രണ്ടു രാജ്യങ്ങൾക്കിടയിൽ ആർക്കും അവകാശമില്ലാത്ത പ്രദേശങ്ങൾക്കുള്ള വിളിപ്പേരാണ് ‘നോമാൻസ് ലാൻഡ്’. ആധുനിക കാലത്ത് കേൾക്കുന്ന ഇത്തരം സ്ഥലങ്ങൾ പണ്ട് നമ്മുടെ നാട്ടുരാജ്യങ്ങൾക്കിടയിലുമുണ്ടായിരുന്നു. കൊച്ചിക്കും തിരുവിതാംകൂറിനും ഇടയിൽ ഇങ്ങനെയൊരു സ്ഥലമുണ്ടായിരുന്നു. അതിന്റെ ചരിത്രരേഖകളിലെ വിളിപ്പേരാണ് ‘കരപ്പുറം’. രണ്ടു രാജ്യങ്ങൾക്കും അധീനമല്ലാത്ത കരപ്പുറത്ത് കൊച്ചിയിലേയും തിരുവിതാംകൂറിലേയും രാജാക്കന്മാർക്ക് കാലുകുത്താൻപോലും അവകാശമില്ല. തിരുവിതാംകൂർ സ്ഥാപകൻ മാർത്താണ്ഡവർമ നടത്തിയ പടയോട്ടത്തിന്റെ ഫലമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു ‘നോമാൻസ് ലാൻഡ്’ രൂപംകൊണ്ടത്.
കന്യാകുമാരി മുതൽ വടക്കോട്ടുള്ള ചെറുരാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കിയ മാർത്താണ്ഡവർമ, ചെമ്പകശ്ശേരി പിടിച്ചടക്കാനായെത്തി. അന്ന് സജീവമായിരുന്ന പുറക്കാട് തുറമുഖം ആദ്യം അദ്ദേഹം തകർത്തു. ഈ തുറമുഖം വഴി വിദേശ കപ്പലുകളിൽ, പ്രത്യേകിച്ച് പോർച്ചുഗീസുകാരുടെയോ ഡച്ചുകാരുടേയോ സഹായം ചെമ്പകശ്ശേരി രാജാവിന് എത്തുന്നത് തടയുകയായിരുന്നു മാർത്താണ്ഡവർമയുടെ ലക്ഷ്യം. 
 തിരുവിതാംകൂറിന്റെ കീഴിലായാൽ കൊച്ചിയിലെ തങ്ങളുടെ കോട്ടകൊത്തളങ്ങളും കച്ചവടവുമൊക്കെ തന്റെ കൽപ്പനയെ അനുസരിക്കേണ്ടി വരുമെന്ന ഭയം യൂറോപ്യൻമാരെ ഗ്രസിച്ചിട്ടുണ്ടെന്ന് ചാരന്മാർവഴി മാർത്താണ്ഡവർമയും വലംകൈയായ രാമയ്യൻ ദളവയും അറിഞ്ഞിരുന്നു. അതിനാൽ, ചെമ്പകശ്ശേരിയിൽവെച്ച് മാർത്താണ്ഡവർമയുടെ പടയോട്ടം അവസാനിപ്പിക്കാൻ അവർ തുനിഞ്ഞേക്കും. കടൽവഴിയുള്ള ആക്രമണം ‘പുറക്കാട്ട് തുറമുഖം’ വഴി വരാനുള്ള സാധ്യത ഇരുവരും മുൻകൂട്ടി കണ്ടിരുന്നു. 
