കൊച്ചി: പൈപ്പുവെള്ളവും കുടിച്ച്‌ കിലോമീറ്ററുകൾ നടന്നെത്തുന്ന യേശുദാസ്. രണ്ടു കാര്യസ്ഥന്മാരുടെ അകമ്പടിയോടെ വാഹനത്തിലെത്തുന്ന കല്യാണി. എറണാകുളം ടി.ഡി.എം. ഹാളിൽ സംഗീതഭൂഷണം എം.ആർ. ശിവരാമൻ നായരുടെ മുന്നിലേക്കു രണ്ടുപേരും എത്തിയിരുന്നത് ഒരേ ലക്ഷ്യത്തിലാണ്, പാട്ട്‌ പഠിക്കണം. ഋതുഭേദ കൽപന ചാരുത നൽകിയതുപോലെ മനോഹരമായ ഒരുപിടി ഗാനങ്ങളുമായി മലയാളത്തിനു പ്രിയങ്കരിയായ കല്യാണി മേനോൻ യാത്രയാകുമ്പോഴും കൊച്ചിയുടെ ഓർമയിൽ മായാതെ ആ പഴയ രംഗങ്ങളുണ്ടാകും.

മലയാളത്തിന്റെ ഗാന ഗന്ധർവൻ കെ.ജെ. യേശുദാസിനൊപ്പം കൊച്ചിയിൽ പാട്ട്‌ പഠിച്ചിരുന്ന കല്യാണിയുടെ കഥകൾ ഒരിക്കലും മറക്കാനാകില്ലെന്ന് ഗാന രചയിതാവ് ആർ.കെ. ദാമോദരൻ പറയുന്നു. “എറണാകുളത്തെ പ്രശസ്തമായ കാരയ്ക്കാട്ട് കുടുംബത്തിലെ അംഗമായിരുന്ന കല്യാണി പാട്ട്‌ പഠിക്കാൻ വരുന്നത് ഒരദ്‌ഭുതമായിരുന്നു. അന്നു വലിയ തറവാടുകളിൽനിന്നു പെൺകുട്ടികളെ പാട്ട്‌ പഠിക്കാനും നൃത്തം ചെയ്യാനുമൊന്നും വിടില്ലായിരുന്നു. ടൈഗർ വരദാചാരി എന്ന സംഗീത കുലപതിയുടെ ശിഷ്യനായ ശിവരാമൻ നായരുടെ കീഴിൽ അതിമനോഹരമായി പാടി പഠിച്ചു കൊണ്ടിരുന്ന കല്യാണിക്കു നല്ലൊരു ഭാവിയുണ്ടെന്നു ഗുരു അന്നേ പറയുമായിരുന്നു” - ആർ.കെ. ദാമോദരന്റെ വാക്കുകളിൽ കല്യാണി എന്ന ഗായികയുടെ ഉദയം തെളിഞ്ഞു.

കല്യാണി ടി.ഡി.എം. ഹാളിൽ പാട്ട്‌ പഠിക്കാൻ വരുന്ന സമയത്തുതന്നെയാണ്‌ യേശുദാസിനെ അച്ഛൻ അവിടെ പാട്ട്‌ പഠിക്കാൻ വിടുന്നത്. “ടി.ഡി.എം. ഹാളിലെ അക്കാലത്തെ സംഗീത ക്ലാസുകൾ വളരെ ചിട്ടയോടെയാണ് നടന്നിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു പഠിക്കാൻ പാടില്ലെന്നു ചിലർ നിർബന്ധം പിടിച്ചതിനാൽ പ്രത്യേകമായിട്ടായിരുന്നു അന്നത്തെ ക്ലാസുകൾ. ആദ്യം പെൺകുട്ടികൾക്കായിരുന്നു ക്ലാസ്. വീട്ടിലെ രണ്ടു കാര്യസ്ഥന്മാരുടെ അകമ്പടിയോടെയാണു കല്യാണി വന്നിരുന്നത്. യേശുദാസാകട്ടെ ബസിനു കൊടുക്കാൻ കാശില്ലാത്തതുകൊണ്ട്‌ പലപ്പോഴും കൊച്ചിയിൽനിന്നു നടന്നാണു വന്നിരുന്നത്. പൈപ്പുവെള്ളവും കുടിച്ച് ക്ഷീണിതനായി യേശുദാസ് എത്തുമ്പോഴും ടി.ഡി.എം. ഹാളിൽ പെൺകുട്ടികളുടെ ക്ലാസ് തീർന്നിട്ടുണ്ടാകില്ല. കല്യാണി അടക്കമുള്ള പെൺകുട്ടികൾ നന്നായി പാടുന്നതിനാൽ ഗുരു അവർക്കു കൂടുതൽ സമയം ക്ലാസെടുക്കും. ക്ലാസ് നീണ്ടുപോയി ക്ഷീണിതനാകുന്ന ഗുരു ചിലപ്പോൾ പിന്നാലെയുള്ള ക്ലാസ് വേണ്ടെന്നു വെക്കും. അതോടെ അന്ന്‌ ക്ലാസ് ഇല്ലാതെ വീണ്ടും കിലോമീറ്ററുകൾ തിരിച്ചുനടന്ന്‌ യേശുദാസ് വീട്ടിലേക്കു പോകും” - ദാമോദരൻ പഴയ കാര്യങ്ങൾ ഓർത്തെടുത്തു.

യേശുദാസ് മികച്ച ഗായികയെന്നു സാക്ഷ്യപ്പെടുത്തിയ കല്യാണി അദ്ദേഹത്തിനൊപ്പം ചേർന്ന്‌ ആലപിച്ച ‘ഋതുഭേദ കൽപന ചാരുത നൽകിയ’ എന്ന ഗാനം മലയാളത്തിന് മറക്കാനാകില്ല. ‘മംഗളം നേരുന്നു’ എന്ന സിനിമയിലെ ഈ പാട്ട് മലയാളം കണ്ട മികച്ച പ്രണയ ഗാനങ്ങളിലൊന്നാണ്. യേശുദാസാണോ കല്യാണിയാണോ കൂടുതൽ ഭംഗിയായി പാടിയതെന്ന്‌ അദ്‌ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കല്യാണി അന്നു പാടിയതെന്നു ഗാനത്തിന്റെ രചയിതാവായ എം.ഡി. രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

ടി.ഡി.എം. ഹാളിലെ നവരാത്രി സംഗീതോത്സവത്തിൽ കുട്ടികളുടെ സംഗീത മത്സരത്തിൽ അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയ കല്യാണി കൊച്ചിയിൽ പിന്നെയും സംഗീതത്തിന്റെ പ്രിയരാഗങ്ങൾ ഒരുപാട് ആലപിച്ചിട്ടുണ്ട്.