പ്രായം ഒന്നിനും ഒരു പ്രശ്നമല്ലെന്ന് പറയുമെങ്കിലും അത് വകവെക്കാതെ എപ്പോഴും എന്തെങ്കിലും ജോലികളിൽ മുഴുകിയിരിക്കുന്നവർ കുറവായിരിക്കും. ലീന ജോർജ് എന്ന അറുപത്തേഴുകാരി സംരംഭക ഇതിൽനിന്നു വ്യത്യസ്തയാകുന്നു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രായവും ശരീര വൈഷമ്യങ്ങളും ഒരു പ്രശ്നമല്ലെന്നാണ് ചിലവന്നൂർ സ്വദേശിയായ ലീനയുടെ പക്ഷം.

ഹോം ഡെക്കോർ ഉത്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണ് ’നൈസ്’ എന്ന ബ്രാൻഡിലൂടെ ലീന പരിചയപ്പെടുത്തുന്നത്. എല്ലാം സ്വന്തം കരവിരുതിൽ നിർമിച്ചവ. മരത്തടിയിലും ഗ്ലാസ് ബോട്ടിലുകളിലും ചെയ്തെടുത്ത ടേബിൾ ലാംപുകൾ, ഇൻഡോർ പ്ലാന്റ് പോട്ടുകൾ, ചുവരിലും മറ്റും അലങ്കാരത്തിനായി വെക്കുന്ന അലങ്കാര വിളക്കുകളും സ്റ്റാൻഡുകളും, ഇന്റീരിയർ ഡെക്കറേഷൻ ഉത്പന്നങ്ങൾ, സിമന്റ് കൊണ്ടുള്ള ചെടിച്ചട്ടികൾ തുടങ്ങി ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ ’നൈസ്’ ശ്രേണിയിലുണ്ട്.

ശരീരം തളർന്നിട്ടും മനസ്സ് കൈവിട്ടില്ല

ശരീരമാസകലം പേശികളുടെയും സന്ധികളുടെയും വേദന അനുഭവപ്പെടുന്ന ’ഫെബ്രോമയാൽജിയ’ എന്ന രോഗത്തിന് അടിമയായിരുന്നു ലീന ജോർജ്. ഏതാണ്ട് അഞ്ചു വർഷത്തോളം കടുത്ത വേദനയുടെയും മാനസിക പിരിമുറുക്കത്തിന്റെയും നാളുകൾ. ഒരു വർഷത്തോളം പരസഹായമില്ലാതെ എഴുന്നേൽക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ പോലും കഴിയാതെ കിടന്നു.

രോഗം ചെറിയ രീതിയിൽ ഭേദപ്പെട്ടു തുടങ്ങിയപ്പോൾ ചികിത്സിച്ച ഡോക്ടർമാരാണ് എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങാൻ നിർദേശിച്ചത്. അങ്ങനെയാണ് ഉള്ളിലുള്ള ആഗ്രഹത്തെയും കഴിവിനെയും പുറത്തെടുത്ത് ക്രാഫ്റ്റിങ് ആരംഭിച്ചതെന്ന് ലീന ജോർജ് പറയുന്നു. ഓരോന്നും യു ട്യൂബ് നോക്കിയാണ് പഠിച്ചത്. സ്വന്തമായി എല്ലാ കാര്യങ്ങളും സമയമെടുത്ത് ചെയ്യുന്നതിനാൽ മൂന്നോ നാലോ മാസം കൂടുമ്പോൾ സ്റ്റാളുകളിട്ടാണ് വില്പന. 200-300 ഉത്പന്നങ്ങൾ ഒരു സ്റ്റാളിനായി ഒരുക്കും. ഇതിൽനിന്ന്‌ ഏകദേശം 70,000-80,000 രൂപയുടെ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ലീന പറഞ്ഞു.

ആദ്യമൊക്കെ ഓരോന്നും നിർമിച്ച് വീട്ടിൽവെക്കുകയായിരുന്നു പതിവ്. പിന്നീടാണ് മേളകളിൽ സ്റ്റാളുകൾ ഇടുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ഇപ്പോൾ വീടിനടുത്ത് ചെറിയൊരു സ്റ്റോറും ഉത്പന്നങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. സ്റ്റോറിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. ക്രിസ്‌മസ് പോലുള്ള വിശേഷ ദിവസങ്ങൾക്കായി അതനുസരിച്ചുള്ള ഡെക്കറേഷനുകളും ലീന ചെയ്തുകൊടുക്കുന്നുണ്ട്. യു ട്യൂബ് വീഡിയോകൾ നോക്കി ഓരോന്നിന്റെയും ട്രെൻഡ് മനസ്സിലാക്കിയാണ് ഹോം ഡെക്കോറുകൾ ലീന ഒരുക്കുന്നത്.