ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റും ലോക ചെസ് ചാമ്പ്യൻ ചലഞ്ചറുമായിരുന്ന നൈജൽ ഷോർട്ടിന്റെ കേരള സന്ദർശനത്തിലെ ഏറ്റവും ആവേശകരമായ രംഗമായിരുന്നു കൊച്ചിയിൽ തെളിഞ്ഞത്. ‘ചെസ് കേരള’യുടെ നേതൃത്വത്തിൽ ഒരുക്കിയ പരിപാടിയിൽ ഒരേസമയം 25 പേരുമായി നൈജൽ ഷോർട്ട് ചെസ് കളിച്ചു. കുട്ടികൾ മുതൽ പ്രായമായവർ വരെ നൈജലിന്റെ എതിരാളിയായി ചതുരംഗക്കളത്തിന് മുന്നിലെത്തിയിരുന്നു.
സബ് ജൂനിയർ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പ് കളിച്ച ജോൺ വേണിയും പൗർണമിയും ഗൗതം പ്രശാന്തും ജൂനിയർ വിഭാഗത്തിലെ ദേശീയ ചാമ്പ്യൻഷിപ്പ് കളിച്ച ബ്രെറ്റ്‌ലി സുനിലും അഞ്ജിത കൃഷ്ണകുമാറുമൊക്കെ കുട്ടികളുടെ കൂട്ടത്തിലെത്തിയപ്പോൾ, ‘ഫിഡേ റേറ്റഡ്’ താരം യൂനസും പി.വി. ഗിരീഷും മണികണ്ഠനുമൊക്കെ സീനിയേഴ്‌സായി നൈജലിനെ നേരിടാനെത്തിയിരുന്നു.
അനായാസം കൂൾ മാസ്റ്റർ
നൈജൽ മത്സരവേദിയിലേക്കെത്തുമ്പോൾ നിറഞ്ഞ കൈയടികളോടെയാണ് എതിരാളികൾ സ്വീകരിച്ചത്. കളി തുടങ്ങുന്നതിനു മുമ്പേ മത്സരത്തിന്റെ നിയമാവലികൾ നൈജൽ വിശദീകരിച്ചു.
‘വിവിധ തുറകളിൽ നിന്നുള്ള വ്യത്യസ്തരായ ആളുകളാണ് നിങ്ങളൊക്കെ. നമ്മൾ തമ്മിൽ കളിക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കണം. ഞാൻ ഓരോ തവണയും നിങ്ങളുടെ മുന്നിലെത്തുമ്പോൾ മാത്രമേ നിങ്ങളുടെ കരു നീക്കാൻ പാടുള്ളൂ. ഞാൻ നിങ്ങളുടെ മുന്നിലെത്തിയ ശേഷം പാസ് അനുവദിക്കില്ല. വെള്ളക്കരുവിലാകും ഞാൻ കളിച്ചുതുടങ്ങുന്നത്. നിങ്ങളുടെ കൈയിലെ ഫോണും മറ്റു സാധനങ്ങളും മറ്റുള്ളവരെ ഏൽപ്പിക്കുക. കളിക്കിടെ പരസ്പരം സംസാരിക്കാനോ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ പാടില്ല. എന്നാൽ പിന്നെ, നമുക്ക് കളിച്ചുതുടങ്ങാല്ലേ...’
എല്ലാവർക്കും ‘ഗുഡ് ലക്ക്’ പറഞ്ഞ് കളി തുടങ്ങുംമുമ്പേ നൈജൽ പിരിമുറുക്കം കുറയ്ക്കാനെന്നതുപോലെ ഒരു തമാശ പൊട്ടിച്ചു: ‘നിങ്ങൾക്ക് അധികം ഗുഡ് ലക്ക് നേരുന്നില്ല... എനിക്കും ജയിക്കണമല്ലോ...’
രാജാവ് സാക്ഷി
‘രാജാവി’ന് മുന്നിലുള്ള ‘കാലാളി’നെ മുന്നോട്ടു നീക്കി വെളുത്ത കരുവിലാണ് നൈജൽ കളി തുടങ്ങിയത്. വലതുകൈ പാന്റ്‌സിന്റെ പോക്കറ്റിലിട്ട്, ഇടതുകൈ കൊണ്ടായിരുന്നു നൈജലിന്റെ കരുനീക്കങ്ങൾ. ആദ്യ റൗണ്ടിൽ അതിവേഗത്തിൽ നൈജൽ കരുനീക്കം നടത്തിയപ്പോൾ, എതിരാളികളിൽ പലരും ആശയക്കുഴപ്പത്തിലായിരുന്നു. പുഞ്ചിരിയോടെതന്നെ ഓരോ എതിരാളിയുടേയും മുന്നിലെത്തിയ നൈജൽ രണ്ടുമൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ പതിയെ ഗൗരവത്തിലേക്ക് കൂടുമാറി.
