ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്...ഇത്രേം കൊടുത്താൽപ്പിന്നെ പാൽ ശറപറാന്നും പറഞ്ഞിങ്ങ് ഒഴുകുകയായി...എന്നുപറഞ്ഞ്‌ ഇസ്ഹാഖിനെ ആരും പറ്റിച്ചില്ല. പാനൂർ നഗരസഭയിലെ പെരിങ്ങളം പുല്ലൂക്കരയിൽ സ്വന്തമായുള്ള 2.8 ഏക്കർ വെറുതെ കിടക്കുന്നു. 
വെല്ലുവിളികൾ ഏറ്റെടുത്ത്‌ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിച്ചിട്ടുള്ള ഇസ്ഹാഖ്‌ അങ്ങനെ പലരും മടിച്ചു നിൽക്കുന്ന പശുവളർത്തൽ തുടങ്ങാൻ തീരുമാനിച്ചു. എല്ലാത്തിനും പിന്തുണയുമായി ഭാര്യ സമീറയും നിന്നു. 
ഇപ്പോൾ ഒറ്റ ചിന്തമാത്രമാണ്‌ ഇസ്ഹാഖിന്റെ മനസ്സിലുള്ളത്‌. ഈ ബുദ്ധി എന്തേ നേരത്തേ തോന്നിയില്ല എന്ന്‌. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്‌ മോനേ ദാസാ എന്നുപറഞ്ഞ്‌ ഇസ്ഹാഖ്‌ ഫാമിലേക്ക്‌ നടക്കുന്നു.  
‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത്‌ പോലുള്ള  മനോഹരമായ ശബ്ദം’ ചുറ്റും മുഴങ്ങുന്നു. 
   കടവത്തൂരിലെ ഇരഞ്ഞീൻകീഴിൽ റോഡിൽ മീത്തലെ അഴകത്ത് വീട്ടിലാണ്‌ ഇസ്ഹാഖിന്റെ താമസം. 
കോയമ്പത്തൂരിലെ വ്യാപാരമേഖലയിലായിരുന്നു തുടക്കം. അബുദാബിയിലും തിരുപ്പൂരിലുമായി  റസ്റ്റോറന്റ്, ഹൈപ്പർ മാർക്കറ്റ്, മീൻമാർക്കറ്റ് എന്നിവയുടെ ശൃംഖലകൾ.
 എല്ലാം അധ്വാനത്തിന്റെ വിയർപ്പുതുള്ളികളിൽ പിറന്നവ. തുടർച്ചയായ ബിസിനസ് യാത്രകൾ. എല്ലാസ്ഥലത്തും കണ്ണെത്തണം. ഒഴിവുസമയങ്ങൾ കുറവ്. 
മധ്യവയസ്സിലും യുവാവിന്റെ പ്രസരിപ്പോടെ എല്ലാം ഓടിനടന്ന് നോക്കിനടത്തുന്നു. രണ്ട് മക്കളുണ്ട്. വിദേശത്തുള്ള ഇർഫാനും വിദ്യാർഥിയായ സായി സും.

ഗോശാലയുടെ പിറവി  

മുൻപരിചയമൊന്നുമില്ലാതെയാണ് പശുവളർത്തൽ തുടങ്ങിയത്‌. പല സംരംഭകരും മടിച്ചുനിൽക്കുന്ന പശുവളർത്തൽ അൽപ്പം വിപുലമായിത്തന്നെ തുടങ്ങാൻ തീരുമാനിച്ചു. പ്രയാസങ്ങൾ ഒത്തിരിയുണ്ടാകുമെങ്കിലും പറമ്പ് നന്നാകുമല്ലോ എന്നായിരുന്നു ചിന്ത. പറമ്പിലെ കാട് വെട്ടിത്തെളിക്കുമ്പോൾ തന്നെ പലരും ചോദിച്ചു. 'എന്താ പരിപാടി'? പശുവളർത്തൽ. ചിരിച്ചുതള്ളിയവരിൽ ചിലരെങ്കിലും പിന്നീട് പ്രോത്സാഹിപ്പിച്ചവരുടെ കൂട്ടത്തിലുമെത്തിയെന്ന് ഇസ്ഹാഖ്.
   മയ്യഴിപ്പുഴയോടുചേർന്ന്‌ കിടക്കുന്ന വിസ്തൃതമായ പുല്ലൂക്കര മഠത്തിൽ പറമ്പിലേക്കുള്ള വഴിതന്നെയായിരുന്നു ആദ്യകടമ്പ. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവുന്ന നാട്ടുവഴികൾ. നാട്ടുകാരുടെ സഹകരണത്തോടെ നീണ്ടുമെലിഞ്ഞ ഒരു റോഡുണ്ടാക്കി.
പറമ്പിൽ വിശാലമായ തൊഴുത്ത്, തൊട്ടടുത്ത് രണ്ട് കിണർ, ചെറിയ ഒരു കെട്ടിടം,  വൈദ്യുതി, ജോലിക്കാർ എല്ലാമായി. അതിനിടെ  പശുക്കൾക്കായുള്ള നെട്ടോട്ടം.  മുഴുവൻസമയവും ഊർജവും ഇതിനായി സമർപ്പിച്ചു.

