നൽകിയ എൽദോ ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച പ്രച്ഛന്നവേഷ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ജോണി, വാർഡ് മെംബർ എൽസി മത്തായി, മുൻ പഞ്ചായത്ത് മെംബർ സജി പൂത്തോട്ടിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കടമറ്റം ഗവ. യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പി.എം. ശ്ലീബ, പി.പി. സജി, എബി കെ. പോൾ, കെ.സി. ശശി, ജിബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.