പ്രളയത്തിന്റെ കൊടുംതണുപ്പ് ശരീരത്തെ സ്പർശിച്ചുതുടങ്ങിയത് അന്ന് അർധരാത്രി ഭൂതത്താൻകെട്ടിലെ വെള്ളത്തെ തൊടുമ്പോഴായിരുന്നു... പിറ്റേന്ന് പുലർച്ചെ ഇടമലയാർ ഡാമിന്റെ മുകൾത്തട്ടിലെത്തുമ്പോൾ രൗദ്രഭാവത്തിൽ താഴേക്ക് ചാടിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഹുങ്കാരം കാതിൽ പേടിയായി നിറഞ്ഞു... വരാനിരുന്ന മഹാപ്രളയത്തിന്റെ മുന്നറിയിപ്പായിരുന്നു രൗദ്രഭാവമാർന്ന ആ ഹുങ്കാരമെന്ന് അപ്പോൾ തിരിച്ചറിഞ്ഞില്ല.
മലയിറങ്ങി വന്നത് പക്ഷേ, മഹാപ്രളയത്തിന്റെ ഒരിക്കലും മറക്കാനാകാത്ത ഒരുപാട് കാഴ്ചകളിലേക്കായിരുന്നു... കേരളം മുങ്ങിപ്പോയ മഹാപ്രളയത്തിന്റെ ദിനരാത്രങ്ങൾ... ഒരു മാസക്കാലത്തിനിടയിൽ എത്രയോ പ്രളയക്കാഴ്ചകളിലൂടെയാണ് സഞ്ചരിച്ചത്. തിരിഞ്ഞുനോക്കുമ്പോൾ ഒരു കടൽ നീന്തിക്കയറി വന്നതുപോലെ തോന്നിയിരുന്നു.
ഇപ്പോൾ ആ ഓർമകളുടെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുമ്പോൾ, മറ്റൊരു പ്രളയത്തിന്റെ വേദനകൾ തന്നെയാണ് നമ്മളെയെല്ലാം പുണരുന്നത്. കഴിഞ്ഞതവണത്തെ അത്ര തീക്ഷ്ണമല്ലെങ്കിലും ഇത്തവണയും ജലംകൊണ്ടേറ്റ മുറിവുകളെല്ലാം വേദന കിനിയുന്നവ തന്നെയാണ്.
ഇടമലയാർ തുറന്നപ്പോൾ
മഞ്ഞും മഴയും പെയ്യുന്ന ആ രാത്രിയിൽ ഭൂതത്താൻകെട്ടിലെ ചെക്പോസ്റ്റ് തുറക്കുന്നതും കാത്തിരുന്നത് നാലുമണിക്കൂറാണ്... പുലർച്ചെ നാലുമണിയോടെ ചെക്പോസ്റ്റ് തുറന്നതോടെ മാധ്യമപ്പടയുടെ വാഹനങ്ങൾ കാടിനകത്തേക്ക്... കനത്തമഴയിൽ കാഴ്ചകൾ മങ്ങിയ വഴികളിലൂടെ ഉയരങ്ങൾ താണ്ടി ഇടമലയാർ ഡാമിന്റെ മുകൾത്തട്ടിലെത്തുമ്പോൾ നേരം അഞ്ചുമണിയായിരുന്നു.
കാത്തിരിപ്പ് അധികം നീണ്ടുനിന്നില്ല... വാച്ചിൽ അഞ്ചുമണി തെളിഞ്ഞപ്പോൾ മുന്നിലെ മഞ്ഞുമൂടിയ താഴ്വരയിൽ ആ ദൃശ്യവും ശബ്ദവും തെളിഞ്ഞു... ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ വെളുത്ത പഞ്ഞിക്കെട്ടുകൾ ചേർത്തുവെച്ച വലിയൊരു കിടക്കപോലെ മുന്നിൽ ഹുങ്കാരശബ്ദത്തിൽ വെള്ളച്ചാട്ടം രൂപംകൊള്ളുന്നു.
