തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തിരുവനന്തപുരത്തു നിന്ന്‌ ഏതാണ്ട് 32 കിലോമീറ്റർ പിന്നിടുമ്പോൾ പാലോടായി. അവിടെനിന്ന്‌ ഏഴു കിലോമീറ്റർ മാറി അതേ റൂട്ടിൽ പച്ച എന്ന സ്ഥലത്താണ് കേരളത്തിന്റെ  ഈ ഹരിത ഭൂമി. മടത്തറയ്ക്കുള്ള ബസിൽ കയറിയാൽ ഇതിനടുത്ത് ഇറങ്ങാം. കൊല്ലത്തുനിന്ന്‌ വരുന്നവർക്ക് പാരിപ്പള്ളി മടത്തറ വഴി പാലോടേയ്ക്കുള്ള ബസിലും ഇവിടെയിറങ്ങാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പാരിപ്പള്ളി വഴി പോവാം. കൊല്ലത്തുനിന്ന് 62 കിലോമീറ്റർ. 
 ഒരു ഭൗമജീവിതത്തിന്റെ ഭൂതകാല ശേഷിപ്പിനു മുന്നിലാണ് നിങ്ങളിപ്പോൾ. 20-23 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഈ ഭൂമിയിൽ ഉണ്ടായിരുന്ന ഒരു പുഷ്പിതസസ്യത്തിന്റെ തായ്തടിയാണ് ശിലാഖണ്ഡമായി മുന്നിൽ. പുൽത്തികിടിയിൽ കരിങ്കൽപ്പാളികൾകൊണ്ട് അലങ്കരിച്ച് പ്രത്യേകം സംരക്ഷണയോടെ സൂക്ഷിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ തെക്കെ ആർക്കാട്ട് ജില്ലയിലെ ശിലാദ്രവ്യവനത്തിൽനിന്ന്‌ കൊണ്ടുവന്ന ഈ ഫോസിൽ മുത്തച്ഛനെ കണ്ടു വണങ്ങി നമുക്ക് യാത്രതുടങ്ങാം. പാലോട് ജവഹർലാൽ നെഹ്രു ദേശീയ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലാണ് നിങ്ങളിപ്പോൾ. 
  വെറുതേ നോക്കുന്നവർക്കിതൊരു കാടാണ്, കാടിനു നടുവിലെ കറെ കെട്ടിടങ്ങളും. എന്നാൽ അടുത്തറിയുന്നവർക്കിതൊരു അക്ഷയഖനിയാണ്. കേരളത്തിന്റെയെന്നല്ല ലോകത്തിന്റെതന്നെ ജൈവവൈവിധ്യത്തിലേക്ക് തുറന്നുവെച്ചൊരു പുസ്തകം. ഈ യാത്ര അറിവിന്റെ വിശാലമായ ലോകത്തേക്കാണ്, പ്രകൃതിയുടെ വിസ്മയങ്ങളിലേക്കാണ്. അത്തരം ഉൾക്കാഴ്ചകളുണ്ടായിരുന്ന, ചരിത്രാവബോധമുണ്ടായിരുന്ന ഒരു മഹാന്റെ പേരിലാണ് ഈ സ്ഥാപനമെന്നതും അതിന്റെ ഔചിത്യഭംഗിയേറ്റുന്നു.  
പല ചെടികളിലും പേരും വിശേഷങ്ങളും കുറിച്ചുവെച്ചിട്ടുണ്ടെങ്കിലും  സസ്യോദ്യാനത്തെ അടുത്തു കാണാനും പരിചയപ്പെടാനുമായി ഒരു ഗൈഡ് കൂടെയുണ്ടെങ്കിൽ നല്ലതാണ്. 
 മരവുരി മരം, മൂട്ടിപ്പഴം, ആനത്താമര, സുഗന്ധസസ്യങ്ങൾ, ഓർക്കിഡ്, കോർക്കുമരം, ഗന്ധരാജൻ, കൃഷ്ണതുളസി, ശതാവരി, കാക്കത്തോണ്ടി, പരിചിതവും അപരിചിതവുമായ സസ്യലോകത്തിലൂടെ യാത്ര മരമഞ്ഞളിലെത്തുമ്പോൾ ഒന്നു നിർത്തണം. കാരണം മരമഞ്ഞൾ ഭയാനകമാം വിധം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരപൂർവ ഔഷധച്ചെടിയാണ്. ഈ സ്ഥാപനത്തിന്റെ ഇടപെടലുകൊണ്ട് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഒരു ചെടിയുമാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കാവുന്ന ഈ ഔഷധം ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിലും പുരട്ടാം. 
 ഇതിന്റെ തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കാം.
