കൊച്ചി... വഴിയോരക്കാഴ്ചകളില്‍പോലും ചിത്രവസന്തം തീര്‍ക്കുന്ന നഗരം. പ്രതിഷേധത്തിന്റെ, പ്രണയത്തിന്റെ, അതിജീവനത്തിന്റെ ചിത്രങ്ങളെവിടെ നോക്കിയാലും നമുക്കിവിടെ കാണാം. കാലത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ അനേകായിരം കലാകാരന്മാര്‍... തുടര്‍ച്ചയാകുന്ന വരകള്‍, വര്‍ണങ്ങള്‍ അങ്ങനെയൊരുപാടു പറയാന്‍ ബാക്കിയാണ് ഓരോ ആര്‍ട്ട് ഗാലറിക്കും. ചിത്രം വരച്ചാലോ ശില്പമുണ്ടാക്കിയാലോ പ്രദര്‍ശിപ്പിക്കാന്‍ കൊച്ചിയിലൊരിടം ലഭിക്കും. ചിത്രപ്രദര്‍ശനങ്ങള്‍ കാണാന്‍ എന്നും കൊച്ചിയിൽ അവസരമുണ്ട്. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി, നാണപ്പ ആര്‍ട്ട് ഗാലറി, കേരള മ്യൂസിയം, ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗാലറി, കാശി ആര്‍ട്ട് ഗാലറി, ഏക ആര്‍ട്ട് ഗാലറി അങ്ങനെ പോകുന്ന പേരുകള്‍.
ഇവിടെ വരയും വര്‍ണവും നിറയുന്നു
ചിത്രങ്ങള്‍ സംസാരിക്കുന്ന ചുമരുകള്‍... മാറി മാറി വരുന്ന കലാകാരന്‍മാര്‍... ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി കലാസ്നേഹികളുടെ പ്രിയപ്പെട്ടയിടം. ദര്‍ബാര്‍ ഹാളിനു നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ട്. എറണാകുളം ശിവക്ഷേത്രത്തിനു സമീപം രാജാവിന്റെ ദര്‍ബാര്‍ ഹാളായിരുന്ന പരീക്ഷിത്ത് തമ്പുരാന്റെ കൊട്ടാരം സ്വാതന്ത്ര്യാനന്തരം കോടതിയായും എന്‍.സി.സി. ആസ്ഥാനമായും മ്യൂസിയമായും നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയി. 1991-ല്‍ കേരള ലളിതകലാ അക്കാദമി ഇവിടെ തുടങ്ങിയ ഗാലറി ഓഫ് കണ്ടംപററി ആര്‍ട്ട് ദക്ഷിണേന്ത്യയിലെ വലിയ സ്ഥിരം ആര്‍ട്ട് ഗാലറിയിലൊന്നാണ്. രണ്ടു നിലകളിലായി അഞ്ചു ഗാലറികളിവിടെയുണ്ട്. രാവിലെ 11 മുതല്‍ ഏഴു വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. കലാകാരന്മാരുടെ ശില്പ-ചിത്ര പ്രദര്‍ശങ്ങള്‍ തിങ്കളാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ നടക്കും.
