വേനലവധി അവസാനിക്കുന്നതിനെക്കുറിച്ചും ഗൃഹപാഠത്തിന്റെ കാലം ആരംഭിക്കുന്നതിനെക്കുറിച്ചും പരാതി പറയുമെങ്കിലും അധികം കുട്ടികൾക്കും സ്കൂൾ തുറക്കുന്നത് സന്തോഷമുള്ള കാര്യംതന്നെയാണ്. സാധ്യതകളുടെയും ആവേശത്തിന്റെയും കാലമാണ് അവർക്കത്. ഓരോ പുതിയ അധ്യയനവർഷവും പുതിയ അധ്യാപകരെ കൊണ്ടുവരും. പുതിയ സഹപാഠികളെ കൊണ്ടുവരും പുതിയ അനുഭവങ്ങളും സമ്മാനിക്കും. എന്നാൽ ഈ പുതുമകൾക്കൊപ്പം ചില ആശങ്കകളും ഒപ്പമെത്തും. സ്കൂളിലേക്കുള്ള തിരിച്ചുപോക്ക് കുട്ടികളിൽ ഉത്കണ്ഠയും ആശങ്കയും സൃഷ്ടിക്കുക സാധാരണമാണ്.
പേടിയും ആകാംക്ഷയും ഒരേപോലെ അനുഭവപ്പെടുക, സ്കൂളിലെ ആദ്യദിവസത്തേക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കാൻ ഒരുപാട് സമയമെടുക്കുക, ഒരുപാട് ചോദ്യങ്ങൾ ചോദിക്കുക അല്ലെങ്കിൽ പതിവിലും നിശ്ശബ്ദനായിരിക്കുക തുടങ്ങിയവയൊക്കെ സ്കൂളിലേക്ക് തിരികെ പോകുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ഉത്കണ്ഠകളുടെ ചെറിയ സൂചകങ്ങളാണ്. ഉറക്കമില്ലായ്മ, വിശപ്പുകുറവ്, അസ്വസ്ഥത പ്രകടിപ്പിക്കൽ തുടങ്ങിയവയൊക്കെ സൂചിപ്പിക്കുന്നത് കുട്ടികൾ കുറച്ചേറെ ആശങ്കാകുലരാണെന്നാണ്. അതേസമയം കരച്ചിലും സ്കൂളിൽ പോകാൻ വിമുഖത കാണിക്കുന്നതുമൊക്കെ കുട്ടികളിലെ ഈ ഉത്കണ്ഠയുടെ അളവ് വളരെക്കൂടുതലാണെന്നാണ് സൂചിപ്പിക്കുന്നത്.
കുട്ടികളിലെ ഈ ആശങ്കയ്ക്ക് പ്രായത്തിനനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും. കിൻഡർഗാർട്ടനിലും അങ്കണവാടികളിലും ഒന്നാംക്ലാസിലേക്കും പോകുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം രക്ഷിതാക്കളിൽനിന്ന് വേർപിരിയുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയാകും ഉണ്ടാവുക. കാരണം രക്ഷിതാക്കളിൽനിന്ന് അകന്നിരിക്കേണ്ട വളരെക്കുറച്ച് അവസരങ്ങളേ അതുവരെ അവർക്ക് ഉണ്ടാകാൻ ഇടയുള്ളു. പരിക്കേൽക്കുന്നത് ഉൾപ്പെടെയുള്ള പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് കൊച്ചുകുട്ടികൾ. ശൗചാലയം കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യും? സ്കൂളിൽനിന്ന് പുറത്തുവരുമ്പോൾ അച്ഛനോ അമ്മയോ കൂട്ടിക്കൊണ്ടുപോകേണ്ട ആളോ അവിടെ ഇല്ലെങ്കിൽ എന്തുചെയ്യും? ഇതൊക്കെയാവും ഇവരുടെ ആശങ്കകൾ. എന്നാൽ ഇവരെക്കാൾ കുറച്ചുകൂടി മുതിർന്ന കുട്ടികളും പ്രായോഗികകാര്യങ്ങൾ ഓർത്ത് ആശങ്കപ്പെടുന്നവരാണ്. ക്ലാസ് മുറി കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലോ എന്ന ആകാംക്ഷ ഇവരിലുണ്ടായേക്കാം. എന്നിരുന്നാലും ചുറ്റുപാടുളെക്കുറിച്ചുള്ള ആകാംക്ഷയാണ് ഇക്കൂട്ടർ കൂടുതലായി പ്രകടിപ്പിക്കുക. എന്റെ ക്ലാസ് ടീച്ചർ പാവമായിരിക്കുമോ? ക്ലാസിൽ കൂട്ടുകാർ ആരുമില്ലെങ്കിൽ എന്തുചെയ്യും? ഉച്ചയ്ക്ക് ആർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും? അങ്ങനെയാവും ഇവരുടെ ഉത്കണ്ഠകൾ.
