ചിറ്റൂരിനെയും വടുതലയെയും വേർതിരിക്കുന്നത് ചിറ്റൂർ പുഴയാണ്. ചിറ്റൂർ പാലത്തിന്റെ വടക്കുവശത്ത് ചിറ്റൂരും തെക്കുവശത്ത് വടുതലയും കിടക്കുന്നു. ചിറ്റൂർ, ചേരാനല്ലൂർ പഞ്ചായത്തിലാണെങ്കിൽ വടുതല, കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്.

പോർച്ചുഗീസുകാരുടെ കാലത്തിനും മുമ്പ് എറണാകുളവും പരിസരവും ചേർന്ന ദേശം അറിയപ്പെട്ടിരുന്നത് അഞ്ചിക്കയ്‌മൾ എന്ന പേരിലായിരുന്നു. ‘കയ്‌മൾ’എന്ന സ്ഥാനപ്പേരുള്ള അഞ്ച്‌ നായർ പ്രമാണിമാരായിരുന്നു ഇവിടത്തെ പ്രാദേശിക നാടുവാഴികൾ- ചേരാനല്ലൂർ, കുന്നത്തുനാട്, പുതുക്കാട്, കുറുമൽക്കൂർ, വടക്കുംകൂർ എന്നിങ്ങനെ. ഇവരിൽ പ്രമുഖനായിരുന്നു ചേരാനല്ലൂർ കർത്താവ് (കയ്‌മൾ എന്ന വാക്കിന്റെ അർത്ഥം കോയ്മയുള്ളവൻ എന്ന്). 1818-ൽ എറണാകുളത്ത് ദിവാൻ നഞ്ചപ്പയ്യയുടെ കാലത്ത് കോടതി ആരംഭിച്ചപ്പോൾ അതിന്റെ പേര് അഞ്ചിക്കയ്‌മൾ ജില്ലാ കോടതി എന്നായിരുന്നു.

അഞ്ചിക്കയ്‌മൾ എന്നറിയപ്പെട്ടിരുന്ന കാലത്ത് എറണാകുളം പ്രവൃത്തിദേശത്തിന്റെ തെക്കേയറ്റം തെക്കുംതല എന്നും വടക്കേയറ്റം ‘വടക്കുംതല’ എന്നുമാണറിഞ്ഞിരുന്നത്. കാലാന്തരത്തിൽ വടക്കുംതല എന്നത് ചുരുങ്ങി ‘വടുതല’യായി. തെക്കുംതല ചുരുങ്ങിയതാണ് ഇന്നത്തെ ‘തേവര’.

ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റിക്കടുത്ത് ഒരു വടുതല ഉണ്ട്. അതുപോലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ കുന്നംകുളത്തിനടുത്തും മറ്റത്തിനടുത്തും വടുതല എന്നു പേരുള്ള സ്ഥലങ്ങൾ ഉണ്ട്. കോട്ടയം ജില്ലയിൽ പാമ്പാടിക്കടുത്ത് ആനിക്കാട്ട് ‘വടുതല’ എന്ന പേരിൽ പ്രശസ്തമായ ഒരു നായർ തറവാട് ഉണ്ട്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം തർജമ ചെയ്യുന്ന കാലത്ത് വടുതല നാരായണൻ നായർ എന്നൊരു പണ്ഡിതൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതായി പറയുന്നു.

കേസരി ബാലകൃഷ്ണപിള്ള ‘ചരിത്രത്തിന്റെ അടിവേരുകൾ’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് പറയിപെറ്റ പന്തിരുകുലത്തിലൊരാളായ ‘വടുതല നായർ’ എറണാകുളത്തിനടുത്ത വടുതലയിൽനിന്ന്‌ മലബാറിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാരാണെന്നാണ്. കൊച്ചി രാജാവിന്റെ സേവകരായ നായർ പ്രമാണിമാർക്ക് രാജാവ് ധാരാളം ഭൂമി വിട്ടുകൊടുത്തിരുന്നു. എന്നാൽ, അവരിൽ ഒരു കൂട്ടർ രാജാവിനോട്‌ തെറ്റി സാമൂതിരിയുടെ പക്ഷം ചേർന്നു. സാമൂതിരി അവർക്ക് മേഴത്തൂരിൽ അഭയവും സ്ഥാനമാനങ്ങളും നൽകി. വടുതലയിൽ നിന്നെത്തിയ അവർ കാലാന്തരത്തിൽ ‘വടുതല നായർ’ എന്നറിയപ്പെട്ടുവത്രെ.

ഭാരതപ്പുഴയുടെ തീരത്ത് തൃത്താലയ്ക്കടുത്താണ് മേഴത്തൂർ. മറ്റൊരു ഐതിഹ്യമുള്ളത് ദേശാടനത്തിനിടയ്ക്ക് പറയിപെറ്റ ഉണ്ണിയെ വരരുചി നിളാതീരത്ത് ഉപേക്ഷിച്ചെന്നും ഒരു നായർ തറവാട്ടുകാർ കുഞ്ഞിനെ എടുത്തു വളർത്തിയെന്നുമാണ് -മേഴത്തൂർ ദേശം അധികാരികളായിരുന്ന ‘കുണ്ടുളി’ എന്ന നായർ തറവാട്ടുകാർ. ഏതായാലും ഇതെല്ലാം ഐതിഹ്യം മാത്രമാണ്. വടുതല നായർ ആയോധന കലയുടെ അധിപനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. വാൾ, പരിച, ഉറുമി, കുന്തം, കട്ടാരം, കളരിവിദ്യ എന്നിവയിലും മർമചികിത്സയിലും നിപുണൻ.

