1945-ല്‍ കൊച്ചി നിയമസഭയുടെ ആദ്യസമ്മേളനം നടക്കുകയാണ്... ഹരിജന്‍ വിഭാഗത്തില്‍നിന്ന് നാമനിർദേശം ചെയ്ത കോണ്‍ഗ്രസുകാരനായ ‘കെ. കൊച്ചുകുട്ടന്‍’ പെട്ടെെന്നഴുന്നേറ്റ്, തൃശ്ശൂര്‍ ഏനമ്മാവ് പെരിങ്ങോട്ടുകരയിലെ ഹരിജനങ്ങളെ ജന്മികള്‍ ഇറക്കിവിടുന്ന വിഷയം ഉന്നയിച്ചു. അവിടത്തെ ചെത്തുതൊഴിലാളി സമരമാണ്, കുടികിടപ്പുകാരായ ഹരിജനങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന്‌ ഇറക്കിവിടാന്‍ ജന്മികള്‍ക്ക് പ്രേരണയായത്. ഇതിനെതിരേ ഒരു പ്രമേയം കൊച്ചുകുട്ടന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പ്രമേയം ഏകകണ്ഠമായി സഭ അംഗീകരിക്കുകയും അന്നുതന്നെ കൊച്ചി രാജാവ് ‘തുല്യംചാര്‍ത്തി’ വിളംബരമിറക്കുകയും ചെയ്തതോടെ കുടികിടപ്പുകാരെ ഒഴിപ്പിക്കാന്‍ പാടില്ലെന്നായി.

ഇന്ത്യയില്‍ പില്‍ക്കാലത്ത് നടപ്പായ ഭൂപരിഷ്കരണ നിയമങ്ങളുടെ ആദ്യപടിയായിരുന്നു അത്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍, ‘രാജ്യത്തുണ്ടായ ആദ്യത്തെ ഭൂപരിഷ്കരണ നിയമം’. അതിനുമുന്‍പ് ഇടപ്പള്ളി രാജാവ് കുടികിടപ്പുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത്‌ വാക്കാലായിരുന്നു.

കൊച്ചി രാജ്യത്ത് കോണ്‍ഗ്രസിന് അടിത്തറയിട്ടവരിലൊരാളായ കൊച്ചുകുട്ടനാണ് കേരളത്തില്‍ ഹരിജനങ്ങളില്‍നിന്ന് ആദ്യമായി എസ്. എസ്.എല്‍.സി. പാസായ വിദ്യാര്‍ഥി.

പഴയ കൊച്ചി രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കീച്ചേരി ഗ്രാമത്തില്‍ ജനിച്ച കൊച്ചുകുട്ടന്റെ വിദ്യാഭ്യാസം വൈക്കം തോട്ടംകര പ്രൈമറി സ്കൂളിലും വൈക്കത്തേയും മുളന്തുരുത്തിയിലേയും ഹൈസ്കൂളിലുമായിരുന്നു.

1931-ല്‍ കൊച്ചുകുട്ടനൊപ്പം ഒരു ഹരിജന്‍ വിദ്യാർഥിനി കൂടി എസ്.എസ്.എല്‍.സി. പാസായി. ‘ദാക്ഷായണി വേലായുധന്‍’ എന്ന ആ വിദ്യാർഥിനി വളര്‍ന്ന്, പിന്നീട് ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭയില്‍ വരെ അംഗമായി.

ഹരിജനോദ്ധാരണത്തില്‍ കൊച്ചിവാണ രാജാക്കന്മാര്‍ തത്‌പരരായിരുന്നു. രണ്ടുപേര്‍ അവരില്‍നിന്ന് എസ്.എസ്.എല്‍.സി പാസായെന്നറിഞ്ഞ മഹാരാജാവ്, കോളേജ് പഠനത്തിന്‌ അവര്‍ക്ക് അവസരമൊരുക്കി. ഫീസ് സൗജന്യം, പുസ്തകത്തിനും വസ്ത്രത്തിനുമായി ലംപ്‌സംഗ്രാന്റ്, പുറമെ 10 രൂപ പ്രതിമാസ സ്റ്റൈപ്പന്റ്‌ എന്നിവ മഹാരാജാവ് പ്രഖ്യാപിച്ചു.

എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്ന കൊച്ചുകുട്ടന്‍ തീയ്യ ഹോസ്റ്റലിലായിരുന്നു താമസിച്ചത്. പണ്ഡിറ്റ് കറുപ്പനായിരുന്നു അദ്ദേഹത്തിന്റെ, കോളേജിലെ രക്ഷാകര്‍ത്താവ്. അദ്ദേഹം കൊച്ചി നിയമസഭയിലെ അധഃകൃത പ്രതിനിധിയായി നാമനിർദേശം ചെയ്യപ്പെട്ട വള്ളോനെ കൊച്ചുകുട്ടന് പരിചയപ്പെടുത്തി. ഇരുവരുടെയും ശ്രമഫലമായി ‘ഹരിജന സേവാ സംഘ’ത്തിന്റെ ശാഖ എറണാകുളത്ത് ആരംഭിച്ചു. സംഘം മുന്‍കൈ എടുത്ത് ഹരിജന്‍ വിദ്യാർഥികള്‍ക്ക് താമസിച്ചുപഠിക്കാന്‍ ഒരു ഹോസ്റ്റല്‍ തുറന്നു. ഗാന്ധിജി എറണാകുളത്ത് വന്നപ്പോള്‍ ഈ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. കൊച്ചുകുട്ടനെ അരികില്‍ വിളിച്ച ഗാന്ധിജി, ‘ഉദ്യോഗം തേടി അലയുന്നതിനേക്കാളും നല്ലത് ഹരിജനോദ്ധാരണ പ്രവര്‍ത്തനമാണ്‌’ എന്ന ഉപദേശം നൽകി. സ്വയം അധ്വാനിച്ച് പഠിക്കുന്നതിന്റെ പ്രാധാന്യം പ്രസംഗമദ്ധ്യേ ഗാന്ധിജി പറഞ്ഞത് കൊച്ചുകുട്ടന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. തൃശ്ശൂര്‍ ഹരിജന്‍ ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ജോലിയും പഠനവും ഒന്നിച്ച് കൊണ്ടുപോകാന്‍ അതോടെ അദ്ദേഹം തീരുമാനിച്ചു.

ഇന്റര്‍മീഡിയറ്റ് പാസായി 1942-ല്‍ മഹാരാജാസില്‍ ബിരുദ വിദ്യാർഥിയായി കൊച്ചുകുട്ടന്‍ ചേര്‍ന്നു. ഇക്കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടുതുടങ്ങി. പഠനത്തിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ കൊച്ചി തുറമുഖത്ത് ടൈംകീപ്പറുടെ ജോലിയില്‍ ചേര്‍ന്നു. ഇതോടൊപ്പം കൊച്ചിയില്‍ നിന്നിറങ്ങിയിരുന്ന ‘ഗോമതി’, ‘സഹോദരന്‍’ എന്നീ പത്രങ്ങളില്‍ അവശവിഭാഗങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി നിരന്തരം ലേഖനങ്ങളുമെഴുതി.

ഒരുദിവസം തുറമുഖത്ത് ബോട്ടില്‍ ഒരു ഡഫേദാറും ഉദ്യോഗസ്ഥനും വന്നിറങ്ങി. കൊച്ചുകുട്ടന്റെ മേലുദ്യോഗസ്ഥനായ കരുണാകരന്‍ നായര്‍ ഇവരെ സ്വീകരിച്ചിരുത്തി. കൊച്ചുകുട്ടനെ വിളിച്ചുവരുത്തി ഒരു കവര്‍ ഉദ്യോഗസ്ഥന്‍ കൈമാറി. കൊച്ചി നിയമസഭയിലേക്ക് കൊട്ടുകുട്ടനെ നാമനിർദേശം ചെയ്ത രാജാവിന്റെ ഉത്തരവായിരുന്നു കവറില്‍. അദ്ദേഹത്തോടൊപ്പം കെ.കെ. ദാക്ഷായണിയേയും കെ.കെ. കണ്ണനെയും ഹരിജന വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളായി നാമനിർദേശം ചെയ്തിരുന്നു. മൂവരും കണയന്നൂര്‍ താലൂക്കുകാരായതിനാല്‍ വടക്കന്‍ പ്രദേശത്തുനിന്ന് മുറുമുറുപ്പ് ഉയര്‍ന്നു. കൊച്ചുകുട്ടന്‍ താമസം തൃശ്ശൂരിലേക്ക് മാറ്റി ആ അസന്തുലിതാവസ്ഥ പരിഹരിച്ചു. ഈ നിയമസഭയുടെ ആദ്യ സമ്മേളനത്തിലായിരുന്നു ‘കുടികിടപ്പ് ബില്‍’ കൊച്ചുകുട്ടന്‍ അവതരിപ്പിച്ചത്.

