പത്രപ്രവർത്തനത്തിൽ വനിതകൾ ആദ്യം കാലെടുത്തുെവച്ചത് കൊച്ചിയിലും തൃശ്ശൂരിലുമാണ്... 1904-ൽ കൊച്ചിയിൽ ആരംഭിച്ച ‘ശാരദ’ യാണ് മലയാളത്തിലെ ആദ്യത്തെ വനിതാ പ്രസിദ്ധീകരണം. അടുത്തവർഷം തൃശ്ശൂരിൽ നിന്നിറങ്ങിയ ‘ലക്ഷ്മീഭായി’ എന്ന വനിതാ മാസികയ്ക്ക് രണ്ടാം സ്ഥാനമുണ്ട്. കൊച്ചി രാജാവ് ‘സാഹിത്യസഖി’ ബഹുമതി നൽകി ആദരിച്ച ടി.സി. കല്യാണിയമ്മയുടെ മുഖ്യപത്രാധിപത്യത്തിലിറങ്ങിയ ‘ശാരദ’യുടെ പത്രാധിപസമിതി അംഗങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. ബി. കല്യാണിയമ്മ, ടി അമ്മുക്കുട്ടിഅമ്മ എന്നിവർ. കഷ്ടിച്ച് രണ്ട് വർഷമേ ‘ശാരദ’യ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു.

വനിതകളെഴുതിയ വിജ്ഞാനപ്രദങ്ങളായ ഒട്ടേറെ ലേഖനങ്ങൾ ഇതിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതി പത്രാധിപയായി കണക്കാക്കുന്ന കല്യാണി അമ്മ, കൊല്ലവർഷം 1055 വൃശ്ചികം പതിന്നാലിന് തൃശ്ശൂർ തെക്കെ കുറുപ്പത്താണ് ജനിച്ചത്. മെട്രിക്കുലേഷൻ വരെ പഠിച്ച അവർ, 1896-ൽ സാഹിത്യകാരൻ കൂടിയായ ടി.കെ. കൃഷ്ണമേനോനെ വിവാഹംചെയ്തു.

ഈസോപ്പ് കഥകൾ’ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയത് കല്യാണി അമ്മയാണ്. ‘അമ്മറാണി’, ‘വിഷവൃക്ഷം’, ‘കൃഷ്ണകാന്തന്റെ മരണപത്രം’ എന്നിവയാണ് മറ്റു കൃതികൾ.

തൃശ്ശൂർ കിഴക്കുംപാട്ടുകര വെള്ളായ്ക്കൽ 1877 സെപ്റ്റംബർ 13-ന് ജനിച്ച നാരായണ മേനോൻ, ഗവൺമെന്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് പഠനശേഷം ട്രെയിനിങ്ങ്‌ പരീക്ഷ ജയിച്ച് പത്ത് വർഷം മലയാളം പള്ളിക്കൂടത്തിൽ അധ്യാപകനായി. ഒരുവർഷം സെയ്‌ന്റ് തോമസ് ഹൈസ്കൂളിൽ ഭാഷാധ്യാപകനായിരുന്നു. കവി, നിരൂപകൻ, പ്രസാധകൻ, സാഹിത്യ ചരിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1936 ഏപ്രിൽ 20-ന് നിര്യാതനായി, ‘ലക്ഷ്മീഭായി’യുടെ ഉടമസ്ഥനും പത്രാധിപരുമായിരുന്നു നാരായണ മേനോൻ. മൂന്നരപ്പതിറ്റാണ്ട് വായനക്കാരുടെ ഇഷ്ട പ്രസിദ്ധീകരണമായി നിലകൊണ്ടു ഈ മാസിക.

