സ്വപ്നങ്ങൾ എന്നും എപ്പോഴും കാമനകളുടെ
നിദ്രാകാശത്തിൽ എഴുതപ്പെടുന്ന
മേഘചിത്രങ്ങളാണ്... ഉറക്കം ഞെട്ടുമ്പോൾ
സ്വപ്നങ്ങൾ മാഞ്ഞുപോകുന്നു...

സ്വപ്നദേശത്തേക്ക് യാത്രപോകുന്ന നായകനോട് വഴിയോരത്തെ സന്ന്യാസി പറഞ്ഞ വാക്കുകൾ ഓർത്തിരിക്കുമ്പോഴാണ് മുന്നിലെ കസേരയിലേക്ക് ആ മനുഷ്യൻ വന്നിരുന്നത്... നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്ത് ആ മനുഷ്യൻ സംസാരിച്ചു തുടങ്ങിയപ്പോഴും ആദ്യം കാതോരം ഒഴുകിയെത്തിയത് ആ വാക്കു തന്നെയായിരുന്നു... ‘സ്വപ്‌നം’.
‘‘നിങ്ങൾ സ്വപ്നം കാണണം... അത് സാക്ഷാത്കരിക്കാൻ ശ്രമിക്കേണ്ടതും നിങ്ങൾ തന്നെയാണ്. സിവിൽ സർവീസ് പരീക്ഷ അറിവിന്റെ മനോഹരമായൊരു സ്വപ്നമാണ്. അഞ്ചു ലക്ഷത്തിലധികം പേരിൽ നിന്ന് ആയിരം പേരെ തിരഞ്ഞെടുക്കുന്ന ഒരു പരീക്ഷ. ആത്മവിശ്വാസവും കഠിനാധ്വാനവും നിങ്ങളുടെ കൂടെയുണ്ടെങ്കിൽ സിവിൽ സർവീസെന്ന സ്വപ്നം പുഷ്പംപോലെ നിങ്ങളുടെ കൈക്കുടന്നയിൽ വന്നു വീഴും. അത് നിങ്ങൾ കൈപ്പിടിയിലൊതുക്കിയാൽ ആ സ്വപ്നം പിന്നീടൊരിക്കലും മാഞ്ഞുപോകില്ല...’’

സ്വപ്നങ്ങളെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും ആ മനുഷ്യൻ മുന്നിലേക്ക് കുടഞ്ഞിട്ടതു മുഴുവൻ ‘സിവിൽ സർവീസ്’ എന്ന മനോഹരമായൊരു യാഥാർഥ്യമായിരുന്നു. ഏതൊരു ഇന്ത്യക്കാരന്റെയും ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നായ സിവിൽ സർവീസ് രംഗത്തേക്ക് നൂറുകണക്കിന് കുട്ടികളെ കൈപിടിച്ചുയർത്തിയ ഈ മനുഷ്യന്റെ പേര് എ.കെ. മിശ്ര...
‘ചാണക്യ ഐ.എ.എസ്. അക്കാദമി’ യുടെ ചെയർമാനായ എ.കെ. മിശ്ര എന്ന ജാർഖണ്ഡുകാരന് പിന്നെയും ഒരുപാട് മേൽവിലാസങ്ങളുണ്ട്. എഴുത്തുകാരൻ, പ്രാസംഗികൻ, വിദ്യാഭ്യാസ വിദഗ്‌ധൻ തുടങ്ങി പല മേൽവിലാസങ്ങളും ഒപ്പം ചേർത്തുവയ്ക്കുമ്പോഴും മിശ്രയുടെ മനസ്സിൽ എപ്പോഴുമുള്ളത് ഒരു സ്വപ്‌നമാണ്... ‘രാജ്യത്തിനു വേണ്ടി ഇനിയുമൊരുപാട് കുട്ടികളെ സിവിൽ സർവീസ് രംഗത്തേക്ക് കൊണ്ടുവരണം.’

   കുസാറ്റിൽ ഒരു സെമിനാറിനെത്തിയ എ.കെ. മിശ്ര ‘മാതൃഭൂമി നഗര’വുമായി അൽപ്പനേരം ചെലവഴിച്ചപ്പോൾ കേട്ട വർത്തമാനങ്ങളിലൂടെ...

