കൊച്ചി: പറയാൻ ഒരുപാടുണ്ട്. പക്ഷേ, ആരുമതുപറയുന്നില്ല. രണ്ടുഭാഗത്തും ആവശ്യത്തിനു കാര്യങ്ങളുണ്ട്. രണ്ടിനെയും കുറ്റം പറയാൻ മൂന്നാമത്തെ മുന്നണിക്കുമുണ്ട് വിഷയങ്ങൾ. പക്ഷേ അതെങ്ങും എവിടെയും കേൾക്കുന്നില്ല. വീടുകൾ കയറിയിറങ്ങുക, പോസ്റ്ററൊട്ടിക്കുക തുടങ്ങി തിരഞ്ഞെടുപ്പിലെ പതിവ് ഏർപ്പാടുകളെല്ലാം വലിയ വാശിയോടെ നടക്കുന്നുണ്ട്. എന്നാൽ ജനവിധിക്ക് ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴും കാതലായ വിഷയത്തിലേക്ക് ആരും കടക്കുന്നില്ല.
ജില്ലാ പഞ്ചായത്തുകളുടെ സ്ഥിതിയാണ് അതിദയനീയം. ജില്ലയുടെ മൊത്തം വികസനത്തിനു ചുക്കാൻ പിടിക്കേണ്ട സ്ഥാപനമാണ്. അവിടെ എന്തു ചർച്ച ചെയ്യണമെന്ന കാര്യത്തിൽ മുന്നണികൾക്ക് ഒരു രൂപവുമില്ല. സമഗ്ര കാഴ്ചപ്പാടോടെ ആരും ഇതുവരെ ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുമില്ല. ഒരു പ്രകടനപത്രിക പോലും ഇതുവരെ ആരും തയ്യാറാക്കിയിട്ടില്ല.
ജില്ലയുടെ വികസനം സംബന്ധിച്ച് സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിക്കാൻ ഇതുവരെ ഒരു മുന്നണിയും തയ്യാറായിട്ടില്ല. പ്രാദേശിക പാർട്ടി ഘടകങ്ങൾ അവരുടെ അതിർത്തിപ്രദേശത്തെ സ്ഥാനാർത്ഥികളെ നിർണയിച്ച് അവരെയും ചുമന്നു നടക്കുന്നതിനപ്പുറം മറ്റൊന്നുമില്ല. വീടുകളിലെത്തിക്കുന്ന അഭ്യർത്ഥനകളിൽ പോലും സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങളേയുള്ളൂ.
തദ്ദേശ സ്ഥാപനങ്ങളിലെല്ലാം സ്ഥാനാർത്ഥികളെ മാത്രം ഊന്നിയുള്ള പ്രചാരണമാണ്. കൊച്ചി കോർപ്പറേഷനിൽ മുന്നണി സ്ഥാനാർത്ഥികൾക്കു പറയാൻ ഒരുപാടുണ്ട്. എന്നാൽ അതെവിടെയും പറഞ്ഞുകാണുന്നില്ല. തുടർഭരണത്തിനായി യു.ഡി.എഫും ഭരണം പിടിക്കാൻ എൽ.ഡി.എഫും വാശിയോടെ രംഗത്തുണ്ട്. എന്നാൽ ഇരുകൂട്ടരും തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല. യു.ഡി.എഫ്. രണ്ടു മുതിർന്ന നേതാക്കളെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് സംസ്ഥാന രാഷ്ട്രീയം പറഞ്ഞു. ഇടതുമുന്നണിയാവട്ടെ ഇതുവരെ അതും ചെയ്തിട്ടില്ല. കൊച്ചിക്കായി പ്രകടനപത്രിക പോലും ഇടതുമുന്നണി ഇറക്കിയിട്ടില്ല. ബുധനാഴ്ച പുറത്തിറക്കുമെന്നാണ് പറയുന്നത്. അതൊന്നും ആവശ്യമില്ലെന്ന മട്ടിലാണു പ്രചാരണം.
വലിയ കാര്യമൊന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പാകുമ്പോൾ ജനങ്ങൾക്കു മുന്നിൽ വെക്കാൻ ഒരു അജൻഡ വേണം. അതേക്കുറിച്ച് എവിടെയെങ്കിലുമൊക്കെ ചർച്ച നടക്കണം. നാട്ടിൽ നടന്ന കാര്യങ്ങളെക്കുറിച്ചും നടത്തേണ്ട കാര്യങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പു വരുമ്പോഴെങ്കിലും ജനങ്ങൾക്കിടയിൽ ചർച്ച നടക്കണ്ടെ? എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വില കുറഞ്ഞ തമാശകൾക്കപ്പുറം ആരും തിരഞ്ഞെടുപ്പു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ല. കൊച്ചി നഗരത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിലൂന്നിയുള്ള തിരഞ്ഞെടുപ്പിലേക്ക് ഇനിയുള്ള ദിവസങ്ങളിലെങ്കിലും മുന്നണികൾ വരേണ്ടിയിരിക്കുന്നു.
അതേസമയം ബദൽ രാഷ്ട്രീയക്കാർ നിലപാടുകൾ കുറച്ചെങ്കിലും പറയുന്നുണ്ട്. കൊച്ചി കോർപ്പറേഷനിൽ രംഗത്തുവന്ന വി4 കൊച്ചി, അവരുടെ സാമീപ്യമുള്ളിടത്തെല്ലാം നഗരത്തിന്റെ വികസന പ്രശ്നങ്ങളും അഴിമതിയും ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് വി4 എത്ര വോട്ടുപിടിക്കും എന്ന ചോദ്യം നഗരത്തിൽ കേൾക്കുന്നുണ്ട്.
പ്രത്യേക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ജനകീയ കൂട്ടായ്മകളും മറ്റും പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അവിടെയെല്ലാം അവരുയർത്തുന്ന വിഷയങ്ങളെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകളുമുണ്ട്. പക്ഷേ, നമ്മുടെ മുന്നണികൾ ഇക്കാര്യമൊന്നും അറിഞ്ഞ മട്ടില്ല. അവരതേക്കുറിച്ചൊന്നും മിണ്ടുന്നേയില്ല.