മുതിർന്ന കുട്ടികൾ സാധാരണയായി ആശങ്കപ്പെടാറ്് സ്കൂളിലെ പ്രകടനത്തെക്കുറിച്ചോർത്തും പഠനഭാരത്തെക്കുറിച്ചോർത്തുമാണ്. ഇനി കൗമാരക്കാരായ കുട്ടികളാകട്ടെ, തന്നെക്കുറിച്ചുള്ള സമപ്രായക്കാരുടെ വിലയിരുത്തലിനെക്കുറിച്ചാവും ആശങ്കപ്പെടുക. കളിയാക്കലുകളും ഇവരെ ഉത്കണ്ഠാകുലരാക്കിയേക്കാം.
മുതിർന്ന കുട്ടികൾ ഉപദ്രവിച്ചേക്കുമെന്ന ഭീതി ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ഉണ്ടാകാനും ഇടയുണ്ട്. കുട്ടിയെ ആശങ്കാകുലനായി കാണുകയാണെങ്കിൽ എന്താണ് കാര്യമെന്ന് ചോദിക്കാൻ മടിക്കേണ്ടതില്ല. മറ്റുകുട്ടികളിൽനിന്നു കേൾക്കുന്ന ചില തെറ്റായ വിവരങ്ങളും കുട്ടികളെ ഭീതിപ്പെടുത്താനിടയുണ്ട്.
ഉദാഹരണത്തിന്; അഞ്ചാംക്ലാസിലെ അധ്യാപകരെല്ലാം ഭീകരന്മാരാണ് എന്നിങ്ങനെയൊക്കെ. തെറ്റിദ്ധാരണകൾ തിരുത്തുന്നതിലൂടെ കുട്ടികളെ സമാധാനിപ്പിക്കാൻ നിങ്ങൾക്കു സാധിക്കും. നമ്മുടെ സാന്നിധ്യവും ആശ്വസിപ്പിക്കലും കുട്ടികളെ അവർക്കു പറയാനുള്ള കാര്യങ്ങൾ തുറന്നുപറയാനും സഹായിക്കും.
സ്കൂളിലേക്ക് പോകുന്നതിനു മുമ്പുണ്ടാകുന്ന ഉത്കണ്ഠകളെ മറികടക്കാൻ
കുട്ടികളെ സഹായിക്കാനുള്ള ചില മാർഗങ്ങളിതാ
കുട്ടിയുടെ വികാരം
മനസ്സിലാക്കുക
കുട്ടിയുടെ ഭയത്തെ അവഗണിച്ചുകൊണ്ട്, വിഷമിക്കണ്ട എല്ലാം ശരിയായിക്കോളും എന്നു നിങ്ങൾ പറയുന്നുവെന്നിരിക്കട്ടെ. ഇല്ല, ഇവയൊന്നും ശരിയല്ല എന്ന് ഒന്നിലധികം കാര്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടി നിങ്ങളോട് മറുവാദത്തിന് മുതിരുകയാവും ചെയ്യുക. നിങ്ങളുടെ കുട്ടി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് മനസ്സിലാക്കുകയാണ് ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. കുട്ടികളോട് ഇപ്രകാരം ചോദിക്കാവുന്നതാണ്- ഹൈസ്കൂളിലെത്തി എന്ന കാര്യമോർത്താണോ നീ വിഷമിക്കുന്നത്? അതോ കഴിഞ്ഞ വർഷത്തെ സുഹൃത്തുക്കൾ മറ്റു ക്ലാസുകളിലായതാണോ നിന്നെ വിഷമിപ്പിക്കുന്നത്? നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുന്നു എന്ന ബോധ്യം ഉത്കണ്ഠയുടെ ഭാരത്തിൽനിന്ന് ഒരു പരിധിവരെ കുട്ടികളെ മോചിതരാക്കും.
തയ്യാറായിരിക്കാം
അധ്യയനവർഷം തുടങ്ങുന്നതിനു മുമ്പുതന്നെ സ്കൂൾ സന്ദർശിക്കുക, നിങ്ങളുടെ കുട്ടിയുടെ പുതിയ അധ്യാപകരുടെ ചിത്രങ്ങൾ സ്കൂൾ വെബ്സൈറ്റിൽനിന്ന് കണ്ടെത്തുക തുടങ്ങിയവയൊക്കെ ചെയ്യാവുന്നതാണ്. സ്കൂൾ തുറക്കുന്നതിനു കുറച്ചുദിവസം മുമ്പേ തന്നെ കുട്ടികളുടെ ഉറങ്ങാനും ഉണരാനുമുള്ള സമയം ക്രമീകരിക്കാം. തലേന്നുരാത്രി തന്നെ യൂണിഫോം തയ്യാറാക്കിവയ്ക്കാം. സ്കൂൾവരെ കുട്ടിക്കൊപ്പം പോകാൻ ഒരു സുഹൃത്തിനെ കണ്ടെത്തിക്കൊടുക്കാം. അല്ലെങ്കിൽ സ്കൂൾ വിട്ടതിനുശേഷം കൂട്ടുകാരുമൊത്ത് ഒന്ന് ഒത്തുകൂടാൻ നിർദേശിക്കുകയും ആകാം. ഓരോ രക്ഷിതാക്കൾക്കും അവരുടെതായ രീതിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യാവുന്നതാണ്.
