ശബ്ദങ്ങൾ ഇല്ലാത്ത ലോകമാണ് നസ്രീേന്റത്... പക്ഷേ, ആ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ വാചാലമാണ്. ജീവിതത്തിന്റെയും മനോഹര പ്രകൃതിയുടെയും കാഴ്ചകളുടെ ഫ്രെയിമുകൾ. എറണാകുളം സെയ്ൻറ് തെരേസാസ് കോളേജിൽ മൂന്നാംവർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിനിയായ നസ്രീൻ എടുത്ത ഫോട്ടോകളുടെ പ്രദർശനം ‘സൗണ്ട് ഓഫ് സൈലൻസ്’ തിങ്കളാഴ്ച കോളേജിൽ നടക്കും.
കോളേജിലെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് പരിപാടി ഒരുക്കുന്നത്. രാവിലെ 10-ന് ട്രാവൽ ഫോട്ടോഗ്രാഫർ ഡിപിൻ ജോസഫ് പ്രദർശനം ഉദ്‌ഘാടനം ചെയ്യും. ഡിപിന്റെ ഫോട്ടോകളും ഇതോടൊപ്പം പ്രദർശിപ്പിക്കുന്നുണ്ട്.
കോളേജിലെ ആർട്ട് ബ്ലോക്കിൽ നടക്കുന്ന പ്രദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങൾക്കും ആസ്വദിക്കാം.
എറണാകുളം സ്വദേശി സി.എസ്. ജാനിയുടെയും നൂർജഹാന്റെയും മകളാണ് നസ്രീൻ. കേൾവിശക്തിയില്ലാത്തവർക്കായി മുംബൈ ആസ്ഥാനമായ ‘ഓൾ ഇന്ത്യ ഫൗണ്ടേഷൻ ഓഫ് ഡഫ് വുമൺ’ ഒരുക്കിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിൽ നസ്രീൻ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.