1931 മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കൊച്ചുകുട്ടന്‍, സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചിയില്‍ നടന്ന ‘പ്രായപൂര്‍ത്തി വോട്ടവകാശ നിയമ’ത്തിന് വേണ്ടിയുള്ള സമരങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. അധികം വൈകാതെ ആവഴിക്ക് തിരഞ്ഞെടുപ്പ് നടത്തി. കണയന്നൂരും അരണാട്ടുകരയും സംവരണ മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലാടിസ്ഥാനത്തില്‍ 1948-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അരണാട്ടുകരയില്‍ ‘പ്രജാമണ്ഡലം’ സ്ഥാനാർഥികളായ കൊച്ചുകുട്ടനും ജോസഫ് മുണ്ടശ്ശേരിയും വിജയിച്ചു. ഇക്കണ്ട വാരിയരുടെ നേതൃത്വത്തില്‍ ജനകീയ മന്ത്രിസഭ കൊച്ചിയില്‍ അധികാരമേറ്റെടുത്തപ്പോള്‍ വിദ്യാഭ്യാസ വിചക്ഷണനായ എല്‍.എം. പൈലി സ്പീക്കറും കൊച്ചുകുട്ടന്‍ ഡെപ്യൂട്ടി സ്പീക്കറുമായി.

ഈ സമയത്തായിരുന്നു കൊച്ചുകുട്ടന്റെ വിവാഹം. കല്ലേറ്റിന്‍കര വല്ലക്കുന്നത്ത് തൂയത്ത് കുഞ്ഞിരാമന്റെ മകളും അധ്യാപികയുമായിരുന്ന വള്ളിയമ്മാൾ ആയിരുന്നു വധു.

1949-ല്‍ തിരു-കൊച്ചി സംയോജനത്തെ തുടര്‍ന്ന് പുതിയ നിയമനിര്‍മാണ സഭ നിലവില്‍ വന്നപ്പോള്‍ ടി. എം. വര്‍ഗീസിനെ സ്പീക്കറും കൊച്ചുകുട്ടനെ ഡെപ്യൂട്ടി സ്പീക്കറുമായി തിരഞ്ഞെടുത്തു. 1952-ലെ തിരഞ്ഞെടുപ്പില്‍ ആമ്പല്ലൂര്‍ ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വാറുണ്ണി വക്കീലും കൊച്ചുകുട്ടനും ജയിച്ചുകയറി. എ.ജെ. ജോണിന്റെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ കൊച്ചിയില്‍നിന്ന് പനമ്പിള്ളി ഗോവിന്ദ മേനോനും കൊച്ചുകുട്ടനും മന്ത്രിമാരായി. അങ്ങനെ കേരളത്തില്‍ ഹരിജനങ്ങളില്‍ നിന്നുള്ള ആദ്യത്തെ മന്ത്രിയായി കൊച്ചുകുട്ടന്‍. തദ്ദേശ സ്വയംഭരണവും ദേവസ്വവുമായിരുന്നു കൊച്ചുകുട്ടന്റെ വകുപ്പുകള്‍.

കൊച്ചിയില്‍ പഞ്ചായത്തുകള്‍ എല്ലായിടത്തും നിലവില്‍ വന്നിരുന്നെങ്കിലും തിരുവിതാംകൂറില്‍ പൂര്‍ണമായിരുന്നില്ല. ഇതിനായി ‘പഞ്ചായത്ത് നിയമം’ പാസാക്കി. ‘പ്രായപൂര്‍ത്തി വോട്ടി’ന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വരണമെന്നതാണ് നിയമത്തിന്റെ കാതല്‍. മറ്റൊരു പ്രധാന വ്യവസ്ഥ കുടികിടപ്പുകാര്‍ക്ക് പഞ്ചായത്തില്‍ പത്തും മുനിസിപ്പാലിറ്റിയില്‍ മൂന്നും സെന്റ്‌ വീതം വസ്തു ഉടമ, അവരുടെ വീടിരിക്കുന്ന സ്ഥലത്തുതന്നെ നല്‍കണമെന്നതായിരുന്നു. ബില്‍ പാസായതോടെ തിരുവിതാംകൂറിലും കൊച്ചിയിലും ‘കുടികിടപ്പവകാശം’ നിയമാനുസൃതമായി.

1945-ലെ തിരു-കൊച്ചി തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് ഡോ. ചാക്കോയോടൊപ്പം മത്സരിച്ച് കൊച്ചുകുട്ടനും വിജയിയായി. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കിയെങ്കിലും ഒരുവര്‍ഷം പോലും ആയുസ്സുണ്ടായിരിന്നില്ല. പിന്നീട് പനമ്പിള്ളി ഗോവിന്ദ മേനോൻ മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ കൊച്ചുകുട്ടനെയും ഉള്‍പ്പെടുത്തി. ഇത്തവണയും വകുപ്പ് തദ്ദേശ സ്വയംഭരണം തന്നെ.

കേരളപ്പിറവിക്കുശേഷം 1957-ലും അറുപതിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ വടക്കാഞ്ചേരിയില്‍ നിന്ന് വിജയിച്ച കൊച്ചുകുട്ടന്‍, തൃശ്ശൂര്‍ ജില്ലയിലെ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളുമായിരുന്നു. 1965-ല്‍ രാഷ്ട്രീയം വിട്ട അദ്ദേഹം 1987 ഫെബ്രുവരി 22-ന് അന്തരിച്ചു.