 സ്വാഭാവികമായ വനഭംഗി നിലനിർത്തിക്കൊണ്ടാണ് ഈ തോട്ടം നിർമിച്ചിരിക്കുന്നതെന്നതും ഒരു സ്വാഭാവിക വനത്തോട് ചേർന്നുതന്നെയാണ് ഇതിന്റെ സ്ഥാനമെന്നതും ഈ തോട്ടത്തെ വേറിട്ടു നിർത്തുന്നു.
 ആനത്താമര ബ്രസീലിൽ നിന്നും വന്ന അതിഥിയാണ്. താമരയെന്നതാണ് പേരെങ്കിലും ആള് ആമ്പലാണ്. വളരെ വലുതാണ് ഇല. ഏതാണ്ട് ആറടിയിലധികം വ്യാസം കാണും. ഇതിന്റെ ബ്രസീലിയൻ പതിപ്പിൽ ഒരു കൊച്ചുകുഞ്ഞിനെ ഉറക്കി ക്കിടത്താം. വെള്ളത്തിനു മുകളിൽ ഭാരം താങ്ങി ഒരു തോണിപോലെ കിടന്നോളും. ഇവിടുത്തെ കാലാവസ്ഥയിൽ അത്രയും വലുതാകില്ല.
 ഇരപിടിയൻ ചെടികളും കടലുകടന്നു വന്നവയാണ്. അതിന്റെ അതി വിപുലമായൊരു ശേഖരം തന്നെയുണ്ടിവിടെ. ഇഞ്ചി വർഗങ്ങളുടെയും വാഴയിനങ്ങളുടെയും അപൂർവസുന്ദരമായ പൂക്കളും കായകളും വിസ്മയത്തോടെയേ കാണാൻ പറ്റൂ. 
 അല്ലയോ മാതൃഭൂതകളായ ഔഷധികളെ നിങ്ങളുടെ ഇരിപ്പിടങ്ങൾ അനന്തങ്ങളാണ്.  കൂടാതെ നിങ്ങളുടെ ഉദ്ഗമസ്ഥാനങ്ങളും അനന്തങ്ങളാണ്.
 നൂറുതരത്തിൽ പ്രവർത്തിക്കുന്ന ശക്തിയോടു കൂടിയ ഔഷധികളെ
 നിങ്ങൾ എന്റെ രോഗികളെ രോഗമില്ലാത്തവരാക്കി തീർക്കുക-
വചനം അഥർവവേദത്തിൽ നിന്ന്‌. മൺ മതിലിൽ ചിരട്ടക്കരിച്ചായത്തിൽ എഴുതി വെച്ച ഓരോ വാക്യങ്ങളും വായിച്ച് വായിച്ച് ചെല്ലുമ്പോൾ ഒരു കുഞ്ഞുവീടു കാണാം. അവിടെ കോലായിൽ ഇരിപ്പുണ്ട് വൈദ്യർ. നാഡി പിടിക്കാൻ സൗകര്യത്തിലാണ് ഇരിക്കുന്നത്. കൈ വെച്ചുകൊടുത്താൽ കറക്ട് നാഡി പിടിക്കുന്ന പോസിൽ ഫോട്ടോയെടുക്കാം. സംഗതി ഒരു ശിൽപ്പമാണ്. ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഔഷധ വിജ്ഞാനകോശത്തിന് വിവരങ്ങൾ നൽകിയ ഇട്ടി അച്യുതന്റെ സ്മാരകമാണിവിടം. ചിറ്റാറിന്റെ മനോഹരമായ ഒഴുക്കും കണ്ട് ഔഷധക്കാറ്റേറ്റ് ഇവിടെയിങ്ങനെയിരിക്കുമ്പോൾ മനസ്സിനും ശരീരത്തിനും കുളിർമ കിട്ടുന്നു.
 മുളംകാടുകളിൽ ചൂളം വിളിയായിരുന്നു. കാറ്റും മുളയും ചേർന്നൊരുക്കുന്ന സംഗീതം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കണ്ടു വരുന്ന 60 ഇനം മുളകളാണ് ഇവിടെയുള്ളത്. ഉയരം കൂടിയതു മുതൽ കുഞ്ഞൻ മുളകളുടേതു വരെയായി വിപുലമായൊരു ശേഖരം. പലയിനം മുളംതൈകൾ വാങ്ങാനും കിട്ടും. 
 കള്ളിച്ചെടികളുടെ ശേഖരമാണ് മറ്റൊരു കൗതുകം. പ്രത്യേകം തയ്യാറാക്കിയ ഗ്ലാസ് ഹൗസുകളിലാണ് ഇവയുടെ സ്ഥാനം. അലങ്കാരച്ചെടികളും ധാരാളം ഉണ്ട്. കൈക്കുള്ളിലൊതുങ്ങുന്ന കുഞ്ഞ് കൈതച്ചക്ക മുതൽ നെയ്ൽ പോളിഷിട്ട് നിൽക്കുന്ന സുന്ദരിച്ചെടി വരെ...
