കൊച്ചി: എസ്.ബി.ഐ.യിൽനിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചതാണ് ജോസ്. 30 വർഷത്തിലധികം ജോലി ചെയ്തു. വിവാഹിതനായിരുന്നില്ല. കളമശ്ശേരിയിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം.
കൊറോണയെ ചെറുക്കാൻ നാടാകെ ലോക്ഡൗണിലായതോടെ ഭക്ഷണം കിട്ടാതായി. വലതുകാലിന്റെ പാദം ശസ്ത്രക്രിയയിലൂടെ നീക്കിയതാണ്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ വിഷമം. സമയത്തിന് ഭക്ഷണം കിട്ടുന്ന എവിടേക്കെങ്കിലും താമസം മാറ്റുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. താമസസ്ഥലത്തിനു സമീപം ഉണ്ടായിരുന്ന പോലീസുകാരോട് കാര്യം പറഞ്ഞു. അവരാണ് എറണാകുളം നഗരത്തിൽ എസ്.ആർ.വി. സ്കൂളിൽ ഒരുക്കിയിരിക്കുന്ന അഭയകേന്ദ്രത്തിലേക്ക് മാറാൻ പറഞ്ഞത്.
ശനിയാഴ്ച എസ്.ആർ.വി. സ്കൂളിലെ അഭയ കേന്ദ്രത്തിലെത്തി. ‘കൈയിൽ പണം ഉണ്ടായിട്ട് കാര്യമില്ലല്ലോ. ചെലവാക്കാനും വേണ്ടേ മാർഗം. മൂന്നു മാസത്തെ പെൻഷൻ ബാങ്കിൽനിന്ന് എടുത്തിട്ടില്ല. ഇവിടെയാണെങ്കിൽ ഭക്ഷണം കൃത്യസമയത്ത് ലഭിക്കുന്നുണ്ട്. ഹാപ്പിയാണ് ഞാനിവിടെ’ - ജോസ് പറയുന്നു.
മേക്കപ്പ് ആർട്ടിസ്റ്റാണ് സുഹൈൽ. ഒരു ആയുർവേദ സ്ഥാപനത്തിൽ ജോലിയുമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു താമസ സൗകര്യവും. ലോക് ഡൗണോടെ അത് ഇല്ലാതായി. വടക്കൻ കേരളത്തിലുള്ള വീട്ടിലേക്ക് പോകാനും ആയില്ല.
മറ്റൊരു മാർഗവും ഇല്ലാതായതോടെ അഭയ കേന്ദ്രത്തിലേക്ക് പോന്നു. മൂന്നുനേരവും ഭക്ഷണവും പ്രാഥമികാവശ്യത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. ക്ലാസ് മുറികളിൽ വിശ്രമിക്കുകയും ഉറങ്ങുകയും ആകാം. ഈ കരുതലിൽ സന്തോഷവാനാണ് സുഹൈലും.
229 പേരാണ് എസ്.ആർ.വി. സ്കൂളിലെ അഭയ കേന്ദ്രത്തിലുള്ളത്. 23 സ്ത്രീകൾ. പല സംസ്ഥാനത്തു നിന്നുള്ളവരാണിവർ. പല ഭാഷക്കാർ. പലരും വൈകീട്ട് വരെ പണിയെടുത്ത് ഇഷ്ട പാനീയങ്ങളും ഇഷ്ട ഭക്ഷണങ്ങളും കഴിച്ച് എവിടെയെങ്കിലുമൊക്കെ കിടന്ന് സുഖമായി ഉറങ്ങിയവരാണ്. പക്ഷേ, കോവിഡ് 19 മഹാമാരിയുടെ മുന്നിൽ ആ ഇഷ്ടങ്ങളൊക്കെ അവരും വേണ്ടെന്നു വെച്ചു.
എസ്.ആർ.വി. സ്കൂളിലെ ക്ലാസ് മുറികളിലും പരിസരങ്ങളിലും വലിയ പരാതികളും പരിഭവങ്ങളുമില്ലാതെ കഴിയുകയാണവർ. ഗേൾസ് ഹൈസ്കൂളിലുമുണ്ട് നൂറിലധികം പേർ.