ചരിത്രം സംസാരിക്കുന്ന ഇടനാഴികള്‍
ഇടപ്പള്ളിയില്‍ ദേശീയപാതയോട് ചേര്‍ന്ന് മാധവന്‍ നായര്‍ ഫൗണ്ടേഷനു കീഴിലുള്ളതാണ് കേരള ചരിത്ര കലാ മ്യൂസിയം. കേരള ചരിത്ര മ്യൂസിയവും ചിത്ര - ശില്പ ഗാലറിയുമാണ് ഇവിടത്തെ മുഖ്യാകര്‍ഷണം. രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ കേരള സംസ്‌കാര ചരിത്രത്തിന്റെ സൃഷ്ടികര്‍ത്താക്കളായവരുടെ പൂര്‍ണകായ പ്രതിമകളെ, സ്ഥലകാലാനുസൃതമായി ഇവിടെയൊരുക്കിയിട്ടുണ്ട്. ശില്പി കരമന രാജഗോപാല്‍ ഒരുക്കിയ എണ്‍പത്തിയേഴ് കോണ്‍ക്രീറ്റ് പ്രതിമകളിലൂടെയാണിത്. കൂടാതെ രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രം ഇവിടെയൊരുക്കിയ അഞ്ച് ചിത്രങ്ങളിലൂടെയും നിറഞ്ഞുകാണാം. ചരിത്രാതീതകാലത്തെ മരവുരിയുടുത്ത മനുഷ്യനും ചെങ്കുട്ടുവനും ഇളങ്കോവെണ്‍മാളും തുടങ്ങി ശങ്കരാചാര്യ സ്വാമികളും വാസ്‌കോ ഡ ഗാമയും നമുക്കു മുന്നില്‍ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. ആധുനിക കലാ ഗാലറിയില്‍ പ്രശസ്തരായ ഭാരതീയ കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും കാഴ്ചക്കാരെ ആകര്‍ഷിക്കും. ഇതിനോടു ചേര്‍ന്നുള്ള മിനിയേച്ചര്‍ ഗാലറിയില്‍ ഭാരതത്തിലേയും പേര്‍ഷ്യയിലേയും പുരാതന മിനിയേച്ചര്‍ ചിത്രങ്ങളുടെ സുന്ദരമാതൃകകളും രവിവര്‍മയുടെയും എം.എഫ്. ഹുസൈന്റെയും ചിത്രങ്ങളും കലാപ്രേമികളെ ഇവിടെയെത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയും ആണ് ഫീസ്. 100 കുട്ടികളുള്ള ഗ്രൂപ്പില്‍ 10 കുട്ടികള്‍ക്ക് സൗജന്യമായും മ്യൂസിയം സന്ദര്‍ശിക്കാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പ്രവര്‍ത്തന സമയം.
ചരിത്രനഗരത്തിലെ ചിത്രക്കാഴ്ചകള്‍
മട്ടാഞ്ചേരി ബസാര്‍ റോഡ്. പണ്ട് ഇവിടം പാണ്ടികശാലകളുടെ കേന്ദ്രമായിരുന്നു. ചുക്കും കുരുമുളകും അടയ്ക്കയുമൊക്കെ നിറഞ്ഞിരുന്ന ഗുദാമുകളുടെ തെരുവ്... ഗോഡൗണുകള്‍ക്കാണ് കൊച്ചിക്കാര്‍ ഗുദാമെന്ന് പറയുന്നത്. ഇരുവശവും പുരാതന കെട്ടിടങ്ങള്‍. യൂറോപ്യന്‍ അധിവേശത്തിന്റെ തിരുശേഷിപ്പുകളാണിത്. ചരിത്രം വഴിഞ്ഞൊഴുകുന്ന ഈ വഴിയിലെ കാഴ്ചകളൊക്കെ മാറിയിരിക്കുന്നു. ഒപ്പം പഴയ ഗുദാമുകളുടെ രൂപവും ഭാവവും മാറുന്നു. പഴയ പാണ്ടികശാലകള്‍ ചിത്രപ്പുരകളായി മാറുന്നു. പഴമയുടെ സുഗന്ധം പേറുന്ന ചിത്രശാലകള്‍. ബസാര്‍ കാണാനെത്തുന്ന സഞ്ചാരി ഈ ചിത്രശാലയിലേക്കും കയറുമെന്നുറപ്പ്. ചിത്രശാലകളുടെ കേന്ദ്രമായി മാറുകയാണ് കൊച്ചി..
ആര്‍ട്ട് കഫേകള്‍
ഒരു കപ്പ് കാപ്പിയോടൊപ്പം ചിത്രവും കാണുക എന്ന സങ്കല്പത്തില്‍ ഒരുക്കിയ ആര്‍ട്ട് കഫേകളും കൊച്ചിയില്‍ നിരവധിയുണ്ട്. കാപ്പി കഴിക്കാനെത്തുന്ന സഞ്ചാരിയുടെ കാഴ്ചവട്ടത്തിലേക്ക് ചിത്രവും കടന്നുവരുന്നു. ചിത്രം വില്‍പ്പന ലക്ഷ്യമാക്കിയാണ് ഇത്തരം കഫേകള്‍ ഒരുക്കുന്നത്. പലപ്പോഴും ചിത്രങ്ങളോട് താല്പര്യമുള്ളവരും ചിത്രം വരയ്ക്കാരുമൊക്കെയാണ് കഫേകളില്‍ ധാരാളമായി വരുന്നത്. ഈ കഫേകള്‍ നല്ല ചിത്രവിപണിയായും മാറുന്നു.