? ആരാകാനാണ് ആഗ്രഹം എന്നു ചോദിക്കുമ്പോൾ കുട്ടിക്കാലത്ത് പലരും പറയുന്ന ഉത്തരമാണല്ലോ ‘കളക്ടർ’ എന്ന പദവി. ഇത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നാണോ
  സാധ്യമാകുമോ എന്ന ചോദ്യമാണ് പ്രധാനം. അത് എളുപ്പമാണോയെന്നല്ല ആദ്യം ചിന്തിക്കേണ്ടത്. സിവിൽ സർവീസ് ആർക്കെങ്കിലും അപ്രാപ്യമായ ഒന്നല്ല. കുട്ടിക്കാലത്ത് ക്ലാസിൽ ടീച്ചറോ മറ്റോ ആരാകാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോൾ പലരും ‘കളക്ടറാകണം’ എന്ന ഉത്തരം പറയാറുണ്ട്. പക്ഷേ, വലുതാകുമ്പോൾ അവർ ആ ഉത്തരത്തിലേക്കെത്തുന്നില്ലെങ്കിൽ അതിനു കാരണം അവർ തന്നെയാണ്. വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള ആഗ്രഹം ആർക്കും സാക്ഷാത്കരിക്കാവുന്ന ഒന്നാണ്. അതിനു വേണ്ടത് കഠിനാധ്വാനവും ആത്മസമർപ്പണവുമാണ്.

? സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ തയ്യാറെടുപ്പുകൾ എങ്ങനെയാകണം
  സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ജോലി എന്തായിരിക്കും... അതിന്റെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്... എന്നൊന്നുമറിയാതെയാണ് പലരും ഈ പരീക്ഷയിലേക്ക് കടന്നുവരുന്നത്. തന്നെ മനസ്സിലാക്കി, സിവിൽ സർവീസിനോടുള്ള തന്റെ ആഭിമുഖ്യം എത്രയുണ്ടെന്നു മനസ്സിലാക്കി വേണം ഈ രംഗത്തേക്ക് കടന്നുവരേണ്ടത്. വ്യക്തമായ ധാരണയോടെ ലക്ഷ്യം മനസ്സിലുറപ്പിച്ച പ്രയത്നം ഗുണം ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

? സിവിൽ സർവീസിനു വേണ്ടി ഒരാൾ എങ്ങനെയാകണം പഠിക്കേണ്ടത്
 സിവിൽ സർവീസിലേക്ക് ഓരോ വർഷവും ആയിരത്തോളം പേരെ മാത്രമാണ് വിവിധ സർവീസുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതിൽ ഐ.എ. എസിനാകട്ടെ 150 ഓളം സീറ്റുകൾ മാത്രമാണുള്ളത്. അഞ്ചു ലക്ഷത്തോളം പേരാണ് ഓരോ വർഷവും രാജ്യത്ത് സിവിൽ സർവീസ് പരീക്ഷ എഴുതുന്നതെന്ന കാര്യം ഓർക്കുക.
ആദ്യത്തെ ശ്രമം കൊണ്ട് പലപ്പോഴും വിജയം നേടാൻ കഴിഞ്ഞെന്നു വരില്ല. പരിശീലനം തുടങ്ങുമ്പോൾത്തന്നെ ഈ യാഥാർഥ്യം നിങ്ങളുടെ മനസ്സിൽ വ്യക്തമായുണ്ടാകണം. ഒന്നോ രണ്ടോ തവണ ശ്രമിച്ചിട്ട് വിജയം നേടാൻ കഴിയാതെ വരുമ്പോൾ നിരാശയോടെ പിന്തിരിഞ്ഞുപോകുന്ന ഒരുപാടുപേരെ കണ്ടിട്ടുണ്ട്‌. പക്ഷേ, ഒരുകാര്യം നിങ്ങൾ ഓർക്കുന്നതു നന്നായിരിക്കും, ‘സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലൂടെ നിങ്ങൾ നേടുന്ന അറിവും ആത്മവിശ്വാസവും നിങ്ങൾ മറ്റേതു ജോലിയിലെത്തിയാലും അവിടെ ഗുണകരമാകും.’