മലയാളത്തിലെഴുതുന്ന കഥകൾക്ക് അർഹമായ പരിഗണന നൽകിയ മേനോൻ, 1913 മുതൽ 1923 വരെ തന്റെ മാസികയിൽ പ്രസിദ്ധീകരിച്ച, വനിതകളെഴുതിയ പതിന്നാല് കഥകൾ സമാഹരിച്ച് ‘കഥയുള്ള കഥകൾ’ എന്ന പുസ്തകമാക്കി. ‘തൃശ്ശൂർ യോഗക്ഷേമം’ ആയിരുന്നു പ്രസാധകർ. 1924-ലാണ് ഒന്നാം പതിപ്പിറങ്ങിയത്. 1926 ഒക്ടോബറിൽ ആയിരുന്നു രണ്ടാംപതിപ്പ് പുറത്തുവന്നത്. അതിന് ആമുഖമെഴുതിയത് നാരായണ മേനോൻ തന്നെയാണ്. സ്ത്രീകൾ എഴുതിയ കഥകൾ മാത്രം ഉൾക്കൊള്ളിച്ച്, ആദ്യമായാണ് മലയാളത്തിൽ ഇത്തരമൊരു പുസ്തകമിറങ്ങുന്നതെന്ന് ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് കഥാകാരി ചമ്പത്തിൽ ചിന്നമ്മു അമ്മാളാണ്. ‘ഒരുകൊലക്കേസ്’ എന്ന്‌ തലക്കെട്ടുള്ള അവരുടെ കുറ്റാന്വേഷണ കഥ ‘ലക്ഷ്മീഭായി’ യിൽ വന്നത് 1913 ജനുവരി ലക്കത്തിലായിരുന്നു. ഉണിക്കണ്ടൻ നായരെ കൊന്ന കേസിൽ അനന്തിരവൻ കുമാരൻ നായരെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. മുല്ലത്തറയ്ക്കൽ കരുണാകര മേനോൻ എന്ന വക്കീലിന് കേസിന്റെ സത്യാവസ്ഥയിൽ സംശയംതോന്നി അന്വേഷണമാരംഭിച്ചു. ഉണിക്കണ്ടൻ നായരുടെ പഴയകാല ജീവിതവും മരണസന്ദർഭവും മേനോനേട് സുഹൃത്തായ ചെമ്പകമിറ്റത്ത് പത്മനാഭക്കുറുപ്പ് വിവരിക്കുന്നതോടെ, അന്വേഷണം പാതിയിലേറെ വിജയിച്ചുകഴിഞ്ഞു. അധികം വൈകാതെ ഉണിക്കണ്ടൻ നായർ, അനന്തിരവൻ തന്നെ കൊന്നതാണെന്ന് വരുത്തിത്തീർക്കുംവിധം തെളിവുകൾ സമാഹരിച്ചശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മേനോന്റെ അന്വേഷണത്തിൽ തെളിഞ്ഞു. അമ്മാവനുമായി അനന്തിരവൻ ശത്രുതയിലായിരുന്നു. അയാളെ പാഠം പഠിപ്പിക്കാനാണ് ഉണിക്കണ്ടൻ നായർ ഇങ്ങനെ ചെയ്തത്രത്രെ.

‘ലക്ഷ്മീഭായി’യിൽ വന്ന ‘കഥയുള്ള കഥ’ യിൽ കയറിക്കൂടിയ ആദ്യ അന്വേഷണ നോവലിനൊപ്പം, അന്ന് നാട്ടിൽ നടന്ന സംഭവങ്ങളുടെ കഥാവിഷ്കാരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലക്ഷ്മിക്കുട്ടി വാരസ്യാരുടെ ‘ഇനി എന്താ ചെയ്ക’ എന്ന കഥ. അക്കാലത്തെ ചെറുപ്പക്കാരികളുടെ മനോഭാവമാണ് ഈ കഥയിൽ തുടിക്കുന്നത്.

ഭർത്താവാകേണ്ടയാൾക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന ആഗ്രഹം അന്നത്തെ യുവതികളിൽ ഉൽക്കടമായിരുന്നു. അമ്മാവന്റെ കൂടെ വന്ന സുമുഖനായ ചെറുപ്പക്കാരനെ കണ്ടിഷ്ടപ്പെട്ട അനന്തിരവൾക്ക്‌, തിരുവനന്തപുരം രാജകീയ കലാശാലയിലാണ് അയാൾ പഠിക്കുന്നതെന്നറിഞ്ഞപ്പോൾ, താത്‌പര്യം വർധിച്ചു. അവിടെ ഇംഗ്ലീഷാണ് അയാൾ പഠിക്കുന്നതെന്ന് അവൾ ധരിച്ചു. പല ആലോചനകൾ വന്നിട്ടും വഴങ്ങാത്ത അവൾക്ക്, ഒടുവിൽ ഇയാളെ വിവാഹം ചെയ്തുകൊടുത്തു അമ്മാവൻ. വിവാഹാനന്തരം അയാൾ ‘ശാസ്ത്രിപരീക്ഷ’യ്ക്കാണ് പഠിക്കുന്നതെന്നറിഞ്ഞ അവൾ ക്ഷുഭിതയായി. അത് ദാമ്പത്യത്തകർച്ചയിൽ കലാശിച്ചു.

സ്വത്തും പ്രതാപവും മാത്രം കണക്കിലെടുത്തുറപ്പിക്കുന്ന വിവാഹബന്ധങ്ങൾക്ക് പ്രസക്തി നഷ്ടമായതും ആധുനിക വിദ്യാഭ്യാസത്തോടുള്ള താത്‌പര്യം യുവതികളിൽ വളരുന്നതും കഥയിലുടനീളം പ്രകടമാണ്.

