നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്ന രാത്രിമാനത്തെ നോക്കി വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മൾ ആരാണെന്നും നമ്മുടെ സ്ഥാനം എന്താണെന്നും ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ചില മനുഷ്യർ അതിനെപ്പറ്റി കൂടുതൽ കൂടുതൽ പഠിക്കാനും ഗവേഷണം നടത്താനുമായി ഇറങ്ങിപ്പുറപ്പെടുന്നു. മറ്റു ചിലർ, അതിനെ ഒരു ഹോബിയുടെ തലത്തിലേക്ക് നിർത്തുന്നു. നമ്മൾ ഓരോരുത്തരുടേയും മനസ്സിനെ എപ്പോഴെങ്കിലുമൊക്കെ ത്രസിപ്പിച്ചിട്ടുള്ള വിഷയമാണ് ‘ബഹിരാകാശ ശാസ്ത്രം’ എന്ന ശാസ്ത്രശാഖ.
ഒമ്പതു വയസ്സുമുതൽ തന്നെ വീടിനടുത്തുള്ള ‘നക്ഷത്രബംഗ്ലാവ്’ സ്ഥിരമായി സന്ദർശിക്കാൻ ഇടവന്നതിലൂടെ താൻ ബഹിരാകാശത്തെ തേടിയതിനേക്കാൾ ഉപരിയായി ബഹിരാകാശ ശാഖ തന്നെ മാടിവിളിക്കുകയാണ് ഉണ്ടായത് എന്നാണ്, പിന്നീട് വളർന്ന് ലോകത്തെതന്നെ ഏറ്റവും ജനകീയനും ജനപ്രിയനുമായ ആസ്ട്രോ ഫിസിസിസ്റ്റായ ‘നീൽ ഡിഗ്രാസ് ടൈസൺ’ അവകാശപ്പെടുന്നത്.
പതിനഞ്ചാം വയസ്സിൽ, ബഹിരാകാശ ശാസ്ത്രജ്ഞനാകണം എന്ന തീരുമാനം എടുക്കുകയും അതിന്റെ വെളിച്ചത്തിൽ, നീൽ അന്ന് ജനകീയനായിരുന്ന കാൾസ് സൈഗൻ എന്ന ബഹിരാകാശ ശാസ്ത്രജ്ഞനുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയാണുണ്ടായത്. ആ ഇടപെടലുകളിലൂടെയാണ് ശാസ്ത്രം വെറുമൊരു വിജ്ഞാനശാഖ മാത്രമല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്താൻ ഉതകുന്ന ഒരു ശക്തിയാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാവുന്നത്.
അമേരിക്കയിലെ ഏറ്റവുമധികം അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞൻമാരിൽ ഒരാൾ ആയിരിക്കെത്തന്നെ, അതിലൊക്കെ ഉപരിയായി ശാസ്ത്രത്തിന്റെ ഏറ്റവും സങ്കീർണമായ സംജ്ഞകളെപ്പോലും ഏറ്റവും ലളിതവും സരളവുമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി ജനസാമാന്യത്തിൽ ശാസ്ത്രകൗതുകവും ജിജ്ഞാസയും വർധിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന ശാസ്ത്രസംവാദകൻ എന്ന നിലയിലാണ് അദ്ദേഹം ഇന്ന് എത്തിനിൽക്കുന്നത്.
1995-ൽ മികച്ച ശാസ്ത്രമാസികകളിൽ ലേഖനങ്ങൾ എഴുതുന്നതിൽ തുടങ്ങി, റേഡിയോയിൽ ‘സ്റ്റാർ-ടോക്’ എന്ന പരിപാടി അവതരിപ്പിച്ചും പിന്നീട് 2014-ൽ എൺപതുകളിൽ കാൾസ് സൈഗൺ തുടക്കമിട്ടിരുന്ന ‘കോസ്‌മോസ്’ എന്ന ടെലിവിഷൻ ശാസ്ത്രപരമ്പരയുടെ തുടർച്ച ഏറ്റെടുത്ത് അവതരിപ്പിച്ചും, ആ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയാണുണ്ടായത്. അമേരിക്കയിലെ പല ജനപ്രിയ പരമ്പരകളിലും സ്വന്തംനിലയിൽ പ്രത്യക്ഷപ്പെടാൻ തക്ക പ്രശസ്തി സ്വായത്തമാക്കിയ വ്യക്തിത്വമാണ് നീൽ ഡിഗ്രാസ് ടൈസൺ. സരളവും സ്പഷ്ടവും സരസവുമായ ശൈലിയിലൂടെ, എഴുത്തുകാരൻ എന്ന നിലയിലും തന്റേതായ സ്ഥാനം രേഖപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
സരളമായ സംസാരഭാഷയിൽ എഴുതുക വഴി, വളരെ കാഠിന്യമേറിയ ശാസ്ത്രവിഷയങ്ങളേയും ലളിതവത്കരിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് വസ്തുത.