? കേരളത്തിൽ സിവിൽ സർവീസ് പഠനത്തിനുള്ള സാധ്യതകൾ മികച്ചതാണോ. പലരും പരീക്ഷയ്ക്ക് പഠിക്കാൻ ഡൽഹിക്കും മറ്റും വരുന്നുണ്ടല്ലോ
  സിവിൽ സർവീസ് പരിക്ഷയ്ക്ക് പഠിക്കണമെങ്കിൽ ഡൽഹി പോലുള്ള മെട്രോ നഗരങ്ങളിൽ പോകണമെന്നത് പഴഞ്ചൻ വിശ്വാസമാണ്. എവിടെയായിരുന്നാലും നിങ്ങൾ എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം.
പഠനത്തിനായുള്ള പുസ്തകങ്ങളും ആനുകാലികങ്ങളുമൊക്കെ ലൈബ്രറികളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. പ്രിലിമിനറി പരീക്ഷ പാസായവർക്ക് അടുത്ത ഘട്ടത്തിലേക്ക് പലയിടത്തും സൗജന്യ പരിശീലനങ്ങളും നൽകുന്നുണ്ട്. കാര്യങ്ങൾ മനസ്സിലാക്കി, ആസൂത്രണത്തോടെ മുന്നോട്ടു പോകുന്നതാണ് പ്രധാനം.

? ജനറൽ സ്റ്റഡീസ് പേപ്പറുകൾ എഴുതുമ്പോൾ പലരും കാലിടറി വീഴുന്നുണ്ടല്ലോ.
  ജനറൽ സ്റ്റഡീസ് പേപ്പറുകളാണ് ഒരാളുടെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാക്കുന്നത്. വിഷയത്തിലുള്ള അറിവ്, ആശയപരമായ വ്യക്തത, ആനുകാലിക പൊതുവിജ്ഞാനത്തിലെ അറിവ് എന്നിവയുണ്ടെങ്കിൽ നിങ്ങൾക്ക് അനായാസം ജനറൽ സ്റ്റഡീസ് പേപ്പറുകൾ എഴുതാൻ കഴിയും. ഓപ്ഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. താത്പര്യവും പരിചയവുമുള്ള വിഷയങ്ങളാകണം ഓപ്ഷണലായി തിരഞ്ഞെടുക്കേണ്ടത്. ഏതു പേപ്പർ എഴുതുമ്പോഴും സമയം ഒരു പ്രധാന ഘടകമായതിനാൽ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് ഉത്തരങ്ങൾ എഴുതി പഠിക്കുന്നത് വളരെ നന്നായിരിക്കും.

? താങ്കൾ നൂറുകണക്കിന് കുട്ടികളെ സിവിൽ സർവീസ് രംഗത്തേക്ക് കൈപിടിച്ചുയർത്തിയ പരിശീലകനാണല്ലോ. ഇരുപത് വർഷം നീണ്ട ഈ കാലത്തെ എങ്ങനെ കാണുന്നു
  സിവിൽ സർവീസ്, പഠിപ്പിസ്റ്റുകൾക്ക് മാത്രമുള്ളതാണെന്ന ധാരണ ശരിയല്ലെന്നാണ് ഈ കാലംകൊണ്ട് ഞാൻ മനസ്സിലാക്കിയ പ്രധാന കാര്യം. ചെറിയ ക്ലാസുകളിൽ ഒന്നാം റാങ്കോടെ വളർന്നുവന്ന ഒരു കുട്ടിക്ക് സിവിൽ സർവീസ് കിട്ടണമെന്ന് നിർബന്ധമില്ല... ചെറിയ ക്ലാസുകളിൽ ശരാശരി മാർക്ക് മാത്രം വാങ്ങി വന്ന ഒരു കുട്ടിക്ക് ഒരിക്കലും സിവിൽ സർവീസ് കിട്ടില്ലെന്നും കരുതേണ്ടതില്ല. ആത്മവിശ്വാസവും കഠിനാധ്വാനവും ചിട്ടയായ തയ്യാറെടുപ്പുകളും കനത്ത മത്സരങ്ങളും ഒരുപോലെ ചേർന്ന പരീക്ഷയാണിത്. അതു നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം.

