1955-ൽ ജനിച്ച തെലുങ്ക് നടൻ ചിരഞ്ജീവിയുടെ ജന്മദിനം ഓഗസ്റ്റ് മാസം ഇരുപത്തിരണ്ടിനാണ്. ‘ബാഹുബലി’ ആയിരം കോടി കടക്കുന്ന ആദ്യചിത്രം എന്ന ബഹുമതി നേടുമ്പോൾ ആദ്യം തെലുങ്ക് ജനത ഓർക്കുന്നത് ചിരഞ്ജീവിയെയാണ്. 1992-ൽ പുറത്തിറങ്ങിയ ‘ഘരാന മൊഗുഡു’ എന്ന ചിരഞ്ജീവി ചിത്രമാണ് ആദ്യമായി പത്തു കോടി കടന്ന തെലുങ്ക് ചിത്രം. ചിരഞ്ജീവി അഭിനയിച്ചുതുടങ്ങിയിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ആരാധകർ ഇതു വളരെ വലിയ രീതിയിൽ ആഘോഷിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. തന്റെ ജന്മദിനത്തിനാണ് ചിരഞ്ജീവി അഭിനയം തുടങ്ങിയത്. അതുകൊണ്ട് ഈ വർഷത്തെ ജന്മദിനത്തിന് നാല്പതു ദിവസം മുൻപ് ജൂലായ്‌ പതിനാലിന് തുടങ്ങുന്ന ആഘോഷം അവസാനിക്കുന്നത് ജന്മദിനമായ ഓഗസ്റ്റ് ഇരുപത്തിരണ്ടിനായിരിക്കും. 
ലോകം എമ്പാടും ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് ആരാധകരുടെ പുറപ്പാട്. അമേരിക്ക, യൂറോപ്പിലെ വിവിധ സ്ഥലങ്ങൾ, അറബ് നാടുകൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ വിവിധ ഇടങ്ങളിലുമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകൾ ആയിരിക്കും ആദ്യം ആരംഭിക്കുക. ഇതിനു പുറമെ മറ്റു ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും തുടങ്ങും.
നിലവിൽ ഈ സ്ഥലങ്ങളിലുള്ള വിവിധ ഫാൻസ്‌ അസോസിയേഷനുകൾക്കാണ് ഇത്തരം പ്രവർത്തനങ്ങളുടെ ചുമതല. ഇതിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി കലാപരിപാടികളും സംഘടിപ്പിക്കും. ‘ജന്മദിനങ്ങളിലെ ബാഹുബലി’ എന്നാണ് ഒരു ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകൻ വരാനിരിക്കുന്ന ആഘോഷങ്ങളെ വിശേഷിപ്പിച്ചത്.
ഇതിനോടൊപ്പം തന്നെ ചിരഞ്ജീവിയുടെ നൂറ്റിയൻപത്തിയൊന്നാം ചിത്രമായ ‘ഉയ്യലവാഡ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ റിലീസും ഉണ്ടാകും. റിലീസ് തീയതി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും മിക്കവാറും ചിരഞ്ജീവിയുടെ ജന്മദിനത്തിനു തന്നെ ആയിരിക്കും റിലീസ് എന്നാണ്‌ ആരാധകരുടെ കണക്കുകൂട്ടൽ.