ഒരു സ്ത്രീക്ക്, അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് എത്രമാത്രം സ്വാതന്ത്ര്യം ആകാം...? അവൾക്ക് എത്രത്തോളം കരുത്താർജിക്കാൻ കഴിയും...? സ്ത്രീ ശാക്തീകരണം ഇന്നിെന്റ ആവശ്യകതയാണോ...? ആണെങ്കിൽ ആരാണ് അവളെ ശക്തയാക്കേണ്ടത്...?
-ഇന്ന് പലപ്പോഴും പലയിടങ്ങളിൽ നിന്നായി കേൾക്കുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. കുറച്ചു കാലങ്ങളായി ഈ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശരി.
പലർക്കും പല ഉത്തരങ്ങളാണ്, ഓരോരുത്തരും തങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് നൽകുന്ന ഉത്തരങ്ങളും വ്യത്യസ്തമാണ്. എന്നാൽ, ഈ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയുന്നത് ഓരോ സ്ത്രീയ്ക്കുമാണ്... തന്റെ കഴിവും കരുത്തും തിരിച്ചറിയേണ്ടതും അതിന് അതിരുകൾ നിശ്ചയിക്കേണ്ടതും അവൾ തന്നെയാണ്.
സമൂഹം വരച്ച ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങി, ‘ഞാൻ വെറുമൊരു സ്ത്രീയാണ്, എനിക്ക് ഒന്നിനും കഴിവില്ല’ എന്നു ചിന്തിക്കുന്നവരാണ് കുറേയധികം സ്ത്രീകൾ. എന്നാൽ ചിലർ ‘ഞാനൊരു സ്ത്രീയാണ്, എന്നത് ഒന്നിനും തടസ്സമല്ല’ എന്നും ‘സ്ത്രീത്വം ഒരു പരിമിതി എന്നതിലപ്പുറം, ഒരു അനുഗ്രഹമാണ്’ എന്നും ചിന്തിക്കുന്നു. അവൾ തങ്ങളുടെ കഴിവുകളെ തിരിച്ചറിയുന്നു, കുറവുകളെ അതിജീവിക്കുന്നു, വലിയ സ്വപ്നങ്ങൾ കാണുന്നു, അവയ്ക്ക് വില നൽകുന്നു... ഒടുവിൽ ജീവിതവിജയം വരിച്ച് ചരിത്രംരചിക്കുന്നു.
അങ്ങനെ ചരിത്രം രചിച്ച ഒരു അമേരിക്കൻ പെൺകൊടിയുണ്ട്... അവളാണ് ‘ടാമി ഡക്ക്വർത്ത്’. അവളുടെ അതിജീവനത്തിന്റെയും കരുത്താർജിക്കലിന്റെയും കഥ ആരെയും വിസ്മയിപ്പിക്കും.
1968 മാർച്ച് 12-നാണ് ടാമി ഡക്ക്വർത്ത് ജനിച്ചത്. തായ്ലാൻഡിലാണ് ജനിച്ചതെങ്കിലും ഇന്ന് ടാമി അമേരിക്കക്കാരിയാണ്. ഫ്രാങ്ക്ളിൻ ഡക്ക്വർത്തും ലാമിയുമാണ് മാതാപിതാക്കൾ. അച്ഛൻ ഫ്രാങ്ക്ളിൻ യു.എൻ-ന്റെ ജോലിക്കാരനായിരുന്നതിനാൽ, ടോമിക്ക് പല രാജ്യങ്ങളിലായിട്ടാണ് ജീവിക്കേണ്ടിവന്നത്. തായ്ലാൻഡ്, ഇൻഡൊനീഷ്യ, സിങ്കപ്പൂർ, കംബോഡിയ... എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി ടാമി തന്റെ ബാല്യകാലം ചെലവിട്ടു, വിവിധ സ്കൂളുകളിൽ പഠിച്ചു, വിവിധ ഭാഷകൾ സായത്തമാക്കി. പഠനത്തിൽ ഏറെ സമർത്ഥയായിരുന്നു ടാമി.
പിന്നീട് അവർ അമേരിക്കയിലേക്ക് സ്ഥലംമാറി. 1989-ൽ പൊളിറ്റിക്കൽ സയൻസിൽ ടാമി ബിരുദം നേടി. 1990-ൽ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിൽ ആർമി റിസർവ് ഓഫീസർ ട്രെയിനിങ്ങിനായി ചേർന്നു. 1992-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി റിസർവ് ഓഫീസറായി ടാമി കമ്മിഷൻ ചെയ്യപ്പെട്ടു. ഇതിനിടയിൽ, ഇന്റർനാഷണൽ അഫയേഴ്സിൽ ബിരുദാനന്തര ബിരുദവും അവൾ സ്വന്തമാക്കി.
