നവംബർ, ഡിസംബർ മാസങ്ങളിൽ കടുത്ത തണുപ്പും, ജോർജിയയിൽ ഓഫ്‌സീസണുമാണ്. എന്നാൽ മഞ്ഞു മലകൾ കാണാൻ ആഗ്രഹമുള്ളവർക്ക് ഇതിലും നല്ല അവസരം വേറെയില്ല. ഈ മാസങ്ങളിൽ ഫ്ലൈറ്റ്‌ നിരക്കുകളും കുറവായിരിക്കും. ഞങ്ങൾ നാലു സുഹൃത്തുക്കൾ ചേർന്ന് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ജോർജിയക്കാർക്കു ഇംഗ്ലീഷ് ഭാഷ വലിയ വശമില്ല. അതുകൊണ്ട്‌ ഒരു ഗൈഡിന്റെ സഹായം അത്യാവശ്യമാണ്. സ്ഥലങ്ങൾ തമ്മിൽ നല്ല ദൂരമുള്ളതിനാൽ വാഹനസൗകര്യം വേണം. പോകുന്നതിനു മുൻപുതന്നെ ചില സുഹൃത്തുക്കൾവഴി നല്ല ഒരു ടൂർ പാക്കേജ് ഞങ്ങൾ ബുക്ക്‌ചെയ്തു.
നിരക്ക് കുറവായതിനാൽ ഫ്ലൈ ദുബായ് എയർലൈൻസ് ടിക്കറ്റാണ് എടുത്തത്. ദുബായിൽനിന്നുള്ള കണക്ഷൻ ഫ്ലൈറ്റ്‌ ഏകദേശം മൂന്നര മണിക്കൂർകൊണ്ട് ജോർജിയൻ തലസ്ഥാനമായ റ്റിബിലിസിയിൽ എത്തിച്ചേർന്നു. തണുപ്പിനെപ്പറ്റി ഏകദേശധാരണ ഉണ്ടായിരുന്നതുകൊണ്ട് ജാക്കറ്റും സ്വെറ്ററുമൊക്കെ കരുതിയിരുന്നു. എങ്കിലും റ്റിബിലിസിയിൽ ഞങ്ങളെ എതിരേറ്റതു മൈനസ് രണ്ട് ഡിഗ്രി തണുപ്പായിരുന്നു. വെളുപ്പിന് മൂന്നു മണിക്കുള്ള ഈ കൊടും തണുപ്പിലും ഞങ്ങളുടെ ഗൈഡ് കൃത്യസമയത്ത് എത്തി കാത്തുനിന്നിരുന്നു. ജോർജിയക്കാരുടെ കൃത്യനിഷ്ഠയും ആത്മാർഥതയും ടൂറിസ്റ്റുകളോടുള്ള സമീപനവും അവിടംതൊട്ട് ഞങ്ങൾക്ക് ബോധ്യപ്പെട്ടുതുടങ്ങി.
ഞങ്ങൾ തിരഞ്ഞെടുത്ത ഹോട്ടൽ വിക്ടോറിയ റ്റിബിലിസി സിറ്റിയിൽത്തന്നെയായിരുന്നു. എയർപോർട്ടിൽനിന്ന് 15 മിനിറ്റുകൊണ്ട് ഹോട്ടലിൽ എത്തി ചെക്കിൻ ചെയ്തു. ലാറി ആണ് ജോർജിയൻ കറൻസി. ഡോളർ കൊണ്ടുവന്ന് ജോർജിയയിൽത്തന്നെ മാറുന്നതാണ് നല്ലത്. ഒരു ഡോളറിന് 2.9 ലാറി ലഭിച്ചു. ലാറി ഇല്ലാതെ ഇവിടെ ഒന്നും നടക്കില്ല. പൊതുവേ നിരക്കുകൾ കുറവാണ്, എല്ലാ സാധനങ്ങൾക്കും. ഹോട്ടലിലും ലാറിതന്നെ കൊടുക്കുന്നതാണ് നല്ലത്.
യാത്രാക്ഷീണം മാറ്റാൻ കുറച്ചു സമയം വിശ്രമിച്ചശേഷം ഏകദേശം ഒമ്പതുമണിയോടെ ഞങ്ങൾ പുറത്തുപോകാൻ റെഡിയായി. ആദ്യയാത്ര ഗുദൗരി (GUDAURI) എന്ന സ്ഥലത്തേക്കാണ്. റ്റിബിലിസിയിൽനിന്ന് ഏകദേശം 125 കിലോമീറ്റർ ദൂരമുണ്ട്. കൃത്യസമയത്ത് ഗൈഡ് വണ്ടിയുമായി എത്തി. ഫോർ വീൽ ഡ്രൈവ് ക്രൂയിസർ ജീപ്പാണ് മഞ്ഞുമലകൾ കേറാൻ ഉപയോഗിക്കുന്നത്. യാത്ര തുടങ്ങിയപ്പോൾത്തന്നെ ശ്രദ്ധയിൽപ്പെട്ടത് മനോഹരമായ റോഡുകളും അവയുടെ വൃത്തിയുമാണ്. യാതൊരുവിധ അഴുക്കുകളും എങ്ങുമില്ല. റോഡിനിരുവശവും ധാരാളം മരങ്ങൾ ഉണ്ടെങ്കിലും കൊഴിഞ്ഞുവീഴുന്ന ഇലകൾപോലും അധികം കാണാനില്ല. ജോർജിയൻ സംസ്‌കാരം വിളിച്ചോതുന്ന മനോഹരമായ കെട്ടിടങ്ങളാണ്, റ്റിബിലിസിയിൽ ഉടനീളം.
യാത്ര പുരോഗമിക്കുംതോറും തണുപ്പിന് ശക്തികൂടിവന്നു. വണ്ടിയുടെ ഹീറ്ററിന് ശക്തി പോരാ എന്നു വെറുതേ തോന്നിത്തുടങ്ങി. വൈനുകളുടെ പറുദീസയാണ് ജോർജിയ; 562 തരം വൈനുകൾ ഉണ്ടാക്കുന്ന രാജ്യം. ഹോട്ടലിൽനിന്ന് കിട്ടിയ വൈൻകുപ്പികൾ പെട്ടെന്നു കാലിയായിത്തുടങ്ങി.

(യാത്രാവിവരണത്തിന്റെ പൂർണരൂപത്തിനും കൂടുതൽ ചിത്രങ്ങൾക്കും മെയ് ലക്കം മാതൃഭൂമി യാത്ര വായിക്കുക)