കൊച്ചി: കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം കൂടാനെത്തി ഒടുവിൽ വരനാകേണ്ടി വന്ന ഓമനക്കുട്ടനെ ആരും മറന്നുകാണില്ല. ആ വിവാഹപ്പന്തലിലേക്ക് വലതുകാലെടുത്തുവെച്ച പൂച്ചക്കണ്ണിയാണ് ഓമനക്കുട്ടന്റെ മാലു എന്ന മാലതി... ‘മീനത്തിൽ താലികെട്ട്’ എന്ന സിനിമയിലെ നായിക.
അടുക്കും ചിട്ടയുമില്ലാതെ കിടന്ന ഓമനക്കുട്ടന്റെ ജീവിതത്തെ തുന്നിച്ചേർത്ത മാലുവിനെയും വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ മറന്നിട്ടില്ല. അതിനു തെളിവാണ് സാമൂഹിക മാധ്യമങ്ങളിൽ ഇവരെ തേടിയെത്തിയ മലയാളികൾ. സുലേഖ എന്ന പേരുമായി സിനിമയിലേക്കെത്തിയ തേജാലി ഖനേക്കാറാണ് ഈ താരം.
ഫെയ്സ്ബുക്കിലെ സിനിമാക്കൂട്ടായ്മകളിലെ ചർച്ചകളിലൂടെയാണ് മലയാളികൾ തേജാലിയെ തേടിയിറങ്ങിയത്. ഫെയ്സ്ബുക്കിൽ വന്ന സന്ദേശങ്ങൾക്ക് സ്നേഹത്തോടെ മറുപടി പറഞ്ഞ അവർ, ആരാധകരുടെ ആവശ്യപ്രകാരം ഒരു ചിത്രവും പോസ്റ്റ് ചെയ്തു.
അഭിനയകാലത്ത് തേജാലി കൂടുതലും ചെലവഴിച്ചത് കൊച്ചിയിലാണ്. അക്കാലം ഓർക്കുകയാണവർ:
“1996-ൽ തമിഴ് സിനിമയിൽ അഭിനയിച്ച ശേഷം എത്തിയത് കൊച്ചിയിലേക്കാണ്. കൊച്ചിയിൽ ഒരുപിടി ഓഡീഷനുകളിൽ പങ്കെടുത്തു. അങ്ങനെയാണ് രാജൻ ശങ്കരാടിയുടെ ‘മീനത്തിൽ താലിക്കെട്ട്’ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. പിന്നീട് കൊച്ചിയിൽ കഴിഞ്ഞ നാളുകൾ ഏറെ ആസ്വാദ്യകരമായിരുന്നു”.
“ഷൂട്ടിങ് സമയത്തും കൊച്ചിയിലാണ് കൂടുതലും താമസിച്ചത്. കൊച്ചിയിലെ ഭക്ഷണവും ആളുകളുടെ പെരുമാറ്റവും ആകർഷിച്ചിട്ടുണ്ട്. മുംബൈയിലെ ഇടുങ്ങിയ താമസസ്ഥലത്തുനിന്നെത്തിയ എനിക്ക് കൊച്ചിയിലെ തുറസ്സായ സ്ഥലങ്ങളും പ്രകൃതിഭംഗിയും ഏറെ ഇഷ്ടമായി. കൊച്ചിയിൽ അധികം തങ്ങാൻ സാധിച്ചിട്ടില്ല. എങ്കിലും കിട്ടിയ ദിവസങ്ങൾ ഏറെ ആസ്വദിച്ചു. സിനിമയ്ക്കുവേണ്ടി മലയാളം പഠിച്ചു. ഇവിടത്തെ ഭക്ഷണം ആസ്വദിക്കാനും അവ പാകം ചെയ്യുന്നതിന് പഠിക്കാനും ശ്രമിച്ചു. ഇപ്പോൾ ഞാൻ വീട്ടിൽ പുട്ടും കടലയും എരിശ്ശേരി, മലബാർ പൊറോട്ട, ഇടിയപ്പം ഇഷ്ടു, ഫിഷ് മോളി തുടങ്ങിയവയും ഉണ്ടാക്കാറുണ്ട്. എറണാകുളത്തെ പല അമ്പലങ്ങളിലും അന്ന് തൊഴുതു. പേരുകൾ എനിക്ക് ഓർമയില്ല. ഗുരുവായൂരിൽ പോയത് ഓർക്കുന്നുണ്ട്” - തേജാലി പറഞ്ഞു.
‘ചന്ദാമാമ’യാണ് തേജാലിയുടെ രണ്ടാമത്തെ മലയാള ചിത്രം. ഇപ്പോൾ സിംഗപ്പൂരിൽ ഭർത്താവിനും മക്കൾക്കുമൊപ്പം ഫുഡ് ബ്ലോഗർ, ഡിജിറ്റൽ മാർക്കറ്റർ എന്നീ റോളുകളിൽ തിരക്കിലാണ് തേജാലി. ധനകാര്യ സ്ഥാപനമാണ് ഭർത്താവിന്. രണ്ടു മക്കളാണ് തേജാലിക്ക്; 15-കാരിയായ മൃൺമയിയും ഏഴു വയസ്സുകാരൻ വേദാന്തും.
“എൻറെ ആദ്യ സിനിമയിറങ്ങി 24 വർഷത്തിനു ശേഷവും മലയാളികൾ ഓർക്കുന്നുവെന്നത് ഏറെ സന്തോഷം തരുന്നു. ഫെയ്സ്ബുക്കിൽ ഒരുപാടുപേർ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. രണ്ടു സിനിമകൾ മാത്രം ചെയ്ത എനിക്ക് നൽകുന്ന ഈ സ്നേഹം, കലാകാരന്മാരോട് മലയാളി പ്രേക്ഷകർ നൽകുന്ന ബഹുമാനത്തിനു തെളിവാണ്”.