മഴയുടെ നേർത്ത തണുപ്പുപുതച്ച പ്രഭാതം... പതിവുപോലെ 5.30-ന് തന്നെ സത്യപ്രദീപൻ, പൂട്ടിയിട്ട ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന്റെ വാതിൽ തുറക്കാനെത്തി... 20 വർഷമായി സൂക്ഷിപ്പുകാരനായി ഇവിടെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണിത്... രാവിലെ നടക്കാനായെത്തുന്ന പതിവുകാർ അപ്പോഴേക്കും എത്തിത്തുടങ്ങിയിരുന്നു.

അന്തരീക്ഷത്തിലെ തണുപ്പിനെ വകവെയ്ക്കാതെ ആളുകൾ നടപ്പിനും ചൂടുപിടിപ്പിച്ചു. മഴ കൂടിയതോടെ ആളുവരവ്‌ കുറഞ്ഞിരുന്നെങ്കിലും മഴയ്ക്ക്‌ ശമനംവന്നതോടെ ആളുകളും എത്തിത്തുടങ്ങി. ഏഴുമണിയോടെ പൊട്ടിച്ചിരിച്ച് ഒരുകൂട്ടം ആളുകൾ... പ്രായമായവരുൾപ്പെടെയുള്ളവർ ‘ചിരിയോഗ’യിൽ മുഴുകി. നഗരത്തിനു നടുവിൽ ചങ്ങമ്പുഴ പാർക്ക് പൂർണമായും ഉണർന്ന്‌ പ്രവർത്തിച്ചുതുടങ്ങി.

വർഷത്തിൽ 365 ദിവസവും ഇതുപോലെ സക്രിയമായി വർത്തിക്കുന്ന ഒരിടം മറ്റെവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. പക്ഷേ, ചങ്ങമ്പുഴ പാർക്കിനെക്കുറിച്ച് പറഞ്ഞാൽ തീരാത്ത കാര്യങ്ങളുണ്ട്.

നഗരമധ്യത്തിൽ ഒന്നര ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന പാർക്കിൽ കാതുകൂർപ്പിച്ചു നിൽക്കുന്ന മരങ്ങളുണ്ട്. കൗതുകമെന്നു പറയട്ടേ, സൂക്ഷിച്ചുനോക്കിയാൽ കാതുകളുള്ള മരങ്ങളവിടെ കാണാം. ‘ഇവിടെ നടക്കുന്നതെല്ലാം മരങ്ങളും കേൾക്കട്ടേ’ എന്ന സങ്കല്പത്തിൽ വിദേശിയായ ഒരു ശില്പിയാണ് മരങ്ങൾക്ക് കാതുകൾ നൽകിയത്.

ഉദ്യാനവും ആമ്പൽക്കുളവും മണൽവിരിച്ച മുറ്റവും നടപ്പാതയും കുട്ടികൾക്കുള്ള വിനോദോപകരണങ്ങളുമുള്ള പാർക്ക് നഗരത്തിലുള്ളവർക്കും പുറത്തുനിന്നെത്തുന്നവർക്കും പ്രിയപ്പെട്ട വിശ്രമകേന്ദ്രമാണ്. കേരളത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ നടക്കുന്ന സ്ഥിരമായൊരിടം കൂടിയാണ് ചങ്ങമ്പുഴ പാർക്ക്.

കൂട്ടായ്മയെന്ന സമ്പാദ്യം

ഇവിടെയാർക്കും വിലക്കുകളില്ല... കാറ്റുകൊള്ളാനും തണലിലിരിക്കാനും കലാസ്വാദനത്തിനും പ്രഭാഷണത്തിനും വേണ്ടി ആർക്കും ഇവിടേക്ക്‌ കടന്നുവരാം. ആർക്കുംതന്നെ പ്രത്യേക പരിഗണനയോ സീറ്റ് റിസർവേഷനോ ഇവിടെയില്ല. വലിപ്പച്ചെറുപ്പമില്ലാതെ ഒത്തൊരുമിക്കാൻ ഒരിടമാണിത്. സംഭാവന ചോദിച്ചുവാങ്ങുന്ന പതിവ് ഇവിടെയില്ല. പാർക്കിന്റെ നടത്തിപ്പ് കൂട്ടായ്മകളുടെ സാമ്പാദ്യത്തിൽ നിന്നാണ്. സമർപ്പണബോധവും സഹൃദയത്വവുമുള്ള കുറേ പ്രവർത്തകരുടെ കൂട്ടായ്മകളും വിവിധ മേഖലകളിലുള്ളവരുടെ സഹകരണവുമാണ് ഇതിന്റെ നടത്തിപ്പിന്റെ വിജയരഹസ്യം.

