കൊച്ചി: വര്‍ണ വിസ്മയങ്ങള്‍ വാരിവിതറിയ ഡിസൈനുകളുടെ മനോഹാരിതയുമായി കേരള ഫാഷന്‍ ലീഗ്. അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ വസ്ത്ര സങ്കല്പങ്ങള്‍ റാമ്പില്‍ വിരിഞ്ഞപ്പോള്‍ അത് കൊച്ചിക്ക് പുത്തന്‍ അനുഭവമായി. 14 ഡിസൈനേഴ്‌സും 70 മോഡലുകളും റാമ്പിലെത്തി. 15 പുരുഷ മോഡലുകള്‍ക്കൊപ്പം 12 അന്താരാഷ്ട്ര മോഡലുകളും അണിനിരന്നു. ഇന്ത്യന്‍ ഡിസൈനറായ ഫെമി കലിസ്ഥ എന്ന ഡിസൈനുമായാണ് റാമ്പില്‍ എത്തിയത്. ലേബല്‍ എം ഡിസൈനേഴ്‌സായ അനുവും രേഷ്മയും പീകോക് ഡിസൈനുകളുമായാണ് ഫാഷന്‍ പ്രേമികള്‍ക്കിടയിലേക്ക് എത്തിയത്.
ഫാഷന്‍ രാവില്‍ റാമ്പില്‍ ഉണര്‍ന്നത് കൊച്ചിയോടുള്ള വികാരമായിരുന്നു. കൊച്ചിയോടുള്ള സ്‌നേഹം അണിനിരക്കുന്ന വസ്ത്രങ്ങളുമായാണ് ഡിസൈനര്‍ മാട്ടിന്‍ മേക് എത്തിയത്. എത്തിക്‌സ് റൗണ്ടില്‍ കാഷ്വല്‍ വസ്ത്രങ്ങള്‍ നിറഞ്ഞു. പലാസോ, ബലൂണ്‍ പാന്റുകള്‍ക്കൊപ്പം സ്‌കേര്‍ട്ടുകളും കളര്‍ഫുള്‍ വസ്ത്രങ്ങളും അണിനിരന്നു. മഞ്ഞ, പച്ച പോലുളള കടും നിറങ്ങളാണ് മാട്ടിന്‍ മേക് തന്റെ വസ്ത്രങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. 20-ഓളം ഡ്രസ്സുകള്‍ റാമ്പില്‍ മാട്ടിന്‍ മേക്കിന്റേതായി എത്തി. ഷോ സ്റ്റോപ്പര്‍ ആയി പേളി മണിയും ആന്‍സണ്‍ പോളും എത്തി. അന്താരാഷ്ട്ര ഡിസൈനറായ സഞ്ജന ജോണും ലീഗിന്റെ ഭാഗമായി. സെലിബ്രിറ്റികളെ കൊണ്ട് തിളങ്ങിയ റൗണ്ടില്‍ വ്യത്യസ്തമായ ഡിസൈനുകള്‍ വിരിഞ്ഞു. കേരള ഫാഷന്‍ ലീഗ് റൈസ് ബക്കറ്റ് ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന സഞ്ജന ഡിസൈനിങ്ങിലെ വ്യത്യസ്തത കൊണ്ടാണ് തിളങ്ങിയത്. പാര്‍വതി ഓമനക്കുട്ടന്‍, നിക്കി ഗല്‍റാണി, ജുനൈദ് ഷേയ്ക്ക് എന്നിവരാണ് ഫാഷന്‍ ലീഗിലെ ഷോ സ്റ്റോപ്പര്‍ ആയി എത്തിയത്. കൊറിയോഗ്രാഫര്‍മാരായ ദാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്‌സ്, നടനും കെ.എഫ്.എല്‍. 2015-ന്റെ ഫാഷന്‍ ഐക്കണുമായ ജുനൈദ് ഷേയ്ക്ക്, നടി നേഹ സക്‌സേന, ചലച്ചിത്ര നിര്‍മാതാവ് നെല്‍സണ്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ഷോ ശ്രദ്ധേയമായിരുന്നു.
അനു ആന്‍ഡ് രേഷ്മ, രേണുക, കലിസ്റ്റ ആന്‍ഡ് നൗഷിജ ഫാറ്റിസ് എന്നിവരാണ് കേരളത്തില്‍ നിന്ന് റാമ്പില്‍ സാന്നിധ്യമറിയിച്ച ഡിസൈനര്‍മാര്‍. ഹൈദരാബാദില്‍ നിന്നുള്ള ശാവണ്‍ രാമസ്വാമി, മുംബൈയില്‍ നിന്നുളള രാജ് ഷറോഫ്, െബംഗളൂരുവില്‍ നിന്നുള്ള റോബര്‍ട്ട് നോറെം, ചെന്നൈയില്‍ നിന്നുള്ള ചൈതന്യ റാവു, രെഹാനെ, െബംഗളൂരുവില്‍ നിന്നുള്ള കൗച്ച് എന്നിവരും എത്തി. മാന്‍െഡാലിന്‍ വിദഗ്ദ്ധന്‍ യു. ഇജേഷ്, ഗായകരായ ആലാപ് രാജു, നരേഷ് അയ്യര്‍ എന്നിവര്‍ വിനോദ പരിപാടികളും നൃത്തങ്ങളും കൊണ്ട് ഷോയ്ക്ക് മിഴിവേകി. അഞ്ച് റൗണ്ടുകളിലാണ് മത്സരം സംഘടിപ്പിച്ചത്. എ.ഡി. ഫാഷന്‍ സിഇഒ അഭില്‍ ദേവ് ആണ് ഷോ സംഘടിപ്പിച്ചത്. ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. എ.ടി. അന്‍വര്‍, എസ്​പാനിയോ ഇവന്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണവുമുണ്ടായി.