ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിനോദയാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* നഗരങ്ങളിലേക്ക് യാത്ര പോകുന്നത് തീവണ്ടിയിലായാലും വിമാനത്തിലായാലും ടിക്കറ്റ് ആദ്യമേ ബുക്ക് ചെയ്യുന്നതാണ് നല്ലത്. നഗരങ്ങളിലേക്ക് എപ്പോഴും യാത്രക്കാരുടെ തിരക്കുണ്ടാകും. അവസാന നിമിഷം ടിക്കറ്റിന് ശ്രമിച്ചാൽ കിട്ടിയെന്ന് വരില്ല.
* ട്രാഫിക് ജാമിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. യാത്രകൾക്കായി ഇറങ്ങുമ്പോൾ പരമാവധി നേരത്തെ ഇറങ്ങുക. ഗൂഗിൾ മാപ്പിലെ ദൂരം നോക്കിമാത്രം യാത്ര പ്ലാൻ ചെയ്യാതിരിക്കുക. ട്രാഫിക് പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കണം.
* നഗരങ്ങളിലെ യാത്രകൾക്കായി പല മെട്രോകളിലും സിറ്റി ബസുകളിലുമൊക്കെ പ്രത്യേക പാക്കേജുകളുണ്ടാകും. ഒരു ടിക്കറ്റു കൊണ്ട് ഒരു ദിവസം മുഴുവൻ ചില നഗരങ്ങളിലെ ബസുകളിൽ യാത്ര ചെയ്യാം. ചില മെട്രോ ട്രെയിനുകളിലും ഇത്തരം സൗകര്യങ്ങളുണ്ട്.
* യൂബർ, ഓല പോലുള്ള ഓൺലൈൻ ടാക്‌സികൾ വഴി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കാർഡ് വഴിയുള്ള പണംകൈമാറ്റമുള്ളതിനാൽ ഇവർക്ക് ചില്ലറയില്ലെന്ന പ്രശ്നവുമുണ്ടാകില്ല. ഇ-മെയിലിൽ കൃത്യമായ ബില്ലും കിട്ടും. പരാതിയില്ലെങ്കിൽ നമ്മുടെ അതേ റൂട്ടിൽ പോകുന്ന മറ്റ് യാത്രക്കാരെ നമുക്കൊപ്പം ടാക്‌സിയിൽ കയറ്റാവുന്ന പാക്കേജുകൾ ചിലയിടങ്ങളിലുണ്ട്. അപ്പോൾ ടാക്‌സി നിരക്ക് വീണ്ടും കുറയും. ഓൺലൈനായി ബുക്ക് ചെയ്യാമെന്നത് തന്നെയാണ് വലിയ സൗകര്യം. 
* യാത്രാപാക്കേജുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് മനസ്സിലാക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നമ്മളുദ്ദേശിച്ച സ്ഥലങ്ങളൊന്നും ശരിയായി ആസ്വദിക്കാനായെന്ന് വരില്ല. പോകുന്ന സ്ഥലങ്ങൾ, ഓരോ സ്ഥലത്തും ചെലവഴിക്കുന്ന സമയം, യാത്ര ചെയ്യുന്ന വാഹനം എന്നിവ മനസ്സിലാക്കണം. ഓരോ സ്ഥലത്തെയും പ്രവേശന ടിക്കറ്റ്, ഭക്ഷണം, ഗൈഡിന്റെ സേവനം എന്നിവയ്ക്കുള്ള തുക പാക്കേജിൽ ഉൾപ്പെടുന്നുണ്ടോയെന്നും അന്വേഷിക്കണം.
* മ്യൂസിയം, പ്ലാനറ്റേറിയം, പാർക്ക് തുടങ്ങിയവ പലതും ദേശീയ അവധിദിവസങ്ങളിൽ തുറക്കില്ല. തിങ്കളാഴ്ചയും ഇത്തരം പല സ്ഥാപനങ്ങളും അവധിയായിരിക്കും.
* യാത്രാപദ്ധതി തയ്യാറാക്കുമ്പോൾ മാപ്പുകൾ നോക്കി സ്ഥലമെവിടെയെന്ന് മനസ്സിലാക്കുക. ഒരേ റൂട്ടിലുള്ള സ്ഥലങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും. 
