പ്രസിദ്ധമായ സുനഹദോസ് നടന്ന സ്ഥലം എന്ന നിലയിൽ ഉദയംപേരൂരിന് ചരിത്രപ്രാധാന്യമുണ്ട്. 1599 ജൂൺ 20 മുതൽ 26 വരെ നടന്ന ഈ ​
െ​െക്രസ്തവ മഹാസമ്മേളനത്തോടെ യൂറോപ്യൻ നാടുുകളിലും ഉദയംപേരൂർ അറിയപ്പെട്ടു. എ.ഡി. 501ൽ സ്ഥാപിക്കപ്പെട്ട പഴയ പള്ളിയിൽ വച്ചായിരുന്നു സുനഹദോസ് നടന്നത്. (Synodos എന്ന സിറിയൽ പദത്തിന് 'വൈദികസഭ' എന്നാണർഥം) ഇവിടത്തെ പുരാതനമായ കരിങ്കൽകുരിശ് ഇന്നും ധാരാളം സന്ദർശകരെ ആകർഷിക്കുന്നു.
ക്രൈസ്തവമഹാമേള നടക്കുന്ന കാലത്ത് ഉദയംപേരൂർ കൊച്ചി രാജ്യത്തായിരുന്നു. പിന്നീട് ഇത് തിരുവിതാംകൂറിന്റെ ഭാഗമായി. കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തിക്കല്ലുകൾ ('കൊതി'ക്കല്ലുകൾ എന്നാണിവ അറിയപ്പെട്ടിരുന്നത്. കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്‌ ഈ വാക്ക്) ഇന്നും ചരിത്രസ്മാരകമായി ഇവിടെ കാണാം.
ഒന്നാം ചേരസാമ്രാജ്യത്തിലെ ഉതിയൻ ചേരലാതൻ എന്ന ബുദ്ധമതവിശ്വാസിയായ രാജാവിന്റെ പേരിൽ നിന്നാണീ സ്ഥലനാമം ഉണ്ടായത്. ‘ഉദയനന്റെ പേരുള്ള ഊര്’ എന്നാണ് സ്ഥലപ്പേരിന്റെ അർഥം. വൈക്കത്തിനടുത്തുള്ള ‘ഉദയനാപുര’വും ഈ ഉദയനന്റെ പേരിൽ തന്നെ. ടോളമി (എ.ഡി. രണ്ടാംനൂറ്റാണ്ട്) പരാമർശിച്ചിട്ടുള്ള ‘ഓ ദാ പെറൂറ’ ഉദയംപേരൂർ ആണെന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇത് മുസിരിസിനും (കൊടുങ്ങല്ലൂർ) ബർക്കരി (വർക്കല)ക്കുമിടയ്ക്കുള്ള കടൽത്തീരനഗരമാണെന്നാണ് ടോളമി പറഞ്ഞിട്ടുള്ളത്. ‘ദയംപേർ’ എന്നാണ് പോർച്ചുഗീസുകാർ ഈ സ്ഥലത്തെ വിളിച്ചിരുന്നത്.
ഇവിടത്തെ ശിവക്ഷേത്രത്തിൽനിന്നും കണ്ടെത്തിയ രണ്ടു ശിലാശാസനങ്ങളിലൊന്ന് ചേരചക്രവർത്തി കോത രവിവർമയുടേതാണ് (എഡി. 917-948) 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ സേന കൊച്ചി ആക്രമിക്കാൻ ഉദയംപേരൂർ വരെ എത്തിയതിനു ചരിത്രരേഖയുണ്ട്.
ക്രിസ്തുമതം സ്വീകരിച്ച വില്ലാർവട്ടം രാജവംശത്തിലെ ഒടുവിലത്തെ രാജാവിനെ അടക്കം ചെയ്തിരിക്കുന്നത് ഉദയംപേരൂർ പള്ളിയിലാണ്. കുഴിമാടത്തിൽ വട്ടെഴുത്തിൽ കാണുന്നത് ഇങ്ങനെ - ‘ചേന്നോങ്ങലത്തു പാർത്ത വില്ലാർവട്ടം തൊമ്മാരാചാവു 1500 കുംഭം 2ന് നാടുനീങ്കി’. ഈ രാജവംശം ക്രിസ്തുമതത്തിൽ ചേർന്നതിനാൽ കൊച്ചി രാജാവ് അവരെ രാജഭ്രഷ്ടരാക്കി ആ സ്ഥാനം പാലിയത്തച്ചനുകൊടുത്തു എന്നാണ്‌ ചരിത്രം.
