ഇരിങ്ങോൾകാവ്-കാടിനുനടുവിലെ ദുർഗാക്ഷേത്രം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ബസ്സിറങ്ങി ഒരു ഓട്ടോപിടിച്ചാൽ 40 രൂപയ്ക്ക് നേരെ അമ്പലമുറ്റത്തെത്താം. ആലുവ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയാൽ പെരുമ്പാവൂരിലേക്ക് ഇഷ്ടം പോലെ ബസ്സുമുണ്ട്. വൻമരങ്ങളും വള്ളികളും അടിക്കാടും പടർന്ന് പന്തലിച്ച ഹരിതാഭയ്ക്കു കീഴെ പ്രകൃതിയെ ദേവതയായി കണ്ടാരാധിക്കുന്ന ക്ഷേത്രം. കാവിലെ മരങ്ങളാണ് ഉപദേവതമാർ. ഇഴജന്തുക്കളും വന്യമൃഗങ്ങളുമില്ലാത്ത കാടാണിത്. പക്ഷികൾ ധാരാളം. കാവിലൂടെ ക്ഷേത്രത്തിലേക്ക് മൂന്നു പ്രധാന വഴികളും കൊച്ചു നടപ്പാതകളും ഉണ്ട്. 
 ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലർന്ന വലിയൊരു കലവറയാണീ ക്ഷേത്രമാഹാത്മ്യം. ദേവകീ-വാസുദേവൻമാരുടെ എട്ടാമത്തെ പുത്രൻ കംസനെ വധിക്കുമെന്ന അരുളപ്പാടിനുശേഷം കംസൻ അവരെ കാരാഗൃഹത്തിലടച്ചു. എട്ടാമത്തെ പുത്രന്റെ സ്ഥാനത്ത് പെൺകുഞ്ഞിനെക്കണ്ട കംസൻ പെൺകുഞ്ഞായിട്ടും അവളെ കൊല്ലാൻ തുനിഞ്ഞു. പക്ഷേ, കംസന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട കുഞ്ഞ് ആകാശത്ത് അഭൗമതേജസ്സോടെ ജ്വലിച്ചുനിന്നു. ആ തേജസ്സ് ഭൂമിയിൽ ആദ്യമായി സ്പർശിച്ചസ്ഥലം ഇരുന്നോൾ എന്നായെന്നും കാലക്രമേണ അത് ഇരിങ്ങോളായെന്നുമാണ് സ്ഥലനാമ ചരിത്രം. പരാശക്തിയായ ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ ദേവഗണങ്ങളാണ് ഇവിടുത്തെ വൃക്ഷലതാദികൾ എന്നും കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ മരങ്ങൾ മുറിക്കുകയോ വള്ളികൾ അറുത്തുമാറ്റുകയോ വീണുകിടക്കുന്ന മരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാറില്ല. 
 തൃണബിന്ദു മഹർഷി ഇവിടെ പർണശാല കെട്ടി വേദാഭ്യസനം നടത്തിയിരുന്നു. അത് മറഞ്ഞുനിന്നു കണ്ട ഹനുമാനെ ആളറിയാതെ ആട്ടിയോടിച്ചു. ഹനുമാൻ മഹർഷിയെ പേടിപ്പിക്കാൻ കൊമ്പനാനയെയും സിംഹത്തെയും കാവൽ നിർത്തി. ഇതുകണ്ട് രസിക്കാനായി ഇലവിന്റെ മുകളിൽ കയറിയിരിക്കുകയും ചെയ്തു. ജ്ഞാനദൃഷ്ടിയിൽ കാര്യം മനസ്സിലാക്കിയ മഹർഷി ഹനുമാന്റെ അഹന്ത കുറയ്ക്കാനായി നിനക്ക് നിന്റെ ശക്തിയെക്കുറിച്ച് മറവിയുണ്ടാവട്ടെ എന്നു ശപിച്ചു. ശാപവാർത്തയറിഞ്ഞ് വായുഭഗവാൻ മകനായ ഹനുമാനെ കാടു മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മരങ്ങളുടെയെല്ലാം ചുവട് പിടിച്ചിളക്കിനോക്കിയപ്പോൾ ഒരു മരം മാത്രം ഇളകുന്നില്ല. അതിലായിരുന്നു ഹനുമാൻ ഇരുന്നത്. വലിയ ഇലവ് എന്ന പേരിൽ ആ മരം അറിയപ്പെട്ടു.