മുൻപും പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട് എങ്കിലും 2004-ൽ പുറത്തിറങ്ങിയ ‘ദി സ്കൈ ഈസ് നോട്ട് ദ ലിമിറ്റ്: അഡ്വഞ്ചേഴ്സ് ഒാഫ് ആൻ അർബൻ ആസ്‌ട്രോഫിസിസിസ്റ്റ്’ ആണ് അദ്ദേഹത്തെ എഴുത്തുകാരൻ എന്ന നിലയിൽ ആദ്യമായി ഏറെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. അതിനുശേഷം 2009-ൽ വന്ന ‘ദ പ്ലൂട്ടോ ഫയൽസി’ൽ പ്ലൂട്ടോയുടെ ഗ്രഹം എന്ന പദവി നഷ്ടപ്പെടുത്താൻ അദ്ദേഹം കണ്ട കാരണങ്ങൾ വിശദമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, 2017-ൽ പ്രസിദ്ധീകൃതമായ ‘ആസ്ട്രോ ഫിസിക്സ് ഫോർ പീപ്പിൾ ഇൻ എ ഹറി’ യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി എന്നു പറയാം.
പ്രസിദ്ധീകൃതമായി രണ്ടു വർഷത്തിനുള്ളിൽ പത്തു ലക്ഷത്തിലധികം വായനക്കാരെ ആകർഷിച്ച ഈ പുസ്തകം, അമേരിക്കയിൽ ആ വർഷം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട അഞ്ചു പുസ്തകങ്ങളിൽ ഒന്നാണ്. ഏറ്റവും ഒടുവിലായി 2019-ൽ പുറത്തുവന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് ‘ലെറ്റേഴ്സ് ഫ്രം ആൻ ആസ്ട്രോഫിസിസിസ്റ്റ്’. നീണ്ട കരിയറിനിടയ്ക്ക് വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ചവയിൽനിന്ന് തിരഞ്ഞെടുത്ത നൂറ്റൊന്ന് കത്തുകളും അവയ്ക്കുള്ള അദ്ദേഹത്തിന്റെ മറുപടിയും ക്രോഡീകരിച്ച് എടുത്തതാണ് ഇത്.
തനിക്കും താൻ ഏറ്റവും അധികം ആദരവോടെ ഔദ്യോഗികജീവിതം തുടർന്ന നാസയ്ക്കും ഒരേപോലെ അറുപത് തികഞ്ഞ വേളയിൽ, തന്റെ ജനന കാലഘട്ടത്തിൽ കറുത്തവർഗക്കാർക്ക് അവിടെ ഔദ്യോഗികപദവികൾ നിഷേധിക്കപ്പെട്ടിരുന്നു എന്ന് അനുസ്മരിക്കുന്ന കത്തോടെയാണ് പുസ്തകം തുടങ്ങുന്നത്.
തനിക്ക് അസ്ട്രോണമിയിൽ ബിരുദാനന്തര ബിരുദം ലഭിച്ച വേളയിൽ മാതാപിതാക്കളോട്, എല്ലാ നേട്ടങ്ങൾക്കിടയിലും തന്നെ മണ്ണിനോടും മനുഷ്യരോടും ചേർത്തുപിടിച്ചതിനുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്തിലാണ് പുസ്തകം അവസാനിക്കുന്നത്.
ഇതിനിടയിൽ, ശാസ്ത്രവിഷയങ്ങളോടൊപ്പംതന്നെ മതം, വിജയോദ്യമം, ജീവിതവും മരണവും, ആനന്ദത്തെ തേടൽ തുടങ്ങിയ തത്ത്വചിന്താ അധിഷ്ഠിതമായ നിരവധി കത്തുകളും അവയ്ക്കുള്ള മറുപടികളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സാധാരണ ലേഖനങ്ങളിൽ കാണപ്പെടുന്ന അച്ചടിഭാഷ പോലുമില്ലാതെ സരസമായ ശൈലിയിൽ സംസാരഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ലേഖനങ്ങൾ വായനാനുഭവത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.
ഭാരത പശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ, ‘ടെലിവിഷൻ’ എന്നാൽ ‘ദൂരദർശൻ’ എന്ന് വ്യഖ്യാനം നേടിയിരുന്ന തൊണ്ണൂറുകളിൽ, ഗിരീഷ് കർണാടിന്റെ അവതരണത്തിലൂടെയും മല്ലികാ സാരാഭായ്, നസിറുദ്ദീൻ ഷാ, മഹേഷ് ഭട്ട് തുടങ്ങിയവരുടെയൊക്കെ സഹകരണത്തിലൂടെയും പ്രസിദ്ധിനേടിയിരുന്ന ‘ടേണിങ് പോയിന്റ്’ എന്ന ശാസ്ത്രപരമ്പര മാത്രമേ പാേഠ്യതര ജനകീയ ശാസ്ത്രസംവാദ ശ്രേണിയിൽ നമുക്ക് അവകാശപ്പെടാൻ ഉള്ളൂ. ഇപ്പോൾ അതും നിലവിലില്ല.
അതുകൊണ്ടുതന്നെ, ഉയർന്ന ശാസ്ത്രബോധവും അഭിരുചിയും അതോടൊപ്പം ജിജ്ഞാസയും വരുംതലമുറയെ വാർത്തെടുക്കാൻ ഇത്തരം ശാസ്ത്ര സംവാദകരുമായി ഉള്ള നിരന്തരമായ ഇടപെടലുകൾ, വിവിധങ്ങളായ മാധമങ്ങളിലൂടെ, സാധ്യമാക്കുക എന്നതുതന്നെയാണ് നാം ചെയ്യേണ്ടത്.