ഇന്ദ്രിയത്തിലെ കാഴ്ചകള്‍
മട്ടാഞ്ചേരി ബസാര്‍ റോഡിലും ജൂതപ്പള്ളി പരിസരത്തുമൊക്കെ ചിത്രഗാലറികളുണ്ട്. ജൂതത്തെരുവിലെ ഇന്ദ്രിയം ആര്‍ട്ട് ഗാലറിയില്‍ ഇപ്പോള്‍ എട്ട് കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ്. ചിത്രങ്ങള്‍ കാണാന്‍ ധാരാളം പേര്‍ വരുന്നു. എം.ബി. അപ്പുക്കുട്ടന്‍, ബസന്ത് പെരിങ്ങോട്, കെ.സി. ബിജിമോള്‍, ശ്രീകാന്ത് നെട്ടൂര്‍, രാജു ശിവരാമന്‍, ഷാജി അപ്പുക്കുട്ടന്‍, വില്‍സണ്‍ പൂക്കായി, സി.എൻ. രാജു എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഈ ഗാലറിയില്‍ സ്ഥിരമായി പ്രദര്‍ശനമുണ്ട്.
‘ചിത്രങ്ങള്‍ വാങ്ങാന്‍ ജനം ഇപ്പോള്‍ താത്‌പര്യം കാട്ടുന്നുണ്ട്. പടം കാശ് കൊടുത്ത് വാങ്ങി വീടുകളില്‍ വയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വലിയ വില കൊടുക്കാതെ തന്നെ കൊച്ചിയില്‍ നല്ല ചിത്രങ്ങള്‍ കിട്ടും. അതറിയുന്നവരാണ് ഇവിടെ വരുന്നത്’ - ചിത്രകാരന്‍ ഒണിക്‌സ് പൗലോസ് പറയുന്നു. ഒണിക്‌സ് ആര്‍ട്ട് കോറിഡോര്‍ എന്ന പേരില്‍ അദ്ദേഹത്തിന് മട്ടാഞ്ചേരിയില്‍ ഗാലറിയുണ്ട്.
ഉരു ആര്‍ട്ട് ഹാര്‍ബറും ഒ.ഇ.ഡി.യും
മട്ടാഞ്ചേരി പുരാതന തെരുവിലേക്ക് കയറുമ്പോള്‍ തന്നെ, കലയുടെ കാഴ്ചകളൊരുക്കി ‘ഉരു’ നമ്മെ കാത്തിരിക്കുന്നു. തുടര്‍ച്ചയായി ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുന്ന കൊച്ചിയിലെ പ്രധാന ഗാലറികളിലൊന്നാണിത്. ഉരുവിനെ തേടി നിരവധി കലാകാരന്മാരും എത്തുന്നു. ആ റോഡില്‍ തന്നെ പ്രസിദ്ധമായ ഒ.ഇ.ഡി. ഗാലറിയുമുണ്ട്. സൂത്ര, മോക്ക ആര്‍ട്ട് കഫെ എന്നിവയിലും ചിത്രകാരന്മാരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. യൂസഫ് ആര്‍ട്ട് ഗാലറി, ഗലേറിയ സിനഗോഗ്, ചിത്രശാല ആര്‍ട്ട് ഗാലറി തുടങ്ങിയവയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി ഗാലറികള്‍ ഇവിടെയുണ്ട്.
ഫോര്‍ട്ടുകൊച്ചിയിലും ഗാലറികള്‍
മട്ടാഞ്ചേരിയില്‍ മാത്രമല്ല, ഫോര്‍ട്ടുകൊച്ചിയുടെ തെരുവുകളിലും ചിത്രഗാലറികളാണ്. ചെറുതും വലുതുമായ ഗാലറികള്‍. അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ കലാകാരന്മാരുടെ ചിത്രങ്ങള്‍ ഇവിടെയുണ്ട്. നല്ല ചിത്രകാരന്, ചിത്രങ്ങള്‍ വരച്ചാല്‍ അത് പ്രദര്‍ശിപ്പിക്കാനിടം കൊച്ചിയില്‍ ലഭിക്കും. ചിത്രങ്ങള്‍ വിറ്റ് പോകുന്നുമുണ്ട്. സാധാരണക്കാരായ കലാകാരന്മാര്‍ക്ക് ഒരാശ്വാസമാണ് ഇത്തരം ഗാലറികള്‍.
