കൊച്ചി: ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാംഘട്ട ജോലികൾ ആരംഭിക്കാത്തതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. കോടതി നിർദേശിച്ച ജോലികൾ ഉടൻ പൂർത്തിയാക്കാനും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനും കളക്ടറോട് കോടതി നിർദേശിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ചെയർപേഴ്‌സണായി മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രനോട് തുടരാനും നിർദേശിച്ചു. എക്സിക്യുട്ടീവ് എൻജിനീയർ പദ്ധതിയിൽ മെംബറായിരിക്കും. മൂന്നാം ഷെഡ്യൂൾ പ്രകാരമുള്ള ജോലികൾക്ക് പ്രത്യേക അംഗീകാരം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ മേൽനോട്ടവും ഉള്ള ജോലികളാണ് നടക്കുന്നത്. അതിനാൽ മൂന്നാംഘട്ട ജോലികൾക്ക് ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകണം. മൂന്നാംഘട്ട ജോലികൾക്ക് ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി സ്മാർട്ട് മിഷനിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. കേസിൽ ഇവരേയും കക്ഷിചേർത്തു.

ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായ ജോലികൾ തുടർച്ചയായതിനാൽ എന്തിനാണ് എതിർപ്പ് ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പദ്ധതിയുടെ ഭാഗമായ ജോലികൾ തീർക്കേണ്ടത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കുമ്പോഴാണ് പ്രത്യേകം അനുമതി വേണമെന്ന് പറയുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രവൃത്തികൾ ശരിയായ രീതിയിലല്ല നടത്തുന്നതെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട് നിഷേധിച്ച് കൊച്ചി സ്മാർട്ട് മിഷൻ പ്രോജക്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.