പരസ്യങ്ങളിലും മറ്റും ‘സെലിബ്രിറ്റി’കളെ ഉൾപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് വിലയിരുത്തൽ... ഒരു ഉത്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് സെലിബ്രിറ്റികൾ വഴി ചെയ്യുന്നത്. ഒരു ഇഷ്ടതാരം പറയുന്ന കാര്യങ്ങൾ ഉപഭോക്താക്കളിൽ പെട്ടെന്ന് എത്തിച്ചേരും. മാത്രമല്ല, ചില ബ്രാൻഡുകൾ വളർന്നുവന്നതുതന്നെ ഇത്തരം സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ടാണെന്ന് ‘കേരള 2.0’ കോൺക്ലേവിൽ നടന്ന പാനൽ ചർച്ച വിലയിരുത്തി.
നേരിട്ട് കണ്ടറിഞ്ഞ് ഉത്പന്നങ്ങൾ വാങ്ങുന്ന ചിന്താഗതി ഉപഭോക്താക്കളിൽ കാണുന്നുണ്ട്. മാത്രമല്ല, ഓരോ ഉത്പന്നങ്ങളുടെയും വിലയും ഗുണ നിലവാരവും സവിശേഷതകളും മുൻപേ അറിഞ്ഞാണ് ഉത്പന്നങ്ങൾ ആളുകൾ വാങ്ങുന്നതെന്ന് ‘ഗോദ്റേജ് അപ്ലയൻസസ്’ നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ പറഞ്ഞു. യുവാക്കൾക്ക് പുതിയ ഉത്പന്നങ്ങൾ പരീഷിക്കാൻ താത്പര്യമുണ്ട്. എന്നാൽ, ഇത്തരം ഉത്പന്നങ്ങൾ നവീകരിച്ചുകൊണ്ടിരിക്കണം.
ഉപഭോക്താക്കളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. കൂടാതെ, പഴയ ടെക്നോളജിയിൽ നിന്നും പുതിയ ടെക്നോളജിയിലേക്ക് മിക്ക ഉപഭോക്താക്കളും മാറിയതായി ‘പിട്ടാപ്പിള്ളിൽ ഏജൻസീസ്’ മാനേജിങ് ഡയറക്ടർ പീറ്റർ പോൾ വിലിയിരുത്തി.
ഫോൺ വിപണിയിൽ യുവാക്കളുടെ സാന്നിധ്യമാണ് കൂടുതൽ. സവിശേഷതകൾ നോക്കിയാണ് ഇവർ ഫോൺ വാങ്ങുന്നതെന്ന് ‘ഫാൺ ഫോർ’ മാനേജിങ് ഡയറക്ടർ സയ്യിദ് ഹമീദ് പറഞ്ഞു.
പുതിയ ഉത്പന്നങ്ങൾ, കൂടുതൽ സവിശേഷതകൾ തുടങ്ങി വിപണിയിൽ പല മാറ്റങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, നിലവിലെ വിപണി 10 വർഷം വരെ ഇതുപോലെ മുന്നോട്ടുപോകും.
കേരളം മാത്രമാണ് ‘ഓണം സീസണി’ൽ മാത്രം ഇത്ര വലിയ വിൽപ്പന നടത്തുന്നത്. എല്ലാ കമ്പനികളുടെയും വാർഷിക വിറ്റുവരവ് മുഴുവനും ഓണത്തെ ആശ്രയിച്ചാണ്. അതിനാൽ ഓണം കൂടാതെ, വിൽപ്പനയ്ക്കായി മറ്റു സീസണും ആവശ്യമായുണ്ടെന്ന് ‘എൽ.ജി. ഇലക്ട്രോണിക്സ്’ സൗത്ത് റീജണൽ മാനേജർ പി. സുധീർ പറഞ്ഞു.
ചർച്ചയിൽ ‘മാതൃഭൂമി ക്ലസ്റ്റർ’ ഹെഡ് സുനിൽ നമ്പ്യാർ പങ്കെടുത്തു. മാധ്യമ പ്രവർത്തനകനായ ജോ സ്കറിയ മോഡറേറ്ററായിരുന്നു.