കൊച്ചിയിലെ വില്ലിങ്ടണ്‍ ഐലന്‍ഡ് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. മനുഷ്യനിര്‍മിത ഐലന്‍ഡില്‍ കോടികളുടെ നിക്ഷേപമാണ് എത്താന്‍പോകുന്നത്. വന്‍കിട ഹോട്ടലുകള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങി വാണിജ്യ-വ്യവസായ ടൗണ്‍ഷിപ്പുതന്നെ ഇവിടെ ഒരുങ്ങും.
കൊച്ചിന്‍ തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്താണ് സമുച്ചയങ്ങള്‍ വരുന്നത്. ഇതിന് തുറമുഖ ട്രസ്റ്റ് സ്ഥലം പാട്ടവ്യവസ്ഥയില്‍ നല്‍കും. പാട്ടവ്യവസ്ഥയില്‍ നിശ്ചിത തുക തുറമുഖ ട്രസ്റ്റിന് നല്‍കും. പുതിയ പദ്ധതികളിലൂടെ 6000 കോടി രൂപയാണ് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ മാത്രം എത്തുക എന്നാണ് തുറമുഖ ട്രസ്റ്റ് കണക്കാക്കുന്നത്.
മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ഐലന്‍ഡിന്റെ തീരത്ത് 10 ഏക്കറിലാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഒരുങ്ങുന്നത്. മാരിടൈം യൂണിവേഴ്‌സിറ്റിക്ക് സമീപത്തായാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ആദ്യമായാണ് കൊച്ചി തുറമുഖത്തിന്റെ സ്ഥലത്ത് ആശുപത്രി ഉയരുന്നത്. ഏറ്റവും അത്യാധുനികമായ രീതിയിലുള്ള ആശുപത്രിയാകും ഇത്.
ഇതോടെ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി ഭാഗത്തുള്ളവര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സേവനങ്ങള്‍ തൊട്ടടുത്ത് ലഭ്യമാകും. ഇതുവഴി സമീപവാസികള്‍ക്ക് ജോലി ലഭിക്കാനും സാധ്യത ഏറെയാണ്. നിലവില്‍ ഗതാഗതക്കുരുക്ക് താണ്ടി നഗരത്തിലുള്ള ആശുപത്രികളിലെത്താന്‍ ചെലവാകുന്നതിന്റെ പകുതിസമയം മാത്രം മതിയാകും ഇവിടെ എത്താന്‍. പോര്‍ട്ടിലെ ജീവനക്കാര്‍ക്ക് ഇവിടെ ഇളവ് ലഭിക്കും.
ആറ് നിലകളിലാണ് ആശുപത്രി സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനോടകംതന്നെ വന്‍കിട ആശുപത്രി ശൃംഖലകള്‍ സ്ഥലമെടുക്കാന്‍ തുറമുഖ ട്രസ്റ്റിനെ സമീപിച്ചിട്ടുണ്ട്. 30 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ 33 കോടി രൂപയാണ് പോര്‍ട്ടിന് നല്‍കേണ്ടത്. പ്രവര്‍ത്തനച്ചെലവ് കമ്പനിയെടുക്കണം.
ഇന്ത്യയില്‍ 250 കിടക്കസൗകര്യമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമാണ് സ്ഥലമെടുക്കുന്നവര്‍ക്ക് വേണ്ടത്. ശരാശരി വാര്‍ഷിക വിറ്റുവരവ് 50 കോടി രൂപ വേണം.
മെഡിക്കല്‍ ടൂറിസ്റ്റുകളുടെ കൊച്ചി
മെഡിക്കല്‍ ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ് കൊച്ചി. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ 30 ശതമാനത്തോളം മെഡിക്കല്‍ ടൂറിസ്റ്റുകളാണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 70 ശതമാനത്തോളം കൊച്ചിയിലാണ് എത്തുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മെഡിക്കല്‍ ടൂറിസ്റ്റുകളില്‍ മുന്നില്‍. ഒമാന്‍, ബഹ്‌റൈന്‍, സൗദി എന്നിവിടങ്ങളിലുള്ളവരാണ് കൂടുതല്‍. കൂടാതെ മാലദ്വീപില്‍ നിന്നുള്ളവരും ചികിത്സതേടി എത്തുന്നുണ്ട്.
