രാഷ്ട്രീയക്കാരെ നമ്മള് വെറുതെ വിലകുറച്ച് കാണുകയാണ്... സത്യംപറഞ്ഞാ വിശ്വസിക്കുവോ, ഇതുങ്ങള്‍ക്കെല്ലാം ഒടുക്കത്തെ വിവരവും ഭാഷാജ്ഞാനവുമാണ്. ചുമ്മാതെനിന്ന് ഒന്നും രണ്ടും മണിക്കൂര്‍ പ്രസംഗിക്കണമെങ്കില്‍ വെറും തള്ള് മാത്രം പോരാ, എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കണം. ‘വായന മരിക്കുന്നു...’ എന്നൊക്കെ പ്രസംഗിക്കുമെങ്കിലും കക്ഷിഭേദമെന്യേ രാഷ്ട്രീയക്കാര്‍ വല്ലതുമൊക്കെ വായിക്കുന്നവരാണ്. പക്ഷേ, വായനയും ഭാഷാസ്വാധീനവും പ്രകടിപ്പിക്കാന്‍ പ്രസംഗമല്ലാതെ മറ്റ് മാര്‍ഗമില്ലാത്തത് ഇവരുടെ പ്രതിഭ മുരടിക്കാന്‍ കാരണമാകുന്നുണ്ട്. മുരടിപ്പില്‍നിന്ന് രക്ഷപ്പെടാന്‍ പിന്നെയും എന്തെങ്കിലും അവസരം കിട്ടുന്നത് ഇടതുപക്ഷക്കാര്‍ക്കാണ്. അല്‍പ്പം സ്വയംവിമര്‍ശനം കൂടി ചേര്ക്കേണ്ടിവരുമെങ്കിലും നാലുവാക്ക് എഴുതാനുള്ള കാരണം ഇടയ്ക്കിടെ ഉയര്‍ന്നുവരും.
ഇങ്ങനെയുള്ള സുവര്ണാവസരങ്ങള് ഉണ്ടാക്കുന്ന കാര്യത്തില്‍ സി.പി.എം. കൂടാരത്തിനകത്ത് സമ്പൂര്‍ണ സോഷ്യലിസമാണ്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., എന്‍.ജി.ഒ. യൂണിയന്, സി.ഐ.ടി.യു... എന്നുവേണ്ട ആരെങ്കിലും കൃത്യമായ ഇടവേളകളില്‍ എന്തെങ്കിലും ഒപ്പിച്ചുവയ്ക്കും. ഇപ്പോള്‍ത്തന്നെ തിരുവന്തോരത്തെ യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ.ക്കാര് എത്ര നേതാക്കളുടെ സര്‍ഗശേഷി പരീക്ഷിക്കാനുള്ള അവസരമാണ് ഉണ്ടാക്കിയെടുത്തത്. ഇത് ശരിക്കും പ്രയോജനപ്പെടുത്തിയത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്. സഖാവ് പണ്ടേ സാഹിത്യകുതുകിയാണ്. പത്താംക്ലാസ് പിള്ളേര് ഓട്ടോഗ്രാഫില്‍ എഴുതുന്ന ശൈലിയാണ് പഥ്യം. ‘മഞ്ഞപ്പൂക്കള്‍ വീണുനിറഞ്ഞ ജീവിതത്തിന്റെ നടവഴിയില്‍ നമ്മളെന്നെങ്കിലും കാണും...’ എന്നമട്ടിലാണ് ഓട്ടോഗ്രാഫിലെ സാഹിത്യമെങ്കില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ഒരുമിച്ചുചേര്ന്നയാള് ആയതിനാല്‍ സ്പീക്കര്‍ ചെറിയ ഭേദഗതി വരുത്തും. മഞ്ഞപ്പൂക്കള്‍ക്ക് പകരം രക്തപുഷ്പങ്ങള്‍, നടവഴി മാറ്റി രണഭൂമി, നെടുവീര്‍പ്പുകള്‍ വെട്ടി സമരകാഹളം എന്നിങ്ങനെയാകും തിരുത്ത്. ഇത്രയേ വേണ്ടൂ സാധാരണ ഓട്ടോഗ്രാഫ് വിശിഷ്ടമായ വിപ്ലവഗീതികയായി മാറാന്‍.
