‘ആദ്യം ആരും ശ്രദ്ധിക്കുന്നില്ല’ എന്നെഴുതിയതു ഡി. വിനയചന്ദ്രനാണ്. മലയാളത്തിലെ പുതുകവിതയെയും ആദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. നിരൂപകർ കവിതയുടെ ചരമക്കുറിപ്പെഴുതിയ എഴുപതുകളിൽ കവിത പൂർവാധികം സമൃദ്ധമായി പൂത്തുലയുകയാണുണ്ടായത്.
കേരള സാഹിത്യ അക്കാദമി യുവകവികൾക്കായി 1977-ൽ ഒരു ക്യാമ്പ് നടത്തി. ബാലചന്ദ്രൻ ചുള്ളിക്കാടിന്‌ ക്യാമ്പിൽ പ്രവേശനം കിട്ടിയില്ല. അദ്ദേഹം സമർപ്പിച്ച ‘യാത്രാമൊഴി’ എന്ന കവിത പരിശോധകർ നിരസിച്ചു. ഒടുവിൽ ‘കേരളാ ടൈംസ്’ പത്രാധിപസമിതി അംഗമായ ജോൺ പോൾ സംഘടിപ്പിച്ചുകൊടുത്ത ഒരു കത്തിന്റെ ബലത്തിൽ, ക്യാമ്പ് അവലോകനം നടത്താൻ നിയോഗിക്കപ്പെട്ട ഒരു ഫ്രീലാൻസ്‌ ലേഖകനായി ‘നിരീക്ഷകൻ’ എന്ന പദവിയിൽ ബാലചന്ദ്രൻ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു. സിവിക് ചന്ദ്രന്റെ മുറിയിൽ താമസമാക്കുകയുംചെയ്തു. 

വി.എം. ഗിരിജ, കെ.കെ. ഹിരണ്യൻ, പുറമാനൂർ ടി. മുഹമ്മദ്, കുരീപ്പുഴ ശ്രീകുമാർ, പുലിയൂർ രവീന്ദ്രൻ തുടങ്ങിയവർ അന്നു ക്യാമ്പിലുണ്ടായിരുന്നു. കവിതകൾ പരിശോധിച്ച കെ.പി. ശങ്കരൻ മാസ്റ്റർക്കോ പ്രൊഫ. കെ.വി. രാമകൃഷ്ണനോ ‘യാത്രാമൊഴി’യുടെ സ്വരഭേദം തിരിച്ചറിയാൻ അന്നു കഴിഞ്ഞിരുന്നില്ലെന്നുവേണം വിചാരിക്കാൻ. അക്കാര്യമറിഞ്ഞപ്പോൾ എൻ.എൻ. കക്കാട് ആശ്ചര്യം പ്രകടിപ്പിക്കയും ചെയ്തു.
അന്നത്തെ പുതുകവിതയെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും ഗൗനിച്ചിരുന്നില്ല. ആയിരത്തിൽത്താഴെ കോപ്പികൾ മാത്രം അച്ചടിച്ചിരുന്ന നൂറുകണക്കിനു ലിറ്റിൽ മാഗസിനുകൾ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു. അവരായിരുന്നു പുതുമയുടെ പതാകാവാഹകർ. 

1976-ൽ എഴുതിയ ‘യാത്രാമൊഴി’ ആദ്യം പ്രസിദ്ധീകരിച്ചത് ജെ.ആർ. പ്രസാദ് നടത്തിയിരുന്ന ‘രാഷ്ട്രശില്പി’ എന്ന കൈയെഴുത്തുമാസിക ആണ്ടിലൊരിക്കിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്ന അച്ചടിപ്പതിപ്പിലാണ്. അക്കവിത പക്ഷേ, അക്കാലത്തെ ക്യാമ്പസുകളിൽ പരക്കെ അറിയപ്പെട്ടിരുന്നു. അതിന്റെ നാലുവരിയെങ്കിലും അറിയാത്തവർ അന്നു വിരളമായിരുന്നു. 
അന്നത്തെ സവിശേഷ രാഷ്ട്രീയാന്തരീക്ഷത്തിൽ ‘വീടുവിട്ടുറങ്ങുന്ന ചെറുപ്പക്കാരൻ’ എന്ന പ്രമേയത്തിനു സവിശേഷ പ്രസക്തി ഉണ്ടായിരുന്നു.
അറുപതുകളുടെ പകുതിമുതൽ ഇന്ത്യയിലെമ്പാടും കാമ്പസുകൾ പുകഞ്ഞുതുടങ്ങിയിരുന്നു. നെഹ്‌റുയുഗത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ തകർന്നതോടെ കർഷകകലാപങ്ങൾ പലയിടത്തും തലപൊക്കി. നക്സൽബാരിയിൽ പൊട്ടിത്തെറിച്ച അമർഷത്തിന്റെ തീപ്പൊരി കേരളത്തിലും വീണു പുകയാൻ തുടങ്ങി. ‘എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കാം’ എന്നൊരു ശുഭപ്രതീക്ഷയിൽ യുവാക്കൾ ആകൃഷ്ടരായി.