ഒരു മണിക്കൂർ തുറന്നിടുമെന്ന് ആദ്യം പറഞ്ഞ ഷട്ടറുകൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും അടയ്ക്കാതായതോടെ സ്ഥിതി അതീവഗുരുതരമാണെന്ന് മനസ്സിലായി. ഒമ്പതുമണി കഴിഞ്ഞപ്പോൾ വെള്ളം പാഞ്ഞുപോയ വഴികളിൽനിന്നുള്ള പ്രളയവാർത്തകൾ കാതോരമെത്തിത്തുടങ്ങി.
ഡാമിൽ നിന്നുള്ള വെള്ളം വടാട്ടുപാറ പലവൻവടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വെച്ച് കുട്ടമ്പുഴയാറുമായി ചേരുന്നു. തുടർന്ന്, തട്ടേക്കാടിലൂടെ ഒഴുകുന്ന വെള്ളം ഭൂതത്താൻകെട്ടിന് ഒരു കി.മീ. മുകളിൽ കൂട്ടിക്കൽ ഭാഗത്തുവെച്ച് പെരിയാറുമായി കൂടിച്ചേരുന്നു. ഭൂതത്താൻകെട്ടിൽ നിന്ന് പാണിയേലി, മലയാറ്റൂർ, കാലടി, ആലുവ വഴി വെള്ളം അറബിക്കടലിലേക്ക്... ഇവിടങ്ങളിലെല്ലാം പെരിയാർ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു.
ഇത്തവണ ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ പ്രവാഹമുണ്ടായില്ലെങ്കിലും പെരിയാറിന്റെ കൈവഴികളായ തോടുകൾ പലതും കരകവിഞ്ഞതാണ് ജില്ലയുടെ പലഭാഗങ്ങളേയും പ്രളയത്തിൽ മുക്കിയത്.
വർഗീസ് വിടചൊല്ലുമ്പോൾ
വെള്ളം ഒഴുകിയെത്തിയ വഴികളിലൂടെയുള്ള യാത്രയ്ക്കായി ഇടമലയാറിൽ നിന്ന് ആദ്യമെത്തിയത് ഭൂതത്താൻകെട്ടിലാണ്. പൂയംകുട്ടിയിൽ നിന്ന് മണികണ്ഠൻചാലിലേക്കുള്ള പാലം വെള്ളം മൂടിയിരിക്കുന്നു... റോഡ് പൊടുന്നനെ അവസാനിക്കുകയും മുന്നിൽ കലക്കവെള്ളം നിറഞ്ഞതും നോക്കി കുറേനേരം വെറുതെനിന്നു. കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയിലൂടെ ആടിയുലഞ്ഞുവരുന്ന തോണിയുടെ കാഴ്ച പെട്ടെന്നാണ് മുന്നിൽ തെളിഞ്ഞത്.
തോണി ഒരു വിധത്തിൽ കരക്കടുപ്പിച്ച് അവരെല്ലാം ഇറങ്ങിയപ്പോഴാണ് തോണിയിലെ ആ ‘യാത്രക്കാര’നെ കണ്ടത്. വെള്ളപുതച്ച് നിത്യശാന്തതയിൽ ഉറങ്ങുന്ന വർഗീസ്... മണികണ്ഠൻചാലിൽ വെള്ളം കയറിയതറിഞ്ഞ് കുഴഞ്ഞുവീണുമരിച്ച വർഗീസിന്റെ മൃതദേഹം സംസ്കരിക്കാനായി ഇക്കരെയുള്ള പള്ളിയിലെത്തിക്കാൻ തോണിയിലെ സാഹസിക യാത്രയല്ലാതെ മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ പ്രളയം സമ്മാനിച്ച ഒരിക്കലും മായാത്ത ഓർമകളിൽ ഒന്നായിരുന്നു വർഗീസ് വിടചൊല്ലിയ ആ കാഴ്ച.