ബി. മാധവി അമ്മയുടെ ‘ഒരു കപടസ്നേഹിതൻ’, വട്ടോളി അമ്മു അമ്മയുടെ ‘പദ്മിനി’, കെ.ജെ. അമ്മയുടെ ‘കാന്തിമതി’, വി. പാർവതി അമ്മയുടെ ‘പേശലാംഗിയുടെ കൗശലം’, തച്ചാട്ട് ദേവി നേത്യാരമ്മയുടെ ‘ഒരു യഥാർത്ഥ ഭാര്യ’, വി.എ. അമ്മയുടെ ‘ഒരു പൊടിക്കൈ’ തുടങ്ങിയവയാണ് ‘ലക്ഷ്മീഭായി’ യിലൂടെ ‘കഥയുള്ള കഥ’കളിൽ കയറിപ്പറ്റിയ മറ്റുചില കഥകൾ. അതിശയോക്തിയും അസംഭവ്യതയുമൊക്കെ നിറഞ്ഞതുകാരണം, ഇതിലെ പല കഥകളും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന വാദം ശക്തമാണ്. അതുകൊണ്ട്, ലക്ഷണമൊത്ത കഥകളായി ഇതിനെയൊന്നും കണക്കാക്കുന്നില്ല.

ലക്ഷണവും ശക്തിയുമുള്ള ആദ്യചെറുകഥ അമ്പാടി കാർത്ത്യായനി അമ്മ എഴുതിയ ‘മനഃസാക്ഷിയും മോഹവും’ ആണെന്നാണ് പെതുവേയുള്ള വിലയിരുത്തൽ. തിരുവനന്തപുരത്ത് നിന്നിറങ്ങിയ ‘കൈരളി’ മാസികയിൽ 1920-ലാണ് ഈ കഥ പ്രത്യക്ഷപ്പെട്ടത്.

പുരുഷ കഥാകൃത്തുക്കൾ കൈവയ്ക്കാൻ മടിച്ച ഇതിവൃത്തം സ്വീകരിച്ചെന്നു മാത്രമല്ല, ഹൃദയസ്‌പൃക്കായി അതിന്റെ രചനയും നിർവഹിച്ചതിനാലാണ് കാർത്ത്യായനി അമ്മയുടെ സൃഷ്ടിയെ ലക്ഷണമൊത്ത ആദ്യ ചെറുകഥയായി വിലയിരുത്തുന്നത്. കടയുടമയെ കൊന്ന് പണം മോഷ്ടിക്കുന്ന മോഹൻ എന്ന യുവാവിന്റെ മുന്നിൽ അവന്റെ മോഹം ഉടൽരൂപമെടുത്ത് പ്രത്യക്ഷപ്പെടുന്നു. അമാനുഷിക ശക്തിയുള്ള ഒരു നീചപ്രേതമാണിതെന്ന് മോഹന്റെ മനഃസാക്ഷി മനസ്സിലാക്കി. സ്വന്തം മനഃസാക്ഷിക്ക് മുന്നിൽ വിറങ്ങലിച്ച്‌ നിൽക്കുന്ന മോഹനെ വീണ്ടും ദുഷ്പ്രവൃത്തികൾ ചെയ്യാൻ മോഹം പ്രേരിപ്പിക്കുന്നു. തുടർന്ന് മോഹവും മനഃസാക്ഷിയും തമ്മിലുള്ള ആശയസംഘട്ടനമായി കഥ മാറുന്നു. ഒടുവിൽ പശ്ചാത്താപ വിവശനായി കടയുടമയുടെ ശിഷ്യനോട് മോഹൻ കുറ്റം ഏറ്റുപറഞ്ഞ്, ശിക്ഷ ഏറ്റുവാങ്ങുന്നിടത്ത് കഥ അവസാനിക്കുന്നു.

നൻമ-തിൻമകളുടെ സംഘട്ടനകഥകൾ പറയുന്ന സി.വി. രാമൻ പിള്ളയുടെ സൃഷ്ടികൾ പോലും വെളിച്ചം കണ്ടുതുടങ്ങുമ്പോഴാണ്, അമ്പാടി കാർത്ത്യായനിയമ്മ ഈ ചെറുകഥ രചിച്ചത്. തൃപ്പൂണിത്തുറയിൽ 1896-ൽ പി. ഗോവിന്ദ മേനോന്റെ പുത്രിയായി ജനിച്ച കാർത്യായനി അമ്മ, അധ്യാപികയും ഹെഡ്മിസ്ട്രസും നിരവധി സംഘടനകളുടെ ഭാരവാഹിയും ടെക്സ്റ്റ്ബുക്ക് സെലക്ഷൻ കമ്മിറ്റി, വിദ്യാഭ്യാസ ഉപദേശക ബോർഡ്, സാഹിത്യ പരിഷത്ത് നിർവാഹക സമിതി തുടങ്ങിയവയിൽ അംഗവും സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷയും ആയിരുന്നു.