നക്സൽ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടവർ ഒരു മഹാ ന്യൂനപക്ഷമായിരുന്നെങ്കിലും ഒരു മഹാഭൂരിപക്ഷം അതിന്റെ അനുഭാവികളായി. യുവജനങ്ങളുടെ വിപ്ലവസജ്ജമായ മാനസികാവസ്ഥയെ തടയാനോ വഴിതിരിച്ചുവിടാനോ ആണ് അക്കാലത്ത് ‘നാഷണൽ സർവീസ് സ്കീം’ എന്ന പ്രസ്ഥാനം ഇന്ത്യയിലെങ്ങും ആരംഭിച്ചത്. പക്ഷേ, അത്തരം ചൊട്ടുവിദ്യകൾ കൊണ്ടൊന്നും അടങ്ങുന്നതായിരുന്നില്ല ആ അമർഷം. ഇതിനിടയിലാണ് ജയപ്രകാശ് നാരായണന്റെ സമരകാഹളം മുഴങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതോടെ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കപ്പെട്ടു.
അയ്യപ്പപ്പണിക്കരുടെ ‘കടുക്ക’യും സച്ചിദാനന്ദന്റെ ‘നാവുമരവും’ ‘കെ.ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാളും’ സി.വി. ശ്രീരാമന്റെ ‘മീശ’ യും ഇക്കാലത്തിന്റെ ചില പ്രതിസ്പന്ദങ്ങൾമാത്രം. കക്കയം ക്യാമ്പും രാജൻ കേസും ഒരച്ഛന്റെ അവസാനിക്കാത്ത കാത്തിരിപ്പുമെല്ലാം സൃഷ്ടിച്ച സവിശേഷമായൊരു മാനസികാവസ്ഥയിലാണ് ‘നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ’ എന്നാക്രോശിച്ചുകൊണ്ടു കടമ്മനിട്ടയുടെ ‘കുറത്തി’ വരുന്നത്. ഈ സാഹചര്യത്തിലാണ് ‘യാത്രാമൊഴി’യുടെ പിറവി.

അക്കാലത്തെ ക്ഷുഭിതയൗവനത്തിനു രുചിക്കുന്ന ഒരുതരം അമ്ളഭാഷയായിരുന്നു ബാലചന്ദ്രന്റേത്. ‘കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടിവെട്ടുന്ന പൊട്ടലിലുടൽക്കെട്ടു പൊട്ടി’ എന്ന മട്ടിലുള്ള വാങ്മയം ഇന്നു ശബ്ദഘോഷമായി തോന്നാമെങ്കിലും അത് അന്നത്തെ സഹൃദയ ശ്രോത്രങ്ങൾക്കുവേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. അതെ, കവിത കേൾക്കാൻകൂടിയാണെന്നുള്ള തിരിച്ചറിവ് ആ കാലഘട്ടത്തിന്റെ സംഭാവനയാണ്. അതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയതു കടമ്മനിട്ടയും ചുള്ളിക്കാടുമായിരുന്നു. 

അച്ചടിയിൽ നഷ്ടമായിപ്പോകുന്ന താനവ്യതിയാനങ്ങളും സൂക്ഷ്മ ശ്രുതിഭേദങ്ങളും കാവ്യാലാപനത്തിൽ അവർ വീണ്ടെടുത്തപ്പോൾ കവിയരങ്ങുകൾക്കു പുതുജീവൻ കൈവന്നു. പിൽക്കാലത്തു പലരും കാവ്യാലാപനം സംഗീതക്കച്ചേരിയാക്കി മാറ്റിയപ്പോൾ കവിതയുടെ ആ മട്ടിലുള്ള സംവേദനം അവസാനിച്ചു.
അക്കാലത്തു ഞങ്ങൾ കുറെ വിദ്യാർഥികൾ ചേർന്ന് ‘രസന’ എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. മാസിക കൃത്യമായി ഇറക്കാനാവുമെന്ന വ്യാമോഹത്തോടെ ബാങ്കു ലോണെടുത്ത് ഒരു പ്രസ്സും വാങ്ങി. അതോടെ ഭാരം ഇരട്ടിച്ചു എന്നല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല.

പ്രസ്സിന്റെ നടത്തിപ്പുചുമതല എനിക്കായിരുന്നു. വാരാന്ത്യത്തിൽ ബാലചന്ദ്രൻ തൃശ്ശൂരെത്തും. ഈശ്വരവിശ്വാസം മുതൽ ഇന്ത്യൻനാഷണൽ കോൺഗ്രസ് വരെയുള്ള സകലവിഷയങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ട് ഞങ്ങൾ രാവെളുപ്പോളം പൂരപ്പറമ്പിൽ ചുറ്റിനടക്കും. സി.വി. രാമൻ പിള്ളയുടെ ഉഗ്രഹരി പഞ്ചാനനനെയും പെരിഞ്ചക്കോടനെയും ശ്രീകണ്ഠൻ നായരുടെ രാവണനെയുമെല്ലാം ബാലചന്ദ്രൻ ഭാവഹാവാദികളോടെ അവതരിപ്പിക്കും.
അത്തരം പാതിരാച്ചർച്ചകളിൽനിന്നാണ് ബാലചന്ദ്രന്റെ കവിതകൾ സമാഹരിച്ചു പുസ്തകമാക്കാം എന്ന ആശയത്തിന്റെ പിറവി. കവർ ചിത്രങ്ങളൊന്നുമില്ലാതെ പഴയ എസ്.എസ്.എൽ.സി. ബുക്കിന്റെ മാതൃകയിലാണ് പുസ്തകമെന്നു ഞങ്ങൾ തീരുമാനിച്ചു. 1980 ഡിസംബർ 14-ന് സാഹിത്യ അക്കാദമിയിൽവെച്ചു കടമ്മനിട്ട രാമകൃഷ്ണൻ പുസ്തകം പ്രകാശിപ്പിച്ചു.