ഇത്തവണയും പ്രളയം മണികണ്ഠൻചാലിന് ഒരുപാട് മുറിവുകൾ സമ്മാനിച്ചിരുന്നു. ‘കാലം എത്ര മാറിയാലും എത്രപ്രളയം വന്നാലും ഞങ്ങൾക്ക് വിധിച്ചിരിക്കുന്നത് വേദനകൾ മാത്രമാണ്’ എന്ന് മണികണ്ഠൻചാലിലുള്ളവർ പറയുന്നത് വെറുതെയല്ല.
ദേശീയപാതയിലെ ‘ടൈറ്റാനിക്’
‘ടൈറ്റാനിക്’ എന്ന ഹോളിവുഡ് സിനിമയിലെ ദൃശ്യം പോലെയാണ് ആ കാഴ്ച കൺമുന്നിൽ നിറഞ്ഞത്. വെള്ളം ഇരച്ചെത്തി കടലിന്റെ ആഴങ്ങളിലേക്ക് താഴുന്ന കപ്പലിനെ ഓർമിപ്പിച്ചതുപോലെ മുന്നിൽ മെട്രോ സ്റ്റേഷൻ... ആലുവ കമ്പനിപ്പടിയിലെ മെട്രോ സ്റ്റേഷന് മുന്നിലെ ദേശീയപാതയിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കാർ അടക്കമുള്ള ചെറിയ വാഹനങ്ങൾ മുങ്ങിപ്പോകുന്ന വെള്ളക്കെട്ടിലൂടെ ഒരുവിധത്തിൽ മുന്നോട്ടുപോയത് ലോറികളും ബസുകളും അടക്കമുള്ള വലിയ വാഹനങ്ങൾ മാത്രം. അതും ഏറെ നേരം നീണ്ടുനിന്നില്ല.
എറണാകുളത്ത് നിന്ന് ആലുവ ഭാഗത്തേക്കുള്ള റോഡ് നാലടിയോളം വെള്ളത്തിനടിയിലായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടപ്പോൾ മറുവശത്തേക്കുള്ള റോഡിൽ ഭാഗികമായി ഗതാഗതം നടത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പോലീസും നാട്ടുകാരും. എന്നാൽ, വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിൽ റോഡ് ഇടിഞ്ഞുതുടങ്ങിയെന്ന് കണ്ടതോടെ അതുവഴിയുള്ള ഗതാഗതവും തടയുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല.
എത്രയോ ദിവസമാണ് ദേശീയ പാതയിലെ ഗതാഗതം മുടങ്ങി എറണാകുളത്തേക്ക് യാത്ര ചെയ്യാനാകാതെ കഷ്ടപ്പെട്ടത്...
ഇത്തവണ മെട്രോ സ്റ്റേഷന്റെ അടുത്തായി അമ്പാട്ടുകാവിൽ ദേശീയപാതയിൽ വെള്ളംകയറി രണ്ടുദിവസം ഗതാഗതതടസ്സമുണ്ടായി. പ്രദേശത്ത് വലിയ ട്രാഫിക് ബ്ലോക്കിന് ഇടയാക്കിയതായിരുന്നു ഇത്തവണത്തെ പ്രളയം.
പെരിയാറിനപ്പുറം
കലങ്ങിമറിഞ്ഞൊഴുകുന്ന പെരിയാറിന് കുറുകെ ആലുവ മാർത്താണ്ഡവർമ പാലം കടന്ന് പറവൂർ കവലയിലേക്കെത്തുമ്പോൾ യുദ്ധസമാനമായിരുന്നു മുന്നിലെ കാഴ്ചകൾ... രൗദ്രഭാവത്തിൽ കരയിലേക്ക് കവിഞ്ഞെത്തിയ പെരിയാർ ദേശീയപാതയെ പൂർണമായി മൂടിക്കഴിഞ്ഞിരിക്കുന്നു. കടുങ്ങല്ലൂർ കവല മുതൽ മുന്നോട്ടേക്ക് റോഡും പുഴയും ഒരുപോലെ.