സ്നേഹസുരഭിലമായ പൂക്കാലം, സ്നേഹനിലാവ്, മരതകപ്പച്ച... ഇത്യാദി വാക്കുകള്‍കൂടി ചേരുംപടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ കിടുക്കും. ഇങ്കിരീസില്‍ ‘സോണറ്റ്സ് ഓഫ് എ റവല്യൂഷനറി’ എന്നോ മറ്റോ പേരിട്ടാല്‍ പിന്നെ പോക്ക് മേപ്പോട്ടായിരിക്കും. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അത്ഭുതംകൂറുന്നവരുണ്ടാകും... സിമ്പിള്‍ പണിയാണ്. കൈയിലുള്ള ഓര്‍മകള്‍ കുത്തിയെടുക്കുക. ഓരോ വാക്കിലും ‘നൊസ്റ്റാള്‍ജിയ’ തുടിച്ചുനില്‍ക്കണം, കുറച്ചിടത്ത് കിനിഞ്ഞിറങ്ങുകയും വേണം. കടുത്ത ഗൃഹാതുരത്വത്തില്‍ നിന്നു മാത്രമേ കാല്പനികഭംഗിയുള്ള സ്നേഹനിലാവും മരതകപ്പച്ചയും പോലുള്ള വാക്കുകള്‍ ഉരുവംകൊള്ളൂ. അതാണ്, രണ്ട് ഔണ്‍സ് നൊസ്റ്റാള്‍ജിയ നിര്‍ബന്ധമാക്കിയിട്ടുള്ളത്. പരോക്ഷമായ വിമര്‍ശനം ഒളിപ്പിച്ച ചില വാക്കുകള്‍ കൂടി തിരുകിയാല്‍ ബാക്കി ചാനലുകാര് നോക്കിക്കോളും. അത്രയേ സ്പീക്കര്‍ സാറും ഉദ്ദേശിച്ചുള്ളു... എത്രനാളെന്നുവെച്ചാ വെറും ഓര്‍ഡര്‍ ഓര്‍ഡര്‍ മാത്രം പറഞ്ഞിരിക്കുന്നത്!
‘ഒരുവെടിക്ക് രണ്ടുപക്ഷി’ എന്നു പറയുന്നതുപോലെ വേറെയുമുണ്ട് ഗുണം... ‘ബാര്‍ക്കോഴ’ക്കാലത്തെ കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ അന്നത്തെ സ്പീക്കറുടെ കസേര മറിച്ചിട്ടയാളാണ് ഇപ്പോള്‍ ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് സാഹിത്യം വിളമ്പുന്നത് എന്നുള്ളതൊക്കെ ജനം മറക്കും. എങ്ങനെയുണ്ട് ബുദ്ധി...?
സര്‍ഗചേതന ഉണര്‍ത്താന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയത് ശ്രീരാമന് മാത്രമല്ല, പാലക്കാട്ടെ എം.ബി. രാജേഷ് തുടങ്ങി പോളിറ്റ്ബ്യൂറോയിലെ സഖാവ് ബേബി വരെയുണ്ട്. എഴുത്ത് പകര്‍ച്ചവ്യാധിയായതോടെ കാല്പനികത കലര്‍ത്തിയ വിപ്ലവ പദകോശങ്ങള്‍ സക്കര്‍ബര്‍ഗ് നിരോധിച്ചെന്നാണ് കേട്ടത്... എത്രമധുരമുള്ള പായസമാണെങ്കിലും ഏറെയായാല്‍ ചെടിക്കും. വിപ്ലവം ഏതാണ്ട് അടുത്തെത്തിയെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് യൂണിവേഴ്സിറ്റി കോളജിലെ നേതാവിന് ആ കൈപ്പിഴ പറ്റിയത്. കൂടെ കൊടിപിടിക്കുന്ന സഖാവിന്റെ നെഞ്ചില്‍ മുറിവേല്‍പ്പിക്കണമെന്ന് വിചാരിച്ചിട്ടാവണമെന്നില്ല, ‘നൂറുപൂക്കള്‍ വിരിയട്ടെ’ എന്ന് ഉറക്കെവിളിച്ചപ്പോള്‍ ‘സഖാവിന്റെ നെഞ്ചത്തും വിരിയട്ടെ ചോരപ്പൂക്കള്‍’ എന്നു കരുതി.
