കോവിഡ്-19 പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ’സ്റ്റാർ നോവൽ കൊറോണ വൈറസ് പോളിസി’ എന്ന പേരിൽ പുതിയ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. കോവിഡ്-19 ബാധിതരാവുകയും ചികിത്സയ്ക്കായി ആസ്പത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്.

സർക്കാർ അംഗീകൃത പരിശോധനയിൽ പോസിറ്റീവ് ആയി കണ്ടെത്തുകയും ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന 18 മുതൽ 65 വയസ്സുവരെയുള്ളവർക്ക് സ്റ്റാർ നോവൽ കൊറോണ വൈറസ് പോളിസി ആനുകൂല്യം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതിനായി പോളിസി ഉടമകൾ നൽകേണ്ടതില്ല.

രണ്ടു വിഭാഗങ്ങളിലായാണ് പോളിസി ലഭ്യമാക്കുക. 21,000 രൂപയുടെ പോളിസിക്ക് 459 രൂപയും ജി.എസ്.ടി.യും 42,000 രൂപയുടെ പോളിസിക്ക് 918 രൂപയും ജി.എസ്.ടി.യും പ്രീമിയമായി അടയ്ക്കണം. 65 വയസ്സുവരെയുള്ള ആർക്കും സ്റ്റാർ ഹെൽത്തിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ കമ്പനിയുടെ ഇൻഷുറൻസ് ഏജന്റുമാർ വഴിയോ പ്രീ മെഡിക്കൽ സ്‌ക്രീനിങ്ങിന് വിധേയരാകാതെ തന്നെ പോളിസി വാങ്ങാം.

കമ്പനിയുടെ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെല്ലാം കോവിഡ്-19 നെതിരെയുള്ള ചികിത്സ ഉൾക്കൊള്ളുന്നുണ്ടെന്നും സ്റ്റാർ ഹെൽത്ത് അറിയിച്ചു.