വലിയൊരു യുദ്ധത്തിന് വേദിയായിട്ടുണ്ട് വടുതല പണ്ട്. 1550-ൽ വടക്കുംകൂർ രാജാവും പോർച്ചുഗീസുകാരും തമ്മിൽ ഏറ്റുമുട്ടിയത് ഇവിടെവച്ചായിരുന്നു. നഗരത്തിന്റെ ഭാഗമായെങ്കിലും വടുതലയുടെ പഴയ ഗ്രാമീണമട്ട് ഇപ്പോഴും പൂർണമായി വിട്ടുപോയിട്ടില്ല. പണ്ടൊക്കെ ഈ പ്രദേശത്തെ മുഖ്യതൊഴിൽ തൊണ്ടുതല്ലലും കയറുപിരിയുമായിരുന്നു. തൊണ്ടുചീയിക്കാൻ തോടുകളും കുളങ്ങളും വേണ്ടത്ര ഇവിടെയുണ്ടായിരുന്നു. പണ്ടിവിടെ ചന്ദ്രക്കാരൻ മാമ്പഴം ധാരാളമായി ഉണ്ടായിരുന്നുവത്രെ. മീൻപിടിത്തവും അന്ന് ഉപജീവനോപാധിയായിരുന്നു.

കുറുങ്കോട്ട ദ്വീപ് ചേരാനല്ലൂർ പഞ്ചായത്തിൽപ്പെട്ടതാണെങ്കിലും വടുതലയോട്‌ തൊട്ടാണ് കിടക്കുന്നത്. ഒരു കടത്തുവള്ളത്തിന്റെ അകലം മാത്രം. മുന്നൂറേക്കർ വിസ്തൃതിയുള്ള തുരുത്തിൽ 125 കുടുംബങ്ങളും അഞ്ഞൂറോളം ആളുകളും താമസിക്കുന്നു. പുലയ സമുദായക്കാരാണ്‌ അധികവും. കടത്തുവഞ്ചി മാത്രമാണിവർക്കിപ്പോഴും ആശ്രയം. വടുതലയിൽ നിന്നിങ്ങോട്ട്‌ പാലം എന്നുവരുമെന്ന്‌ ആർക്കുമറിഞ്ഞുകൂടാ. പണ്ടിവിടെ ധാരാളം പൊക്കാളി നിലങ്ങളും ചെമ്മീൻകെട്ടും ഉണ്ടായിരുന്നു.

ഒറ്റപ്പെട്ട തുരുത്തായതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് പല നേതാക്കളും ഇവിടെ ഒളിവിലിരുന്നിട്ടുണ്ട്. ജന്മിത്വത്തിനെതിരേ പോരാടിയ വി.സി. ചാഞ്ചൻ (1932-84) എന്ന വിപ്ലവകാരിയുടെ നാടാണിത്. ഇടപ്പള്ളി പോലീസ്‌ സ്റ്റേഷൻ ആക്രമണത്തിലും പങ്കെടുത്ത ചാഞ്ചന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

സാഹിത്യകാരനും രാജ്യസഭാംഗവും പബ്ളിക് റിലേഷൻസ് അഡീ. ഡയറക്ടറുമായിരുന്ന ടി.കെ.സി. വടുതല (1921-88) ഈ നാട്ടുകാരനാണ്. ദളിതരുടെ ജീവിതം അദ്ദേഹത്തിന്റെ കഥകളുടെ മുഖ്യപ്രമേയമായിരുന്നു.

വടുതല പള്ളിക്കാവ് ഗണപതിക്ഷേത്രം വൈശ്യവാണിയരുടേതാണ്. പണ്ട് ഗോവയിൽനിന്നു വന്ന് ഫോർട്ടുകൊച്ചി, പള്ളുരുത്തി, മരട്, ചേപ്പനം. എളമക്കര, പച്ചാളം, വടുതല എന്നീ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചവരാണീ സമുദായക്കാർ. ചെറുകിട കച്ചവടക്കാരായ ഇവർ പരസ്പരം സംസാരിക്കുക കൊങ്കണിഭാഷയിലാണ്. പേരിനോടാപ്പം ‘റാവു’ എന്നും ‘ഷെട്ടി’എന്നും ചേർക്കാറുണ്ട്.

ആറ്‌ പതിറ്റാണ്ട് പഴക്കമുള്ള തട്ടാഴം ‘ഡോൺബോസ്കോ യൂത്ത് സെന്റർ, സലേഷ്യൻ സഭക്കാരുടേതാണ്. യുവജനകേന്ദ്രമായി ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ ഹയർ സെക്കൻഡറി സ്കൂൾ, ഐ.ടി.ഐ., വർക്ക് ഷോപ്പ് എന്നിവയ്ക്ക് പുറമേ, ദേവാലയവുമുണ്ട്. 1850-ൽ കർമലീത്ത സന്ന്യാസിമാരാണ് തട്ടാഴത്ത് ആദ്യ കപ്പേള സ്ഥാപിച്ചത്.

അടുത്തത്: പച്ചാളം