ഇത്രയും കാല്പനികമായ പ്രവൃത്തിയെയാണ് അന്തിച്ചര്‍ച്ചയിലും പത്രത്താളുകളിലും ഇട്ട് അലക്കിവെളുപ്പിക്കുന്നത്. കൈയോടെ പിടികൂടാമായിരുന്ന പ്രതികള്‍ക്ക് നാടുകണ്ട് വരാന്‍ ലേശം സമയംകൊടുത്തത് ഈ അനാചാരങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് വിചാരിച്ചുതന്നെയാണ്... അതിന്റെ പേരില്‍ ആഭ്യന്തരവകുപ്പിനെ വിമര്‍ശിക്കാന്‍ ഇറങ്ങേണ്ടെന്ന് സാരം.
പ്രതികള്‍ ‘സാറ്റ്’ കളിക്കുന്ന ഗ്യാപ്പില്‍ പാര്‍ട്ടിസെക്രട്ടറി, പരിക്കേറ്റ സഖാവിനെ പോയിക്കണ്ടു... ശരിക്കും പുണ്യപ്രവൃത്തിയാണ്. കുടുംബത്തിലെ കേസിനും പുക്കാറിനുമിടയില് ആശുപത്രിവരെ പോയി അന്വേഷണം നടത്താന്‍ മനസ്സുകാണിച്ചത് സെക്രട്ടറി സഖാവിന്റെ വലിയമനസ്സ്. മണിക്കൂറുകള്‍ക്കകം പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ കീഴടങ്ങിത്തുടങ്ങിയപ്പോഴാണ് സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം വസ്തുതാന്വേഷണമാണെന്ന് വ്യക്തമായത്.
എന്ത് പ്രതിസന്ധികള്‍ക്കുമിടയിലും ഹാസ്യം വിടാത്തയാളാണല്ലോ കോടിയേരി സഖാവ്... ആശുപത്രിയില്‍വെച്ചും നടത്തി നര്‍മമധുരമായ പ്രസ്താവന. ‘സ്വയംകുത്തി മുറിവേറ്റ എസ്.എഫ്.ഐ. സ്വതന്ത്രസംഘടനയാണ്’ എന്ന്! യൂണിറ്റ് മുതല്‍ പാര്‍ട്ടി അംഗങ്ങളുടെ ഫ്രാക്ഷന് ഉണ്ടെന്നൊക്കെ പറയുന്നത് വെറു കെട്ടുകഥ. ഭാരവാഹികളെ നിശ്ചയിക്കുന്നതും നിയമിക്കുന്നതും എല്ലാം സര്‍വതന്ത്ര സ്വതന്ത്രമായി നടക്കുന്ന പ്രക്രിയയാണ്. പിന്നെ, യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് കല്ലും ബോംബും വന്നപ്പോള്‍ പോലീസ് അകത്തുകയറുന്നത് കോടിയേരിതന്നെ പോയി തടഞ്ഞിട്ടൊക്കെയുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി നടത്തിയ ഇടപെടലുകള്‍ നല്ല ദൃശ്യശേഖരമുളള വാര്‍ത്താ ചാനലുകള്‍ ഇപ്പോള്‍ വീണ്ടും കാണിക്കുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ട്... എസ്.എഫ്.ഐ.യെ നശിപ്പിക്കലാണത്... അതുകൊണ്ടുതന്നെ, പണ്ട് പോലീസിനെ തടഞ്ഞതോ, കുട്ടിസഖാക്കളെ ഒളിപ്പിച്ചതോ ഒന്നും ഇപ്പോള്‍ പ്രസക്തമല്ല. എന്തിനൊക്കെയാണ് പ്രസക്തിയെന്ന് പാര്‍ട്ടി ആസ്ഥാനത്തുനിന്ന് അറിയിപ്പ് വരും... പിന്നെ
അതാകണം ആചാരം.