ഹനുമാനെ വിളിച്ചിറക്കി ശാപവാർത്തയറിയിച്ച വായുഭഗവാൻ മഹർഷിയെ സാഷ്ടാംഗം പ്രണമിച്ച് ശാപമോക്ഷം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ തന്റെ വാക്ക് വീൺവാക്ക് ആവില്ലെന്ന് പറഞ്ഞ മഹർഷി ഈ വനത്തിൽ അഹന്തയോടുകൂടി ആരും വർത്തിക്കരുത്. വായുദേവൻപോലും മൃദുവായി വീശണം. ഇവിടം പുണ്യഭൂമിയാണ്, വിഷജന്തുക്കൾ ഭക്തരെ ഉപദ്രവിക്കില്ല. വൻവൃക്ഷങ്ങൾ ആരും വെട്ടിനശിപ്പിക്കില്ല. ദുഷ്ടമൃഗാദികൾ ഇവിടെ ഉണ്ടാവുകയില്ല എന്നിങ്ങനെയും ഓർമപ്പെടുത്തി. ഹനുമാന്റെ ശക്തി വൈഭവത്തെപറ്റി ശ്രീരാമാവതാരകാലത്ത് അവനെ ജാംബവാൻ ഓർമിപ്പിക്കുമെന്നും അതിൽ പിന്നെ ശക്തഹനുമാനായി ലോകം ആരാധിക്കുമെന്നും രാമനാമമുള്ള കാലം വരെ അവൻ ചിരഞ്ജീവിയായിരിക്കുമെന്നും ശാപമോക്ഷം കൊടുത്തു എന്നും ഐതിഹ്യസ്പർശമുള്ള കഥകൾ ധാരാളം.
 യാഥാർഥ്യമായാലും കഥയായാലും ഐതിഹ്യമായാലും വിശ്വാസമായാലും മരം ഒരു വരമാണെന്ന് തിരിച്ചറിഞ്ഞ ഒരു നാടിന്റെ നൻമയാണ് ഈ കാവിനെ സംരക്ഷിച്ച് നിർത്തുന്നത്. 50 ഏക്കർ കാടിനു നടുവിലാണ് ക്ഷേത്രം. തമ്പകം, വെള്ളപ്പൈൻ, തേക്ക്, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളും തിപ്പലി, കാട്ടുകുരുമുളക്, പാതാരി, തുടങ്ങിയ ഔഷധസസ്യങ്ങളും തത്ത, കുയിൽ, പരുന്ത്, കാലൻകോഴി, പുള്ള്, നത്ത്, തുടങ്ങിയ 44 ഓളം ഇനം പക്ഷികളും വിവിധ ഇനം ചെറുജന്തുക്കളും അടങ്ങിയതാണീ വനത്തിന്റെ ജൈവവൈവിധ്യം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളിൽപെട്ടവയാണ് പലതും. 
 വേരുകളുടെ വലതീർക്കുന്ന ജലസംഭരണിയാണ് കാവിനെ ഹരിതാഭമാക്കുന്നത്. ചെറിയ ചതുപ്പുകൾപോലുള്ള ജലസംഭരണിയുണ്ട് ചിലേടത്ത്. ഏതു കൊടും വേനലിലും വെള്ളമുള്ള തീർഥക്കുളവും കാവിന്റെ ഭാഗമാണ്. ജാതിമതഭേദമന്യേ ഏതു വിശ്വാസിക്കും ശുദ്ധിയോടെ അമ്പലത്തിൽ വരാം എന്നതും പ്രത്യേകതയാണ്. 
 രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് വനദുർഗയായും രാത്രി ഭദ്രകാളിയായും ദേവി മൂന്നു ഭാവങ്ങളിൽ കുടികൊള്ളുന്നു. ശർക്കരനിവേദ്യവും കടുംപായസവും നെയ്‌പായസവും ചതുശ്ശതവും കാർത്തിക ഊട്ടും തുലാഭാരവും കൂട്ടുപായസവും ആണ് പ്രധാന വഴിപാടുകൾ. 