ഫോറിൻ സർവീസിൽ പ്രവർത്തിക്കണമെന്നതായിരുന്നു ടാമിയുടെ കുഞ്ഞുന്നാൾ മുതലുള്ള ആഗ്രഹം. എന്നാൽ, കൂട്ടുകാരിൽ പലരും ‘ആർമി’ തിരഞ്ഞെടുത്തപ്പോൾ, ടാമിയും സ്വാഭാവികമായും അവരുടെ കൂടെക്കൂടി. അങ്ങനെയാണ് ടാമി ആ മേഖലയിലേക്ക് കടന്നുചെല്ലുന്നതാണ്.
ആർമി റിസർവ് ഓഫീസർ എന്ന നിലയിൽ ടാമിക്ക് വിമാനം ഓടിക്കാൻ പഠിക്കേണ്ടിയിരുന്നു 1996-ൽ യുദ്ധവിമാനങ്ങൾ വിദഗ്ധമായി െകെകാര്യം ചെയ്യുന്ന ഒരു സമർത്ഥയായ പൈലറ്റായ ടാമിയെ ഇലിനോയ്യിലെ ആർമി നാഷണൽ ഗാർഡ് ആയി തിരഞ്ഞെടുത്തു.
സമർത്ഥയായ ഒരു ആർമി ഓഫീസറായിട്ടും പഠനത്തോടുള്ള ടാമിയുടെ അഭിനിവേശം ഒട്ടും കുറഞ്ഞില്ല. 2004-ൽ അവർ നോർത്തേൺ ഇലിനോയ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി.ക്ക് രജിസ്റ്റർ ചെയ്തു.
ആ സമയത്താണ് ഇറാക്കിലെ യുദ്ധ മേഖലയിലേക്ക് വിമാനം പറപ്പിക്കാൻ ടാമി നിയോഗിക്കപ്പെട്ടത്. അവിടെ തന്റെ പുരുഷന്മാരായ സഹപ്രവർത്തകർക്കൊപ്പം ടാമി യുദ്ധമുഖത്ത് ധീരമായ പ്രകടനം കാഴ്ചവച്ചു. എന്നാൽ, ഒരു ദിവസം ഒരു ഗ്രനേഡ് ആക്രമണത്തിൽ ടാമിക്ക് അവളുടെ വലതുകാൽ അരയ്ക്കു കീഴ്പ്പോട്ടും ഇടതുകാൽ മുട്ടിന് കീഴ്പ്പോടും നഷ്ടമായി. ജീവൻതന്നെ രക്ഷിക്കാനായത് സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.
‘എത്ര ധീരയാണെങ്കിലും അവൾ ഈ അവസ്ഥയെ എങ്ങിനെ അഭിമുഖീകരിക്കും... എങ്ങനെ കാൽ നഷ്ടപ്പെട്ടകാര്യം അവളെ അറിയിക്കും...’ എന്ന് വിഷമിച്ച് ആശുപത്രിക്കിടക്കയിൽ വിഷണ്ണനായി ഇരുന്ന അവളുടെ ഭർത്താവിനെ അമ്പരപ്പിച്ചുകൊണ്ട് ടാമി ഒരു പുഞ്ചിരിയോടെ കണ്ണുതുറന്നു. തന്റെ അവസ്ഥയെ അവൾ ഉൾക്കൊണ്ടെന്നു മാത്രമല്ല, തമാശകൾ പറഞ്ഞ് കൂടെയുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്തു.
ജീവിതത്തിലേക്ക് തിരികെ വന്ന അവർ, യുദ്ധത്തിന്റെ ഇരകളായ പട്ടാളക്കാർക്ക് നല്ല ചികിത്സ ലഭിക്കുന്നതിനും മറ്റുമായി ശക്തമായി നിലകൊണ്ടു. യുദ്ധത്തിനിരയായി വൈകല്യം സംഭവിച്ച പട്ടാളക്കാരുടെ ക്ഷേമത്തിനുള്ള ഡിപ്പാർട്ടുമെന്റിന്റെ ഡയറക്ടറായി ടാമി 2009 വരെ സേവനംചെയ്തു. ധീരയും സമർത്ഥയുമായ ഒരു ആർമി ഓഫീസറായിട്ടാണ് ടാമിയെ അപകടത്തിന് മുൻപ് ലോകം കണ്ടതെങ്കിൽ, അതിലും കരുത്തോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹികപ്രവർത്തകയായി ടാമി പിന്നീട് മാറി.
