നാം എന്ത് കഴിക്കണം? ‘യു ആർ വാട്ട് യു ഈറ്റ്’ എന്നാണല്ലോ. എന്ത് കഴിച്ചാലും കഴിക്കുന്നത് സമീകൃതാഹാരം തന്നെ ആയിരിക്കണം. ആരോഗ്യകരമായ ശീലങ്ങൾ നിത്യജീവിതത്തിൽ പകർത്തിയാൽ പൊണ്ണത്തടി കുറയ്ക്കുക മാത്രമല്ല നല്ല ആരോഗ്യമുള്ള ജീവിതവും നയിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ പാഠം സ്വന്തം വീട്ടിലെ അടുക്കള ഉപയോഗിക്കുക എന്നതാണ്. നമ്മുടെ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും ശുചിത്വവും ആരോഗ്യകരവുമായ ഭക്ഷണം. ചില സാധനങ്ങൾ അടുക്കളയിൽ കയറ്റണം, ചിലത് കയറ്റരുത് എന്ന് തീരുമാനമെടുക്കലാവാം അടുത്ത പടി. അതിൽ ഏറ്റവും പ്രധാനം പാക്കറ്റിലുള്ള ഭക്ഷണസാധനങ്ങൾ തന്നെയാണ്. അവ കഴിവതും വീട്ടിൽ കയറ്റാതിരിക്കുക. ഏറ്റവും ദോഷം ചെയ്യുന്ന ഫാറ്റ് ആണ് ട്രാൻസ്ഫാറ്റ്.
എണ്ണയിൽ വറുത്ത ഭക്ഷണം കേടുവരാതിരിക്കുവാൻ പലപ്പോഴും ഈ എണ്ണയെ കട്ടിയാക്കുവാൻ ഹൈഡ്രോജിനേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാക്കും. എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിവതും വാങ്ങിക്കാതിരിക്കുക. പഞ്ചസാര വാങ്ങിയില്ലെങ്കിൽ അത്രയും നല്ലത്. എണ്ണ ഏത് ഉപയോഗിക്കണം എന്നതിൽ പല അഭിപ്രായങ്ങളും ഉണ്ട്. ഏറ്റവും നല്ല എണ്ണ ഒലിവ് ഓയിൽ തന്നെ. റൈസ് ബ്രാൻ ഓയിൽ, വെജിറ്റബിൾ ഓയിൽ, സൺ ഫ്ളവർ ഓയിൽ എന്നിവ നല്ലതാണ്. പാമോയിൽ നല്ലതല്ല.
പാചകശീലങ്ങൾ
ഇനി ആരോഗ്യമുള്ള പാചകശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആവിയിൽ വേവിക്കുന്ന ഭക്ഷണസാധനങ്ങൾ വളരെ നല്ലതാണ്. അതിൽ എണ്ണയുടെ അളവ് ഒട്ടും ഇല്ല. പൂരി, മീൻ പൊരിച്ചത് എന്നിങ്ങനെ വറുത്തുകോരുന്ന ഭക്ഷണങ്ങൾ നന്നല്ല. മൂന്നുനേരം ഒരുപാട് കഴിക്കുന്നതിനേക്കാൾ നല്ലത്, ആറുനേരം ചെറുഭക്ഷണങ്ങളായി കഴിക്കുകയാണ്.
നമ്മുടെ ഭക്ഷണത്തെ അന്നജം, മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെ തരംതിരിക്കാം. എല്ലാ ഭക്ഷണത്തിലും കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവുണ്ട്, വിവിധ ശതമാനങ്ങളിൽ ആണെന്ന് മാത്രം. ധാന്യങ്ങളിലും കിഴങ്ങുകളിലും അളവ് കൂടുതലാണ്. പച്ചക്കറികളിലും പഴങ്ങളിലും കാർബോഹൈഡ്രേറ്റ് ഉണ്ടെങ്കിലും അളവ് താരതമ്യേന കുറവും.