 മീനത്തിലെ പൂരം പ്രസിദ്ധമാണ്. പിടിയാനകൾ മാത്രം അണിനിരക്കുന്ന പൂരമാണിവിടെ. മീനം രണ്ടുമുതൽ 10 വരെയാണ് പൂരം കൊണ്ടാടുന്നത്. പൂരത്തിന് പുറമെ പുനഃപ്രതിഷ്ഠാദിനവും നവരാത്രി മഹോത്സവവും തൃക്കാർത്തികയും ആഘോഷിക്കുന്നു. ഇവിടുത്തെ വിത്തിടൽ ചടങ്ങും പ്രസിദ്ധമാണ്.
 പുരാതനകാലത്ത് ഈ വനത്തിനുള്ളിലെ ദേവീചൈതന്യം കല്ലിൽ ദർശിച്ച പുലയസമുദായത്തിൽപെട്ട സ്ത്രീയുടെ പിൻമുറക്കാരായ കുടുംബക്കാരാണ് ഇത് നടത്തുന്നത്. മകരം 30-ന് തുടികൊട്ടിപ്പാട്ടും കുടതുള്ളലുമായി ഇവർ ഉച്ചപ്പൂജയോടെ കിഴക്കേ നടയിലെത്തും. തിരുമുറ്റം വലംവെച്ച് ഒരുകെട്ട് കറ്റയും നെൽപറയും ദേവിക്കു സമർപ്പിക്കുന്നതാണ് ചടങ്ങ്.
 കാവിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി പറയട്ടെ. ഏത് മതസ്ഥരായാലും വ്രതശുദ്ധിയോടെയേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ. സുഗന്ധപുഷ്പങ്ങൾ ചൂടിയോ സുഗന്ധദ്രവ്യങ്ങൾ പൂശിയോ ക്ഷേത്രത്തിൽ പ്രവേശിക്കരുത്. ചെത്തി, തുളസി, താമര എന്നീ പുഷ്പങ്ങളേ ഉപയോഗിക്കാവൂ. ബനിയൻ, ഷർട്ട്, കൈലിമുണ്ട് എന്നിവ ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കരുത്.  കൊച്ചുകുട്ടികൾ ക്ഷേത്രത്തിനകത്ത് മൂത്രം ഒഴിക്കാതെ ശ്രദ്ധിക്കണം. ക്ഷേത്രത്തിനു പുറത്ത് ഒരു പ്രദക്ഷിണംവെച്ച് കിഴക്കേനടയിലൂടെയാണ് പ്രവേശിക്കേണ്ടത്.
ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. പണ്ട് 32 ഇല്ലങ്ങൾക്കായിരുന്നു ക്ഷേത്രനടത്തിപ്പിന്റെ ചുമതല. അതിൽ നാഗഞ്ചേരി മന തൊട്ടടുത്താണ്. 
 അവിടം ഇപ്പോൾ ടൂറിസം വകുപ്പ് ഏറ്റെടുത്ത് മ്യൂസിയവും പാർക്കും നിർമിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാം, മ്യൂസിയത്തിലെ കാഴ്ചകളും കാണാം. മനയോട് ചേർന്നും ഒരു കുളമുണ്ട്. തൊട്ടടുത്തൊരു നക്ഷത്രവനവും തയ്യാറാക്കിയിട്ടുണ്ട്. പ്രവേശനത്തിന് മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റിന്.
 കാടും ക്ഷേത്രവും മനയും ചുറ്റിനടന്ന് പെരുമ്പാവൂരിലെത്തുമ്പോൾ അദ്ഭുതപ്പെടും. അത് മറ്റൊരു ലോകമാണ്. പാൻപരാഗുമുതൽ ജീൻസും ഷർട്ടും മൊബൈലുംവരെയായി ഒരു ഉത്തരേന്ത്യൻ മാർക്കറ്റ്. ഹിന്ദിയും ബംഗാളിയും. ബംഗാളിപ്പടം ഓടുന്ന ടാക്കീസും. കേരളത്തിലെ അന്യസംസ്ഥാനത്തൊഴിലാളികളുടെ തലസ്ഥാനമായ ഈ പെരുമ്പാവൂരും ഒന്നു കാണേണ്ടതുതന്നെ. താമസസൗകര്യത്തിന് ബന്ധപ്പെടാവുന്ന നമ്പർ കുന്നത്താൻ റെസിഡൻസി 0484-2594787 ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ: 9388869608, 9048747447, 9495559330