* ക്യാമറ, വീഡിയോ എന്നിവ ഉപയോഗിക്കുന്നതിന് മിക്കയിടത്തും പ്രത്യേക ഫീസ് നൽകണം. യാത്രാച്ചെലവ് കണക്കാക്കുമ്പോൾ ഇതുകൂടി മനസ്സിലുണ്ടാകണം. നിരക്ക് മിക്ക വർഷങ്ങളിലും പുതുക്കാറുണ്ട്. 
* താമസസൗകര്യവും നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. രാത്രിയോ പുലർച്ചെയോ ആണ് മടക്കയാത്ര തീരുമാനിച്ചിട്ടുള്ളതെങ്കിൽ റെയിൽവേ സ്റ്റേഷനോ വിമാനത്താവളത്തിനോ വളരെ ദൂരെ മുറിയെടുക്കുന്നത് ബുദ്ധിമുട്ടാകും. ഇവയ്ക്ക് തൊട്ടടുത്ത് മുറിയെടുത്താൽ മടക്കയാത്രയുടെ അവസാന നിമിഷത്തിലെ അനാവശ്യ വെപ്രാളം ഒഴിവാക്കാം. ഹോട്ടലുകളിൽ മുൻപ് താമസിച്ചവരുടെ അനുഭവം ഗൂഗിൾ റിവ്യൂകളിലോ യാത്രാസൈറ്റുകളിലോ ലഭിക്കും. അത് വായിച്ചുനോക്കിയതിനുശേഷം മുറിയെടുക്കുന്നതാണ് നല്ലത്. 
* അധികം പണം കൈയിൽ വയ്ക്കാതിരിക്കുക. കാർഡുകൾ ഉപയോഗിച്ചുള്ള പണം കൈമാറ്റരീതി ശീലമാക്കുക.
* തീവണ്ടിയിറങ്ങിയാലൊന്ന് ഫ്രെഷ് ആകാനോ വണ്ടി കയറും മുൻപൊന്ന് വിശ്രമിക്കാനോ വേണ്ടി മാത്രം ഹോട്ടലിൽ വലിയ തുക കൊടുത്ത് പലപ്പോഴും മുറിയെടുക്കേണ്ടി വരാറുണ്ട്. പല സ്റ്റേഷനുകളിലും കുറഞ്ഞ നിരക്കിൽ ഡോർമെറ്ററി സൗകര്യം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ കുറച്ചുപണം നമ്മുടെ കീശയിൽത്തന്നെ കിടക്കും.
* ചില വലിയ ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ പ്രഭാതഭക്ഷണം സൗജന്യമായി നൽകാറുണ്ട്. ഇത് നേരത്തേ അന്വേഷിക്കുന്നത് ചെലവ് ചുരുക്കാൻ സഹായിക്കും. 
* ഡൽഹി ബെല്ലി എന്നൊരു പ്രയോഗമുണ്ട്. യാത്രയ്ക്കിടെ വയറാകെ പ്രശ്നമായി ടോയ്‌ലറ്റിലേക്ക് ഇടയ്ക്കിടെ ഓടേണ്ട അവസ്ഥയാണിത്. വൃത്തിഹീനമായ ഭക്ഷണവും വെള്ളവുമാണ് പ്രധാന വില്ലൻ. നഗരങ്ങളിലെ തട്ടുകടകളിലെ ഭക്ഷണവും വെള്ളവുമൊക്കെ രുചി നോക്കുമ്പോൾ 'ഡൽഹി ബെല്ലി' കൂടി ഓർക്കുക.
* നമ്മൾ സാധാരണ ഉപയോഗിക്കുന്ന മരുന്നുകൾ എപ്പോഴും കൂടെക്കരുതണം. 
* രാത്രി ഡാൻസ് ബാറുകളിലും മദ്യശാലകളിലുമൊക്കെ കയറുന്നവർ അവിടത്തെ നിയമങ്ങളും ഫീസുമൊക്കെ നേരത്തേ മനസ്സിലാക്കി വയ്ക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ അനാവശ്യ പ്രശ്നങ്ങളിൽപ്പെടാനോ കീശ കാലിയാകാനോ ഒക്കെ സാധ്യതയുണ്ട്.
* ആരാധനാലയങ്ങളിൽ പോകുമ്പോൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കുക. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവ നിരോധിച്ച സ്ഥലങ്ങളേതൊക്കെയെന്നും ധാരണ വേണം.