കൈനകരി : ഞായറാഴ്ച അവധി എടുക്കാതെ ആവശ്യക്കാർക്ക് വാക്‌സിൻ നൽകി ഡോക്ടറുടെ പ്രതിഷേധം. തന്നെ മർദിച്ച സി.പി.എം. നേതാക്കളെ അറസ്റ്റ്‌ ചെയ്യാത്തതിലാണു കുപ്പപ്പുറം മെഡിക്കൽ ഓഫീസർ ഡോ. ശരത്ചന്ദ്രബോസ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്.

പിന്തുണയുമായി സഹപ്രവർത്തകരും വാക്‌സിൻ എടുക്കാൻ ജനങ്ങളുമെത്തിയതോടെ ഡോക്ടറുടെ പ്രതിഷേധം ചർച്ചയായി. സംഭവം നടന്ന കൈനകരിയിലെ വാക്‌സിൻ വിതരണകേന്ദ്രം തന്നെയാണു പ്രതിഷേധത്തിനായി തിരഞ്ഞെടുത്തതും. കഴിഞ്ഞ 24-നാണ് ഡോക്ടർക്ക്‌ മർദനമേറ്റത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ എം.സി. പ്രസാദ്, എൽ.സി. സെക്രട്ടറി പി.ഡി. രഘുവരൻ, സി.പി.എം. പ്രവർത്തകനായ വിശാഖ് വിജയൻ എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികൾ മൂവരും എത്തി തങ്ങൾ നൽകിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലേ വാക്‌സിൻ വിതരണം ചെയ്യാവൂ എന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.

ഇതു സാധ്യമല്ലെന്നും മുൻഗണനാക്രമത്തിൽ മാത്രമേ വാക്‌സിൻ നൽകൂവെന്നും ഡോക്ടർ പറഞ്ഞു.

രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന്‌ അഭ്യർത്ഥിച്ച ഡോക്ടറെ പ്രതികൾ മൂവരും ചേർന്നു മർദിച്ചെന്നാണു കേസ്. കേസിലെ ഒന്നാം പ്രതി വിശാഖിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതി റിമാൻഡ്‌ ചെയ്തു. പക്ഷേ, രണ്ടും മൂന്നും പ്രതികളെ പിടികൂടിയിട്ടില്ല.