ആശുപത്രികള്‍ക്ക് സമീപത്തായുള്ള വന്‍കിട ഹോട്ടലുകളാണ് ഇവര്‍ ബുക്ക് ചെയ്യുന്നത്. 10 മുതല്‍ 20 ദിവസത്തോളമുള്ള പാക്കേജുകള്‍ എടുക്കുന്നവരും ഇതിലുണ്ട്. ഇവരില്‍ പലരും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ചെറായി, വൈപ്പിന്‍ തുടങ്ങിയ സ്ഥലങ്ങൾ സന്ദശിക്കുന്നുണ്ട്. പദ്ധതികൾ വരുന്നതോടെ മെഡിക്കൽ ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായി മാറും വില്ലിങ്ടണ്‍ ഐലന്‍ഡ്.
55 ഏക്കറില്‍ വികസനസ്വപ്‌നം
കണ്ണങ്ങാട്ട് പാലത്തിനും അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിനും അടുത്തായാണ് ബിസിനസ് ഡിസ്ട്രിക്ട് ആന്‍ഡ് ഹോസ്പിറ്റാലിറ്റി സെന്റർ ഒരുങ്ങുന്നത്. ഇതിനായി 55 ഏക്കറാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് കുതിപ്പേകുന്ന പദ്ധതികൂടിയായിരിക്കും ഇത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കളിസ്ഥലങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ ഉതകുന്ന തരത്തിലാണ് സ്ഥലം ഒരുക്കുന്നത്. 60 വര്‍ഷത്തേക്കാണ് സ്ഥലം പാട്ടത്തിന് നല്‍കുന്നത്. നേരത്തെ, 30 വര്‍ഷം വരെയാണ് സ്ഥലം പാട്ടത്തിന് അനുവദിച്ചിരുന്നത്.
ഇതുകൂടാതെ ബിസിനസ് ഡിസ്ട്രിക്ടിന് മാത്രമായി 14 ഏക്കര്‍ സ്ഥലം പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ വന്‍കിട ഗ്രൂപ്പുകളെയാണ് തേടുന്നത്.
കൂളായി നടക്കാൻ വാക്‌വേ
കണ്ണങ്ങാട്ട് പാലം മുതല്‍ ബി.ഒ.ടി. പാലം വരെയുള്ള വാക്‌വേയുടെ രണ്ടാംഘട്ട നവീകരണം നടന്നുവരികയാണ്. 2.01 കിലോമീറ്ററിലാണ് ഇവിടെ വാക്‌വേ ഒരുങ്ങുന്നത്. വന്‍കിട പദ്ധതികളോടൊപ്പം വില്ലിങ്ടണ്‍ ഐലന്‍ഡിന്റെ മുഖംമിനുക്കുന്ന പദ്ധതി കൂടിയാണ് വാക്‌വേ നവീകരണം.
ആധുനിക സൗകര്യങ്ങളോടെയാണ് വാക്‌വേ സൗന്ദര്യ വത്കരിക്കുന്നത്. ഒപ്പണ്‍ എയര്‍ തിയേറ്ററും വാക്‌വേയില്‍ ഒരുങ്ങും. കൂടാതെ ഇരിപ്പിടങ്ങൾ, നടപ്പാതകള്‍, ലൈറ്റുകള്‍ തുടങ്ങി വാഹന പാര്‍ക്കിങ് വരെ ഇവിടെ ലഭ്യമാക്കുന്നുണ്ട്.
സാധ്യതകളുമായി ലോജിസ്റ്റിക് ഹബ്ബ്
ഏറ്റവും കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കാവുന്ന പദ്ധതികളിലൊന്നാണ് ലോജിസ്റ്റിക് ഹബ്ബ്. 95 ഏക്കറാണ് ഇതിനായി മാത്രം മാറ്റിവെച്ചിട്ടുള്ളത്. ബിസിനസ് ഡിസ്ട്രിക്ടിനും മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനുമായി കണ്ടെത്തിയ സ്ഥലത്തിന് അടുത്തായാണ് ലോജിസ്റ്റിക് ഹബ്ബും ഒരുങ്ങുക. ഇതിനു പുറമേ, ബി.ഒ.ടി. ജങ്ഷനിലുള്ള മൂന്നര ഏക്കര്‍ സ്ഥലവും പാട്ടത്തിന് ലഭ്യമാണ്. എന്നാല്‍, ഇത് ചെറിയ ഏഴ് പ്ലോട്ടുകളായാണ് നല്‍കുന്നത്. അഞ്ച് പ്ലോട്ടുകള്‍ ജങ്ഷനോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. കൂടുതലും വാണിജ്യ ആവശ്യങ്ങള്‍ക്കായാണ് ഈ പ്ലോട്ടുകള്‍ നല്‍കുന്നത്. നിശ്ചിത മേഖലയില്‍ കഴിവുതെളിയിച്ച ഗ്രൂപ്പുകള്‍ക്ക് മാത്രമേ സ്ഥലം ഏറ്റെടുക്കാനാകുകയുള്ളൂ.