ഭക്ഷണവും ആട്ടവും പാട്ടുമായി ഒരു ഷോപ്പിങ് ആയാലോ... അതും വാങ്ങാൻ ആഗ്രഹിച്ച ഉത്പന്നങ്ങൾ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ഒരു ഷോപ്പിങ്...? വിദേശ രാജ്യങ്ങളിൽ പ്രചാരമേറിയ ‘ഫ്ളീ മാർക്കറ്റ്’ ഇപ്പോൾ കേരളത്തിലും ക്ലിക്ക് ആയി വരികയാണ്. പലഭാഗങ്ങളിലുമുള്ള സംരംഭകരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള ഒരു വേദി ഒരുക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

ഫ്ളീ മാർക്കറ്റ്

സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾ വിൽക്കാനുള്ള വിപണിയാണ് വിദേശരാജ്യങ്ങളിൽ ഫ്ളീ മാർക്കറ്റ്. പ്രത്യേക സീസണുകളിലാണ് ഫ്ളീ മാർക്കറ്റ്‌ ഒരുക്കുക. ഉപയോഗിച്ച വസ്തുക്കൾ, ശേഖരണങ്ങൾ, പുരാവസ്തുക്കൾ, വിന്റേജ് വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഇതിന്റെ മുഖ്യ ആകർഷണം.
 തെരുവോര കച്ചവടങ്ങളിൽ നിന്ന്‌ വ്യത്യസ്തമാണിവ. ജോലിക്കാർ അടക്കം ഫ്ളീ മാർക്കറ്റിൽ വിൽപ്പനക്കാരായി എത്തും. ഓപ്പൺ ഏരിയയിലാണ് ഫ്ളീമാർക്കറ്റ് ഒരുക്കുന്നത്.
എന്നാൽ, കേരളത്തിൽ ഫ്ളീ മാർക്കറ്റ് വിദേശത്തെപ്പോലെയല്ല. പുതിയ ഉത്പന്നങ്ങൾ വിൽക്കാനുള്ള വിപണിയായാണ് ഫ്ളീ മാർക്കറ്റിനെ കാണുന്നത്. സ്വന്തമായി സ്റ്റോറുകൾ ഇല്ലാത്ത സംരംഭങ്ങളെ കൂട്ടിച്ചേർത്ത് അവർക്ക് ഒരു വേദി ഒരുക്കിക്കൊടുക്കുകയാണ്‌. 

 വിൽപ്പനയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഈ ഫ്ളീ മാർക്കറ്റിൽ ലഭിക്കും. വലിയ ബ്രാൻഡുകൾ അല്ലാത്ത എല്ലാവിധ ഉത്പന്നങ്ങളും വിലക്കുറവിലും ലഭ്യമാക്കുന്ന വേദികൂടിയാണ് ഫ്ളീ മാർക്കറ്റ്. ഷോപ്പിങ്ങിനൊപ്പം വ്യത്യസ്ത അനുഭവമാണ് ഇവിടെ ഒരുക്കുന്നത്. കലയും കായികവും കൂടി ചേരുന്നുണ്ട്‌ ഇവിടെ. മലയാളികൾക്കിത്‌ പുതു അനുഭവമാണ് നൽകുക. 
 വൈകുന്നേരങ്ങളിലാണ് ഫ്ളീ മാർക്കറ്റ്് ഒരുക്കുന്നത്. പ്രത്യേക രീതിയിലാണ് മാർക്കറ്റ് സജ്ജീകരിക്കുന്നത്. കാഴ്ചയ്ക്ക് വിസ്മയം ഒരുക്കുന്ന രീതിയിലാണ് അലങ്കാര ലൈറ്റുകളും ബാനറുകളും. 