മൂന്നുദിവസം തിരുവിതാംകൂർ സൈന്യത്തോട് പോരടിച്ച് ചെമ്പകശ്ശേരി സൈന്യം പിടിച്ചുനിന്നു. ബ്രാഹ്മണ രാജവംശം ഭരണം നടത്തിയിരുന്ന ചെമ്പകശ്ശേരിക്ക് പക്ഷേ, മാർത്താണ്ഡവർമയുടെ സൈനികബലത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. തടവുകാരനായി പിടിക്കപ്പെട്ട ചെമ്പകശ്ശേരി രാജാവിനെ, ബ്രാഹ്മണശാപം ഭയന്ന് വിട്ടയയ്ക്കാൻ മാർത്താണ്ഡവർമ ഉത്തരവിട്ടു. എന്നാൽ, രാജ്യം തിരിച്ചുനൽകിയില്ല. രാജ്യമില്ലാതെ  തിരുവിതാംകൂറിൽ ഒരു തടവുകാരനെപ്പോലെ കഴിയാൻ ആഗ്രഹമില്ലെന്നു പറഞ്ഞ് ചെമ്പകശ്ശേരി രാജാവ് അവിടത്തന്നെ നിരാഹാരമാരംഭിച്ചു.
മാർത്താണ്ഡവർമയുടെ മുന്നോട്ടുള്ള പ്രയാണം ഇതോടെ തടസ്സപ്പെട്ടു. ഇരുന്ന ഇരിപ്പിൽ നിന്ന് അനങ്ങാതെ, വെറും തോർത്തുമുണ്ട് മാത്രം ഉടുത്ത് നിരാഹാരമിരിക്കുന്ന ചെമ്പകശ്ശേരി രാജാവിന്റെ ആരോഗ്യനില വഷളാകാൻ തുടങ്ങി. 
ഇദ്ദേഹത്തെ ഏറ്റെടുക്കാമോ എന്നറിയാൻ രാമയ്യൻ ഇതിനകം കൊച്ചിരാജാവിനടുത്തേക്ക്‌ പോയി. ചർച്ചയിൽ ചെമ്പകശ്ശേരി രാജാവിനെ ഏറ്റെടുക്കാമെന്ന് കൊച്ചി രാജാവ് സമ്മതിച്ചു. പക്ഷേ ഫലഭൂയിഷ്ടമായ, തെങ്ങും നെല്ലും ധാരാളം വളരുന്ന ‘കരപ്പുറം’ കൊച്ചിക്ക്‌ വിട്ടുകൊടുക്കണം. എന്നുമാത്രമല്ല, കൊച്ചിയെ ആക്രമിക്കാനും പാടില്ല. രണ്ടാമത്തെ നിബന്ധന രാമയ്യന് സ്വീകാര്യം. പക്ഷേ, കരപ്പുറം വിട്ടുകൊടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. കാര്യങ്ങൾ വഴിമുട്ടി നിൽക്കവെ, രാമയ്യൻ ഒരു തന്ത്രം പ്രയോഗിച്ചു. പട്ടിണികിടക്കുന്ന ചെമ്പകശ്ശേരി രാജാവ് ബ്രാഹ്മണനാണ്.  (ചരിത്രത്തിലെ ആദ്യ നിരാഹാര സമരം എന്നും ഇതിനെ വിളിക്കാമെന്ന് തോന്നുന്നു). അദ്ദേഹത്തിന്റെ മരണം കൊച്ചി രാജവംശത്തിന്റെ മേൽ ശാപമായി പതിക്കും. എന്തായാലും തന്ത്രം ഫലിച്ചു. കൊച്ചിരാജാവ് ഭയന്നുപോയി. ചെമ്പകശ്ശേരി രാജാവിനെ ഏറ്റെടുക്കാം. കരപ്പുറത്തിന്റെ മേലുള്ള ആഗ്രഹവും ഉപേക്ഷിക്കാം. പക്ഷേ, ഒരു നിബന്ധന തിരുവിതാംകൂർ രാജാക്കൻമാരോ കൊച്ചി രാജാക്കൻമാരോ മേലിൽ ആ പ്രദേശത്ത് കടക്കരുത്. ഇത് ലംഘിക്കുന്നയാൾക്ക് രാജ്യം നഷ്ടപ്പെടും. എതിർ വിഭാഗത്തിന്റെ രാജ്യത്ത് കരപ്പുറം ലയിക്കും തന്റെ മുന്നിലെ തടവുപുള്ളിയുടെ നില കൂടുതൽ വഷളായത് ഈ നിബന്ധന അംഗീകരിക്കാൻ മാർത്താണ്ഡവർമയെ നിർബന്ധിതനാക്കി. 
