വീണ്ടുമൊരു മഴക്കാലം കൂടി... കേരളം മുങ്ങിത്താണ പ്രളയകാലത്തിന്റെ ഓര്‍മ വീണ്ടും... അന്ന് പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്നവരെ രക്ഷിക്കാന്‍ കടലിന്റെ മക്കളെത്തി... പ്രളയവാര്‍ഷികത്തില്‍ അവരെത്തേടി നമ്മള്‍ ചെല്ലേണ്ടേ...? മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ താത്പര്യമുള്ള സമൂഹത്തിലെ സുമനസ്സുകള്‍ക്ക് വേദിയൊരുക്കുകയാണ്, 'ചേക്കുട്ടിപ്പാവ'യുടെ സ്രഷ്ടാവ് ലക്ഷ്മി മേനോന്‍ 'ഫ്രണ്ട്ഷിപ്പ്' എന്ന പദ്ധതിയിലൂടെ.

മേക്ക് ഫ്രണ്ട്ഷിപ്പ്

'ആഗോള സമുദ്രദിന'വും 'ഉറ്റ സുഹൃത്ത് ദിന'വും ഒരുമിച്ച് ആഘോഷിക്കുന്ന ജൂണ്‍ എട്ടിനാണ് പദ്ധതി ആരംഭിച്ചത്.

മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ചെയ്യേണ്ടത് ഇത്രമാത്രം... makefriendship.org എന്ന വെബ്സൈറ്റിലൂടെ 24 രൂപയുടെ വാര്‍ഷിക പ്രീമിയത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുക... ഒരാള്‍ക്ക് എത്ര പോളിസി വേണമെങ്കിലും എടുക്കാം. ഈ ഇന്‍ഷുറന്‍സിലൂടെ ഒരു മത്സ്യത്തൊഴിലാളിക്ക് ഒരുവര്‍ഷത്തേക്ക് തൊഴില്‍പരമായ അപകടങ്ങളിലൂടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഒരുലക്ഷം രൂപ വരെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു.

ഓരോ 24 രൂപ പ്രീമിയത്തിനും ഓരോ മത്സ്യത്തൊഴിലാളിയുടെ വിലാസവും ഫോണ്‍നമ്പറും ആ തുക നല്‍കുന്നയാള്‍ക്ക് കൈമാറും. കൂടെ, 'സൗഹൃദമുദ്ര' ആലേഖനം ചെയ്ത ഒരു കാന്തിക പതക്കവും സമ്മാനമായി ലഭിക്കും.

'ഈ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ മാത്രം മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ അകറ്റാന്‍ സാധിക്കുന്നില്ലെങ്കിലും മുഖ്യധാരയില്‍നിന്ന് അകന്നുകഴിയുന്ന അവര്‍ക്ക് പൊതുസമൂഹവുമായി ഒരു ദൃഢബന്ധം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയും' -ലക്ഷ്മി മേനോന്‍ പറയുന്നു.

'ദി ന്യൂ ഇന്ത്യ അഷ്വറന്‍സ്' കമ്പനിയുമായി സഹകരിച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിലവില്‍ അയ്യായിരത്തോളം ഇന്‍ഷുറന്‍സ് പോളിസികളെടുക്കാന്‍ ആളുകള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും മത്സ്യത്തൊഴിലാളികളുടെ വിവരങ്ങളും കൈമാറും.

തോണിയൊഴുക്കാം

കേരളത്തിന്റെ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികളുടെ നിസ്വാര്‍ഥ സേവനത്തിനുള്ള നന്ദി പ്രകടിപ്പിക്കലായി അവരുടെ 'രക്ഷാബോട്ടുകളു'ടെ പ്രതീകമെന്നോണം 'കളിത്തോണികള്‍' നിര്‍മിച്ച് കൈമാറാനുള്ള അവസരവുമൊരുക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഇതിനുള്ള അവസരം. 

കേരളത്തിന്റെ സ്വന്തം 'ചേക്കുട്ടിപ്പാവ'

ലക്ഷ്മിയെ കേരളത്തില്‍ ശ്രദ്ധേയയാക്കിയത് 'ചേക്കുട്ടിപ്പാവ' യാണ്. പ്രളയത്തില്‍ ആകെത്തകര്‍ന്ന കൈത്തറി വ്യവസായത്തെ അക്ഷരാര്‍ഥത്തില്‍ രക്ഷിച്ചത്, ചേക്കുട്ടിയാണ്. കത്തിച്ചുകളയുന്നതിന് തൊട്ടുമുമ്പ് ലക്ഷ്മിക്ക് തോന്നിയ ആശയം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തപ്പോള്‍ കൈത്തറി വ്യവസായത്തിന് മാത്രമല്ല പുതുജീവന്‍ ലഭിച്ചത്, പ്രളയദിനങ്ങളെ ഒറ്റമനസ്സോടെ പൊരുതിത്തോല്‍പ്പിക്കാന്‍ അത് കേരളജനതയ്ക്കും ഉത്തേജനമേകി.

ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളെ സഹായിക്കാനായി ആരംഭിച്ച പദ്ധതി അതിവേഗം സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തപ്പോള്‍ ആറു മാസത്തിനുള്ളില്‍ ലഭിച്ചത് 33 ലക്ഷം രൂപ.

Content Highlights: Lakshmi Menon, Who behind the Chekutty Doll Starts new Make Friendship for helping fishermen