ഫ്ളീ മാർക്കറ്റിലെ പെൺവിജയം

ഒരുപാട് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒരു ഫ്ളീ മാർക്കറ്റ് ഒരുക്കുന്നത്. ഒാരോ കാര്യവും ശ്രദ്ധയോടെ ചെയ്യുകയും അത് ആഗ്രഹിച്ചതുപോലെ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുമ്പോഴാണ് വിജയം കൈവരിക്കുക. ഇത്തരത്തിൽ ഫ്ളീ മാർക്ക് നടത്തി വിജയംകൊയ്ത രണ്ടുപേരുണ്ട്, കൊച്ചിക്കാരി മെറിൻ ആൻ പോളും ആലപ്പുഴക്കാരി ചിന്നു തെരേസ പോളും. ‘ഓൾ തിങ്‌സ് ബ്രൈറ്റ്’ എന്ന സംരംഭത്തിന്റെ സാരഥികളാണിവർ. 2019 ഏപ്രിലിൽ ആരംഭിച്ച സംരംഭം ഇതിനോടകം കൊച്ചി കേന്ദ്രീകരിച്ച് അഞ്ച് ഫ്ളീ മാർക്കറ്റുകളാണ് നടത്തിയിട്ടുള്ളത്. 

ബെംഗളൂരുവിൽ വച്ചുള്ള സൗഹൃമാണ് ചിന്നുവിനെയും മെറിനെയും പുതിയ സംരംഭത്തിലേക്ക് നയിച്ചത്. സ്വന്തം സംരംഭത്തിന്റെ ഉത്പന്നങ്ങൾ ഇവർ ഇവന്റുകൾ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന നടത്തിയിരുന്നത്. അങ്ങനെ പല മേളകളിലും പങ്കെടുത്തപ്പോഴാണ് സ്വന്തമായി ഫ്ളീ മാർക്കറ്റ് ഒരുക്കുക എന്ന ആശയത്തെക്കുറിച്ച് ഇവർ ആലോചിക്കുന്നത്. കൂടെ ഭർത്താക്കന്മാരുടെ പ്രോത്സാഹനം കൂടി കിട്ടിയതോടെയാണ് സംരംഭം ആരംഭിച്ചത്. 
ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവ വഴിയാണ് സംരംഭത്തിന്റെ പ്രചാരണം. ഫ്ളീ മാർക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സോഷ്യൽ മീഡിയ വഴിയാണ് ഇവർ പങ്കുവയ്ക്കുന്നത്. ഇടനിലക്കാരില്ലാതെ ഫ്ളീമാർക്കറ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന്  സ്ഥാപകരിൽ ഒരാളായ മെറിൻ വർഗീസ് പറഞ്ഞു. യാത്ര ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഫ്ളീമാർക്കറ്റ് ഒരുക്കാനും ഇവർക്ക്  പദ്ധതിയുണ്ട്. 

സംരംഭം നടത്തിയ ഫ്ളീ മാർക്കറ്റിൽ എല്ലാം കുറഞ്ഞത് 100 സംരംഭങ്ങൾ പങ്കെടുക്കുന്നുണ്ട്. സ്വന്തമായി ഷോപ്പുകൾ ഇല്ലാത്തവരാണ് കൂടുതലും. കേരളത്തിന് പുറത്തുള്ളവരും  ഫ്ളീമാർക്കറ്റിൽ വിൽപ്പനക്കാരായി എത്തുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക പ്ലേ ഏരിയയും  ഫ്ളീമാർക്കറ്റിലെ കാഴ്ചകളാണ്.  വൈകീട്ട് മൂന്നു മുതൽ രാത്രി പത്ത് വരെയാണ് ഫ്ളീമാർക്കറ്റ്  ഒരുക്കുന്നത്.
ഫ്ളീ മാർക്കറ്റ് കൂടാതെ ‘ഓൾ തിങ്‌സ് ബ്രൈറ്റ്’ സൺഡേ മാർക്കറ്റും നടത്താറുണ്ട്. ഇവിടെ ഷോപ്പിങ്ങിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. മൂന്നു മാസം കൂടുമ്പോൾ ഒരു ഞായറാഴ്ചയാണ് ‘സൺഡേ മാർക്കറ്റ്’ നടത്തുക. രാവിലെ മുതൽ വൈകീട്ട് വരെ തിരഞ്ഞെടുത്ത ഏതെങ്കിലും ഹാളുകളിലാണ് ഇവർ മാർക്കറ്റ് ഒരുക്കുന്നത്.