ദൈനംദിനകാര്യങ്ങൾക്ക് വളരെയധികം ഊർജം ആവശ്യമാണ്. ഇതിനെ കലോറി എന്ന് വിളിക്കുന്നു. നാൽപതു മുതൽ അറുപതു ശതമാനം വരെ ഊർജം ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. പ്രോട്ടീൻ അഥവാ മാംസ്യം ആണ് അടുത്ത ഘടകം. മാംസ്യം അല്ലെങ്കിൽ പ്രോട്ടീൻ രണ്ടു വിഭാഗങ്ങളായി തിരിക്കാം. മുട്ട, മത്സ്യം, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയിലാണ് അനിമൽ പ്രോട്ടീൻ ഉള്ളത്. പയറുവർഗങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും ഉള്ളത് വെജിറ്റബിൾ പ്രോട്ടീൻ. ശരീരത്തിലെ മസിലുകൾ ഉണ്ടാവാനും രാസപ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്.
ഏത് പഴങ്ങൾ കഴിക്കാം
ഇനി പഴങ്ങൾ എങ്ങനെ കഴിക്കണമെന്നു നോക്കാം. എന്താണ് ഗ്ളൈസീമിക് ഇൻഡക്സ്? ഒരു പ്രത്യേക ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ അധികം കൂട്ടുന്നുണ്ടെങ്കിൽ അതിനെ കൂടുതൽ ഗ്ളൈസീമിക് ഇൻഡക്സുള്ള ഭക്ഷണം എന്ന് പറയുന്നു. ആപ്പിൾ, പേരയ്ക്ക, പ്ലം, സബർജില്ലി, പെയേഴ്സ് എന്നിവയിൽ ഗ്ളൈസീമിക് ഇൻഡക്സ് കുറവാണ്. മാമ്പഴം, ചക്ക, മുന്തിരി എന്നിവ അധികം പഴുക്കുന്നതിനു മുൻപ് കഴിക്കുന്നതുകൊണ്ട് ദോഷമില്ല. തണ്ണിമത്തൻ, ഈന്തപ്പഴം എന്നിവയിൽ ഗ്ളൈസീമിക് ഇൻഡക്സ് വളരെ കൂടുതലാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ബ്രേക്ക്ഫാസ്റ്റ് എന്നാൽ ഒരു നോയമ്പ് അവസാനിപ്പിക്കലാണ്. കാരണം രാത്രി അത്താഴത്തിനു ശേഷം വയറ്റിൽ ഒന്നും എത്തുന്നില്ലെന്നു മാത്രമല്ല, ദഹനരസങ്ങൾ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ ഒരു ഫാസ്റ്റിങ് അവസ്ഥയിൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ദഹനരസത്തിലെ ആസിഡ് ആമാശയത്തിന്റെ ഭിത്തിയെ ദ്രവിപ്പിക്കാനിടയുണ്ട്. ഇത് അൾസറായി മാറുന്നു.
അകിൻസ് ഡയറ്റ്
അകിൻസ് ഡയറ്റ് എന്താണെന്നു നോക്കാം. ആളുകൾ വലിയ അളവിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് കഴിക്കുകയാണെങ്കിൽ അവരുടെ ഇൻസുലിൻ അളവ് ഉയരുകയും അതിവേഗം കുറയുകയും ചെയ്യുന്നു. വർദ്ധിച്ചുവരുന്ന ഇൻസുലിൻ അളവ് കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് ഊർജം സംഭരിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് ശരീരം സംഭരിച്ച കൊഴുപ്പിനെ ഊർജസ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ഈ ഡയറ്റിൽ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നു. ഇഷ്ടമുള്ളത്ര പ്രോട്ടീനും കൊഴുപ്പും കഴിക്കാം. കുറച്ചുകാലമായി ജനപ്രിയമാണെങ്കിലും, അകിൻസ് ഡയറ്റ് ചില അപകടസാധ്യതകളോടെയാണ് വരുന്നത്.
