സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുമ്പ്‌ ചാത്തനാട്‌ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. കായലിനപ്പുറത്തുള്ള കടമക്കുടിയാകട്ടെ കൊച്ചിയിലും. രാജഭരണകാലത്ത്‌ ചാത്തനാട്ടുനിന്നും കടമക്കുടിയിലേക്കും തിരിച്ചും ചരക്ക്‌ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും ചുങ്കം കൊടുക്കേണ്ടിയിരുന്നു.  ചുങ്കം പിരിക്കുന്നതിന്‌ ചാത്തനാട്ട്‌  ചൗക്കയും (എക്‌സൈസ്‌ ഓഫീസ്‌) ഉണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ  അരിക്ക്‌ ക്ഷാമമുണ്ടായപ്പോൾ കടമക്കുടിയിൽ നിന്നു ചാത്തനാട്ടേക്ക്‌ നെല്ല്‌ കള്ളക്കടത്ത്‌ നടത്തിയിരുന്നത്രെ.
തിരുക്കൊച്ചി സംയോജനത്തോടെയാണ്‌ ചൗക്കകൾ നിർത്തലാക്കിയത്‌.
ചാത്തനാട്ട്‌ പള്ളിപ്പടിയിൽ രാജഭരണകാലത്ത്‌ സ്ഥാപിക്കപ്പെട്ട ‘അഞ്ചൽപ്പെട്ടി’ ചരിത്രസ്മാരകമായി ഇപ്പോഴും അവശേഷിക്കുന്നു. വാർപ്പിരുമ്പിൽ നിർമിച്ച ഇത്‌ നൂറിലേറെ വർഷം മുമ്പ്‌ തിരുവിതാംകൂർ രാജാവ്‌ ഇറ്റലിയിൽ നിന്ന്‌ ഇറക്കുമതി ചെയ്തതാണ്‌. തോളിൽ തപാൽസഞ്ചിയും കൈയിൽ മണികെട്ടിയ വടിയുമായി നാടാകെ ഓടിനടന്നിരുന്ന അഞ്ചലോട്ടക്കാരുടെ കാലമായിരുന്നു അത്‌.
ഇന്ന്‌ ചാത്തനാട് ഏഴിക്കര പഞ്ചായത്തിന്റെ ഭാഗമാണ്‌. മൂന്നുവശവും പുഴയും കായലും പടിഞ്ഞാറ്‌ കടക്കരക്കായൽ എന്നറിയപ്പെടുന്ന വീരൻപുഴ. കിഴക്ക്‌ കോട്ടുവള്ളിക്കായൽ എന്ന കിഴക്കേപ്പുഴ. തെക്ക്‌ കടമക്കുടി പുഴ. വടക്ക്‌ ഏഴിക്കര.
1341ലെ വെള്ളപ്പൊക്കത്തിനുേശഷം വൈപ്പിൻകര രൂപം കൊള്ളുന്നതിന്‌ മുമ്പ്‌ ചാത്തനാട്‌ ഒരു ചെറിയ തുറമുഖമായിരുന്നു. കിഴക്കേ കായലിൽ കപ്പലുകൾ നങ്കൂരമിട്ടിരുന്ന സ്ഥലത്തെ ‘കപ്പൽപ്പാറ’ എന്നാണ്‌ വിളിച്ചിരുന്നത്‌. പിന്നീടത്‌ കിപ്പാറയെന്നുംകിപ്പാറമൂലയെന്നും അറിയപ്പെടാൻ തുടങ്ങി. കപ്പിത്താന്മാർ താമസിച്ചിരുന്ന സ്ഥലമാണത്രെ ഇന്നത്തെ ‘കപ്പിത്താൻപറമ്പ്‌’.