ചരിത്രമുറങ്ങുന്ന ഡേവിഡ് ഹാള്‍
ഏതു സമയത്തും ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്ന നിരവധി ഗാലറികള്‍ കൊച്ചിയിലുണ്ട്. ഫോര്‍ട്ടുകൊച്ചിയിലെ ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗാലറിയാണ് അതില്‍ പ്രധാനം. ഇപ്പോഴും ഡേവിഡ് ഹാളില്‍ പ്രദര്‍ശനം നടക്കുന്നു. ഡച്ച് ഭരണകാലത്ത് നിര്‍മിച്ച കെട്ടിടമാണിത്. യൂറോപ്യന്‍ വാസ്തുശില്പ സൗന്ദര്യം വഴിഞ്ഞൊഴുന്ന മനോഹരമായ ആ കെട്ടിടം തന്നെ ഒരു കാഴ്ചയാണ്. ചരിത്രത്തിന്റെ സംഭാവനയാണത്. ചരിത്രവും കലയും ഇഴചേരുന്ന അനുഭവമാണ് ഡേവിഡ് ഹാളില്‍.
കലയുടെ കാശി
കാശി ആര്‍ട്ട് കഫേയാണ് ഫോര്‍ട്ടുകൊച്ചിയിലെ ആദ്യകാല ചിത്രകലാകേന്ദ്രം. കൊച്ചി കാണാനെത്തുന്ന കലാകാരന്മാര്‍ കാശിയെ തേടിയാണെത്തിയിരുന്നത്. വിദേശികളായ കലാകാരന്മാരുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. ഇപ്പോഴും നിരന്തരം പ്രദര്‍ശനം നടക്കുന്നു. കലയുടെയും കലാകാരന്മാരുടെയും സങ്കേതമാണിപ്പോഴും കാശി.
ഏക ആര്‍ട്ട് ഗാലറി
ചിത്രപ്രദര്‍ശനങ്ങള്‍ മാത്രമല്ല, ചിത്രകാരന്മാരുടെ ആശയസംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊക്കെ വേദിയാകുന്ന ഫോര്‍ട്ടുകൊച്ചിയിലെ കലാകേന്ദ്രമാണിത്. നിരവധി കലാകാരന്മാര്‍ ഇതിനകം ഇവിടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കാഴ്ചയുടെ വഴിതുറന്നത് ബിനാലെ...
കാഴ്ചയുടെ വസന്തമൊരുക്കിയ ബിനാലെയാണ് കൊച്ചിയെ കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായി മാറ്റാന്‍ സഹായകമായത് എന്ന് നിസ്സംശയം പറയാം. നമ്മുടെ സമൂഹത്തിന്റെ കലാ സങ്കല്പങ്ങളെല്ലാം മാറ്റിമറിച്ച ബിനാലെ, കലയുടെ പുതുവഴികളാണ് തുറന്നിട്ടത്. ചിത്രം വര മാത്രമല്ല, കലയെന്ന് വിളിച്ചോതിയ ബിനാലെ, ഇന്‍സ്റ്റലേഷന്‍ പോലെയുള്ള കലാ സങ്കേതങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തി. പണ്ട് ചിത്രംവരക്കാരന്റെ മുന്നിലുള്ള ഏക വരുമാന വഴി ഡ്രോയിങ് മാഷിന്റേത് മാത്രമായിരുന്നെങ്കില്‍, ചിത്രകല പഠിച്ചവന് ജീവിക്കാന്‍ അവരുടേതായ വേറെയും വഴികളുണ്ടെന്ന് കലാലോകത്തെ ബോധ്യപ്പെടുത്താനും ബിനാലേയ്ക്ക് കഴിഞ്ഞു.
