വിദേശരാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന നാളുകളിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. ഈ ബന്ധം പ്രധാനമായും തുടങ്ങിയത് വാണിജ്യബന്ധത്തിലൂടെയാണ്. വാണിജ്യബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ലോക സാമ്പത്തികവ്യവസ്ഥിതിയെ അടഞ്ഞതെന്നും തുറന്നതെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. അടഞ്ഞ സമ്പദ്‌വ്യവസ്ഥയിൽ പ്രധാനമായും ഉപഭോക്തൃമേഖല, ഉത്‌പാദനമേഖല, സർക്കാർമേഖല എന്നീ മൂന്ന് ഘടകങ്ങൾ മാത്രമാണുള്ളത്. തുറന്ന സമ്പദ്‌വ്യവസ്ഥയിൽ വിദേശവ്യാപാരമേഖലയും കൂട്ടിച്ചേർത്ത് നാലായി തരംതിരിച്ചിരിക്കുന്നു.

ഇന്ന് ഭൂരിഭാഗം രാജ്യങ്ങളും തുറന്ന കമ്പോളവ്യവസ്ഥിതിയിൽ പരസ്പരാശ്രിത സമ്പദ്‌വ്യവസ്ഥയാണ് പിന്തുടരുന്നത്.

സാമ്പത്തികശാസ്ത്രത്തിൽ ഇന്റർനാഷണൽ ഇക്കണോമിക്സ് ഒരു പ്രധാന പഠനശാഖയാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാരവിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിലെ മുഖ്യ പ്രതിപാദ്യവിഷയം. അതിലെ സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡേവിഡ് റിക്കാർഡോ പ്രതിപാദിച്ച ’കംപാരറ്റീവ് കോസ്റ്റ് അഡ്വാന്റേ’ അഥവാ താരതമ്യച്ചെലവ് ആനുകൂല്യ സിദ്ധാന്തം. ഇതനുസരിച്ച് ഒരു രാജ്യത്തിന് ഒരു വസ്തു താരതമ്യേന കുറഞ്ഞ ചെലവിൽ ഉത്‌പാദിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് അധികമായി ഉത്‌പാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നതും മറിച്ചായാൽ ആ വസ്തു ഇറക്കുമതിചെയ്യുന്നതുമാണ് ഉചിതമെന്ന് പ്രസ്താവിക്കുന്നു. സമ്പൂർണ നേട്ടത്തേക്കാൾ താരതമ്യ നേട്ടമാണ് റിക്കാർഡോയുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത കറൻസികൾ ആയതിനാൽ അവ തമ്മിലുള്ള വിനിമയ നിരക്ക് അനുസരിച്ചായിരിക്കും ലാഭനഷ്ടങ്ങൾ നിർണയിക്കാനാവുന്നത്.

തുറന്ന സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ

1. വ്യത്യസ്തമായ സാധന സേവന അളവുകളുടെ വൈവിധ്യം ഉപഭോക്താവിന് മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാൻ സഹായകരമാവുന്നു.

2. അനുകൂലമായ വ്യപാരനിരക്കുകൾ സാമ്പത്തിക പുരോഗതിക്ക് ഇടവരുത്തുന്നു.

3. ഉത്‌പാദനച്ചെലവ് കുറയ്ക്കുന്നതിലൂടെ വികേന്ദ്രീകൃത ഉത്‌പാദനം സാധ്യമാവുന്നു.

4. മത്സരവും നവീകരണവും ആഗോളവത്‌കരണവും മികച്ച ഉത്‌പാദനത്തിലേക്കും മെച്ചപ്പെട്ട വ്യാപാരബന്ധങ്ങളിലേക്കും വഴിതുറക്കുന്നു.

തുറന്ന സമ്പദ്‌വ്യവസ്ഥയുടെ പരിമിതികൾ

1. വ്യാപാരത്തിന്റെ അടിസ്ഥാനം പ്രഥമമായും ലാഭമായതിനാൽ സാമ്പത്തിക റിസ്കിന് സാധ്യതയുണ്ട്.

2. ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന പ്രവണത വളരുന്നു.