? സിവിൽ സർവീസ് പരീക്ഷയ്ക്ക് കഠിനാധ്വാനമാണോ ആസൂത്രണമാണോ പ്രധാനം
  ‘ലക്ഷ്യത്തെ സാധൂകരിക്കാൻ മാർഗം ഏതുമാകാം’ എന്നാണല്ലോ ഭഗവദ്‌ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാർഡ് വർക്കാണോ, സ്മാർട്ട് വർക്കാണോ വേണ്ടതെന്ന് നിങ്ങൾതന്നെയാണ് തീരുമാനിക്കേണ്ടത്.
സാധാരണ ലൈബ്രറിയിലെ പുസ്തകങ്ങൾ മുതൽ ഓൺലൈൻ മാഗസിനുകൾ, പരീക്ഷാസഹായ വെബ്‌സൈറ്റുകൾ, ഓൺലൈൻ നോക്ക് ടെസ്റ്റുകൾ തുടങ്ങി എത്രയോ മാർഗങ്ങൾ നമുക്കുമുന്നിലുണ്ട്. എതു മാർഗത്തിലൂടെയായാലും ലക്ഷ്യത്തിലെത്തിച്ചേരലാണ് പ്രധാനം.

? സിവിൽ സർവീസ് പരീക്ഷയ്ക്ക് ഭാഷ ഒരു പ്രശ്നമാണോ
  ഏതു ഭാഷയിലെഴുതിയാലും അതെങ്ങനെ എഴുതി എന്നതാണ് പ്രധാനം. സിലബസ്‌ പൂർണമായി മനസ്സിലാക്കാൻ ശ്രമിക്കാത്തതാണ് ഭൂരിഭാഗം പേരുടെയും പരാജയത്തിനു കാരണമെന്നാണ് ഞാൻ കരുതുന്നത്. സിവിൽ സർവീസ് പരീക്ഷ ഓരോ വർഷവും മാറ്റങ്ങൾക്കു വിധേയമാണ്. എന്നാൽ, ഒരിക്കലും മാറാത്ത ചില മേഖലകളും ഈ പരീക്ഷയിലുണ്ട്. ഇതൊക്കെ വ്യക്തമായി മനസ്സിലാക്കിയാൽ എതു ഭാഷയിൽ എഴുതിയാലും കുഴപ്പമില്ല

? ‘സക്സസ് ഗുരു’ എന്നാണല്ലോ താങ്കൾ അറിയപ്പെടുന്നത്. എന്താണ് താങ്കളുടെ വിജയത്തിന് പിന്നിലുള്ള രഹസ്യം. താങ്കളുടെ ഇനിയുള്ള സ്വപ്നമെന്താണ്
  പരാജയപ്പെടുമെന്നുള്ള ഭീതിയാണ് എല്ലാ പരാജയങ്ങളുടെയും പിന്നിലെ പ്രധാന കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ വിജയപ്രതീക്ഷയോടെ നിങ്ങൾ മുന്നോട്ടു പോകൂ... വിജയം ഒരു പൂവായി നിങ്ങളുടെ കൈക്കുടന്നയിൽ വന്നു വീഴും.  
രാജ്യത്തെ സേവിക്കാനുള്ള ഒരാളുടെ ആഗ്രഹമാണ് സിവിൽ സർവീസിന്റെ അടിസ്ഥാനം. ഒരുപാടുപേരെ ഇനിയും സിവിൽ സർവീസ് രംഗത്തേക്ക് കൈപിടിച്ചുയർത്തണമെന്നാണ് ഇനിയുള്ള എന്റെ സ്വപ്നവും. ഞാൻ ആദ്യം പറഞ്ഞില്ലേ... നിങ്ങൾ സ്വപ്നം കാണൂ... ഞാനും സ്വപ്നം കാണുകയാണ്.