കലാകാരന് ലോകം കല്‍പ്പിച്ചു നല്‍കുന്ന മൂല്യം എത്രമാത്രമാണെന്ന് ബിനാലെയാണ് വരച്ചുകാട്ടിയത്. ലോകമെങ്ങുമുള്ള കലാകാരന്മാരെ കൊച്ചിയിലേക്ക് ആകര്‍ഷിച്ച ബിനാലെ, ലോകത്തെ പുതിയ ചിത്രകലാസങ്കേതങ്ങളെക്കുറിച്ച് നമ്മുടെ കലാസമൂഹവുമായി സംവദിക്കാന്‍ വഴിയൊരുക്കി.
കലാകാരന്മാരുടെ ഇഷ്ടകേന്ദ്രം..
ബംഗളൂരുവും മുംബൈയും ബറോഡയുമൊക്കെ പോലെ കലാകാരന്മാരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് കൊച്ചി. കൊച്ചിയില്‍ താമസിച്ച് ചിത്രം വരയ്ക്കാന്‍ കഴിയുന്ന താമസകേന്ദ്രങ്ങളുണ്ട്. ഇവിടെ താമസിച്ച് ചിത്രം വരയ്ക്കാം. അവ പ്രദര്‍ശിപ്പിക്കാനും സൗകര്യമുണ്ട്. ചിത്രംവരച്ച് കൊച്ചിയോട് അലിഞ്ഞ് ചേര്‍ന്ന് ജീവിക്കാം. മറ്റ് നാടുകളിലെ ചിത്രകാരന്മാരെ കാണാം.. ഗാലറികള്‍ സന്ദര്‍ശിക്കാം.
മലയാളിക്ക് കാഴ്ച മാത്രം
ചിത്രങ്ങള്‍ കാണാന്‍ ഇപ്പോള്‍ മലയാളി താത്‌പര്യം കാട്ടുന്നുണ്ട്. ചിത്രശാലയിലേക്ക് കയറാതിരുന്നവര്‍ ഇപ്പോള്‍ ഗാലറിയിലേക്ക് എത്തുന്നു. ചിത്രങ്ങളിലും ഇന്‍സ്റ്റലേഷനിലുമൊക്കെ താത്‌പര്യം കാട്ടുന്നവരുടെ എണ്ണം കൂടി. ഗാലറികളും കൂടി. എന്നാല്‍, ചിത്രങ്ങളുടെ മൂല്യം വേണ്ട രീതിയില്‍ തിരിച്ചറിയാന്‍ ഇപ്പോഴും മലയാളിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പണം കൊടുത്ത് ചിത്രം വാങ്ങുന്ന കാര്യത്തില്‍ വലിയ താത്‌പര്യം മലയാളി കാട്ടുന്നില്ല. ചിത്രകാരന് ചിത്രം വരച്ച് മാത്രം ജീവിക്കാനാകുന്നില്ല. ചിത്രം വരയ്ക്കുന്നതോടൊപ്പം നിത്യ ചെലവുകള്‍ക്ക് മറ്റ് ജോലികള്‍ കൂടി ചെയ്യേണ്ട സാഹചര്യമാണ്. മുംബൈയിലും ബംഗളൂരുവിലും ബറോഡയിലുമൊക്കെ ചിത്രങ്ങള്‍ക്ക് വലിയ വില ലഭിക്കുമ്പോള്‍ കൊച്ചിയില്‍ സാധാരണക്കാരന്റെ ചിത്രങ്ങള്‍ക്ക് വില ലഭിക്കുന്നില്ലെന്നാണ് പരാതി. ചിത്രം വര വരുമാനം ലഭിക്കുന്ന നല്ല കലാപ്രവര്‍ത്തനമായി മാറണമെന്നാണ് ചിത്രകാരന്മാര്‍ ആഗ്രഹിക്കുന്നത്. അതിന് ജനങ്ങളില്‍ തന്നെ മാറ്റമുണ്ടാകണം. പക്ഷേ, ചിത്രങ്ങളോടും കലാകാരന്മാരോടുമുള്ള മനോഭാവത്തില്‍ ചെറിയ മാറ്റമുണ്ടായെന്ന് കലാകാരന്മാര്‍ പറയുന്നു. ഇനി ചിത്രങ്ങള്‍ വാങ്ങാനുള്ള താത്‌പര്യമുണ്ടാകണം. അതുണ്ടാകുമെന്ന് തന്നെയാണ് കലാകാരന്മാര്‍ കരുതുന്നത്.