ഗോൾഡൻ സിറ്റി അഥവാ സ്വർണനഗരി. പാഠപുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞിരുന്ന ഥാർ മരുഭൂമിക്കു നടുവിലായി ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുന്ന മിനാരങ്ങളും ചെറിയ തടാകങ്ങളും നിറഞ്ഞ നാട്. സംഗീതവും നൃത്തവും ഇഴചേർന്ന രാജസ്ഥാന്റെ തനത് സംസ്കാരവും പാരമ്പര്യവും ഇപ്പോഴും മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണിവിടെയുള്ളവർ. വലിയ മീശയും വർണത്തലപ്പാവുകളും അലങ്കാരമാക്കിയ പുരുഷന്മാരും നിറയെ കിലുക്കുകളുള്ള വീതിയേറിയ കൊലുസ്സുകളും കാൽ വിരലുകളിൽ നിറയെ മിഞ്ചിയും ചിത്രപ്പണികളോടുകൂടിയ വസ്ത്രങ്ങളുമണിഞ്ഞ സ്ത്രീകളും അലസമായി വിഹരിക്കുന്ന ഒട്ടകങ്ങളും മനുഷ്യനിർമിതമായ കോട്ടകളുടെ ഗാംഭീര്യവും മരുഭൂമിയുടെ വശ്യ സൗന്ദര്യവും കൊണ്ട് കാഴ്ചകളാൽ സമ്പന്നമായ നഗരം. 
12ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ നഗരം. കെട്ടിടങ്ങളുണ്ടാക്കുന്നതിന് ഉപയോഗിച്ചത് പ്രാദേശികമായി ലഭിക്കുന്ന മണൽകൂട്ടുള്ള മഞ്ഞനിറമുള്ള തിളങ്ങുന്ന കല്ലുകളാണ്. എവിടെ നോക്കിയാലും സ്വർണനിറത്തിലുള്ള കെട്ടിടങ്ങൾ മാത്രം. അങ്ങനെയാണ് ഗോൾഡൻ സിറ്റി എന്നപേര് ഈ നഗരത്തിന് ലഭിച്ചത്. മെയ് മാസത്തിൽ 50 ഡിഗ്രിക്ക് മുകളിൽ വരുന്ന ചൂടും ജനുവരി മാസത്തിലെ നല്ല തണുപ്പും മരുഭൂമിയിലുള്ള ഈ നഗരത്തിന്റെ പ്രത്യേകതയാണ്.
ഹോട്ടലിൽനിന്ന് രാവിലെ തന്നെ ഞങ്ങൾ പുറത്തിറങ്ങി. ജയ്‌സാൽമീറിൽ എത്തുന്ന സഞ്ചാരികളുടെ ആദ്യത്തെ കേന്ദ്രം സോനാ കിലാ എന്ന സ്വർണക്കോട്ട തന്നെയാണ്. 1156ൽ മഹാറാവൽ ജയ്‌സാൽ സിങ്ങാണ് കോട്ടയുടെ പണിതുടങ്ങിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ഗോൾഡൻ ഫോർട്ട്. ഇന്ത്യയിലെ ചുരുക്കം ചില ലിവിങ് ഫോർട്ടുകളിൽ ഒന്നാണിത്. മൂവായിരത്തിലധികം ആളുകൾ ഇപ്പോഴും ഈ കോട്ടയിൽ താമസിച്ച് സാധാരണ ജീവിതം നയിക്കുന്നു. 
സിറ്റിയിൽനിന്ന് വിലപേശി വിളിച്ച ഓട്ടോകളിലാണ് ഞങ്ങളുടെ യാത്ര. കൂറ്റൻ കോട്ടവാതിൽ കടന്ന് ഞങ്ങൾ അകത്തു കടന്നു. വളഞ്ഞ് പുളഞ്ഞ് മേലോട്ട് പോകുന്ന വഴിയിൽ ഇടയ്ക്കിടെ പല പേരിൽ അറിയപ്പെടുന്ന വലിയ കോട്ടവാതിലുകൾ കാണാം. നടുത്തളം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് ആ വഴി അവസാനിക്കുന്നു. അവിടെനിന്ന് ടിക്കറ്റെടുത്ത്  കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചാൽ പ്രതാപശാലികളായ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കൊട്ടാരത്തിന്റെ ഉള്ളറകളും മറ്റും കാണാം. പക്ഷേ, ഞങ്ങളുടെ ലക്ഷ്യം കോട്ടയിൽ ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നവർ താമസിക്കുന്ന ഇടങ്ങളായിരുന്നു. നടുത്തളംപോലെ തോന്നിക്കുന്നിടത്തുനിന്ന് കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ചെറുവഴികളിലൂടെ ഞങ്ങൾ നടന്നു. കോട്ടയെപ്പറ്റി കേട്ട വീരചരിത്രങ്ങളുടെ ചിത്രം ഇവിടെ തീരുന്നു. തിരക്കേറിയ ചന്തപോലെയാണ് ഇപ്പോൾ കോട്ടയ്ക്കുള്ളിലെ ഉൾവഴികൾ. തീരെ ഇടുങ്ങിയ വഴികൾ. വഴിയുടെ ഇരുഭാഗവും പലതരത്തിലുള്ള കച്ചവടക്കാർ. പഴയകാലം ഓർമപ്പെടുത്തുന്ന സാധനങ്ങളും ആഭരണങ്ങളും വില്പനയ്ക്ക് വെച്ചിരിക്കുന്നു. എല്ലാത്തിനും നല്ല വിലയാണ്. സഞ്ചാരികൾ വിലപേശി സാധനങ്ങൾ വാങ്ങുന്നുണ്ട്. കോട്ടയുടെ ഉള്ളിൽ തന്നെ ഹോട്ടലുകളും ടൂർ  ഓപ്പറേറ്റർമാരുടെ ഓഫീസുകളും ലോഡ്ജുകളും പ്രവർത്തിക്കുന്നു.