അടിയുറച്ച വിപ്ലവ രണധീരന്മാരായി കുട്ടികള്‍ വളരണമെങ്കില്‍ കത്തിയോ ചോരയോ കണ്ടാല്‍ പേടിക്കരുത്. ചിലപ്പോള്‍ ‘വര്‍ഗശത്രു’ പ്രിന്‍സിപ്പലിന്റെ രൂപത്തില്‍ വരാം... അങ്ങനെയുള്ളിടത്ത് അവര്‍ ഇരിക്കുന്ന കസേര അങ്ങട് കത്തിച്ചേക്കണം. അനന്തരം ‘സൂചനയാണിത്... സൂചന മാത്രം...’ എന്ന മുദ്രാവാക്യം ഈണത്തില്‍ വിളിക്കാവുന്നതാണ്. ഈണത്തില്‍ ഇമ്പംതോന്നി പാട്ടാകാതെ നോക്കണം, പാട്ട് നമുക്ക് നിഷിദ്ധമാണ്. ഇതൊക്കെ കണ്ടിട്ടും പഠിക്കാത്ത പിന്തിരിപ്പന്മാരായ പ്രിന്‍സിപ്പലുമാര്‍ ഉണ്ടെങ്കില്‍, അവര്‍ വിരമിക്കുമ്പോള്‍ ‘പ്രതീകാത്മക കുഴിമാടം’ ഒരുക്കണം... പിരിച്ചെടുത്ത കാശ് ബാക്കിയുണ്ടെങ്കില്‍ ‘പുഷ്പചക്ര’വും വെയ്ക്കാവുന്നതാണ്. സംഭവം ബോസ് കൃഷ്ണാമാചാരിയെ കാണിച്ചാല്‍ അടുത്തകൊല്ലത്തെ ‘ബിനാലെ’യ്ക്ക് ഇന്സ്റ്റലേഷനുമാക്കാം. വേണമെങ്കില്‍ ബേബി സഖാവ് ശുപാര്‍ശക്കത്ത് തരും. ഇങ്ങനെ സമഗ്രവിപ്ലവകാരി ആകാനുള്ള പരിശീലനം കൊടുത്താലേ കുട്ടികള്‍ക്ക് അടിസ്ഥാനം ഉറയ്ക്കൂ. അല്ലെങ്കില്‍, കിത്താബ് ഓതിയോതി വരട്ടുവാദിയായി മാറും... അത് അപകടമാണ്. അതുകൊണ്ട്, ചെറുപ്പത്തിലേ തുടങ്ങണം... ‘ക്യാച്ച് ദം യങ്’ എന്നല്ലേ!?
******
അടുത്തകാലം വരെ ഈ ലോകബാങ്ക്, ഐ.എം.എഫ്, എ.ഡി.ബി. എന്നൊക്കെ കേള്‍ക്കുമ്പോള്‍ വില്ലന്‍ റോളില്വരുന്ന ബാലന് കെ. നായരെ കാണുന്നതുപോലെ പേടിയായിരുന്നു മനസ്സില്‍. രാജ്യത്തെയും സംസ്ഥാനത്തെയും കൊള്ളയടിക്കാന്‍ വരുന്ന ഏതോ ഭീകരജീവികളാണ് ഇവരെന്നായിരുന്നല്ലോ അടുത്തകാലം വരെയുള്ള മുദ്രാവാക്യം. ‘ആഗോളീകരണം’, ‘ഉദാരീകരണം’, ‘നവ ഉദാരീകരണം’ എന്നീ വാക്കുകള്‍ക്കൊപ്പം കേട്ടിരുന്ന എന്തോ സാധനമായിരുന്നു മേപ്പടി ലോകബാങ്കും എ.ഡി.ബി.യും എന്നാണ് പാവങ്ങളായ ജനങ്ങള്‍ കരുതിപ്പോന്നിരുന്നത്.
