കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിന്‌ ഒരസ്വസ്ഥത. പകലും രാത്രിയും ഇടക്കിടക്ക്‌ മനസ്സിൽ തെളിഞ്ഞു വരുന്ന രണ്ടുമുഖങ്ങൾ... അബിയും അമ്മയും... മറക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ പൂർവാധികം കൃത്യതയോടെ ആ മുഖങ്ങൾ വീണ്ടും വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടേയിരുന്നു. നൊമ്പരപ്പെടുത്തിക്കൊണ്ട്‌ തന്നെ. ഏകദേശം ഏഴുവർഷം മുൻപാണ്‌ ഞാൻ അബിയെയും അമ്മയേയും ആദ്യമായി കണ്ടുമുട്ടുന്നത്‌. അവന്‌ അന്ന്‌ നാലു വയസ്സുപ്രായം. അവനെ ഇടത്തേ ഒക്കത്തിരുത്തി നടന്നുവന്ന അമ്മയുെട രൂപം ഇന്നും എന്റെ മനസ്സിലുണ്ട്‌. കാൻസർ ചികിത്സയുടെ ഒരു ഘട്ടം പിന്നിട്ട്‌ എന്നെ കാണാൻ വന്നതാണ്‌. 
നാലുവയസ്സുകാരനാണെങ്കിലും കാലുറപ്പിച്ച്‌ അവന്‌ തറയിൽ നിൽക്കാൻ സാധിക്കില്ലായിരുന്നു. മെലിഞ്ഞ്‌ കുറച്ച്‌ ഇരുണ്ട്‌ ഒരു കൊച്ചുമിടുക്കൻ. കുട്ടിത്തം മാറാത്ത മുഖം. കുസൃതിത്തം മാറാത്ത ഒരു ചിരിയുമായി അവൻ എന്നെ നോക്കി. ഞാനറിയാതെ ആ മുഖം എന്റെ മനസ്സിൽ പതിയുകയായിരുന്നു. അവനെ നടത്തണം സാറെ. ദൈവവും സാറും വിചാരിച്ചാൽ അത്‌ സാധിക്കും. സാറെ. ആ അമ്മയുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. ആ മനസ്സിലെ ആത്മവിശ്വാസം ഞാൻ തിരിച്ചറിഞ്ഞു.
പരിശോധന കഴിഞ്ഞപ്പോൾ സന്തോഷം തോന്നി. കാൻസർ അവനെ വിെട്ടാഴിഞ്ഞിരുന്നു. പാർശ്വഫലങ്ങളും, കാൻസർ അവന്‌ സമ്മാനിച്ച്‌ പോയ കുറച്ച്‌ പ്രശ്നങ്ങളുമാണ്‌ അവന്റെ ഇപ്പോഴത്തെ സ്ഥിതിക്ക്‌ കാരണമെന്നത്‌ ഞങ്ങൾക്കും ഒരു വിജയപ്രതീക്ഷ നൽകുന്നതായിരുന്നു. ‘ഞാൻ ഉണ്ടാകും സാറെ അവന്റെ കൂടെ... ഏതറ്റം വരേയും...’’ ആ അമ്മയുടെ നിശ്ചയദാർഢ്യം ചുരുങ്ങിയ വാക്കുകളിലൂടെ പുറത്തുവന്നു. അത്‌ ഒരു വെറും വാക്കല്ലായിരുന്നുവെന്ന്‌ അതിന്‌ ശേഷമുള്ള മാസങ്ങൾ തെളിയിച്ചു. സ്വന്തം ജീവിതം മകന്‌ വേണ്ടി ഉഴിഞ്ഞുവെച്ച ഒരമ്മയെയാണ്‌ ഞാൻ യഥാർത്ഥത്തിൽ കണ്ടത്‌. അബിയെ അങ്കണവാടിയിൽ ചേർത്തു. കൂടെയിരിക്കാൻ വേണ്ടി മാത്രം ആ അമ്മ അവിടെ ഒരു ആയയുടെ ജോലി സ്വീകരിച്ചു. അമ്മയുടെ സ്നേഹത്തിന്‌ മുൻപിൽ, സമർപ്പണത്തിന്‌ മുൻപിൽ ഒരു ദൈവത്തിനും കണ്ണടച്ചിരിക്കാൻ സാധിക്കില്ലായിരുന്നു. അബിക്ക്‌ തനിയെ എഴുന്നേറ്റ്‌ നിൽക്കാമെന്നായി. പരസഹായത്തോടെ നടന്നുതുടങ്ങി. താമസിയാതെ അമ്മ അവനെ മറ്റൊരു സ്കൂളിലേക്ക്‌ മാറ്റി.
‘ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചു സാറെ... എനിക്ക്‌ ലൈസൻസും കിട്ടി’ ഒരു അവധിക്കാലത്ത്‌ അബിയേയും കൊണ്ട്‌ വീട്ടിൽ വന്നപ്പോൾ അമ്മ ആ സന്തോഷം പങ്കിട്ടു. ഇവനെ സ്കൂളിൽ കൊണ്ടുപോകാനും എല്ലായിടത്തും കൊണ്ടുപോകാനും വേണ്ടി മാത്രമാണ്‌ ഞാൻ മെനക്കെട്ട്‌ ഡ്രൈവിങ്‌ പഠിച്ചത്‌ സാറെ’... മങ്ങാത്ത ഒരു ചിരി അമ്മയുടെ മുഖത്തുണ്ടായിരുന്നു.