ഗോവ മെത്രാനായിരുന്ന അലക്സിസ് മെനസിസ് വിളിച്ചു ചേർത്ത ഉദയംപേരൂർ സുനഹദോസിൽ 153 വൈദികരും 671 പള്ളി പ്രതിനിധികളും 168 പ്രതിപുരുഷന്മാരുമാണ് പങ്കെടുത്തത്. 
ക്രിസ്ത്യാനികളെ റോമിലെ പോപ്പിന്റെ കീഴിൽ കൊണ്ടുവരുന്നതിനുവേണ്ടിയാണിത് നടത്തപ്പെട്ടതെങ്കിലും അത് വിജയം കണ്ടില്ല. ഭൂരിപക്ഷം വരുന്ന സുറിയാനിക്കാർ എതിർക്കുകയും അവർ പിന്നീടു നടത്തിയ മട്ടാഞ്ചേരിയിലെ ‘കൂനൻ കുരിശ് സത്യം’ ചരിത്രസംഭവമാവുകയും ചെയ്തു.
സൂനഹദോസിന്റെ തീരുമാനങ്ങളടങ്ങിയ ‘ഉദയംപേരൂർ കാനോനകൾ’ എന്ന പുസ്തകം മലയാളത്തിൽ പുതിയ ഗദ്യരീതിക്കു തുടക്കമിട്ടു. 1600ൽ ലത്തീനിൽ തയ്യാറാക്കിയ ഇത് പള്ളുരുത്തിക്കാരൻ യാക്കോബ് കത്തനാർ പിന്നീട് മലയാളത്തിലാക്കി.
സംസ്‌കൃതപദങ്ങൾ കഴിയുന്നത്ര ഒഴിവാക്കിയും എന്നാൽ സന്ദർഭാനുസരണം തമിഴ് വാക്കുകളും സുറിയാനി വാക്കുകളും ചേർത്തുകൊണ്ടുുള്ളതാണ് കാനോനയുടെട ഗദ്യം. ഉദാഹരണത്തിന് ഒരു വാക്യം ചുവടെ ചേർക്കുന്നു:
‘ശുദ്ധമാന കത്തോലിക്കാ വിശ്വാസത്തിന്റെ മുഴുപ്പിനും ഈ ഇടവകയിലെ പാട്ടക്കാരുടെയും എണങ്ങരുടെയും മര്യാദകൾക്കും വേണ്ടുന്ന വെടിപ്പിനും ഉറപ്പിനും സുറിയാനി പുസ്തകങ്ങളുടെതുമയ്ക്കും മാനം കാലൂന്നിയതിനകത്തുള്ള പള്ളികളോട് ഇൗ പള്ളി ഐകോമത്യപ്പെട്ട്  ഒന്നിപ്പാനും നസ്രാണികൾക്കൊക്കെയ്ക്കും തലവനായ ശുദ്ധമായ പാപ്പാനെ വേണ്ടുന്ന വണക്കത്തിനും വേണ്ടിട്ട് ഈ സൂനഹദോസ് തുടങ്ങണമെന്നു മിശിഹായാലേ സ്നേഹിക്കപ്പെട്ട യെന്റെ പുത്രരും ജേഷ്ഠാനുജന്മാരുമാകുന്ന തങ്ങൾക്കു തോന്നുന്നതോ ഇലൊവരോടും കൂടി ചോദിച്ചാറേ വേണമെന്നവർ ചൊല്ലുകയും ചെയ്തു’.
അടുത്തത്: ചോറ്റാനിക്കര

writer is...
എഴുത്തുകാരൻ, വിവർത്തകൻ,  സ്വതന്ത്ര പത്രപ്രവർത്തകൻ
ഫോൺ: 9847900443