‘ലോകബാങ്കിനും ഐ.എം.എഫിനും രാജ്യം അടിയറവെയ്ക്കുന്നു’ എന്നായിരുന്നല്ലോ മുഷ്ടിചുരുട്ടി വീറോടെ വിളിച്ചിരുന്നത്. ‘ഐ.എം.എഫില്‍ നിന്ന് കടമെടുത്തതു മൂലം നുമ്മ കുഞ്ഞുകൂട്ടി പരാധീനങ്ങളെല്ലാം കോടിക്കണക്കിന് രൂപയുടെ കടക്കാരാണ്...’ എന്നുകൂടി കേട്ടപ്പോള്‍ ഉറപ്പിച്ചു... ‘ഇവര്‍ അല്‍പ്പം പിശകന്മാരാണ്’ എന്ന്. എ.എം.എഫിലെ ജോലിക്കാരനായിരുന്ന മന്മോഹൻ സിങ് ധനമന്ത്രിയായപ്പോള്‍ ‘സാമ്രാജ്യത്വ ഏജന്റ്’ എന്നുവിളിച്ചാണ് ആക്ഷേപിച്ചത്... ഇങ്ങനയെല്ലാമുള്ള ലോകബാങ്കും ഐ.എം.എഫും ഇപ്പോള്‍ മാനസാന്തരപ്പെട്ട് സോഷ്യലിസ്റ്റുപാത പൂകിയെന്നാണ് തോന്നുന്നത്. സംശയിക്കേണ്ട ദേ ഇപ്പോ നുമ്മ ‘ഡബിള്ചങ്ക്സ്’ മുഖ്യമന്ത്രി പറയുന്നു, ‘ലോകബാങ്ക് കേരളത്തെ കാണുന്നത് വികസനപങ്കാളിയായാണ്’ എന്ന്! ഇങ്ങനെ ഇടയ്ക്കിടെ മാറ്റിപ്പറഞ്ഞാല്‍ പാവങ്ങള്‍ പെട്ടുപോകത്തേയുള്ളൂ. മുദ്രാവാക്യം വിളിക്കാന്‍ ഉയര്‍ത്തിയ കൈ ഒന്ന് താഴെക്കൊണ്ടുവരാനുളള ടൈം എങ്കിലും കൊടുക്കണം.
‘വികസനപങ്കാളി എന്നൊക്കെ പറഞ്ഞാല്‍ എന്തിരണ്ണാ...?’ എന്നൊക്കെ ഏതോ ആളുകള്‍ ചോദിക്കുന്നതു കേട്ടു. അതേപ്പറ്റി മുഖ്യനും വലിയ പിടിയില്ല. ‘ഒരാള്‍ നമ്മളെ ഇങ്ങനെ പങ്കാളിയാക്കാം എന്നു പറയുമ്പോള്‍, അതുകൊണ്ട് എന്താ ഗുണം എന്നു ചോദിക്കുന്നത് മര്യാദയല്ലല്ലോ...’ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശരിയാണ് മര്യാദ നമ്മള് എപ്പോഴും പാലിക്കണം. അല്ലാതെ ‘ഡാഷ്’ എന്നൊക്കെ ചേര്‍ത്ത് ആരെയും ഒന്നും പറയാന്‍ പാടില്ല. ഇപ്പോള്‍ ‘ഡാഷ്’ ചേര്‍ത്ത് പറഞ്ഞത് അഹിംസാവാദികളായ കാണ്ഗ്രസുകാരെക്കുറിച്ചായതുകൊണ്ട് രക്ഷപ്പെട്ടു. ലോകബാങ്കുകാരോട് മര്യാദലംഘിച്ചാല് പണിപാളി... തരാമെന്നേറ്റ കോടികള്‍ പിന്നെ ശൂൂൂ.....
ഇതൊന്നുമല്ലല്ലോ ഇവിടത്തെ പ്രശ്നം... കടുത്ത ഭീകരന്മാരായിരുന്ന ലോകബാങ്കും എ.ഡി.ബി.യും നേരംവെളുത്തപ്പോള്‍ എങ്ങനെ പുണ്യാളന്മാരായി എന്നതാണ് മനസ്സിലാകാത്തത്. പ്രളയംവന്ന് മൂടിയപ്പോള്‍ ആളുകള്‍ ജാതിയും മതവും പിണക്കവും ഒന്നും നോക്കാതെ എല്ലാംമറന്ന് ഇറങ്ങിയപോലെ സാമ്രാജ്യത്വത്തിന്റെ കരാളഹസ്തങ്ങളായി നിന്ന ലോകബാങ്കിനോട് ഇടതുപക്ഷവും ക്ഷമിച്ചുകാണും... ‘പ്രളയത്തെ അവസരമായി കാണണം’ എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ അര്‍ഥം ഇപ്പോഴാണ് ശരിക്കും പുടികിട്ടിയത്. ‘ചരടില്ലാത്ത ഫണ്ടേ’ ഇത്തരം ഭീകരന്മാരില് നിന്ന് വാങ്ങാവൂ എന്നാണ് ‘പാര്‍ട്ടി’ തീരുമാനമെന്നാണ് കേട്ടിരുന്നത്. ഇപ്പോള്‍ ലോകബാങ്ക് ചരടുകള്‍ ഒക്കെ അഴിച്ചുകളഞ്ഞോ ആവോ...? എന്തായാലും ‘എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞപ്പോള്‍ ആഗോളഭീകരന്മാരായ ലോകബാങ്കിനെയും ശരിയാക്കുമെന്ന് വിചാരിച്ചില്ല. ഫീലിങ് എന്തരോ എന്തോ.....
