കൊച്ചി: താപനില പരിശോധിച്ച്, സാനിറ്റൈസർ പുരട്ടി കാറിൽ അകത്തേക്കു കടക്കുമ്പോൾ മുന്നിൽ ഒരു കണ്ടെയ്‌നർ. കാർ കണ്ടെയ്‌നറിനു സമീപം പാർക്കു ചെയ്യുമ്പോഴേക്കും അരികിലേക്ക് ഒരാളെത്തി. ട്രേയും പിടിച്ചുനിന്ന അയാളുടെ കൈയിൽ മെനു കാർഡ്. അതു നോക്കിയോ അതിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ വേണ്ട സാധനങ്ങൾ ഓർഡർ ചെയ്യുക. അല്പനേരം കഴിയുമ്പോൾ ആവശ്യപ്പെട്ട ഭക്ഷണം പ്രത്യേക ബോക്സുകളിൽ കാറിന്റെ ഉള്ളിലെത്തും. കാറിലിരുന്നുതന്നെ കഴിച്ചു നിങ്ങൾക്കു മടങ്ങാം. കോവിഡ് കാലത്ത് ലെ മെറിഡിയൻ ആവിഷ്കരിച്ച ‘കാറിൽ ഒരു റസ്റ്ററന്റ്’ പരീക്ഷണം കൊച്ചിക്കു വ്യത്യസ്തമായൊരു അനുഭവമാണ്.
കണ്ടെയ്‌നർ ഇങ്ങനെയാകുമോ
വിശാലമായ മുറ്റത്തിന്റെ ഒരറ്റത്തു നിലയുറപ്പിച്ച കണ്ടെയ്‌നറാണ് ‘കാർ ഗോ ബൈറ്റ്‌സ്’ എന്ന റസ്റ്ററന്റിന്റെ കേന്ദ്രം. രൂപമാറ്റം വരുത്തിയ കണ്ടെയ്‌നറിന്റെ അകത്ത് രണ്ടുമൂന്നു പേർ തിരക്കിട്ട പാചകത്തിലാണ്. ഇടയ്ക്കു പുറത്തേക്കു നീട്ടുന്ന ഭക്ഷണം സർവീസ് ബോയ്‌സ് കാറിലെത്തിക്കും. “കോവിഡ് കാലത്തെ അതിജീവനം എന്ന നിലയിൽ ചിന്തിച്ചപ്പോഴാണ് കാറിൽ ഒരു റസ്റ്ററന്റ് എന്ന ആശയം വന്നത്. കൊറോണ പേടിമൂലം റസ്റ്ററന്റിലെത്തി അവിടത്തെ പാത്രവും ഗ്ലാസുമൊക്കെ ഉപയോഗിക്കാൻ പലരും മടിക്കുകയാണ്. അങ്ങനെയാണ് അതൊന്നും ഉപയോഗിക്കാതെ ഒരു റസ്റ്ററന്റ് എന്ന ചിന്ത വന്നത്. ഇവിടെ വെറുതെ കിടന്ന ഒരു കണ്ടെയ്‌നർ രൂപമാറ്റം വരുത്തി അടുക്കളയാക്കി. ഫാസ്റ്റ് ഫുഡ് രീതിയിലല്ലാതെ ഓരോ നേരത്തും പാചകം ചെയ്താണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്”-ലെ മെറിഡിയനിലെ ഫിലിപ്പ് എൽദോസ് കാർ ഗോ ബൈറ്റ്‌സിന്റെ പിറവിയെക്കുറിച്ച് പറഞ്ഞു.
അമേരിക്കൻ മാതൃക
അമേരിക്കയിൽ 1960-കളിൽ തുടങ്ങിയ ‘കാർ ഇൻ ഡൈനർ’ മാതൃകയാണ് കൊച്ചിയിലെ ആശയത്തിനു വഴിതെളിച്ചത്. “കാറിനകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലൊക്കെ പതിവാണ്. നമ്മുടെ നാട്ടിൽ അത്തരം ശീലങ്ങൾ പരിചിതമായിരുന്നില്ല. കോവിഡ് കാലം നമ്മുടെ പല രീതികളേയും മാറ്റിമറിച്ചതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഈ റസ്റ്ററന്റും. എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി പതിനൊന്നു വരെ റസ്റ്ററന്റ് പ്രവർത്തിക്കും. കോവിഡ് കാലത്തിനു ശേഷവും ഈ രീതി ആളുകൾ തുടരുമെന്നാണ് കരുതുന്നത്” - ഫിലിപ്പ് പറഞ്ഞു.
ബ്രിസ്‌ക്വേറ്റയും ക്രംബുർലേയും
വിഭവങ്ങളുടെ വ്യത്യസ്തതയാണ് ഈ റസ്റ്ററന്റിന്റെ പ്രത്യേക. ഇറ്റാലിയൻ വിഭവമായ ബ്രിസ്‌ക്വേറ്റയിൽ കേരളത്തിന്റെ സ്വന്തം ചെമ്മീൻ ചേർത്തുള്ള പരീക്ഷണം മുതൽ ശ്രീലങ്കൻ ഐറ്റമായ ക്രംബുർലേ വരെ ഒട്ടേറെ പുതുമകളുമായാണ് കാറിൽ ഒരു റസ്റ്ററന്റ് മുന്നേറുന്നത്. കാലം മാറുമ്പോൾ കോലവും മാറണമെന്ന പഴമൊഴി പോലെ കോവിഡ് കാലത്ത് കാറിനകത്തു റസ്റ്ററന്റ് വരുമ്പോൾ ആ ഡയലോഗ് വീണ്ടും ഓർക്കാം, കൊച്ചി പഴയ കൊച്ചിയല്ല.