അരൂർ : വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴയ്ക്കുപോലും അരൂർ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം ഇല്ലാതാക്കുവാൻ കഴിയുന്നില്ല. കാരണം, ഇനി ഏഴാംനാൾ വോട്ടർമാർ പോളിങ്‌ ബൂത്തിലെത്തും. പലവട്ടം ചെന്നുകണ്ടിട്ടായാലും ഓരോ വോട്ടും ഉറപ്പാക്കണമെന്ന ലക്ഷ്യം മാത്രമാണ് സ്ഥാനാർഥികൾക്ക്. അതിനാൽത്തന്നെ നേരം പരപരാവെളുക്കുമ്പോൾ തുടങ്ങുന്ന ഓട്ടം രാത്രി ഏറെ വൈകിയാണ് അവസാനിപ്പിക്കുക. പലപ്പോഴും മൂന്നുനേരത്തെ ഭക്ഷണംപോലും പ്രവർത്തകരുടെ വീടുകളിൽനിന്നാവും കഴിക്കുക.

അഞ്ചു പഞ്ചായത്തുകളിലായി 52 വാർഡുകളുള്ള അരൂർ ഡിവിഷനിൽ ആകെ നാല് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൻ.ഡി.എ., എൽ.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാർഥികളുടെ പ്രചാരണപരിപാടികൾ ചെറുതും വലുതുമായ നിരവധി കൺവെൻഷനുകളാൽ സമ്പന്നമാണ്. ഇവിടെയെല്ലാം ഓടിയെത്തുന്ന സ്ഥാനാർഥികൾ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ കടന്നുചെന്ന് വോട്ട് ചോദിക്കുന്നുണ്ട്. ഓരോ മുന്നണിയും കൺവെൻഷനുകളിൽ പരമാവധി ആളുകളെ എത്തിക്കാനും ശ്രമിക്കുന്നു. ഇതിന്റെ പേരിൽ ചില ആക്ഷേപങ്ങളും ഉയർന്നു. എന്നാലിവയ്ക്കൊന്നും ചെവികൊടുക്കാതെ ഓരോവോട്ടും പെട്ടിയിലാക്കാൻ ശ്രമിക്കുകയാണ് മുന്നണി സ്ഥാനാർഥികൾ.

ഇടത് സ്ഥാനാർഥി അനന്തു രമേശന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി കൺവെൻഷൻ നടന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥിയുടെ രണ്ടുദിവസത്തെ പര്യടനപരിപാടി ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ഓരോദിവസും 25-ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ഉണ്ടാകും.

യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. കെ. ഉമേശന് ചൊവ്വാഴ്ച തിരക്കേറിയ ദിനമായിരുന്നു. രാവിലെ വിവിധയിടങ്ങളിൽ വോട്ടഭ്യർഥിച്ചു. വൈകീട്ട് രമേശ് ചെന്നിത്തല നയിച്ച ജനജാഗരൺ അഭിയാൻ പദയാത്രയിലും പങ്കുചേർന്നു. വാർഡുകളിലെ സ്ഥാനാർഥിയുടെ പര്യടനം രണ്ടുദിവസത്തിനകം ഉണ്ടാകും.

എൻ.ഡി.എ. സ്ഥാനാർഥി കെ.എം. മണിലാലിന് വേണ്ടി മൈക്ക് കെട്ടിയുള്ള പ്രചാരണപരിപാടി ആരംഭിച്ചു. വോട്ടർമാരെ ആകർഷിക്കുന്ന തരത്തിൽ, കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസനങ്ങളിലൂന്നിയും സംസ്ഥാന സർക്കാരിന്റെ കുറവുകൾ നിരത്തിയുമുള്ള ഗാനങ്ങളാണ് ഇതിന്റെ മുഖ്യ ആകർഷണം.