‘‘പണ്ട് നാട്ടിലാരുന്നപ്പോള്‍ ആഞ്ഞിലിയിലും മാവിലുമൊക്കെ കേറിനടന്നതൊക്കെയാണ് ഈ ’ആഞ്ഞിലിക്ക’ കാണുമ്പോള്‍ ഓര്‍മവരുന്നത്. അതുകൊണ്ടാണ് വഴിയില്‍ കണ്ടയുടനെ വണ്ടി നിര്‍ത്തി വാങ്ങിച്ചതും. എത്ര രൂപയാണേലും വാങ്ങാന്‍ നിശ്ചയിച്ചിട്ടാണ് ഇറങ്ങിയത്...’’ -കാക്കനാട്ട് നിന്ന് തേവരയിലേക്ക് പോകുന്ന വഴിയാണ് ജോണ്‍ കുര്യന്‍ പാലാരിവട്ടത്ത്‌ ആഞ്ഞിലിച്ചക്കകളുടെ ചെറുകൂമ്പാരം കണ്ടത്. കിഴക്കന്‍മേഖലയിലാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ ആഞ്ഞിലിയും ചക്കയുമൊക്കെയാണ് ഫേവ്‌റിറ്റ്. ഇപ്പോഴത്തെ കുട്ടികളിൽ ഇതൊക്കെ ഇഷ്ടപ്പെടുന്നവർ കുറവായിരിക്കും.

ആഞ്ഞിലിച്ചക്കയുടെ ചുള മാത്രമല്ല, കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കുമായിരുന്നു അന്നൊക്കെ. ആര്‍ക്കും വേണ്ടാതെ തറയില്‍വീണും ചീഞ്ഞും പോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോള്‍ എന്തുവിലകൊടുത്തായാലും വാങ്ങാന്‍ ആളുണ്ടെന്ന് ജോണ്‍ പറയുന്നു.

നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പർ മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കകള്‍ നിറഞ്ഞുകഴിഞ്ഞു. കുട്ടിക്കാലത്ത് ആഞ്ഞിലിച്ചുള നുണഞ്ഞ നൊസ്റ്റാള്‍ജിക് ഓര്‍മ നിലനിര്‍ത്താന്‍, ആഞ്ഞിലിച്ചക്ക വാങ്ങുന്നവരുടെ എണ്ണത്തിലും ഇന്ന്‌ വര്‍ധനയുണ്ട്.

നല്ല വലിപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കയ്ക്ക്‌ കിലോഗ്രാമിന് 150 രൂപയാണ് വില. ഒരു കിലോയില്‍ ഏകദേശം അഞ്ച് മുതല്‍ ആറെണ്ണം വരെയാണുള്ളത്.

ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ച്‌ തേനില്‍ ചാലിച്ച് കഴിക്കുന്നത് ആസ്ത്‌മയ്ക്കുള്ള മരുന്നായിട്ട് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. കൂടാതെ, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്കും ത്വക്‌രോഗങ്ങള്‍ക്കും ആഞ്ഞിലിക്കുരു നല്ല മരുന്നായി കണ്ടിരുന്നു. വിറ്റാമിന്‍ എ, സി എന്നിവയും പ്രൊട്ടീനും ആഞ്ഞിലിച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.

‘‘യാതൊരു കീടനാശിനിയും തളിച്ചിട്ടില്ല, അതുകൊണ്ട് അസുഖങ്ങളൊന്നും വരാന്‍ സാധ്യതയില്ല, കുന്ദംകുളത്ത് നിന്നാണ് ആഞ്ഞിലി ചക്കകള്‍ എത്തിക്കുന്നത്. ദിവസേന 20,000 രൂപയുടെ വില്‍പ്പന നടക്കുന്നുണ്ട്...’’ എന്നാണ് വ്യാപാരിയായ ദില്‍ഫി പറയുന്നത്. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 200 മുതല്‍ 250 രൂപ വരെ വിലവന്നിട്ടുണ്ട്. ഇത്തവണ കൊറോണ കാരണം ആവശ്യക്കാർ കുറച്ച് കുറവാണ്. മരത്തില്‍നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള ചെലവ്‌ കാരണമാണ് ആഞ്ഞിലിച്ചക്കയ്ക്ക്‌ വില കൂട്ടുന്നതെന്ന് ദില്‍ഫി പറഞ്ഞു.