3. പ്രതികൂലമായ വിനമയനിരക്കുമൂലം കടബാധ്യതയേറി രാഷ്ട്രീയ അടിമത്തത്തിനുവരെ ഇടവരുത്തുന്നു.

3. ദാരിദ്ര്യം വർധിപ്പിക്കുകയും രാഷ്ട്രങ്ങൾ തമ്മിലുള്ള വികസനവിടവ് വലുതാവുകയും ചെയ്യുന്നു.

4. വിഭവ ഉപയോഗത്തിലെ നിയന്ത്രണങ്ങളും സുഗമമായ ബന്ധങ്ങൾക്ക് വിഘാതമാവുന്നു.

എന്നാൽ, ഇന്ന് വിദേശബന്ധങ്ങൾ കേവലം വ്യാപാരത്തിന്‌ മാത്രമല്ല, സാങ്കേതികവിദ്യ, പണം, മനുഷ്യവിഭവശേഷി എന്നിവയുടെ വിനിമയവും സാധ്യമാക്കുന്നു. പഠനം, ഗവേഷണം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഇവയെല്ലാം ആഗോളീകരണ കാലഘട്ടത്തിലെ നേട്ടങ്ങൾതന്നെയാണ്. സംസ്കാരവും ആചാരങ്ങളും ജീവിതവീക്ഷണവും പരസ്പരം പങ്കുവെയ്ക്കപ്പെടുന്നു. പലായനം പ്രോത്സാഹിപ്പിക്കപ്പെടുകയും ലോകം ചെറുതാവുകയും ചെയ്യുന്നു.

ലോക സാമ്പത്തികഭൂമിക ഇന്ന് ഇതിൽനിന്ന്‌ വ്യത്യസ്തമായ ഒരു പ്രശ്നത്തിന്റെ നടുവിലാണ്. ഇപ്രകാരമുള്ള സാംക്രമിക രോഗാവസ്ഥ ആരും പ്രതീക്ഷിച്ചതല്ല. പരസ്പരം പഴിചാരാതെ കൈത്താങ്ങാവുകയാണ് വേണ്ടത്. ഈ തുറന്ന സാമ്പത്തികവ്യവസ്ഥിതിയിൽ ലോകമെമ്പാടും ജാതി-വർഗ-രാജ്യഭേദമെന്യേ ഒരു അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. ആശങ്കയെക്കാളും ഭീതിയെക്കാളും ജാഗ്രതയും മുൻകരുതലുമാണ് ആവശ്യമായിരിക്കുന്നതെന്ന സർക്കാറിന്റെ വാക്കുകൾക്ക് കാതോർക്കാം.

ഈ സാഹചര്യത്തിൽ വ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കരുത്. ഉപഭോക്താക്കൾ അത്യാവശ്യവസ്തുക്കൾ ആവശ്യത്തിലധികമായി കൂട്ടിവെച്ച് ക്ഷാമം ഉണ്ടാക്കരുത്. പെട്ടെന്നുള്ള ആണവ ആഗോളയുദ്ധം, വൈറസ്ബാധകൾ അല്ലെങ്കിൽ ഇതുവരെ ചിന്തിച്ചിട്ടില്ലാത്തവിധം അപകടങ്ങൾ പോലുള്ള ദുരന്തങ്ങൾമൂലം ഭൂമിയിലെ ജീവിതം വിഷമത്തിലായേക്കാമെന്ന് സ്റ്റീഫൻ ഹോക്കിങ് മുൻകൂട്ടി പറഞ്ഞിരുന്നത് ഓർക്കുന്നു. ഇതനുസരിച്ച് അന്താരാഷ്ട്ര വ്യാപാരസൂചികകൾ ഇനിയും മാറാൻ സാധ്യതയുണ്ട്. പക്ഷേ, ഇതിനെയും അതിജീവിക്കാൻ നമുക്ക് സാധിക്കും. കാരണം നമ്മൾ അനുവദിക്കാതെ ഒരു ദുരന്തത്തിനും നമ്മെ കീഴ്‌പ്പെടുത്താനാവില്ല.