‘ശാസ്താവിന്റെ നാട്‌’ എന്നതിൽ നിന്നാണ്‌ ചാത്തനാട്‌ എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞത്‌. നാടിന്‌ പേരു നൽകിയതെന്നു പറയപ്പെടുന്ന ശാസ്താക്ഷേത്രം ഇപ്പോഴും ഇവിടെ നിലകൊള്ളുന്നു.
തെക്കുവടക്ക്‌ രണ്ടുകിലോമീറ്റർ നീളവും അരകിലോമീറ്റർ വീതിയും കായൽ നിരപ്പിൽ നിന്ന്‌ ഒരു മീറ്റർ ഉയരവുമുള്ള മണൽപ്രദേശമായ ഒരു ഉപദ്വീപാണ്‌ ചാത്തനാട്‌. ജനങ്ങളിലധികവും നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ അയൽപ്രദേശങ്ങളിൽ നിന്നും കുടിയേറിയവരും.പൊക്കാളികൃഷിയും മീൻപിടിത്തവും ഓലമെടയലും തൊണ്ടുതല്ലലും കയർപിരിയുമായിരുന്നു ആദ്യകാലത്ത്‌ ഇവിടത്തെ മുഖ്യ ഉപജീവനോപാധികൾ. ഇപ്പോഴാകട്ടെ ഏതാണ്ട്‌ 75% ആളുകളും നിർമാണതൊഴിലാളികളാണ്‌.
ആദ്യകാലത്ത്‌ ഉൗന്നിവല, വീശുവല, ഒഴുക്കുവല, കണ്ടാളിവല, കുത്തുവല, ഒറ്റാൽ എന്നിവ ഉപേയോഗിച്ചായിരുന്നു ഇവിടെ മീൻപിടിത്തം. അറുപതുകളിൽ ചീനവലകളെത്തി രംഗം കൈയടക്കി. എങ്കിലും ‘ചെമ്മീൻ’ ആയിരുന്നു എന്നും താരം. ചെമ്മീൻകെട്ടുകളിൽ നിന്നും പിടിക്കുന്ന ചെമ്മീൻ പുഴുങ്ങിയുണക്കി ചാക്കിൽ കെട്ടി കല്ലിലിട്ടു തല്ലി പരിപ്പെടുത്ത്‌ മുറത്തിൽ ചേറ്റി ഇനംതിരിച്ച്‌ ‘ചെമ്മീൻപരിപ്പ്‌’ ആക്കി ഏജന്റുമാർവഴി കൊച്ചിയിലെത്തിച്ച്‌ വിദേശങ്ങളിലേക്കു കയറ്റിയയയ്ക്കും. ഐസിന്റെ വരവോടെ പീലിങ്‌ ഷെഡ്ഡുകൾ തുടങ്ങി. മ്മെീൻ കിള്ളലായി പെണ്ണുങ്ങളുടെ പ്രധാന തൊഴിൽ. സംസ്കരിച്ച നാരൻ ചെമ്മീനും കാരച്ചെമ്മീനും കയറ്റിയയയ്ക്കാൻ  തുടങ്ങി.
ചെമ്മീൻ പിടിക്കുന്നതിന്‌ ‘പായിക്കൽ’ എന്നൊരു രീതിയുണ്ടായിരുന്നു പണ്ട്‌. രാത്രികാലങ്ങളിലാണിത്‌ നടത്തുക. രണ്ടു വഞ്ചികൾക്കകത്ത്‌ കുലഞ്ഞിലുകൾ നിരത്തിയശേഷം മുള ഉപയോഗിച്ച്‌ പരസ്പരം ചരിച്ച്‌ കൂട്ടിക്കെട്ടും. വഞ്ചികളുടെ മുന്നിൽ ഇരുമ്പുചങ്ങല കെട്ടിയിടും. രണ്ടുപേർ ചേർന്ന്‌ വഞ്ചികൾ കഴുക്കോല്‌ കുത്തി ‘പായിക്കു’ മ്പോൾ കായലിൽ വിഹരിക്കുന്ന ചെമ്മീനുകൾ ചങ്ങല സ്പർശമേറ്റ്‌ ചിതറിച്ചാടി വഞ്ചിയിൽ വീഴും. അവ തിരിച്ച്‌ കായലിലേക്ക്‌ ചാടിപ്പോകാതിരിക്കാനണ്‌ വഞ്ചിയിൽ കുലഞ്ഞിലുകൾ പാകുന്നത്‌. ചിലപ്പോൾ കണമ്പും തിരുതയും നന്തനും കോലാനുമൊക്കെ ഇങ്ങനെ വഞ്ചിയിൽ ചാടിവീഴാറുണ്ട്‌.