‘നാടകമര’ത്തിന്റെ ചുവട്ടിൽ

പാർക്കിലെ ഇലഞ്ഞിമരത്തിനൊരു പേരുണ്ട് -‘നാടകമരം’. കുട്ടികളുടെ ‘നാടകക്കളരി’ പലപ്പോഴും ഇതിനു ചുവട്ടിൽ അരങ്ങേറാറുണ്ട്. നാടകക്കളരി തുടങ്ങിയത് ഈ മരത്തിനു ചുവട്ടിൽ വെച്ചാണ്. അങ്ങനെയാണ് ഇലഞ്ഞിമരത്തിന് ഈ പേരുവീണതെന്ന് അധ്യാപികയായ ഷേർലി സോമസുന്ദരം പറഞ്ഞു.

ഒന്നാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള കുട്ടികളാണ് ‘നാം’ എന്നു പേരുള്ള നാടകക്കളരിയിൽ എത്തുന്നത്. ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിലാണ് നാടകക്കളരി നടക്കുന്നത്.

കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടകാവതരണങ്ങൾ ഇവിടെ നടന്നുവരുന്നു. നാടകോത്സവം വർഷത്തിൽ ഒരിക്കൽ നടത്താറുണ്ട്. കുട്ടികൾക്കായി നാടക ശില്പശാലകളും അരങ്ങേറും. നാടകമേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികളെത്തി ക്ലാസുകൾ നയിക്കും.

ഒഴിവുദിവസങ്ങളിലെല്ലാം പാർക്കിൽ സ്ഥിരമായി എത്തുമെന്ന് വൈപ്പിൻ സ്വദേശി സജീവൻ നായരമ്പലം പറയുന്നു. നാടകക്കളരിയിൽ കുട്ടികൾ ഉറക്കെ ഡയലോഗുകൾ പറയുമ്പോൾ തണൽമരച്ചോട്ടിൽ പൊട്ടിച്ചിരി.

ചെസ്‌ കളിയിൽ മുഴുകിയിരിക്കുന്ന നിരവധിപേരെ പാർക്കിന്റെ പലയിടങ്ങളിലും കാണാം. വെട്ടിയ കരുക്കൾ മാറ്റിവെയ്ക്കവെ പ്രകാശനും സിറാജും ഒരുമിച്ചു പറഞ്ഞു: ‘ഇവിടത്തെ ചെസ് കളി ഒരു ശീലമാണ്.’ അതങ്ങനെ മുടക്കാറില്ലത്രേ. ചെസ്‌ കളിയിൽ പോരാട്ടം മുറുകുമ്പോഴും പേരറിയാത്ത അപരിചിതൻ ഇതൊന്നുമറിയാതെ അടുത്ത് ഗാഢനിദ്രയിലാണ്ടിരിക്കുന്നു.

ഇനിയും ഉയരട്ടെ ‘നൂപുരധ്വനി’

എണ്ണൂറോളം അംഗങ്ങളുള്ള ഇടപ്പള്ളി ‘നൃത്താസ്വാദക സദസ്സ്’ കുറഞ്ഞകാലംകൊണ്ട് ഏറെ കലാസ്വാദകരേയും നർത്തകരേയും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ‘കലാമണ്ഡലം സത്യഭാമ അനുസ്മരണം’, ‘അഖില കേരള തിരുവാതിരകളി മത്സരം’ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു. ജീവിതത്തിരക്കുകളിൽ ചിലങ്കയും നൃത്തവും മാറ്റിവെച്ചവർക്ക് ചങ്ങമ്പുഴ പാർക്ക് തിരിച്ചുവരവിന്റെ വേദിയാണ്.

കുടുംബിനികൾക്കും ഉദ്യോഗസ്ഥകൾക്കുമായി പ്രത്യേക വാർഷിക അരങ്ങുകൾ പാർക്കിൽ സംഘടിപ്പിച്ചുവരുന്നു. പുതിയ തലമുറയിലെ നർത്തകികൾക്കും (നർത്തകന്മാർക്കും) അരങ്ങൊരുക്കുന്ന പ്രതിമാസ പരിപാടികൾക്ക്‌ പുറമെ, വാർഷിക നൃത്തോത്സവത്തിൽ ഇന്ത്യയിലെ പ്രമുഖരായ കലാപ്രതിഭകൾ ഇവിടെയെത്താറുണ്ട്. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ കലാപരിപാടികളും പാർക്കിൽ അരങ്ങേറാറുണ്ട്.

മുടങ്ങാതെ അക്ഷരശ്ലോക സദസ്സ്

നാലാമത്തെ ഞായറാഴ്ചകളിൽ മുടങ്ങാതെ നടക്കുന്ന പരിപാടിയാണ്‌ ‘അക്ഷരശ്ലോക സദസ്സ്’. കവിയും ചെണ്ട വിദഗ്ദ്ധനും നടനുമായിരുന്ന കലാമണ്ഡലം കേശവനും കവി എൻ.കെ. ദേശവുമാണ് ഇതിന്‌ ചുക്കാൻ പിടിച്ചിരുന്നത്.