******
ദേശീയ ജനാധിപത്യ സഖ്യം കേന്ദ്രത്തില്‍ എന്തോ ആനയോ ചേനയോ ആണെന്നാണ് പറയുന്നത്. പക്ഷേ, ഇവിടെ കേരളത്തില്‍ കാര്യങ്ങള്‍ അത്രപന്തിയല്ല... ചട്ടിയും കലവും പോലെ മുന്നണിയാണെങ്കിലും തട്ടിയും മുട്ടിയും ഇരിക്കുമെന്നൊക്കെ പറയാമെങ്കിലും സംസ്ഥാനത്തെ സഖ്യത്തില്‍ മധുവിധുകാലം മുതല്‍ മുട്ടന്‍ അടിയാണ്. ‘നായാടി മുതല്‍ നമ്പൂരി വരെ’യുള്ളവരെ ഒരുമിപ്പിക്കാനായി പിറവിയെടുത്ത ബി.ഡി.ജെ.എസ്. ശഠേന്ന് കാര്യംനടക്കാനാണ് കേന്ദ്രത്തിലെ കാറ്റുനോക്കി ദേശിയ ജനാധിപത്യ സഖ്യത്തിലേക്ക് പോയത്. ‘ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ...’ എന്നൊക്കെയുള്ള മുറവിളിയൊക്കെ ഉണ്ടായെങ്കിലും ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍. അതുകൊണ്ടാണ് മുന്നുംപിന്നും നോക്കാതെ ബി.ജെ.പി. കൂടാരത്തിലേക്ക് ഓടിക്കയറിയത്. പക്ഷേ, സംഭവം ഇപ്പോള്‍ നഷ്ടക്കച്ചവടമാണെന്നാണ് നടേശപുത്രന് തുഷാറിനും സുഭാഷ് വാസുവിനും തോന്നുന്നത്.
കൈകാലിട്ടടിച്ച് കരഞ്ഞപ്പോഴാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനാക്കിയത്. സുഗന്ധവിളകളെ
നന്നാക്കാനൊന്നുമായില്ലെങ്കിലും അവിടെ എന്തെങ്കിലുമൊക്കെ സംവിധാനം വേണ്ടേ... കേറിച്ചെന്നാല്‍ ഇരിക്കാന്‍ നല്ല ഓഫീസില്ല, സ്റ്റാഫിനെ വെയ്ക്കാനുളള അധികാരമില്ല... സ്റ്റാഫാക്കിയില്ലെങ്കില് അടുത്തുനില്ക്കുന്നവര് പോലും കാലുവാരും. ആകെയുള്ള സുഖം ബോര്‍ഡുവെച്ച് കാറില്‍ കറങ്ങാം എന്നതാണ്.
നിഷ്കാമകര്മിയും ഋഷിതുല്യമായ മാനസികാവസ്ഥയുമായി ജീവിക്കുന്നയാളുമായ തുഷാര്മോനും പറഞ്ഞതൊന്നും ഇതുവരെ കൊടുത്തിട്ടില്ല. വയനാട്ടില്‍ രാഹുല്‍ഗാന്ധിയോട് നാലുലക്ഷം വോട്ടിന് പൊരുതിതോറ്റ തുഷാറിന്, രാജ്യസഭയും മന്ത്രിസ്ഥാനവും കൊടുത്തില്ലെങ്കില്‍ അത് വഞ്ചനയാണ്. തൃശ്ശൂരില്‍ ജനസമ്മതി തെളിയുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ അമിത്ഷാ രക്ഷിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയതുതന്നെ മഹാഭാഗ്യം എന്നൊക്കെ അസൂയക്കാരായ ബി.ജെ.പി.ക്കാര് അടക്കംപറയുന്നുണ്ട്. എന്തുവന്നാലും ഈ അവഗണന സഹിക്കാന്‍ പറ്റില്ലെന്നാണ് കണിച്ചുകുളങ്ങരയിലെ തീരുമാനം... ഇടതോ വലതോ മുന്നികളില് ഏതെങ്കിലുമൊന്ന് കൈനീട്ടിയിരുന്നെങ്കില്‍ കേറിപ്പിടിക്കാമായിരുന്നു.