ചൂട് കൂടുന്നു... ഒപ്പം തീവിളികളും... വേനല്‍ കടുത്തതോടെ എറണാകുളത്ത് അഗ്നിരക്ഷാസേനയ്ക്ക് വിശ്രമമില്ലാതെയുള്ള ഓട്ടമാണ്. പുല്ല് കത്തലും മാലിന്യത്തീപിടിത്തങ്ങളും നിത്യസംഭവങ്ങളാകുന്നു. ജില്ലയിലെ ഫയര്‍‌സ്റ്റേഷനുകളില്‍ കുറഞ്ഞത് അഞ്ചു വിളികളെങ്കിലും ഈ വിഷയത്തില്‍ ദിനംപ്രതിയുണ്ട്. വേനല്‍ക്കാലം അഗ്നിരക്ഷാസേനയ്ക്ക് തീക്കാലമാണ്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ മാത്രം ഇത്തവണ എഴുപത്‌ കേസുകളില്‍ പോയി തീയണച്ചതായി അധികൃതര്‍ പറയുന്നു.

പുല്ലാണ് പുലിവാലാകുന്നത്

ജനുവരി മുതല്‍ ഏപ്രില്‍ വരെ അഗ്നിരക്ഷാസേന നിര്‍ത്താതെ ഓടേണ്ടിവരുന്നത് പുല്ലിന്റെ പിന്നാലെയാണ്. എവിടെനോക്കിയാലും പുല്ല്‌ കത്തുന്ന അവസ്ഥയാണെന്ന് അധികൃതര്‍തന്നെ പറയുന്നു. പുല്ലുകത്തല്‍ നിസ്സാരമായി അവഗണിക്കാമെന്ന് കരുതരുത്. പുല്ലിന്‌ തീപിടിച്ചാല്‍ കൃത്യസമയത്ത് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍, അത് ജനവാസപ്രദേശങ്ങളെ ഹാനികരമായി ബാധിച്ചേക്കാം.

പുല്ലുകത്തലിന്റെ പിന്നാലെ പോകേണ്ടിവരുമ്പോള്‍ മറ്റ്‌ അടിയന്തരപ്രശ്നങ്ങള്‍ക്ക്‌ കൃത്യമായി എത്താന്‍ കഴിയാത്ത സ്ഥിതിവരുമെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറയുന്നു. ഒഴിഞ്ഞപ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് തീപിടിത്തത്തിന്റെ പ്രധാന കാരണമാണ്. കൂടാതെ, ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പുല്ലുകള്‍ ഉണങ്ങിയിരിക്കുന്നതും അപകടം ഉണ്ടാക്കുന്നു. വേണ്ടത്ര ശ്രദ്ധയില്ലാതെയുള്ള പുല്ലും ചവറും കത്തിക്കലാണ് പിന്നീട് പ്രശ്നമായി മാറുന്നത്. അലസമായി വലിച്ചെറിയുന്ന എരിയുന്ന ഒരു സിഗററ്റ്‌ കുറ്റി മതി വലിയൊരു അപകടത്തിന് തിരികൊളുത്താന്‍. മാലിന്യത്തിന് മനപ്പൂര്‍വം ആളുകള്‍ തീയിടുന്നതും അപകടമുണ്ടാക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു.

കാറ്റ്‌ കൂടുതലുള്ള സമയത്ത് തീയിടാതിരിക്കുകയെന്നത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാറ്റിനൊപ്പം ചൂടുള്ള കാലാവസ്ഥ കൂടിയാകുമ്പോള്‍ തീ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകും. തീയാളിക്കത്തിയാല്‍ ജനങ്ങള്‍ക്ക് നിയന്ത്രണ വിധേയമാക്കല്‍ അസാധ്യമായി മാറും.

തീപിടിത്ത സാധ്യതാ പ്രദേശങ്ങള്‍:

ബ്രഹ്മപുരം

കലൂര്‍ മണപ്പാട്ടിപ്പറമ്പ്

ചക്കരപ്പറമ്പ്

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം

പുല്ലേപ്പടി

മനയ്ക്കക്കടവ് പാടം

വികാസ് ഭവന്‍ പരിസരം

എച്ച്.എം.ടി.

