ഇനിയൊരു ജില്ലയുണ്ടെങ്കിൽ അതു മൂവാറ്റുപുഴയായിരിക്കുമെന്ന് ലീഡർ കെ. കരുണാകരൻ പറഞ്ഞത് 1982-ൽ പത്തനംതിട്ട ജില്ലയുടെ പ്രഖ്യാപനത്തിനിടെയാണ്. 1984ൽ കാസർകോട് ജില്ല രൂപവത്കരിക്കപ്പെട്ടെങ്കിലും മൂവാറ്റുപുഴ ജില്ല വാഗ്ദാനം മാത്രമായി നിലനിൽക്കുന്നു.1960- കളിൽ തുടങ്ങിയതാണ്‌ മൂവാറ്റുപുഴ ജില്ലയ്ക്കു വേണ്ടിയുള്ള മുറവിളി. 1968-ലെ മലനാട് ജില്ലാ രൂപവത്കരണ കൗൺസിലും തുടർന്നിങ്ങോട്ടുള്ള പ്രവർത്തനങ്ങളും ചെന്നെത്തിയത് മൂവാറ്റുപുഴ ജില്ലയ്ക്കു വേണ്ടിയുള്ള വലിയൊരു കൂട്ടായ്മയിലാണ്. രാഷ്ട്രീയ തീരുമാനം മാത്രം മതി അര നൂറ്റാണ്ടിന്റെ ആവശ്യമായ മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാകാൻ. ഏത് സർക്കാർ വന്നാലും ഏത് ജനപ്രതിനിധി വന്നാലും ഇത് മൂവാറ്റുപുഴയുടെ പൊതു വികാരമാണ്. മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകേണ്ടത് ഏതൊക്കെ പ്രദേശങ്ങളായിരിക്കണമെന്നു തീരുമാനിച്ച് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ആലോചിച്ച് പദ്ധതിയുണ്ടാക്കണം.

രേഖയുണ്ട്, കാര്യമില്ല

മൂവാറ്റുപുഴ ആദ്യകാലത്തെ വലിയ വ്യാപാര കേന്ദ്രവും പ്രധാന നഗരവും ആയിരുന്നു. വികസനം പടിഞ്ഞാട്ട് നീണ്ടപ്പോൾ ഈ പുഴനഗരിയും തീരങ്ങളും പിന്നാക്കം പോയി. മൂവാറ്റുപുഴ, കോതമംഗലം, പിറവം, കുന്നത്തുനാട് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ ചേർത്ത്‌ മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപവത്കരിക്കുന്നതോടെ മെട്രോ നഗരത്തെ കേന്ദ്രീകരിച്ച് ഒരു കോണിലേക്ക് മാത്രമുള്ള വികസന സങ്കല്പങ്ങൾക്ക് മാറ്റം വരും. മൂവാറ്റുപുഴയെയും കോതമംഗലത്തെയും ഇരട്ട നഗരങ്ങളായി കണ്ട് കാർഷിക വ്യാപാര ജില്ലയായി മൂവാറ്റുപുഴയെ മാറ്റാനാകും. മൂവാറ്റുപുഴ ജില്ല രൂപവത്കരണത്തിനായി അന്തരിച്ച ഡി. ബാബു പോൾ 1995-96 ൽ സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടാണ് ഇതിലെ ഏറ്റവും ആധികാരിക രേഖ. എന്നാൽ ഇതിൽ തുടർ നടപടികൾ ഉണ്ടായില്ല.

വരും തനതു വികസനം

എറണാകുളം ജില്ലയ്ക്ക് കിട്ടുന്ന കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ പ്രധാനമായും കൊച്ചിയെയും മെട്രോ നഗരത്തെയും കേന്ദ്രീകരിച്ചാണ് ചെലവിടുന്നത്. അത് കിഴക്കൻ പ്രദേശങ്ങളിൽ വലിയ സമഗ്ര വികസനത്തിനും തടസ്സമാകുന്നു. കിഴക്കൻ നഗരങ്ങളിലെ പഴക്കം ചെന്ന കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റാനുള്ള വലിയ പദ്ധതി പതിറ്റാണ്ടായി കടലാസിൽ ഉറങ്ങുന്നത് ഉദാഹരണം. ജില്ല വന്നാൽ കിഴക്കൻ പ്രദേശങ്ങളുടെ തനത് വികസനം സാധ്യമാകും. മൂവാറ്റുപുഴയിലെ റിങ്‌ റോഡ്, നഗര വികസനം, കുടിവെള്ള വിപുലീകരണം, ബൈപാസുകൾ, മൂവാറ്റുപുഴ-കാക്കനാട് റോഡ്, മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികൾ വേഗത്തിൽ നടപ്പാകും.