വിവിധഭാഗങ്ങളിൽ നിന്നുള്ള അക്ഷരശ്ലോക വിദഗ്ദ്ധന്മാർ ഈ സദസ്സുകളിൽ എത്താറുണ്ട്. ശ്ലോകാലാപനം, സമസ്യാപൂരണം എന്നിവയിൽ മത്സരങ്ങളും നടക്കും. ഓണക്കാലത്താണ് ഇതിന്റെ വാർഷികം നടക്കുന്നത്. ശ്ലോകം ചൊല്ലാൻ വരുന്നവർക്ക് യാത്രാച്ചെലവും സാംസ്കാരിക കേന്ദ്രം നൽകും. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒൻപതിന് അക്ഷരശ്ലോക പരിശീലന ക്ലാസ് നടക്കും.

കഥകളിപ്രിയരേ, ഇതിലേ...

കഥകളിയെ കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യവുമായാണ് ‘ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്’ എന്ന സംഘടനയുടെ തുടക്കം. പ്രസിദ്ധരായ കഥകളി കലാകാരന്മാരും യുവകലാകാരന്മാരും ഇവിടെ കഥകളി അവതരിപ്പിക്കാറുണ്ട്. കഥകളിപ്രിയരുടെ സ്ഥിരമിടം കൂടിയാണിവിടം.

കഥകളി-കൂടിയാട്ടം സോദാഹരണ പ്രഭാഷണങ്ങൾ, കഥകളിപ്പദ കച്ചേരികൾ എന്നിവയും അരങ്ങേറും. പി.കെ. ഗോദവർമ, കലാമണ്ഡലം കേശവൻ എന്നിവരുടെ അനുസ്മരണവും മുടങ്ങാതെ നടക്കാറുണ്ട്.

കലയും സംഗീതവും പൂക്കിന്നിടം

‘ഇടപ്പള്ളി സംഗീത സദസ്സ്’ സാംസ്കാരിക കേന്ദ്രത്തിന്റെ മറ്റൊരു സഹോദര സംഘടനയാണ്. ‘നവരാത്രി സംഗീതോത്സവ’വും എട്ടുദിവസം നീണ്ടുനിൽക്കുന്ന ‘ഇടപ്പള്ളി സംഗീതോത്സവ’വും സംഘടിപ്പിക്കുന്നത് സംഗീത സദസ്സാണ്. പ്രതിമാസ കച്ചേരികൾക്കു പുറമെ, നെയ്യാറ്റിൻകര വാസുദേവൻ എന്ന അനുഗൃഹീത ഗായകന്റെ സ്മരണയ്ക്കായി, എല്ലാ വർഷവും മികച്ച കലാകാരന് അവാർഡ് നൽകിവരുന്നു.

രണ്ടാം ഞായറാഴ്ചകളിൽ നടക്കുന്ന ‘കാവ്യമൂല’യിൽ മുപ്പതോളം കവികൾ സ്ഥിരമായി എത്തിച്ചേരുന്നു. സ്വന്തം കവിതയോടൊപ്പം മറ്റു കവിതാലാപനവും നടത്തുന്നു.

മാസത്തിൽ ഒരുദിവസം മൂന്ന്‌ വിദ്യാർഥികളെക്കൊണ്ട് കവിത ചൊല്ലിക്കുന്ന ‘കാവ്യസന്ധ്യ’, മൂന്നുപേർ കഥകൾ അവതരിപ്പിക്കുന്ന ‘കഥാസായാഹ്നം’ എന്നീ സാഹിത്യപരിപാടികളും നല്ലരീതിയിൽ ഇവിടെ നടന്നുവരുന്നു.

പ്രശസ്തരും അപ്രശസ്തരുമായ മൺമറഞ്ഞ കവികളേയും മറ്റ് എഴുത്തുകാരേയും പരിചയപ്പെടുത്തുന്ന അനുസ്മരണ സമ്മേളനങ്ങൾ മാസംതോറും നടക്കാറുണ്ട്‌.

കാണാം കലാപരിപാടികൾ

ഒരിക്കൽപ്പോലും മുടങ്ങാതെ ചൊവ്വാഴ്ചകളിൽ നടക്കുന്ന ഒരു പരിപാടിയാണ് ‘ആഴ്ചവട്ടം’. ആയിരത്തിൽപ്പരം അംഗങ്ങളുള്ള ‘സീനിയർ സിറ്റിസൺസ് ഫോറം’ ആണ് ഇതിന്റെ സംഘാടകർ. മാസംതോറും ആദ്യ ഞായറാഴ്ച വൈകീട്ട് അഞ്ചിന്, അംഗങ്ങൾക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള ആദരിക്കൽച്ചടങ്ങ് നടത്തും.

പ്രതിമാസം സിനിമാ പ്രദർശനങ്ങൾ കൂടാതെ ഗാനമേളകൾ, കഥാവായന, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ വാർഷികങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികളും ഇവിടെ നടന്നുവരുന്നു.

ഇതിനൊന്നിനും ഒരുതരത്തിലുള്ള ഫീസും ഈടാക്കുന്നില്ല. അംഗങ്ങളെ ചേർക്കുമ്പോൾ ആജീവനാന്ത അംഗത്വ ഫീസ് മാത്രമാണ് മൂലധനം.