തൃപ്പൂണിത്തുറ : ഒരിടവേളയ്ക്കു ശേഷം രാജനഗരിക്കു വീണ്ടും ഉത്സവഛായ. ദേശനാഥനായ പൂർണത്രയീശന്റെ വൃശ്ചികോത്സവം നാടിന്റെ തന്നെ ഉത്സവമാണ്. ബുധനാഴ്ച രാത്രിയാണ് ഉത്സവക്കൊടിയേറ്റ്.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം മങ്ങലേറ്റ ഉത്സവം, ഇക്കുറി എല്ലാ പ്രൗഢിയോടും കൂടി നടത്താനുള്ള ഒരുക്കങ്ങളെല്ലാം ആയിക്കഴിഞ്ഞു. ഉത്സവത്തിന് സ്വാഗതമോതി സ്റ്റാച്യു വിൽ അലങ്കാര പന്തലും ഉയർന്നു.

രാജപ്രതിമയ്ക്കു ചുറ്റും നഗരസഭ മോടി കൂട്ടി. കച്ചവട സ്ഥാപനങ്ങളുടെയും മറ്റും മുന്നിൽ വൈദ്യുതാലങ്കാരങ്ങൾ. റോഡരികിൽ കുപ്പിവളകളും ബലൂണും പൊരിയും ബജിയും കരിമ്പുമൊക്കെയായി കച്ചവടക്കാരും നിരന്നു. ക്ഷേത്രാങ്കണത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജവീരൻമാർ. അതിന് മധ്യത്തിൽ ആനപ്പുറത്ത്‌ സ്വർണക്കോലത്തിലേറി ഭഗവാന്റെ എഴുന്നള്ളത്ത്. മുന്നിൽ 150-ലേറെ വാദ്യക്കാരുടെ പഞ്ചാരിമേളം.

തലയാട്ടി, കൈകളാൽ താളമിട്ട് മേളത്തിന്റെ ആസ്വാദക ലഹരിയിൽ ജനക്കൂട്ടം. കിഴക്കേ നടപ്പുരയിൽ ‘കലാശ’ത്തിന്റെ ഹുങ്കാരവും ആരവവും.

ഊട്ടുപുര മാളികയിൽ കച്ചേരിക്കും കഥകളിക്കും തിങ്ങിക്കൂടുന്ന സദസ്സ്. ഹാസ്യം വിളമ്പുന്ന തുള്ളൽ കലാകാരൻമാർ, അക്ഷരശ്ലോക സദസ്സുകൾ, ആവേശമാകുന്ന പ്രഗത്ഭരുടെ തായമ്പക.... അങ്ങനെ കാഴ്ചകളും അനുഭവങ്ങളുമായി ആസ്വാദനത്തിന്റെ എട്ട് ദിനരാത്രങ്ങൾ. ഉത്സവക്കാഴ്ചകളൊക്കെ മടങ്ങിയെത്തുന്നതിന്റെ സന്തോഷമാണ് ഓരോ മുഖത്തും.