ചാത്തനാട്‌ ചൗക്കയിൽ പണ്ട്‌ എപ്പോഴും തിരക്കായിരുന്നു. യാത്രാവഞ്ചികളും ചരക്കുവള്ളങ്ങളും ചൗക്കയിലടുപ്പിച്ച്‌ കരം കെട്ടണം. കൊപ്രയും കയറും ചെമ്മീനുുമൊക്ക ‘അയൽരാജ്യ’ മായ കൊച്ചിയിലെ കമ്പോളത്തിലേക്കാണ്‌ പോകുന്നത്‌. തൊട്ടടുത്ത പട്ടണം പറവൂരാണ്‌. സർക്കാരാശുപത്രിയും (ധർമ്മാസ്പത്രി എന്നാണ്‌ അക്കാലത്ത്‌ പറഞ്ഞിരുന്നത്). സർക്കാർ പള്ളിക്കൂടവും കച്ചേരിയുമൊക്കെ അവിടെയാണുള്ളത്‌. ഗുരുതരാവസ്ഥയിലുള്ള രോഗികളെ  വഞ്ചിയിൽ കിടത്തി തുഴഞ്ഞാണ്‌ അന്നൊക്കെ പറവൂർ ആശുപത്രിയിലെത്തിച്ചിരുന്നത്‌. വിദ്യാർഥികൾ പട്ടണത്തിൽ പഠിക്കാൻ പോയിരുന്നതാകട്ടെ അങ്ങോട്ടുമിങ്ങോട്ടും പന്ത്രണ്ട്‌ മൈൽ കുത്തിപ്പിടിച്ചു നടന്നും.
കല്ലോ മെറ്റലോ ഇട്ടുറപ്പിക്കാത്ത ഒരു സർക്കാർ വെട്ടുവഴി ചാത്തനാടിന്റെ നടുവിലൂടെ തെക്കുവടക്കു നീണ്ടുകിടന്നിരുന്നു. ഉൾപ്പാതക്കിരുവശത്തും മാവും പ്ളാവും ആഞ്ഞിലിയും ആലുമൊക്കെ തണൽ വിരിച്ചു നിന്നു. ഇടക്കിടെ അത്താണികളും (ചുമടുതാങ്ങി). ചുമട്ടുകാർ അത്താണിയിൽ ചുമടിറക്കിവച്ച്‌ മരത്തണലിൽ വിശ്രമിക്കും. ദാഹശമനത്തിന്‌ മോരുംവെള്ളം സൗജന്യമായി നൽകുന്ന തണ്ണീർ പന്തലുകളും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. കാലികൾക്ക്‌ ദാഹം തീർക്കാൻ വഴിയരികിൽ വെള്ളം നിറച്ച കരിങ്കൽ തൊട്ടികളും. ആദ്യം വന്ന വാഹനങ്ങൾ മനുഷ്യർ വലിക്കുന്ന കട്ടവണ്ടികളും കാളവണ്ടികളും സൈക്കിളുമായിരുന്നു. ആദ്യമായി ഒരു മോട്ടോർകാർ ഓടിയെത്തിയപ്പോൾ അതിന്റെ ശബ്ദം കേട്ട്‌ കുടിയാക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന്‌ എഴുന്നള്ളിച്ചു നിർത്തിയിരുന്ന ആന വിരണ്ടോടിയത്രേ !