മെഡിക്കല്‍ കോളേജ് പരിസരം

പൊന്നുരുന്നി

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ടത്:

ഒഴിഞ്ഞ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതും തീയിടുന്നതും ഒഴിവാക്കുക

സിഗററ്റ് കുറ്റി വലിച്ചെറിയാതിരിക്കുക

ഫയര്‍ ബ്രേക്കറുകളുണ്ടാക്കി തീയിടുക

പുറമേ പച്ചപ്പുള്ള പുല്‍പ്രദേശങ്ങളില്‍ തീയിടുമ്പോള്‍ ശ്രദ്ധിക്കുക, അടിക്കാടുകള്‍ ഉണങ്ങിയതായിരിക്കും

ഉണക്കയിലകളും മാലിന്യങ്ങളും വീടിന് സമീപം കൂട്ടിയിടാതിരിക്കുക

കാറ്റുള്ള സമയത്ത് തീയിടുന്നത് ഒഴിവാക്കുക

തീയിടുമ്പോള്‍ മുന്‍കരുതലായി വെള്ളം കരുതി വെയ്ക്കുക

ഫ്ലാറ്റുകളിലെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗപ്രദമാണെന്ന് ഉറപ്പുവരുത്തുക

അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം റസിഡന്റ്സ് അസോസിയേഷനുകള്‍ നടപ്പിലാക്കണം

കരുതിയിരിക്കുകതന്നെ വേണം

ഫ്ലാറ്റുകളിലേയും വന്‍വ്യാപാരസ്ഥാപനങ്ങളിലേയും തീപിടിത്തങ്ങള്‍ നഗരത്തില്‍ ഭീതിപടര്‍ത്തിയിട്ട് അധികനാളായിട്ടില്ല. കഴിഞ്ഞമാസം ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചത് പരിസരവാസികളെ ദിവസങ്ങളോളമാണ് ശ്വാസംമുട്ടിച്ചത്.

തീകൊണ്ടുള്ള അപകടത്തേക്കാള്‍ ഭീകരമാണ് അതിനുശേഷമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. ശ്വാസം മുട്ടലും നെഞ്ചുവേദനയും ചുമയുമെല്ലാം ഇത്തരം പ്രദേശത്ത് താമസിക്കുന്നവരില്‍ നിന്ന്‌ ഒഴിഞ്ഞുപോകാതായി.

മാലിന്യങ്ങള്‍ കത്തിക്കുന്നത് കര്‍ശനമായി തടയുകയാണ് ഇതിനുള്ള പോംവഴി. മാലിന്യം ഒഴിഞ്ഞ പറമ്പുകളില്‍ കൊണ്ടിടുന്നത് നിറഞ്ഞുകവിയുമ്പോള്‍ കത്തിച്ചുകളയുന്നത് നഗരത്തില്‍ പലയിടത്തും പതിവാണ്.

തീയിട്ടുകഴിഞ്ഞ് പിന്നീട് അത് അണയ്ക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഫയര്‍ഫോഴ്‌സില്‍ വിളിയെത്തുക. പുല്ലിനും മാലിന്യത്തിനും തീപിടിച്ചാല്‍, തീയിട്ടവര്‍ ആരും ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

വലിയ വാട്ടര്‍ ടെന്‍ഡറുകള്‍ ഇടുങ്ങിയ വഴികളില്‍ ഓടിക്കുന്നത് ബുദ്ധിമുട്ടാണ്. തീപിടുത്തം അധികമാകുന്ന സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ മിനി വാട്ടര്‍ ടെന്‍ഡറുകളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

സുരക്ഷാ ബോധവത്കരണം പ്രധാനം

സുരക്ഷാബോധവത്കരണമാണ് അടിസ്ഥാനപരമായി വേണ്ടത്. പുല്ലിന് തീയിടുന്നവരും മാലിന്യം തള്ളുന്നവരും എല്ലാം ഇതിനെക്കുറിച്ച് ബോധ്യമുള്ളവരാകണം. അപകടങ്ങളുണ്ടായിക്കഴിഞ്ഞ് പരിഹാരം കാണുന്നതിനേക്കാള്‍, അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ ജനം പരിശ്രമിക്കുകയാണ് വേണ്ടതെന്ന് സേനാംഗങ്ങള്‍ പറയുന്നു.

റസി. അസോയേഷനുകളും ക്ലബ്ബുകളും സുരക്ഷാ ബോധവത്കരണം നിര്‍ബന്ധമാക്കണം. അഗ്നിരക്ഷാ സേനാവിഭാഗം നടത്തുന്ന ബോധകരണ ക്ലാസുകളില്‍ ഭാഗമാകണം.

അഗ്നിരക്ഷാസേനാ വിഭാഗത്തില്‍ നിന്ന്‌ ഓരോ തദ്ദേശ സ്വയഭരണ പ്രദേശങ്ങളിലേയും വാര്‍ഡുകളില്‍ ബീറ്റ് ഓഫീസറുടെ സേവനം ലഭ്യമാണ്. ബീറ്റ് ഓഫീസറുടെ നേതൃത്വത്തില്‍ അഗ്നിസാധ്യതാ പ്രദേശങ്ങള്‍, ഫ്ലാറ്റുകള്‍ എന്നിവയുടെ പരിശോധന നടത്തുന്നുണ്ട്. ബോധവത്കരണ ക്ലാസുകളും ബീറ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കും. എല്ലാ മാസവും അഞ്ചിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബീറ്റ് ഓഫീസര്‍ സമര്‍പ്പിക്കും.