ആലുവ മണപ്പുറത്ത് നിന്നുള്ള റോഡിലൂടെ ഇരച്ചെത്തുന്ന വെള്ളം ദേശീയപാത കടന്ന് കടുങ്ങല്ലൂർ റോഡിലേക്ക് ഒരാൾപ്പൊക്കത്തിൽ വരെ പടർന്നിരിക്കുന്നു. സൈനികരും ആംബുലൻസുകളും പോലീസ് വാഹനങ്ങളും രക്ഷാപ്രവർത്തകരും ഒക്കെയായി ആകെ ബഹളം. പുഴയായ റോഡിലൂടെ രക്ഷാപ്രവർത്തകർ തോണിയിലും മറ്റുമായി രക്ഷിച്ചുകൊണ്ടുവരുന്നവരെ കാത്ത് ബന്ധുക്കളും നാട്ടുകാരും പാലത്തിനടുത്ത് കാത്തുനിൽക്കുന്നു.
കടുങ്ങല്ലൂർ ഭാഗത്ത് കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിന്റെ കാഴ്ചകളായിരുന്നു ചുറ്റും നിറഞ്ഞത്. തോണികളിൽ കയറ്റിക്കൊണ്ടുവന്ന് തീരത്ത് ഇറക്കുന്നവരെല്ലാം വലിയ ക്ഷീണത്തിലും ദൈന്യത്തിലുമായിരുന്നു. വീടും സാധനങ്ങളുമെല്ലാം നശിച്ചതിന്റെ സങ്കടവും കൂടിയായപ്പോൾ പലരും കരഞ്ഞുകൊണ്ടാണ് തീരത്ത് വന്നിറങ്ങിയത്.
ഇത്തവണ ആ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയെങ്കിലും ദേശീയപാതയിലും കടുങ്ങല്ലൂരിലേക്കുള്ള റോഡിലും വെള്ളക്കെട്ടുണ്ടായിരുന്നില്ല.
അഭയാർത്ഥിത്തുരുത്തിൽ
ഒരാൾപ്പൊക്കത്തിലുള്ള വെള്ളക്കെട്ടിനെ വകഞ്ഞുമാറ്റി, ആടിയുലഞ്ഞ് മുന്നോട്ടുപോയ ടിപ്പർ ലോറിയിൽ അള്ളിപ്പിടിച്ച് നിൽക്കുമ്പോൾ ചുറ്റും പ്രളയത്തിന്റെ ഇരമ്പലുകൾ മാത്രമായിരുന്നു. വെള്ളം നീന്തി ചെന്നിറങ്ങിയത് ‘അഭയാർത്ഥിത്തുരുത്തി’ൽ. ആലുവ യു.സി. കോളേജിനെ ഈ വാചകത്തിലല്ലാതെ മറ്റൊന്നുകൊണ്ടും അപ്പോൾ വിശേഷിപ്പിക്കാനാകുമായിരുന്നില്ല. പെരിയാർ കരകവിഞ്ഞ് കൺമുന്നിൽ പ്രളയം നിറഞ്ഞപ്പോൾ, ജീവൻരക്ഷിക്കാൻ അവരെല്ലാം ചെന്നണഞ്ഞത് ഉയരമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന യു.സി. കോളേജിലേക്കായിരുന്നു.
ആദ്യം 500 പേരെ പ്രതീക്ഷിച്ച ക്യാമ്പിലേക്ക് മൂന്നുദിവസങ്ങളിലായി ഒഴുകിയെത്തിയത് 15000-ത്തിലേറെ ആളുകളാണ്. ടിപ്പർ ലോറിയിൽ നിന്ന് കോളേജിന്റെ മുറ്റത്ത് കാലുകുത്തിയ നിമിഷം മുതൽ കൺമുന്നിൽ നിറഞ്ഞത് ദുരിതത്തിന്റെ കാഴ്ചകൾ മാത്രമായിരുന്നു. ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസമായെങ്കിലും ആശങ്കയുടെ തുരുത്തായി ക്യാമ്പ് മാറിയ കാഴ്ചകൾ ഒരേസമയം ഭീകരവും ദയനീയവുമായിരുന്നു.