കീറ്റോ ഡയറ്റ്്
എൽ.സി.എച്ച്.എഫ്. (ലോ കാർബോഹൈഡ്രേറ്റ് ഹൈ ഫാറ്റ് ഡയറ്റ്) അഥവാ കീറ്റോ ഡയറ്റിനെ (അന്നജം ഇല്ലാത്ത ഫാറ്റ് മാത്രം ഉള്ളത്) പറ്റിയുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ നൂറു ശതമാനം ആധികാരികമായി ഗുണദോഷങ്ങൾ പറയുവാൻ പറ്റില്ല. സാധാരണ ഒരാളുടെ ഭക്ഷണത്തിൽ അൻപതു മുതൽ അറുപതു ശതമാനം വരെ അന്നജം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ ശരീരം കരളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന കൊഴുപ്പിനെ കീറ്റോൺ ബോഡികളായി മാറ്റും. ഈ കീറ്റോൺ ബോഡികളിൽ നിന്നാണ് ദൈനംദിന ഊർജം ഉണ്ടാക്കുക. അതിനാൽ കൊഴുപ്പ് കൂടുതലും അന്നജം കുറവും. ഇതിന്റെ ഏറക്കുറെ സമാനമാണ് കീറ്റോ ഡയറ്റ്. വെറും പത്തുശതമാനം അന്നജവും ബാക്കി കൊഴുപ്പും (ഇറച്ചി, സസ്യ എണ്ണകൾ, മയോണൈസ്, മാംസം). അരിഭക്ഷണം തൊടാനേ പാടില്ല. അതുകൊണ്ട് പെട്ടന്നുള്ള ഭാരം കുറയ്ക്കൽ സാധ്യമാണ്.
വെജിറ്റേറിയൻ ഡയറ്റ്
എന്താണ് വെജിറ്റേറിയൻ ഡയറ്റ്? സസ്യാഹാരം ഒരു ഭക്ഷണരീതിയെക്കാൾ ഒരു ജീവിതരീതിയാണ്. വെജിറ്റേറിയൻമാർ സാധാരണയായി സസ്യാഹാരം സ്വീകരിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാലല്ല, മറിച്ച് പാരിസ്ഥിതിക, ധാർമിക, അനുകമ്പാപരമായ കാരണങ്ങളാലാണ്. വിവിധതരം വെജിറ്റേറിയൻ ഉണ്ട്: ലാക്ടോ വെജിറ്റേറിയൻ, ഫ്രൂട്ടേറിയൻ വെജിറ്റേറിയൻ, ലാക്ടോഓവോ വെജിറ്റേറിയൻ, ലിവിങ് ഫുഡ് ഡയറ്റ് വെജിറ്റേറിയൻ, ഓവോ വെജിറ്റേറിയൻ, പെസ്കോ വെജിറ്റേറിയൻ, സെമിവെജിറ്റേറിയൻ. സസ്യഭുക്കുകളിൽ ഭൂരിഭാഗവും ലാക്ടോഓവോ വെജിറ്റേറിയൻമാരാണ്.
ശരീരത്തിന് യോജ്യമായ വ്യായാമം ഒരു പരിശീലകന്റെ കീഴിൽ തുടങ്ങാം. ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ഏത് ഭാഗത്താണ് കൊഴുപ്പടിഞ്ഞിരിക്കുന്നതെന്ന് പരിശീലകന് മനസ്സിലാക്കാം. വ്യായാമം ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും മുപ്പതു മുതൽ നാല്പത്തഞ്ചു മിനിറ്റ് വരെ മിനിമം ചെയ്യണം. ജിമ്മിൽ പോകാൻ സാധിക്കാത്തവർക്ക് നടത്തം, വീട്ടിലിരുന്ന് ചെറിയ വ്യായാമങ്ങൾ, സുംബാ ഡാൻസ് എന്നിവ ചെയ്യാം.