 ഈന്ത് വർഗത്തിന്റെ ശേഖരവും വിലപ്പെട്ടതാണ്. എല്ലാ തരത്തേയും ഒരിടത്ത് കാണാമെന്നതാണ് സൗകര്യം. 
 ഈ കാണുന്നത് സിസ്റ്റമാറ്റിക് ഗാർഡനാണ്. ജോർജ് ബെൽതാം ജോസഫ് ഡാൾട്ടൻ ഹിക്കർ എന്നീ പ്രശസ്ത സസ്യശാസ്ത്രജ്ഞൻമാരുടെ പഠന ഗവേഷണത്തിന്റെ ഭാഗമായുള്ള വർഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തോട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സസ്യ വർഗങ്ങളെ അതിന്റെ വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ വളർത്തുന്ന തോട്ടത്തിൽ വ്യത്യസ്ത സസ്യവർഗങ്ങളെ തിരിച്ചറിയാനും താരതമ്യപ്പെടുത്താനും സസ്യശാസ്ത്ര വിദ്യാർഥികൾക്ക് ഉപകാരപ്പെടും. സാധാരണക്കാരനും സസ്യ വർങ്ങളെ കുറിച്ചൊരു ധാരണയുണ്ടാക്കാം. പുഷ്പിത സസ്യങ്ങളുടെ പരിണാമ വികാസങ്ങളെക്കുറിച്ചറിയാനും 
ശാസ്ത്രീയ വർഗീകരണവും ഓരോ വർഗത്തിന്റെയും സംരക്ഷണ പ്രാധാന്യം ഓർമിപ്പിക്കാനും ഈ യാത്ര സഹായകരമാവുന്നു. നിങ്ങളുടെ ചുറ്റുവട്ടത്തുള്ള ഓരോ പുൽക്കൊടിക്കും എന്തുമാത്രം പ്രാധാന്യമുണ്ടെന്നു ഓർത്തുപോകും.
50,000 ത്തിലധികമാണ് ഇവിടുത്തെ ശേഖരം. മൻമോഹൻസിങ് റിസർവ്വ് ബാങ്ക് ഗവർണറായിരിക്കുമ്പോൾ നട്ട മാവ്, ഇ.എം.എസ്. നട്ട നെല്ലിമരം, എന്നിങ്ങനെ മഹാരഥൻമാരുടെ ഓർമകളും ഇവിടെ തലയാട്ടി നിൽപ്പുണ്ട്. 
 ഇവിടെനിന്ന്‌ തിരിച്ചുവരും മുമ്പ് ഒരാളെ കൂടി ഓർക്കേണ്ടതുണ്ട്. ഇതിന്റെ സ്ഥാപനത്തിന് വഴിയൊരുക്കിയ പ്രൊഫ. എ. എബ്രഹാമിനെ. അദ്ദേഹത്തിന്റെ താത്പര്യവും കാഴ്ചപ്പാടുമാണ് ഈ ദേശീയ സസ്യോദ്യാനത്തിന് വിത്തു പാകിയത്. 1979 സപ്തംബർ 17 നാണ് ഇത് യാഥാർഥ്യമായത്. 
  അദ്ദേഹത്തിന്റെ സ്മരണകൾക്കുമുന്നിൽ മനസ്സു നമിച്ചുകൊണ്ട് പുറത്തു കടക്കുമ്പോൾ മറ്റൊരു മഹാനന്ദി കൂടി പറയേണ്ടതുണ്ട് അത് അഥർവവേദത്തിലെ ഭൂമിസൂക്തത്തിൽ നിന്നാവട്ടെ. ഇട്ടി അച്യുതൻ സ്മാരകത്തിൽ എഴുതിവെച്ച ആ വാചകമിതാ: ‘‘അല്ലയോ ഭൂമി, അവിടുത്തെ കാടുകളും കുന്നുകളും മഞ്ഞണിഞ്ഞ പർവതങ്ങളും ഞങ്ങൾക്കു മംഗളമരുളട്ടെ. ഹേ ഭൂമി നിന്നിൽനിന്നും ഞാൻ എടുത്തതെന്തോ 
അതേ വേഗം വീണ്ടും മുളച്ചു വളരട്ടെ.

പരിശുദ്ധയായവളെ ഞാൻ ഒരിക്കലും നിന്റെ മർമങ്ങളെ പിളർക്കാതിരിക്കട്ടെ’’
യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ബന്ധപ്പെടാവുന്ന നമ്പറുകൾ കൂടി 
0472 2869246, 2869226, 2869626, 0471 286 9246.