സാഹചര്യങ്ങളെ കൈകാര്യംചെയ്യാൻ
പഠിപ്പിക്കാം
നിങ്ങളുടെ കുട്ടി ഏതെങ്കിലും പ്രത്യേക സാഹചര്യത്തെക്കുറിച്ച് ആശങ്കപ്പെടുകയാണെന്നിരിക്കട്ടെ, അത് പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുകയാവാം.
ഉദാഹരണത്തിന്; ഇടവേളയിൽ ആരും എനിക്കൊപ്പം കളിക്കാൻ വന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് നിങ്ങളുടെ കുട്ടി പറയുകയാണെന്നിരിക്കട്ടെ. ശരി ആ സാഹചര്യത്തിൽ താൻ എന്തുചെയ്യുമെന്ന് കുട്ടിയോട് തിരിച്ചു ചോദിക്കുക. തുടർന്ന് ആവശ്യമെങ്കിൽ പരിഹാരങ്ങളും നിർദേശങ്ങളും നൽകുക. കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കുക. ഉദാഹരണത്തിന് കളിക്കളത്തിലെ ഊഞ്ഞാലോ സ്ളൈഡോ ഉപയോഗിക്കണമെന്നിരിക്കട്ടെ അല്ലെങ്കിൽ ബാസ്കറ്റ്ബോൾ കളിക്കണമെന്നിരിക്കട്ടെ, വരി നിൽക്കണമെന്ന് പറഞ്ഞുകൊടുക്കാം. അല്ലെങ്കിൽ മൈതാനത്ത് ഒറ്റയ്ക്കുനിൽക്കുന്ന മറ്റൊരു കുട്ടിയെ കണ്ടെത്താനും പറയാവുന്നതാണ്. അധ്യാപകരും മറ്റു ജീവനക്കാരും ആവശ്യമെങ്കിൽ പ്രധാനഅധ്യാപകനും സഹായത്തിനുണ്ടാവുമെന്ന് പറഞ്ഞുകൊടുക്കുകയുമാകാം. ഇനി മുതിർന്ന കുട്ടികളാണെന്നിരിക്കട്ടെ, അവരുടെ സമപ്രായക്കാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നു പറഞ്ഞുകൊടുക്കാം.
തുടർച്ചയ്ക്ക് പ്രാധാന്യം
കൊടുക്കാം
പത്താംക്ലാസിലെത്തിയാൽ പിന്നെ കഥയാകെ മാറുമെന്ന പറച്ചിൽ കുട്ടികൾ മിക്കപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ്. ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. പെെട്ടന്നുള്ള മാറ്റത്തെക്കാളേറെ, സ്ഥിരതയുള്ള തുടർച്ചയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുക. ഇത് കുട്ടികൾക്കും സഹായകമാകും. കുട്ടിയോട് ചോദിക്കൂ-പിറന്നാളിന് തലേന്നത്തെ നീയും പിറന്നാളിന് പിറ്റേന്നത്തെ നീയും തമ്മിൽ എന്താണ് വ്യത്യാസമെന്ന്.
പ്രായത്തിൽ മാത്രമാണ് വ്യത്യാസമെന്നായിരിക്കും കുട്ടിയുടെ മറുപടി. ശരിയാണ് പ്രായത്തിൽമാത്രമാണ് വ്യത്യാസമുണ്ടായത്. നിങ്ങളുടെ കുട്ടിയിൽ അത്രവലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടുണ്ടാവില്ല. ഒരു ക്ലാസിൽനിന്ന് അടുത്ത ക്ലാസിലേക്കുള്ള യാത്രയും അങ്ങനെ തന്നെ യാണ്. ജൂണിൽ കണ്ട അതേ ആളുകൾ തന്നെയാണ് നിന്റെ ഇപ്പോഴത്തെയും സഹപാഠികളെന്ന് കുട്ടികളോട് പറയാം. വർഷങ്ങൾ കടന്നുപോകുമ്പോൾ വലിയമാറ്റങ്ങൾ ഉണ്ടായേക്കാം. അതിനെ അപേക്ഷിച്ച് മാസങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ ചെറുതാണ്. ഒന്നിൽനിന്ന് രണ്ടിലേക്കും തുടർന്ന് മൂന്നിലേക്കുമുള്ള യാത്രയെ നീ എങ്ങനെയാണോ ക്രമീകരിച്ചത് അതേരീതിയിൽ നീ ഇതും കൈകാര്യം ചെയ്യുമെന്ന് എനിക്കറിയാമെന്ന് കുട്ടികളോട് പറയുക. യാത്രയിലെ അടുത്ത ചുവടുവെപ്പു മാത്രമാണിതെന്നും കുട്ടികളോട് പറയാവുന്നതാണ്.