ആംബുലൻസുകളുടെയും ടിപ്പർലോറികളുടെയും ഇരമ്പലുകൾ... ഡെറ്റോളിന്റെയും മരുന്നിന്റെയും രൂക്ഷമായ ഗന്ധം... വാവിട്ട് കരയുന്ന കൈക്കുഞ്ഞുങ്ങളെ മാറോടടക്കി താരാട്ടുപാടാനും കരച്ചിൽ മാറ്റാനും ശ്രമിക്കുന്ന അമ്മമാർ... നിറവയർ താങ്ങിപ്പിടിച്ച് നടക്കാൻ ശ്രമിക്കുന്ന പൂർണഗർഭിണികളായ സ്ത്രീകൾ... വെറുംതറയിൽ വിരിച്ച ചെറിയൊരു ഷീറ്റിൽ ചുരുണ്ടികൂടി കിടക്കുന്ന വൃദ്ധജനങ്ങൾ... ഭക്ഷണത്തിനായി അര കിലോമീറ്ററിലേറെ നീണ്ട ക്യൂവിൽ നിൽക്കുന്ന പുരുഷൻമാർ... അവസാനതുള്ളി ചാർജും തീർന്ന മൊബൈൽഫോൺ കൈയിൽ പിടിച്ച് ഉറ്റവരെ ബന്ധപ്പെടാനാകാത്ത സങ്കടത്തിൽ വിങ്ങിപ്പൊട്ടി നിൽക്കുന്നവർ... ഇരുട്ടുമൂടിയ ഓഡിറ്റോറിയത്തിൽ മെഴുകുതിരികളുടെ ഇത്തിരിവെട്ടത്തിൽ ‘രജിസ്ട്രേഷൻ’ എന്ന സംവിധാനത്തിന് കിണഞ്ഞുശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്ന വൊളന്റിയർമാർ... എവിടേക്കു നോക്കിയാലും കാഴ്ചകളുടെ ഫ്രെയിമുകളിൽ ദുരിതങ്ങളും ആശങ്കകളും മാത്രമാണ് നിറഞ്ഞുകൊണ്ടിരുന്നത്.
ഇത്തവണ യു.സി. കോളേജിൽ ദുരിതാശ്വാസ ക്യാമ്പുണ്ടായില്ലെങ്കിലും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ പലതിലും ക്യാമ്പുകളുണ്ടായിരുന്നു.
എന്നും എപ്പോഴും മുറിവുകൾ
ജലംകൊണ്ടേറ്റ മുറിവുകൾ തേടിയുള്ള യാത്രയ്ക്കിടയിൽ കഴിഞ്ഞ പ്രളയകാലത്ത് എത്രയോ കാഴ്ചകളാണ് കണ്ടത്... ഭൂതത്താൻകെട്ടിലെ ജലത്തിൽ തൊട്ടപ്പോൾ അനുഭവിച്ച തണുപ്പ് മുതൽ അഭയാർത്ഥിത്തുരുത്തിലെ ദുരിതങ്ങളും ആശങ്കകളും വരെയായി എത്രയോ കാഴ്ചകൾ... എല്ലാം അക്ഷരങ്ങളിലാക്കി പറയാൻ കഴിയുന്നവയായിരുന്നില്ല. എന്നാൽ, ജലംകൊണ്ടേറ്റ മുറിവുകൾ എത്രയോ ഭീകരമാണെന്ന് ഓരോ കാഴ്ചകളും അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.
ഇത്തവണത്തെ പ്രളയത്തിന് കഴിഞ്ഞതവണത്തെ അത്ര തീക്ഷ്ണതയുണ്ടായിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ, ഒരിക്കൽക്കൂടി ജലത്തിന്റെ മുറിവുകൾ ഏൽക്കപ്പെടാൻ വിധിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ സങ്കടങ്ങൾ ഇപ്പോഴും നമുക്കുചുറ്റും പെയ്യുന്നുണ്ട്...
ജലംകൊണ്ടേറ്റ മുറിവുകളുടെ വാർഷികത്തിൽ ആരും ആഗ്രഹിച്ചുപോകുന്നത് ഒന്നുമാത്രം... ഇനിയൊരിക്കലും തെളിയാതിരിക്കട്ടെ ഈ കാഴ്ചകൾ.