‘ബിഷപ്പി’നെയും ‘കുതിര’യേയും എതിരാളിയുടെ മുന്നിലേക്ക് ഇട്ടുകൊടുത്ത് നൈജൽ നടത്തിയ നീക്കം പലരേയും ഞെട്ടിച്ചു. ബിഷപ്പിനേയും കുതിരയേയും ബലിനൽകുന്ന നൈജലിന്റെ കെണിയിൽ പോയി വീണാലുണ്ടാകുന്ന അപകടത്തെപ്പറ്റി ആലോചിച്ച് പലരും തലപുകച്ചു.
എന്തൊക്കെ ഭാവങ്ങളാണെന്നോ...?
അഞ്ചു റൗണ്ട് കഴിഞ്ഞതോടെ നൈജൽ കോട്ട് ഊരി കളിമുറ്റത്തിന് നടുവിലെ കസേരയിൽ വിരിച്ചിട്ടു. ആലോചനയുടെ പാരമ്യത്തിൽ ചിലപ്പോൾ രണ്ടു കൈയും നൈജൽ പാന്റ്‌സിന്റെ പോക്കറ്റിലിട്ടു. പിന്നെ, ഇടതുകൈ പോക്കറ്റിലിട്ട് വലതുകൈ കൊണ്ടായി കരുനീക്കങ്ങൾ. ചിലനേരത്ത് ഒരുകൈ കൊണ്ട് നെറ്റിയിൽ തടവി അൽപ്പനേരം നിൽക്കും. ചിലപ്പോൾ കണ്ണുകളടച്ച് താടിയിൽ കൈവെച്ച് നിൽക്കും. ചില നേരത്ത് രണ്ടും കൈയുംകെട്ടി നിൽക്കുന്നു. മറ്റു ചിലപ്പോൾ രണ്ടുകൈ കൊണ്ടും മുഖം പൊത്തി നിന്നു... ഭാവങ്ങൾ പലത് മുന്നിൽ തെളിഞ്ഞപ്പോഴും മാറ്റമില്ലാതെ ഒന്നുണ്ടായിരുന്നു... അനായാസ നീക്കങ്ങൾ.
കേരളം മനോഹരം
‘ചെസ് കേരള’ പ്രസിഡന്റ് എൻ.ആർ. അനിൽകുമാറും വൈസ് പ്രസിഡന്റ് എം.ബി. മുരളീധരനും മുതിർന്ന ചെസ് താരം പി.വി.എൻ. നമ്പൂതിരിപ്പാടും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ പരിപാടി. കേരളയാത്രയുടെ ഹരമാണ് മത്സരത്തിനായി എത്തിയ നേരത്തും നൈജൽ പങ്കുവെച്ചത്.
‘കേരളം എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ആലപ്പുഴയിൽ പോയപ്പോൾ നടത്തിയ ബോട്ടുയാത്ര മനോഹരമായിരുന്നു. ജീവിതത്തിലെ ഏറ്റവും ആസ്വാദ്യമായ നിമിഷങ്ങളാണ് ബോട്ടുയാത്ര സമ്മാനിച്ചത്. കേരളത്തിലെ ഭക്ഷണവും എനിക്ക് ഒരുപാടിഷ്ടമായി. എരിവുള്ള ഭക്ഷണം ഞാൻ അധികം കഴിക്കാറില്ല. പക്ഷേ, ഇവിടെ എരിവുള്ള മീൻകറി കഴിച്ചപ്പോൾ ഒരുപാടിഷ്ടമായി. ഒരുകാര്യം പറയാം, കേരളത്തിലേക്ക് ഇനിയും വരാൻ എനിക്ക് ഒരുപാടിഷ്ടമാണ്...’ -കേരളത്തെപ്പറ്റി പറയുമ്പോൾ നൈജലിന്റെ മുഖത്ത് മനോഹരമായ ചിരി വിടർന്നു.