കാക്കനാട് : ജില്ലയിൽ ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് ഡേറ്റാബേസ് തയ്യാറാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ജോലിയുടെ സവിശേഷത, മറ്റ് സ്ഥലങ്ങളിൽനിന്ന് ഇടയ്ക്കിടെ എത്തുന്നത് തുടങ്ങിയ കാര്യങ്ങൾമൂലമാണ് ഡേറ്റാബേസ് തയ്യാറാക്കൽ വൈകിയതെന്നും നിലവിലുള്ളതിന് സമാനമായ സാഹചര്യങ്ങൾ നേരിടാൻ ഇപ്പോൾ തയ്യാറാക്കുന്ന ഡേറ്റാബേസ് സഹായകമാവുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും അവർക്ക് ഭക്ഷണം തയ്യാറാക്കുന്ന കമ്യൂണിറ്റി കിച്ചണുകളിലും അതത് ദിവസങ്ങളിലെ മെനു പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആരൊക്കെ ഭക്ഷണം കഴിക്കുന്നു എന്ന രജിസ്റ്ററും ക്യാമ്പുകളിൽ സൂക്ഷിക്കണം.
അതിഥിത്തൊഴിലാളികൾക്ക് അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും വിളിച്ചറിയിക്കാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ എല്ലാ ക്യാമ്പുകളിലും പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകൾ സംസാരിക്കുന്ന ഒമ്പത് വൊളന്റിയർമാരാണ് ഹെൽപ്പ് ലൈൻ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നത്.
അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിലെയും കമ്യൂണിറ്റി കിച്ചണുകളിലെയും പ്രവർത്തനങ്ങളിൽ തൊഴിൽ വകുപ്പിനെ സഹായിക്കാൻ റവന്യു, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. അവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അവർക്കാവശ്യമായ താമസം, ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ എല്ലാ ദിവസവും കളക്ടർ നേരിട്ട് വിലയിരുത്തും.
കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത പി.വി.എസ്. ആശുപത്രിയുടെ നവീകരണം പൂർത്തിയായതായും മന്ത്രി അറിയിച്ചു. മറ്റ് ആശുപത്രികളിലെ ലഭ്യമായ വിവരങ്ങൾ സംസ്ഥാന തലത്തിൽ വാർ റൂം വഴി ശേഖരിച്ചുവരികയാണ്. ഇതുവഴി മെഡിക്കൽ സൗകര്യങ്ങൾ കൺട്രോൾ റൂം വഴിതന്നെ നിയന്ത്രിക്കാൻ സാധിക്കും.
നിലവിൽ ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും രോഗലക്ഷണങ്ങൾ ഉള്ള വിദേശ ബന്ധമോ സമ്പർക്കമോ ഇല്ലാത്ത ആളുകളുടെ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജില്ലയിൽ 31 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്.