2009-ൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, അമേരിക്കയുടെ പട്ടാളക്കാരുടെ ക്ഷേമത്തിനായുള്ള ഗവൺമെന്റ് ഘടകത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ടാമിയെ നിയമിച്ചു. ഇതിനിടയിൽ, രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യം അറിയിക്കാൻ ടാമിക്കായി. 2012-ൽ അവർ ഇലക്ഷനിൽ വിജയിച്ച് ‘മെമ്പർ ഓഫ് യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്’ ആയി മാറി. അത് ഒരു ചരിത്രനേട്ടമായിരുന്നു. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി, അംഗഭംഗം സംഭവിച്ച ഒരു വനിതാ പട്ടാളക്കാരി ജനപ്രതിനിധിയായി മാറി. 2014-ൽ ഇല്ലിനോയ്സ് ആർമി നാഷണൽ ഗാർഡിൽ നിന്ന് ലഫ്റ്റനന്റ് കേണലായി അവൾ ഔദ്യോഗികമായി വിരമിച്ചു.
തുടർന്ന് രാഷ്ട്രീയരംഗത്ത് വീണ്ടും സജീവമായി. യുദ്ധത്തിൽ ക്ഷതംസംഭവിച്ച പട്ടാളക്കാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവിധ സഹായസഹകരണങ്ങളും നൽകുകയും ഭവനരഹിതരായവർക്ക് വീടുവച്ചു നൽകുകയുമായിരുന്നു അവരുടെ ആദ്യ കർമപദ്ധതി.
അങ്ങനെ, തന്റെ നഷ്ടപ്പെട്ട കാലുകളെക്കുറിച്ച് ചിന്തിക്കാതെ അനേകർക്കായി കാലില്ലാതെ ഓടുകയാണ് ടാമി ഇന്ന്. ആ ഓട്ടം അനേകം കുടുംബങ്ങൾക്ക് ആശ്വാസമായി മാറുന്നു. ഇന്നും ടാമി തന്റെ ഓട്ടം തുടരുന്നു. അതിനിടയിലും തമാശകൾ പറഞ്ഞ് കൂടെയുള്ളവരെ ചിരിപ്പിക്കുന്നു.
മറ്റൊരു രസകരമായ കാര്യം, തന്റെ അപകടത്തിന്റെ വാർഷികം എല്ലാ വർഷവും ടാമിആഘോഷിക്കുന്നു... തന്റെ ജീവൻ രക്ഷിച്ച കൂട്ടുകാർക്കെല്ലാം ആദിവസം പാർട്ടി നൽകുന്നു...
അങ്ങനെ ദുരന്തങ്ങളെപ്പോലും വേദനയോടെ ഓർക്കാതെ, ശുഭാപ്തി വിശ്വാസത്തോടെ, പ്രസരിപ്പോടെ ജീവിച്ച് അനേകരിലേക്ക് ആ പ്രസരിപ്പ് പകർന്നുനൽകുന്ന ടാമിയെ നമുക്കും മാതൃകയാക്കാം.
‘ദുഃഖിച്ചും പരിതപിച്ചും തീർക്കേണ്ടതല്ല ജീവിതം’ എന്ന പാഠം പഠിപ്പിക്കുന്ന ടാമിയുടെ ജീവിതം നമുക്കും പാഠമാക്കാം.
മാതാപിതാക്കളോട്:
ജീവിതത്തിൽ നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരങ്ങളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് ടാമി. നമ്മുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ചായിരിക്കില്ല ജീവിതം എപ്പോഴും മുന്നോട്ടു നീങ്ങുക. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ, സമചിത്തതയോടെ അവയെ നേരിടാൻ മക്കളെ പഠിപ്പിക്കുക.
‘എനിയ്ക്കറിഞ്ഞുകൂടാ ഞാൻ എങ്ങനെ ഇറാക്ക് ദുരന്തത്തെ അതിജീവിച്ചെന്ന്... ഒരു കാര്യം എനിക്കറിയാം, ഇത് എന്റെ രണ്ടാമത്തെ അവസരമാണ് ജീവിതത്തിൽ. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ഇപ്പോൾ ചെയ്യണം’
-ടാമി ഡക്ക്വർത്ത്