താമസിയാതെ ഒരുദിവസം സ്കൂട്ടറിൽ അമ്മയും മകനും വീട്ടിൽ വന്നു. പുതിയ യാത്രയുടെ മധുരം പകരാൻ കുറച്ചു പലഹാരങ്ങളുമായാണ്‌ അവർ വന്നത്‌. പിന്നീട് എന്റെ വീട്ടിലെ സന്ദർശകരിൽ ഒരാളായി മാറി. അബി... എന്നും അമ്മയോടൊപ്പം മാത്രം ആദ്യമെല്ലാം ഞാൻ മിഠായി നൽകുമ്പോൾ അവൻ ഒരു നാണത്തോടെ മുഖം തിരിച്ച്‌ അത്‌ വാങ്ങുമായിരുന്നു. കൂടുതൽ അടുത്തപ്പോൾ അത്‌ ഒരവകാശമായി മാറി. എന്റെ കൂടെ വന്ന്‌ അടുക്കളയിലെ ഫ്രിഡ്‌ജിൽ നിന്ന്‌ മിഠായി എടുക്കുന്നത്‌ അവന്റെ ശീലമായി. ഞാനറിയാതെ, അവനറിയാതെബ ഞങ്ങളുടെ മനസ്സ്‌ ഒന്നാകുകയായിരുന്നു.
അവൻ പഠിച്ചിരുന്ന സ്കൂളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ രണ്ടുവർഷം മുൻപ്‌ പോയിരുന്നു. ആ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നു. ചെറിയ ഒരു പ്രസംഗത്തിന്‌ ശേഷം ഞാൻ സദസ്സിനെ നോക്കി പറഞ്ഞു. ‘എന്റെ കൊച്ചുമകന്‌ തുല്യമായ ഒരു മിടുക്കൻ ഇവിടെ പഠിക്കുന്നുണ്ട്‌...’ അമ്മയുമുണ്ട്‌ ഇവിടെ കൂട്ടിന്‌. വിരോധമില്ലെങ്കിൽ അവർ ഒന്ന്‌ സ്റ്റേജിലേക്ക്‌... ഞാൻ മുഴുമിപ്പിച്ചില്ല. അമ്മയും മകനും ഓടി സ്റ്റേജിൽ വന്നു. അബി എന്റെ കാലിൽ വീണ്‌ സാഷ്ഠാംഗം നമസ്കരിച്ചു. ഞാൻ കരഞ്ഞു, പുറം ലോകമറിയാതെ.
കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ എല്ലാ പരിപാടിയിലും അമ്മയും മകനും പങ്കെടുക്കുമായിരുന്നു. ടി.വി. പരിപാടികളിൽ ആ അമ്മയുടെ വാക്കുകൾ പലരും ശ്രദ്ധിച്ചുകാണും... പലരുടെയും കണ്ണുകൾ നിറഞ്ഞു കാണും. അതെ, ആ അമ്മയെ ഞാൻ നമിക്കുന്നു. എന്റെ അമ്മയേയും എല്ലാ അമ്മമാരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു ആ അമ്മയിലൂടെ. എന്റെ മനസ്സ്‌ അസ്വസ്ഥമാകുന്നു. ചിന്തകൾക്ക്‌ ആരോ കടിഞ്ഞാണിടുന്നു. വാക്കുകൾ അന്യംനിന്ന്‌ പോകുന്നു. കൈകൾക്ക്‌ ഒരു മരവിപ്പ്‌... മനസ്സിനെന്ന പോലെ തന്നെ.
ഒരാഴ്ച മുൻപ്‌ ഫോണിൽ വന്ന ഒരു മെസ്സേജ്‌. അഭിജിത്ത്‌ നമ്മെവിട്ട്‌ പോയി സാറെ’... അത്‌ അബി ആയിരിക്കരുതെയെന്ന്‌ മനസ്സുരുകി പ്രാർത്ഥിച്ചു. ഞാൻ രോഗികളെ പരിേശാധിച്ചു കൊണ്ടിരിക്കുകയായിരുന്നു. മനസ്സ്‌ ഒരിടത്തും ഉറയ്ക്കുന്നില്ല. കൂടെ ജോലി ചെയ്യുന്നവരിലൂെട വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു... പക്ഷെ വിജയിച്ചില്ല. അടുത്ത ദിവസത്തെ പേപ്പറിൽ ഫോട്ടോയും വാർത്തയും കണ്ടപ്പോൾ ഞെട്ടിപ്പോയി... അബിയേയും കൊണ്ട്‌ സ്കൂട്ടറിൽ എനിക്ക്‌ വിശ്വസിക്കാൻ സാധിച്ചില്ല. പത്രത്തിൽ നോക്കിയിരുന്ന എന്നെ ഉണർത്തിയത്‌ ഉമയാണ്‌.
ഞാൻ ഇന്നും മനസ്സുരുകി പ്രാർത്ഥിക്കുന്നു. ദൈവമെ ആ അമ്മയുടെ മനസ്സിന്‌ ആശ്വാസം നൽകേണമേ. എനിക്കവനെ മറക്കാൻ സാധിക്കുന്നില്ല. എന്റെ സാരഥി ജെഫ്രിക്ക്‌ സാധിക്കുന്നില്ല. ഞങ്ങൾക്കാർക്കും സാധിക്കുന്നില്ല. വർഷങ്ങളെടുക്കും മനസ്സിനേറ്റ ഈ ക്ഷതം മാറിക്കിട്ടാൻ. എന്നാലും അബിയേയും അമ്മയേയും ഓർക്കാതെ വയ്യ, പ്രത്യേകിച്ചും പുണ്യവതിയായ ആ അമ്മയെ... അമ്മയുടെ കൂടെ ഞാനും ബലിതർപ്പണം നടത്തട്ടെ! ഒരെള്ള്‌, രണ്ട്‌ പൂവ്‌, ഒരു ചന്ദനം - വെള്ളവും ചേർത്ത്‌ ഉത്തുംഗതയിലേയ്ക്ക്‌... അബിയുടെ ആത്മാവിന്‌!!