കുമ്പളം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വിഭവ സമാഹരണം ലക്ഷ്യമാക്കി കുമ്പളത്ത് സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. കുമ്പളം കളരിക്കൽ മഠം ബാലകൃഷ്ണൻ എമ്പ്രാന്തിരി സ്റ്റോർ ഉദ്ഘാടനം ചെയ്തു. കുമ്പളം സനാതന ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എസ്.ഡി.എസ്.എസ്. എന്ന പേരിലാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.
വീട്ടാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം, ഇതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവയ്ക്കുക എന്നതാണ് ലക്ഷ്യം.
കുമ്പളം സനാതന ധർമ സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ, ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി തുടങ്ങിയത്. നിർധന രോഗികൾക്ക് മരുന്നിനും ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഉൾപ്പെടെ സഹായം നൽകും.
സമൂഹവിവാഹം ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സനാതന ധർമ സംരക്ഷണ സമിതി തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തുന്നതിനായിട്ടാണ് സൂപ്പർ മാർക്കറ്റ് എന്ന ആശയവുമായി രംഗത്ത് വന്നിട്ടുള്ളതെന്ന്, പദ്ധതിക്ക് നേതൃത്വം നൽകുന്ന കളരിക്കൽ മഠം ബാലകൃഷ്ണൻ എമ്പ്രാന്തിരി, രാജീവ് കൂട്ടുങ്കൽ എന്നിവർ പറഞ്ഞു.
കുമ്പളം കളത്തിൽ ക്ഷേത്രത്തിന് സമീപമാണ് സൂപ്പർ മാർക്കറ്റ്.