എറണാകുളം ജനറൽ ആശുപത്രി കഴിഞ്ഞാൽ ജില്ലയിലെ മറ്റൊരു പ്രധാന ജില്ലാ ആശുപത്രിയും മൂവാറ്റുപുഴയിലാണ്. മൂവാറ്റുപുഴ ജില്ലയായാൽ ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിക്കാനും കിഴക്കൻ മേഖലയിലെ സാധാരണക്കാർക്ക് ആശ്വാസമാകാനും സാധിക്കും. കോതമംഗലം, ഇടുക്കി വനമേഖലയിലെ സാധാരണക്കാരുടെ ആശുപത്രിയാണിത്.

നാലു ജില്ലകളുടെ കുടിവെള്ള സ്രോതസ്സ്

ജലസമൃദ്ധമായ മൂവാറ്റുപുഴയാറിനെ സംരക്ഷിക്കാനുള്ള ബൃഹത്‌ പദ്ധതി നടപ്പാക്കാനും ജില്ല സഹായകമാണ്. എറണാകുളമടക്കം നാല് ജില്ലകൾക്ക് കുടിവെള്ളം കൊടുക്കുന്ന മൂവാറ്റുപുഴയാറിന്റെ തീരത്ത് 14 കുടിവെള്ള പദ്ധതിയുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിക്കും വെള്ളം നൽകുന്നത് മൂവാറ്റുപുഴയാണ്.

കിഴക്കൻ മേഖലയുടെ സ്വതന്ത്ര വികസനത്തിന്

കൊച്ചിയുടെ ഉപഗ്രഹ നഗരമായും ഇടുക്കിയുടെ കവാട നഗരമായും നിൽക്കുന്ന മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപവത്കരിക്കേണ്ടത് ഈ മേഖലയുടെ വികാരമാണ്. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നേരിട്ടെത്തിക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങളുടെ സ്വതന്ത്ര വികസനം സാധ്യമാക്കാനും കഴിയും. രാഷ്ട്രീയ തീരുമാനങ്ങളും അതിനുള്ള കരുത്തും ഉണ്ടാകണം.

- എസ്. മോഹൻദാസ്, ചരിത്ര ഗവേഷകൻ, ഗ്രന്ഥകാരൻ

അര നൂറ്റാണ്ടായി നീളുന്ന യുദ്ധം

ആദ്യമായി മൂവാറ്റുപുഴ ജില്ലയെന്ന ആശയം മുന്നോട്ടു െവച്ച് പ്രവർത്തനം തുടങ്ങിയവരിൽ പങ്കാളിയാകാനായി എന്നത് അഭിമാനമാണ്. ആദ്യത്തെ മൂവാറ്റുപുഴ നഗരസഭാ എക്സിബിഷനിൽ വലിയ ബോർഡും പവിലിയനും ഉണ്ടാക്കി ജില്ലയ്ക്കായി ശ്രമങ്ങൾ തുടങ്ങി. ഡി. ബാബു പോളിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചു. കിഴക്കൻ മേഖലയ്ക്ക് ഇനി വളരാൻ ജില്ല കൂടിയേ തീരൂ.

- ടി.കെ. രാമകൃഷ്ണൻ, സീനിയർ സിറ്റിസൺ, റിട്ട. കെ.എസ്.ഇ.ബി.

ജില്ലയില്ലെങ്കിൽ ഇനി മുന്നോട്ടില്ല

മൂവാറ്റുപുഴയ്ക്ക് ഇനി ഒരിഞ്ച് മുന്നോട്ടു പോകണമെങ്കിൽ ജില്ല വേണം. കേന്ദ്ര ഫണ്ട് എത്ര മാത്രമാണ് കൊച്ചി നഗരത്തിൽ ചെലവിടുന്നത്. അവിടെ ഒരു പദ്ധതിക്ക് ചെലവിട്ട പണമുണ്ടെങ്കിൽ കിഴക്കൻ മേഖലയുടെ വികസനത്തിന് വലിയ മാറ്റം വരുത്താനാകും. കാർഷിക പ്രദേശത്തിനനുസരിച്ചുള്ള സാമ്പത്തിക കാഴ്ചപ്പാടുണ്ടാകണം. ട്രൈബൽ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനാകും.

- അസീസ് കുന്നപ്പിള്ളി, പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ.

ജി.സി.ഡി.എ.യ്ക്ക് പുറത്തേക്ക് വികസനമെത്തണം

മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യത്തിന് മർച്ചന്റ്സ്‌ അസോസിയേഷൻ എന്നും ഉറച്ച പിന്തുണ നല്കുന്നുണ്ട്. ജി.സി.ഡി.എ.യ്ക്കു പുറത്തുള്ള കിഴക്കൻ പ്രദേശങ്ങളിലേക്കു വലിയ സർക്കാർ പദ്ധതികൾ വരുന്നില്ല. നഷ്ടപ്പെട്ട മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലം തിരിച്ചുപിടിക്കാനും ജില്ല വേണം. ജില്ല വരുന്നതോടെ മൂവാറ്റുപുഴയുടെ വ്യാപാര രംഗത്ത് പുത്തനുണർവ്‌ വരും. - അജ്മൽ ചക്കുങ്കൽ, പ്രസിഡന്റ്, മർച്ചന്റ്സ്‌ അസോസിയേഷൻ, മൂവാറ്റുപുഴ.