എം.എ.സി. മിൽക്കോ ഫാം

ആറുമാസമായിട്ടേയുള്ളൂ പ്രവർത്തനം തുടങ്ങിയിട്ട്. ഇപ്പോൾ 22 പശുക്കൾ, 16 കിടാങ്ങൾ, ഒരു വലിയ കാള. സംഗീതസാന്ദ്രമായ തൊഴുത്തിൽ നല്ല കാറ്റും വെളിച്ചവും. ഓരോ പശുവിനും മുമ്പിലുള്ള പാത്രത്തിൽ കുടിക്കാൻ വെളളം. ഒരുതുള്ളി പാഴാവാതെ സ്വയം നിയന്ത്രണസംവിധാനത്തിലാണിത്. 
   ജേഴ്സി,  സങ്കരയിനം, നാടൻ എന്നിവയടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തിൽ പിശുക്ക് കാണിക്കാറില്ല.
16 എണ്ണത്തിന് കറവയുണ്ട്. 
230 ലിറ്റർ പാലാണ്  ശരാശരി ഉത്‌പാദനം. കൃത്യമായ പ്രത്യുത്പാദന പരിപാലനത്തിലൂടെ തൊഴുത്തിലെ പശുക്ക​െളയും പാലുത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിലനിർത്തുന്നതിലാണ് ശ്രദ്ധ. 
  പാലിന്റെ ഗുണമേന്മയിൽ നാട്ടുകാർക്ക്  വിശ്വാസമാണെന്നതിന് തെളിവ് രാവിലെ മുതൽ ഫാമിലെത്തുന്നവരുടെ തിരക്ക് തന്നെ. ലിറ്ററിന്‌ 55 രൂപയ്ക്കാണ് പാൽ വിൽപ്പന. മോര്, നെയ്യ് എന്നിവയുമുണ്ട്. 
ആവശ്യക്കാർക്ക് യഥേഷ്ടം കൊടുക്കാൻ തികയുന്നില്ല എന്നതാണ്  പ്രശ്നം. ചാണകവും പശുക്കിടാങ്ങളും വിൽപ്പനയ്ക്കുണ്ട്. പാൽ കൊടുക്കാനായി ഇസ്ഹാഖും ഭാര്യ സമീറയും 
അതിരാവിലെത്തന്നെ ഇവിടെയെത്തും. രണ്ട് ജോലിക്കാർ ഫാമിൽ കുടുംബസമേതം താമസിക്കുന്നു. ഫാമിനോട് ചേർന്ന് എല്ലാ സൗകര്യവുമുള്ള വീടുമുണ്ടവർക്ക്.    ഫാമിലെത്തുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും സമാധാനവും വേറെ ഒരു ലോകത്തും കിട്ടില്ല എന്ന് ഇസ്ഹാഖ്. 
അത്രയേറെ സ്വാതന്ത്ര്യവും സ്വച്ഛതയും ഈ മിണ്ടാപ്രാണികൾ തരുന്നു. ലാഭനഷ്ടങ്ങളുടെ കണക്കുകൾക്കപ്പുറത്താണ് അവയോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെന്നും ഇസ്ഹാഖ്‌.