അക്കാലത്ത്‌ കഞ്ചാവ്‌, കറുപ്പ്‌ തുടങ്ങിയ ലഹരി വസ്തുക്കൾ വിൽക്കുന്ന ലൈസൻസുള്ള കടകൾ ചാത്തനാട്ടും ഏഴിക്കരയിലും ഉണ്ടായിരുന്നു. പിന്നീട്‌ ഇവ നിയമം മൂലം നിരോധിക്കപ്പെട്ടു. യാത്രയ്ക്ക്‌ കടത്തുവഞ്ചികളെയും ബോട്ടുകളെയും മാത്രം ആശ്രയിച്ചിരുന്ന ചാത്തനാട്ട്‌ ബസ്‌ എത്തുന്നത്‌ അറുപതുകളുടെ ആദ്യമാണ്‌. ചാത്തനാട്‌ - ആലുവ റൂട്ടിൽ കെ.എസ്‌.ആർ.ടി.സി. ബസ്‌ ഓടി തുടങ്ങുകയും അത്‌ പിന്നീട്‌ ദേശസാത്‌കൃത റൂട്ട്‌ ആവുകയും ചെയ്തു. 1961 ൽ ചെറിയപ്പിള്ളി പാലം തുറക്കുന്നതിനു മുമ്പ്‌ ചങ്ങാടം വഴിയാണ്‌  വാഹനങ്ങൾ കടത്തിയിരുന്നത്‌.
ചാത്തനാട്ട്‌ പണ്ട്‌ സാമൂതിരിയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ തിരുവിതാംകൂർ രാജാവ്‌ ഡച്ചുകാരനായ സൈന്യാധിപൻ ഡിലനോയിയുടെ മേൽനോട്ടത്തിൽ കോട്ട കെട്ടിയിരുന്നു. ഇപ്പോഴതിന്റെ അവശിഷ്ടമൊന്നുമില്ല. കായൽ യുദ്ധമുണ്ടാകുന്ന പക്ഷം, ഉപദ്വീപായ ചാത്തനാട്‌ തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കർമ്മലീത്താ മിഷനറിമാർ ചാത്തനാട്ട്‌ മിഷൻ കേന്ദ്രവും പള്ളിയും സ്ഥാപിച്ചു. അവർ ആരംഭിച്ച കുടിപ്പള്ളിക്കുടമാണ്‌ 1902 ൽ പള്ളിയാക്കൽ സെയ്‌ന്റ്‌ വിൻ​െസന്റ്‌ എൽ.പി. സ്കൂൾ ആയി മാറിയത്‌. പള്ളിയുടെ അടുക്കലായതിനാലാവാം ഈ പ്രദേശം പള്ളിയാക്കൽ (പള്ളിയടുക്കൽ) എന്നറിയപ്പെട്ടതും. പള്ളിയാക്കൽ സർവീസ്‌ സഹകരണ ബാങ്ക്‌ ഇപ്പോൾ മെതിയന്ത്രവും മറ്റും ഉപയോഗപ്പെടുത്തി നെൽകൃഷി  ഊർജിതമാക്കുകയും ‘പൊക്കാളി ബ്രാൻഡ്‌’ ജൈവ അരി വിപണിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്‌.ചാത്തനാട്ട്‌ പുരാതനമായ ശാസ്താക്ഷേത്രത്തിനു പുറമേ ധീവരസമുദായക്കാരുടെ ഭുവനേശ്വരി ക്ഷേത്രവും ‘വലിയപള്ളി’ എന്നറിയപ്പെടുന്ന ക്രൈസ്തവരുടെ സെയ്‌ന്റ്‌ വിൻസെന്റ്‌ ഫെറർ പള്ളിയുമുണ്ട്‌. പള്ളിയും വളരെ പഴക്കമുള്ളതാണ്‌.
അടുത്തത്‌ : കടമക്കുടി