 അങ്ങനെ, തടവുപുള്ളിയെ കൊച്ചിരാജാവ് പ്രത്യേക സംഘത്തെ അയച്ച് ഏറ്റെടുത്തു. രാജ്യം നഷ്ടപ്പെട്ട ചെമ്പകശ്ശേരി രാജാവ് പിന്നീട് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഭജനയുമായി കാലം കഴിച്ചു. മാർത്താണ്ഡവർമയുടെ മുന്നിലിരുന്നതുപോലെ വെറും തോർത്തു മാത്രമായിരുന്നു അന്ത്യംവരെ അദ്ദേഹത്തിന്റെ വേഷം.  ഇന്നത്തെ ‘അമ്പലപ്പുഴ’യാണ് അന്നത്തെ ‘ചെമ്പകശ്ശേരി’ രാജ്യം. 
എന്നിട്ടും കരപ്പുറത്തിന്റെ മേൽ കൊച്ചിക്ക് കണ്ണുണ്ടായിരുന്നു. തിരുവിതാംകൂറിൽ ധർമരാജാവിന് ശേഷം അധികാരത്തിൽ വന്ന, ദുർബലനായ ബാലരാമ വർമയെ സ്വാധീനിച്ച് ജയന്തൻ നമ്പൂതിരി കരപ്പുറത്തിന്റെ അവകാശം കൊച്ചിക്കായി നേടിയെടുത്തു. കുളിക്കാൻ എണ്ണ തേച്ചുകൊണ്ടിരുന്ന ദിവാൻ രാജാ കേശവദാസ് കാര്യമറിഞ്ഞതും അതേ വേഷത്തിൽ കുതിരപ്പുറത്ത് കയറി ജയന്തൻ നമ്പൂതിരിയെ പിന്തുടർന്നതും ഒന്നിച്ചായിരുന്നു. അഞ്ചുതെങ്ങിന്‌ അടുത്തുവച്ച് ജയന്തനെ തടഞ്ഞ്, ആ തിട്ടൂരം ദിവാൻ ബലമായി പിടിച്ചെടുത്തു. അന്നുതന്നെ കരപ്പുറത്തെ പൂർണമായി തിരുവിതാംകൂറിനോടു ചേർത്ത് ദിവാന്റെ വിളംബരമിറങ്ങി. അതോടെ, കൊച്ചിയുമായുള്ള പഴയ നിബന്ധനയുമില്ലാതായി. 
 ‘തിരുവിതാംകൂറിനോട് ചേർത്ത സ്ഥലം’ എന്ന രേഖകളിലെ പുത്തനെഴുത്ത് പിൽക്കാലത്ത് പരിണമിച്ച് ‘ചേർത്ത തലം’ എന്നും ഒടുവിൽ ‘ചേർത്തല’ യുമായി.
രാജാ കേശവദാസ് നിബന്ധന മാറ്റിയെഴുതിയെങ്കിലും പിൽക്കാല തിരുവിതാംകൂർ രാജാക്കൻമാർ, തങ്ങളുടെ പൂർവികനായ മാർത്താണ്ഡവർമ കൊച്ചി രാജാവുമുണ്ടാക്കിയ കരാർ ലംഘിക്കാൻ മടി കാണിച്ചു. അവരാരും ‘ചേർത്തല’യുടെ മണ്ണിൽ ചവിട്ടിയിട്ടില്ല. അവസാനത്തെ രാജാവായ ശ്രീ ചിത്തിര തിരുനാൾ വരെ ഇക്കാര്യത്തിൽ അടിയുറച്ചു നിന്നു.