പെട്രോള്‍ഹൃദയവുമായി ഇന്ത്യയുടെ മനംകവര്‍ന്ന ബ്രെസ അടുത്തവര്‍ഷം എത്തുന്നു. പുതിയ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ബി.എസ്. സിക്സ് വരുന്നതിന്റെ ആദ്യപടിയായിട്ടാണ് മാരുതിയുടെ പെട്രോളിലേക്കുള്ള മാറ്റമെന്നറിയുന്നു. തങ്ങളുടെ വാഹനങ്ങളെ പെട്രോള്‍, ഹൈബ്രിഡ് എന്നിവയിലേക്ക് അടുത്തിടെ മാറ്റുന്നത് കൂടിയിരുന്നു. അടുത്തവര്‍ഷം ആദ്യം നടക്കുന്ന ഓട്ടോ എക്സ്‌പോയിലായിരിക്കും പെട്രോള്‍ ബ്രെസ അവതരിപ്പിക്കപ്പെടുക. സിയാസിലും എര്‍ട്ടിഗയിലും ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും ഇതിലും. ബി.എസ്. സിക്സ് നിലവാരത്തിലുള്ള എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തും. പുതിയ എര്‍ട്ടിഗയിലും സിയാസിലുമൊക്കെ ഇതുണ്ട്. മൂന്നുവര്‍ഷം മുമ്പ് വിപണിയിലെത്തിയ ബ്രെസ വില്‍പ്പനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിട്ടായിരുന്നു പുറത്തിറങ്ങിയത്. അടുത്തവര്‍ഷം മുതല്‍ ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു. ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സായിരിക്കും പുതിയ ബ്രെസയ്ക്ക് നല്‍കുക. 1.5 ലിറ്റര്‍ എന്‍ജിന്‍ 105 ബി. എച്ച്.പി. കരുത്തും 138 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക.